Top

ചെങ്കോട്ട ലാഹോറി ഗേറ്റിന് മുകളില്‍ പതാകവീശി കര്‍ഷകര്‍, ഗോപുരത്തില്‍ പതാക ഉയര്‍ത്തി; ഡല്‍ഹിയില്‍ പ്രതിഷേധം അക്രമാസക്തം

ജനദ്രോഹ കര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന കര്‍ഷകസംഘടനാപ്രതിനിധികള്‍ ചെങ്കോട്ട ലാഹോറി ഗേറ്റിന് മുകളില്‍ കയറിയും പതാക വീശി. ചെങ്കോട്ടയുടെ മുകളിലെ ഗോപുരത്തിന് മുകളില്‍ കയറിയും കര്‍ഷകര്‍ പതാക ഉയര്‍ത്തി. അതേസമയം, രാജ്യതലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭത്തിലെ സംഘര്‍ഷം കൂടുതല്‍ അക്രമാസക്തമാവുകയാണ്. നഗരത്തിലെ വിവിധയിടങ്ങളില്‍ പൊലീസും കര്‍ഷകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. അഞ്ചുമണിവരെയാണ് പ്രതിഷേധം നടത്താന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നെങ്കിലും സമരം രാത്രിയും തുടരാനാണ് സാധ്യത. അതിര്‍ത്തികളില്‍ പ്രതിഷേധവുമായി തുടര്‍ന്നിരുന്ന കര്‍ഷകരും ട്രാക്ടര്‍ റാലിയായി തലസ്ഥാന നഗരിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ന്യൂഡല്‍ഹിയിലെ […]

26 Jan 2021 5:37 AM GMT

ചെങ്കോട്ട ലാഹോറി ഗേറ്റിന് മുകളില്‍ പതാകവീശി കര്‍ഷകര്‍, ഗോപുരത്തില്‍ പതാക ഉയര്‍ത്തി; ഡല്‍ഹിയില്‍ പ്രതിഷേധം അക്രമാസക്തം
X

ജനദ്രോഹ കര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന കര്‍ഷകസംഘടനാപ്രതിനിധികള്‍ ചെങ്കോട്ട ലാഹോറി ഗേറ്റിന് മുകളില്‍ കയറിയും പതാക വീശി. ചെങ്കോട്ടയുടെ മുകളിലെ ഗോപുരത്തിന് മുകളില്‍ കയറിയും കര്‍ഷകര്‍ പതാക ഉയര്‍ത്തി.

അതേസമയം, രാജ്യതലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭത്തിലെ സംഘര്‍ഷം കൂടുതല്‍ അക്രമാസക്തമാവുകയാണ്. നഗരത്തിലെ വിവിധയിടങ്ങളില്‍ പൊലീസും കര്‍ഷകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. അഞ്ചുമണിവരെയാണ് പ്രതിഷേധം നടത്താന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നെങ്കിലും സമരം രാത്രിയും തുടരാനാണ് സാധ്യത. അതിര്‍ത്തികളില്‍ പ്രതിഷേധവുമായി തുടര്‍ന്നിരുന്ന കര്‍ഷകരും ട്രാക്ടര്‍ റാലിയായി തലസ്ഥാന നഗരിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ന്യൂഡല്‍ഹിയിലെ മാര്‍ച്ചില്‍ പൊലീസ് അതിക്രമം അഴിച്ചുവിട്ടതിന് പിന്നാലെയാണ് ഇത്. ആയിരക്കണക്കിന് കര്‍ഷകരാണ് ഇക്കൂട്ടത്തിലുള്ളത്.

പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്ന് ഡല്‍ഹി ഗ്രേ ലൈന്‍ മെട്രോ കൂടി അടച്ചു. ഫരീദാബാദിലും സംഘര്‍ഷം ശക്തമാവുകയാണ്. ഡല്‍ഹിയിലെ റോഡുകളും അടച്ചു. എന്നാല്‍ അക്രമങ്ങളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും കര്‍ഷകര്‍ അറിയിച്ചു. ഇതിനിടെ ഡല്‍ഹി ഐഒടിയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. പൊലീസ് നടത്തിയ വെടിവെപ്പിലാണ് കര്‍ഷകന്‍ മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഉത്തരാഖണ്ഡില്‍ നിന്നുള്ള കര്‍ഷകനാണ് മരിച്ചത്. മൃതദേഹം പൊലീസ് കൊണ്ടുപോയതായും കര്‍ഷകര്‍ ആരോപിച്ചു.

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പലയിടങ്ങളിലെ ഇന്റര്‍നെറ്റ് ബന്ധവും കേന്ദ്ര സര്‍ക്കാര്‍ വിച്ഛേദിച്ചു. ഡല്‍ഹി നോയിഡ അതിര്‍ത്തിയില്‍ ഇന്റര്‍നെറ്റ് ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. നോയിഡ 34 മേഖലയില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന മെസേജുകള്‍ ഇതിനോടകം തന്നെ അവരുടെ ഫോണുകളില്‍ വന്നുകഴിഞ്ഞു. സിംഘു അതിര്‍ത്തിയിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതുകൂടാതെ ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൗക്ക് എന്നീ അതിര്‍ത്തികളില്‍ ചൊവ്വാഴ്ച്ച രാത്രി 11:59 വരെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഉണ്ടായിരിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Next Story

Popular Stories