
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന മൂന്ന് കാര്‍ഷികപരിഷ്കരണ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍. പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചാബ് ഹോഷിയാപൂരില്‍ ബിജെപി നേതാവിന്റെ വീടിനുമുന്നില്‍ കര്‍ഷകര്‍ ട്രോളിയില്‍ ചാണകമിറക്കി. മുന്‍പഞ്ചാബ് മന്ത്രി കൂടിയായ തിക്ഷന്‍ സുധിന്റെ വീടിനുമുന്നിലാണ് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ചാണകമിറക്കിയത്. ഇത് പഞ്ചാബികളുടെ സ്പിരിറ്റിന് എതിരാണെന്നും പ്രതിഷേധിക്കുന്ന കര്‍ഷകര്‍ നിയമം കൈയ്യിലെടുക്കുന്നത് ശരിയല്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് കര്‍ഷകര്‍ ട്രോളികളില്‍ ചാണകം കൊണ്ടുവന്ന് ഇറക്കിയത്. സംഭവത്തിനുശേഷം പഞ്ചാബിലെ ബിജെപി പ്രവര്‍ത്തകര്‍ തിക്ഷന്‍ സുധിന്റെ വീട്ടിലേക്ക് പാഞ്ഞെത്തി. ചാണകം നിക്ഷേപിച്ച സമരക്കാര്‍ക്കെതിരെ അതിക്രമിച്ച് കടക്കല്‍ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. അടിയന്തിര നടപടി ആവശ്യപ്പെട്ട് ചില ബിജെപി പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് ധര്‍ണ്ണ നടത്തി.
സംഭവത്തെ ശക്തമായി അപലപിക്കുന്നതായി പഞ്ചാബ് ബിജെപി ചീഫ് അശ്വനി ശര്‍മ്മ പറഞ്ഞു. കര്‍ഷകരുടെ പേര് പറഞ്ഞ് ചിലര്‍ ബിജെപി നേതാവിനെതിരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.കാര്ഷികനിയങ്ങള്ക്കെതിരെ സമാധാനപരമായി മാത്രം സമരം ചെയ്താല്‍ മതിയെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്കി.