Top

‘ഇമ്മാതിരി ഉപദേശവും കൊണ്ട് വരാതിരിക്കുക’; പെണ്‍കുട്ടികള്‍ മൊബൈല്‍ നമ്പര്‍ കൈമാറരുതെന്ന തൃശ്ശൂര്‍ റേഞ്ച് ഡിഐജിയുടെ നിര്‍ദ്ദേശത്തെ തള്ളി പ്രതിഷേധം

പെണ്‍കുട്ടികളുടെ നമ്പറുകള്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നതിനാല്‍ വീട്ടിലെയോ രക്ഷകര്‍ത്താവിന്റെയോ നമ്പര്‍ നല്‍കുക എന്നായിരുന്നു ഡിഐജിയുടെ നിര്‍ദ്ദേശം

20 April 2021 12:47 AM GMT

‘ഇമ്മാതിരി ഉപദേശവും കൊണ്ട് വരാതിരിക്കുക’; പെണ്‍കുട്ടികള്‍ മൊബൈല്‍ നമ്പര്‍ കൈമാറരുതെന്ന തൃശ്ശൂര്‍ റേഞ്ച് ഡിഐജിയുടെ നിര്‍ദ്ദേശത്തെ തള്ളി പ്രതിഷേധം
X

തൃശ്ശൂര്‍: കൊവിഡ് കാലത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം മൊബൈല്‍ നമ്പര്‍ നല്‍കേണ്ടിവരുന്ന സാഹചര്യങ്ങളില്‍ പെണ്‍കുട്ടികള്‍ സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കരുതെന്ന തൃശ്ശൂര്‍ റേഞ്ച്‌ ഡിഐജി എസ് സുരേന്ദ്രന്‍ ഐപിഎസിന്റെ നിര്‍ദ്ദേശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം. പെണ്‍കുട്ടികളുടെ നമ്പറുകള്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നതിനാല്‍ വീട്ടിലെയോ രക്ഷകര്‍ത്താവിന്റെയോ നമ്പര്‍ നല്‍കുക എന്നായിരുന്നു ഡിഐജിയുടെ നിര്‍ദ്ദേശം. എന്നാല്‍ തികച്ചും സ്ത്രീവിരുദ്ധവും കുറ്റകൃത്യത്തിന് പ്രോത്സാഹിപ്പിക്കുന്നതുമായ നിലപാടാണ് ഡിഐജിയുടേതെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധം ശക്തിപ്പെടുകയാണ്.

കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് പകരം സ്ത്രീകള്‍ അവരുടെ നമ്പര്‍ കൈമാറുന്നതില്‍ വരെ ഭയപ്പെടണമെന്ന ആശയം മുന്നോട്ടുവെയ്ക്കുന്ന നിര്‍ദ്ദേശം കുറ്റവാളികള്‍ക്ക് പോത്സാഹനം നല്‍കുന്നതിന് തുല്യമാണെന്ന് തരത്തിലാണ് അഭിപ്രായങ്ങളുണ്ടാകുന്നത്. ദുരുപയോഗം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് പകരം പെണ്‍കുട്ടികളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന നിലപാട് നിയമപാലകര്‍ക്ക് ചേര്‍ന്നതല്ലെന്നും വിമര്‍ശനമുയരുന്നു.

സ്ത്രീകള്‍ ഇത്തരം ദുരുപയോഗങ്ങള്‍ ഭയന്ന് രക്ഷകര്‍ത്താവിന്റെ നമ്പര്‍ കൊടുക്കുന്നത് ശീലിച്ചാല്‍ ഒരു പെണ്‍കുട്ടിയില്‍ നിന്ന് മറ്റൊരാളിലേക്ക് ക്രിമിനലുകള്‍ പോകുമെന്നല്ലാതെ അത്തരക്കാരുടെ സ്വഭാവത്തിന് യാതൊരുമാറ്റവുമുണ്ടാകില്ലെന്ന് ആക്ടിവിസ്റ്റ് മൃദുലദേവി എസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിമര്‍ശിക്കുന്നു.

ക്രൈം ഇല്ലാതാക്കുകയാണ് വേണ്ടത്. അല്ലാതെ ക്രൈം പ്രോത്സാഹിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയല്ല വേണ്ടത്.. ലോകത്തില്‍ മാറ്റമുണ്ടാക്കുകയാണ് വേണ്ടത്. അല്ലാതെ ക്രിമിനലുകള്‍ക്ക് ദുരുപയോഗം ചെയ്യാനുള്ള ലോകം ഉണ്ടാക്കുകയല്ല.

മൃദുലദേവി എസ്

സൗകര്യമില്ല. ഒരു പെണ്ണും ഇത് അനുസരിക്കാനും പോകരുത്.ദുരുപയോഗം ചെയ്യുന്നവരെ പിടിച്ചു കൃത്യമായ ശിക്ഷ ഉറപ്പാക്കിയാൽ…

Posted by Mruduladevi S on Monday, 19 April 2021


ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ക്കാകില്ലെന്ന ധാരണയുണ്ടാക്കുന്നതാണ് നിര്‍ദ്ദേശമെന്നും നമ്പര്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ പരാതിപ്പെടാന്‍ പെണ്‍കുട്ടികളെ ബോധവല്‍ക്കരിക്കുകയും അതിന് അവര്‍ക്ക് ധൈര്യം കൊടുക്കുകയുമാണ് വേണ്ടതെന്നും സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്യുന്നു.

സത്രീകളാണ് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചു നടക്കേണ്ടതെന്ന ഉപദേശം കുറ്റകൃത്യങ്ങള്‍ക്ക് കാരണം സ്ത്രീകള്‍ തന്നെയാണെന്ന സ്ത്രീവിരുദ്ധ വാദത്തിന് ശക്തിപകരുന്നതാണെന്നും വിമര്‍ശനമുണ്ട്. ആധുനിക ജനാധിപക്യ സമൂഹത്തിലെ പൊലീസില്‍ നിന്നുതന്നെയാണോ ഇത്തരമൊരു നിര്‍ദ്ദേശമുണ്ടാകുന്നതെന്നും അഥവാ കുറ്റകൃത്യമുണ്ടാവുകയാണെങ്കില്‍ അതില്‍ ഇടപെടാനാകില്ലെന്നാണോ നിര്‍ദ്ദേശം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ചോദ്യമുയരുന്നു.

പെണ്‍കുട്ടികള്‍ സ്വന്തം വ്യക്തിത്വമില്ലാത്തവരാണെന്നും രക്ഷകര്‍ത്താക്കളുടെയോ പങ്കാളികുടെയോ കെയര്‍ഓഫില്‍ സമൂഹത്തില്‍ ഇടപെടേണ്ടവരാണെന്നുമുള്ള കാഴ്ചപ്പാട് പ്രാചീനമാണെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. രക്ഷകര്‍ത്താക്കള്‍ ഇല്ലാത്ത, ഉണ്ടെങ്കിലും അവരെക്കൊണ്ട് യാതൊരു പ്രയോജനവും ഇല്ലാത്ത പെണ്‍കുട്ടികള്‍ എന്തുചെയ്യണമെന്നും സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നു.

Also Read: ആരോഗ്യമന്ത്രിയുടെ മകനും ഭാര്യക്കും കൊവിഡ്-19; ലക്ഷണങ്ങില്ല, ക്വാറന്റൈനില്‍ പ്രവേശിക്കുകയാണെന്ന് കെകെ ശൈലജ

Next Story