Top

‘രേഖകള്‍ തയ്യാറാക്കുമ്പോള്‍ ഗണേഷ് കുമാര്‍ തിരുവനന്തപുരത്ത്’; വില്‍പത്രത്തില്‍ കൃതൃമം നടന്നെന്ന വാദം തള്ളി സാക്ഷി

അതേസമയം പരാതിയെക്കുറിച്ച് ഇതുവരെ പ്രതികരിക്കാത്ത ഗണേഷ് കുമാര്‍ രാഷ്ട്രീയ കാരണങ്ങളാലാണ് തനിക്ക് ആദ്യ ടേമില്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതെന്നാണ് പറഞ്ഞത്.

18 May 2021 8:03 AM GMT

‘രേഖകള്‍ തയ്യാറാക്കുമ്പോള്‍ ഗണേഷ് കുമാര്‍ തിരുവനന്തപുരത്ത്’; വില്‍പത്രത്തില്‍ കൃതൃമം നടന്നെന്ന വാദം തള്ളി സാക്ഷി
X

തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണപിള്ളയുടെ വില്‍പത്രത്തില്‍ കെ ബി ഗണേഷ് കുമാര്‍ കൃത്രിമം കാണിച്ചുവെന്ന സഹോദരിയുടെ ആരോപണം തള്ളി സാക്ഷി. ഗണേഷ് കുമാര്‍ തിരുവനന്തപുരത്ത് ആയിരിക്കുമ്പോഴാണ് ഒടുവിലത്തെ വില്‍പത്രം തയ്യാറാക്കിയതെന്നും രേഖകള്‍ എഴുതിത്തയ്യാറാക്കിയ ആളും താനും മാത്രമാണ് ബാലകൃഷ്ണപിള്ളയ്ക്ക് ഒപ്പം ഉണ്ടായിരുന്നതെന്നും പ്രഭാകരന്‍ നായര്‍ വ്യക്തമാക്കി.

കെബി ഗണേഷ് കുമാറിനെതിരെ മൂത്ത സഹോദരി ഉഷ മോഹന്‍ദാസ് ഉയര്‍ത്തിയ ആരോപണത്തിലാണ് വിശദീകരണവുമായി ആര്‍ ബാലകൃഷ്ണപിള്ളയുടെ വില്‍പത്രത്തിലെ സാക്ഷി പ്രഭാകരന്‍ നായര്‍ രംഗത്തെത്തിയത്.

ആര്‍ ബാലകൃഷ്ണപിള്ളയുടെ ഒസ്യത്തിനെച്ചൊല്ലിയുള്ള പരാതികളുമായി ഗണേശിന്റെ സഹോദരി ഉഷ മോഹന്‍ദാസ് ഗണേശിനെതിരെ മുഖ്യമന്ത്രിയെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഗണേശിന് ആദ്യടേമിലേക്ക് പരിഗണിക്കാത്തത് എന്ന സൂചന നിലനില്‍ക്കവെയാണ് പുതിയ വെളിപ്പെടുത്തല്‍.

അതേസമയം പരാതിയെക്കുറിച്ച് ഇതുവരെ പ്രതികരിക്കാത്ത ഗണേഷ് കുമാര്‍ രാഷ്ട്രീയ കാരണങ്ങളാലാണ് തനിക്ക് ആദ്യ ടേമില്‍ മന്ത്രിസ്ഥാനം ലഭിക്കാത്തതെന്നാണ് പറഞ്ഞത്.

ആര്‍ ബാലകൃഷ്ണപിള്ളയുടെ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതികളുമായി ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസ് കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രിയെ കണ്ടത്. രേഖകളില്‍ ഗണേഷ് കൃത്രിമം കാണിച്ചെന്നായിരുന്നു പരാതി. ഇതേകാര്യം ഉഷ കോടിയേരി ബാലകൃഷ്ണന് മുന്നിലും അവതരിപ്പിച്ചിട്ടുണ്ട്.

മുന്‍പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ഗണേഷിന് മന്ത്രി സ്ഥാനം നഷ്ടമായത്. മുന്‍ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള തര്‍ക്കങ്ങളാണ് അന്ന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത്.

Also Read: ഗണേഷ് കുമാറിന് വിനയായത് സഹോദരിയുടെ സ്വത്ത് തര്‍ക്ക പരാതി?; മന്ത്രിസ്ഥാനം നല്‍കേണ്ടെന്ന് മുന്നണിയില്‍ പൊതു അഭിപ്രായമുയര്‍ന്നതായി റിപ്പോർട്ട്

Next Story