കോണ്‍ഗ്രസിന്റെ ക്ഷോഭിക്കുന്ന മുഖം; ജനതാ പാര്‍ട്ടിയെ നയിച്ച പ്രവര്‍ത്തി പരിചയം
കേരളത്തിലെ കേണ്‍ഗ്രസിനെ ആവേശമുള്ള ടീമായി നയിക്കാന്‍ ഹൈക്കമാന്റ് നിയോഗിച്ച കെ സുധാകരന്‍ സംസ്ഥാനത്തെ പാര്‍ട്ടിയുടെ ക്ഷോഭിക്കുന്ന മുഖമാണ്. വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ അണികള്‍ക്ക് ആത്മവിശ്വാസവും പിന്തുണയും നല്‍കി മുന്നോട്ട് നയിച്ച കെ സുധാകരന് മുന്നില്‍ ഇനിയുള്ളത് തകര്‍ച്ചയില്‍ നിന്നും പാര്‍ട്ടിയെ ഉയര്‍ത്തുക എന്നതാണ്. പലതവണ തന്റെ മുന്നില്‍ നിന്നും മാറിപ്പോയ സംസ്ഥാന അധ്യക്ഷ പദവിയാണ് ഏറ്റവും ദുര്‍ഘടകമായ ഒരു കാലത്ത് കെ സുധാകരന് മുന്നിലെത്തുന്നത്. പ്രവര്‍ത്തകരെ വിശ്വാസത്തിലെടുത്തും ആത്മവിശ്വാസം പകര്‍ന്നും നയിക്കുന്ന […]
8 Jun 2021 6:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിലെ കേണ്‍ഗ്രസിനെ ആവേശമുള്ള ടീമായി നയിക്കാന്‍ ഹൈക്കമാന്റ് നിയോഗിച്ച കെ സുധാകരന്‍ സംസ്ഥാനത്തെ പാര്‍ട്ടിയുടെ ക്ഷോഭിക്കുന്ന മുഖമാണ്. വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ അണികള്‍ക്ക് ആത്മവിശ്വാസവും പിന്തുണയും നല്‍കി മുന്നോട്ട് നയിച്ച കെ സുധാകരന് മുന്നില്‍ ഇനിയുള്ളത് തകര്‍ച്ചയില്‍ നിന്നും പാര്‍ട്ടിയെ ഉയര്‍ത്തുക എന്നതാണ്. പലതവണ തന്റെ മുന്നില്‍ നിന്നും മാറിപ്പോയ സംസ്ഥാന അധ്യക്ഷ പദവിയാണ് ഏറ്റവും ദുര്‍ഘടകമായ ഒരു കാലത്ത് കെ സുധാകരന് മുന്നിലെത്തുന്നത്.
പ്രവര്‍ത്തകരെ വിശ്വാസത്തിലെടുത്തും ആത്മവിശ്വാസം പകര്‍ന്നും നയിക്കുന്ന രീതിയാണ് കെ സുധാകരന്റേത്. പാര്‍ട്ടി അധ്യക്ഷ പദവിയിലേക്ക് നിയോഗിക്കപ്പെട്ടതിന് പിന്നാലെ അദ്ദേഹം നല്‍കിയ പ്രതികരണവും തന്റെ കണിശത തുടരുമെന്ന് സൂചിപ്പിക്കുന്നതാണ്. കുത്തഴിഞ്ഞ കോണ്‍ഗ്രസിലെ സാഹചര്യങ്ങള്‍ ഒഴിവാക്കി സെമി കേഡര്‍ സ്വഭാവം കൊണ്ടുവരുമെന്നായിരുന്നു സുധാകരന്റ ആദ്യ പ്രതികരണം. എതിരാളികളെ കടന്നാക്രമിക്കുന്ന പ്രഭാഷണങ്ങള്‍ മുഖമുദ്രയാക്കിയ വ്യക്തി അക്രമ രാഷ്ട്രീയത്തോട് അതേ ഭാഷയില്‍ മറുപടി നല്‍കുന്ന നേതാവ് ഇതെല്ലാമാണ് കേരളീയര്‍ക്ക് കെ സുധാകരന്‍.
എഴുപത്തിമൂന്ന്കാരനായ കെ സുധാകരന്‍ തന്റെ രാഷ്ട്രീയ ജീവിതം അരനൂറ്റാണ്ടിലധികം നീണ്ടുനിന്ന രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യത്തോടെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. കണ്ണൂര്‍ ജില്ലയിലെ, എടക്കാട് നടാല്‍ എന്ന ഗ്രാമത്തില്‍ വയക്കര രാമുണ്ണി മേസ്ത്രിയുടേയും കുംബ കുടി മാധവിയുടേയും മകനായി 1948 ജൂണ്‍ 7നായിരുന്നു കെ സുധാകരന്റെ ജനനം. നിരവധി രാഷ്ട്രീയ നേതാക്കളെ കേരളത്തിന് നല്‍കിയ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം, പിന്നീട് നിയമ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ കെ.എസ്.യുവിലൂടെ സജീവമായ കെ സുധാകരന്‍ 1971 ല്‍ കെഎസ്‌യു (ഒ) വിഭാഗത്തിന്റെ തലശ്ശേരി താലൂക്ക് കമ്മറ്റി പ്രസിഡന്റായി സംഘടനാ രംഗത്തേും ചുവട് ഉറപ്പിക്കുകയായിരുന്നു. ദേശീയ തലത്തില്‍ കോ്ണ്‍ഗ്രസ് പിളര്‍ന്ന 1969ല്‍ സംഘടന കോണ്‍ഗ്രസിന്റെ കൂടെ നിലയുറപ്പിച്ച സുധാകരന്‍ ഒരിക്കല്‍ ജനതാ പാര്‍ട്ടിയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1978 ലായിരുന്നു സംഘടനാ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് കെ സുധാകരന്‍ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നത്. 1981-1984 കാലത്ത് ജനതാ പാര്‍ട്ടി (ജി) വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും 1978 മുതല്‍ 1981 വരെ ജനതാ പാര്‍ട്ടിയുടെ യൂത്ത് വിംഗായ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റായും സുധാകരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1984 ലാണ് സുധാകരന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. പിന്നാലെ കോണ്‍ഗ്രസ് കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗത്വത്തിലേക്ക്. പിന്നീടായിരുന്നു പാര്‍ട്ടിയിലെ ശക്തി കേന്ദ്രത്തിലേക്കുള്ള സുധാകരന്റെ വളര്‍ച്ച. 1984 മുതല്‍ 1991 വരെ കെപിസിസിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം. കെ കരുണാകരനും എകെ ആന്റണിയും ചേരി തിരിഞ്ഞ് എറ്റുമുട്ടിയ 1991 ലെ കോണ്‍ഗ്രസിന്റെ സംഘടന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ഇരുപക്ഷത്തിനും മുകളിലായി കണ്ണൂര്‍ ഡി.സി.സിയുടെ പ്രസിഡനന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2001 വരെ കണ്ണൂര്‍ ഡിസിയുടെ പ്രസിഡന്റായിരുന്നു. യു.ഡി.എഫിന്റെ കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുള്ള അദ്ദേഹം 2018-2021 വരെ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയാണ്.
കണ്ണൂര്‍ കാസര്‍കോഡ് ജില്ലകളില്‍ ശക്തമായ സ്വാധീനമുള്ള വ്യക്തിയായ കെ സുധാകരന്‍ നിയമസഭയിലേക്കും ലോക്സഭയിലേക്കുമായി 10 തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് എഴ് തവണ മത്സരിച്ച കെ സുധാകരന്‍ മുന്ന് തവണ വിജയിച്ചിട്ടുണ്ട്. 2009ല്‍ എംഎല്‍എയായിരിക്കേയാണു ലോക്സഭയിലേക്ക് ആദ്യമായി മത്സരിച്ച് വിജയിച്ചത്. പിന്നീട് 2014 ല്‍ തോല്‍വി ഏറ്റുവാങ്ങി. 2019ല്‍ വീണ്ടും കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മൂന്നാം അങ്കത്തിനിറങ്ങിയ സുധാകരന്‍ പി.കെ. ശ്രീമതിക്ക് എതിരെ 94,559 വോട്ടിന് ജയിച്ചുകയറുകയായിരുന്നു. 2001ലെ എ.കെ.ആന്റണി മന്ത്രിസഭയില്‍ വനം, കായികവകുപ്പുകളുടെ ചുമതലയും സുധാകരന് ഉണ്ടായിരുന്നു.
സമാനതകളില്ലാത്ത തിരഞ്ഞെടുപ്പ് നിയമ പോരാട്ടത്തിന്റെ പാരമ്പര്യം കൂടിയുണ്ട് കെ സുധാകരന്. 1991-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എടക്കാട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കെ.സുധാകരന്‍, സിപി ഐഎമ്മിലെ ഒ. ഭരതനോട് 219 വോട്ടിനാണ് പരാജയപ്പെടുന്നത്. പിന്നാലെ കള്ളവോട്ട് ആരോപണം ഉയര്‍ത്തി കോടതിയിലേക്ക്. 3000 വോട്ടുകള്‍ കള്ളവോട്ടാണെന്ന് തെളിയച്ചതോടെ ഒ. ഭരതന്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി. പിന്നാലെ 1992-ല്‍ കേരള ഹൈക്കോടതി സുധാകരനെ വിജയിയായി പ്രഖ്യാപിച്ചു. എന്നാല്‍ ഒ. ഭരതന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുകയും 1996-ല്‍ സുപ്രീം കോടതി ഒ.ഭരതനെ വിജയിയായി പ്രഖ്യാപിച്ച് ഉത്തരവിറക്കുകയും ചെയ്തിരുന്നു. 1996, 2001, 2006 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കണ്ണൂര്‍ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2009-ല്‍ നടന്ന ലോക്‌സഭ തെരഞ്ഞടുപ്പില്‍ കെ.കെ. രാഗേഷിനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭ അംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
രാഷ്ട്രീയ വിവാദങ്ങളില്‍ എന്നും മുന്നിലുണ്ടായിരുന്നു കെ സുധാകരന്‍. കൊലക്കേസുകളില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായി. 1993 ല്‍ സുധാകരന്റെ ഗണ്‍മാന്റെ വെടിയേറ്റ് സിപിഐഎം പ്രവര്‍ത്തകന്‍ നാല്പാടി വാസു കൊല്ലപ്പെട്ട സംഭവമാണ് ഇതില്‍ ഒന്ന്. സുധാകരനാണ് വെടിവെച്ചതെന്നായിരുന്നു അന്ന് സിപിഐഎം ആരോപിച്ചത്. കണ്ണൂരില്‍ ചുവടുറപ്പിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടിയ കെ സുധാകരന്‍ എകെജി ആശുപത്രി ഭരണസമിതി പിടിച്ചെടുത്ത് സിപിഐഎമ്മിനെ ഞെട്ടിച്ചു. ഇ പി ജയരാജന് എതിരായ വധശ്രമക്കേസായിരുന്നു മറ്റൊരു വിവാദം. ഇപി ജയരാജന് ട്രെയിനില്‍ വച്ച് വെടിയേറ്റ സംഭവത്തില്‍ സുധാകരന്‍ പ്രതിയായി. ഇന്നും മാറാത്ത ദുഷ്‌പേരായി ആ സംഭവം തുടരുന്നു. മുത്തങ്ങ വെടിവെയ്പ്പാണ് മറ്റൊന്ന്. എ കെ ആന്റണി മന്ത്രിസഭയില്‍ വനം മന്ത്രിയായിരിക്കെയായിരുന്നു മുത്തങ്ങ ഭൂസമരവും ആദിവാസികള്‍ക്കെതിരെയുള്ള വെടിവെപ്പും നടന്നത്.
റിട്ട. അധ്യാപികയായ സ്മിതയാണ് ഭാര്യ. (ഹയര്‍ സെക്കന്ററി സ്‌കൂള്‍, കാടാച്ചിറ) മക്കള്‍: സന്‍ജോഗ് സുധാകര്‍, സൗരവ് സുധാകര്‍ (ബിസിനസ്സ്), മരുമകള്‍. ശ്രീലക്ഷ്മി.