Top

‘ഹിറ്റുകള്‍ സൃഷ്ടിച്ച സാധാരണക്കാരന്‍’; ഡെന്നിസ് ജോസഫിന്റെ ഓര്‍മ്മയില്‍ നിര്‍മ്മാതാവ് രഞ്ജിത്ത്

ഡെന്നിസ് ജോസഫ് അടുത്ത സുഹൃത്താണെന്ന് പറഞ്ഞ രഞ്ജിത്ത് അദ്ദേഹത്തിന്റെ വിടവാങ്ങലില്‍ തനിക്ക് പറഞ്ഞറിയിക്കാനാകാത്ത ദുഖമുണ്ടെന്നും പറഞ്ഞു.

10 May 2021 11:12 AM GMT

‘ഹിറ്റുകള്‍ സൃഷ്ടിച്ച സാധാരണക്കാരന്‍’; ഡെന്നിസ് ജോസഫിന്റെ ഓര്‍മ്മയില്‍ നിര്‍മ്മാതാവ് രഞ്ജിത്ത്
X

പ്രശസ്ത മലയാള തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് നിര്‍മ്മാതാവ് രഞ്ജിത്ത്. 1980 കാലത്ത് ഹിററുകള്‍ തീര്‍ത്ത സാധാരണക്കാരില്‍ സാധാരണക്കാരനായാണ് താന്‍ ഡെന്നിസ് ജോസഫിനെ ഓര്‍മ്മിക്കുന്നതെന്ന് രഞ്ജിത്ത് പറഞ്ഞു. ഡെന്നിസ് ജോസഫ് അടുത്ത സുഹൃത്താണെന്ന് പറഞ്ഞ രഞ്ജിത്ത് അദ്ദേഹത്തിന്റെ വിടവാങ്ങലില്‍ തനിക്ക് പറഞ്ഞറിയിക്കാനാകാത്ത ദുഖമുണ്ടെന്നും പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്റെ ഏറ്റവുമടുത്ത സുഹൃത്താണ് പോയത്. എന്നും ആരോഗ്യവാനായി കാണുന്ന ആളായിരുന്നു. യാതൊരുവിധത്തിലുമുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി അറിവില്ലായിരുന്നു. ഈ അടുത്ത സമയത്തുപോലും കൊവിഡ് വ്യാപനത്തെക്കുറിച്ചും സിനിമയില്‍ അത് ഉണ്ടാക്കിയ പ്രതിസന്ധിയെക്കുറിച്ചുമെല്ലാം ഞങ്ങള്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ അടുത്ത ബന്ധുകൂടിയായ പ്രേം പ്രകാശാണ് ഡെന്നിസ് ജോസഫ് കുഴഞ്ഞുവീണതായി അറിയിക്കുന്നത്. ആ നേരത്തൊക്കെയും വല്ലാതെ പ്രാര്‍ഥിച്ചിരുന്നു. പെട്ടെന്ന് മരിച്ചു എന്ന് കേട്ടപ്പോള്‍ അത് വല്ലാത്ത ഷോക്കായി’. രഞ്ജിത്ത് പറഞ്ഞു.

കോട്ടയത്തെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണായിരുന്നു ഡെന്നിസ് ജോസഫിന്റെമരണം. ഒടുവിലായി, ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പവര്‍ സ്റ്റാറിന്റെ തിരക്കുകളിലായിരുന്നു അദ്ദേഹം.

ഒളിയമ്പുകള്‍, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, മനു അങ്കിള്‍, സംഘം, വഴിയോരക്കാഴ്ചകള്‍, ന്യൂഡല്‍ഹി, സായം സന്ധ്യ, ഭൂമിയിലെ രാജാക്കന്‍മാര്‍, രാജാവിന്റെ മകന്‍, ശ്യാമ, നിറക്കൂട്ട്, ഈറന്‍ സന്ധ്യ, തസ്‌കരവീരന്‍, വജ്രം, ഫാന്റം, എഫ്‌ഐആര്‍, ഗാന്ധര്‍വം, ആകാശദൂത്, കിഴക്കന്‍ പത്രോസ് തുടങ്ങി നിരവധി മെഗാഹിറ്റുകള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്.

1985ല്‍ ജേസി സംവിധാനം ചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നീസ് ജോസഫ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ തുടങ്ങി അഞ്ചു സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്.

മാതൃഭൂമി വിശേഷാല്‍പ്രതിയില്‍ പ്രസിദ്ധീകരിച്ച സിദ്ധിയാണ് ആദ്യ ചെറുകഥ. പിന്നീട് ജോഷി മാത്യു സംവിധാനം ചെയ്ത പത്താം നിലയിലെ തീവണ്ടി കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായാണ് ജനനം. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി.

അഭിനേതാവ് ജോസ് പ്രകാശിന്റെ മരുമകനാണ് ഇദ്ദേഹം. ഭാര്യ: ലീന. മക്കള്‍: എലിസബത്ത്, റോസി, ഔസേപ്പച്ചന്‍.

Next Story