
രാജ്യത്തിന് പുതുവത്സര സമ്മാനമായി കൊവിഡ് വാക്‌സിനുള്ള അംഗീകാരം ലഭിച്ചേക്കും എന്ന സൂചന നല്‍കി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വിജി സോമിനി. വ്യാഴാഴ്ച്ച ചേര്‍ന്ന വിദഗ്ദ സമിതിയുടെ വെബിനാറിന് ശേഷമായിരുന്നു ഡോ. സോമിനിയുടെ പ്രതികരണം. ഇത് സംബന്ധിച്ച് വെള്ളിയാഴ്‌ച്ചയോടെ വ്യക്തവരുമെന്നും അവര്‍ പറഞ്ഞു.
ഇതിനിടെ രാജ്യം അധികം വൈകാതെ വാക്‌സിനേഷനിലേക്ക് കടക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. അതിന്റെ അവസാന ഘട്ടത്തിലാണ് നമ്മള്‍ ഇപ്പോള്‍ കടന്ന് പോയികൊണ്ടിരിക്കുന്നത്. ജനങ്ങള്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച വാക്‌സിന്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനെക്കയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് ഇന്ത്യയില്‍ അംഗീകാരം നല്‍കണമെന്ന ആവശ്യം പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ബുധനാഴ്ച്ച വിദഗ്ദ സമിതിയ്ക്ക് മുമ്പില്‍ വെച്ചിരുന്നു. പിന്നാലെ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നത്.
ഇത് ഏറെ പ്രതീക്ഷ നല്‍കുന്നുവെന്നും ഇന്ത്യന്‍ റെഗുലേറ്ററിയുടെ അംഗീകാരത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് അദര്‍ പൂനവല്ല പറഞ്ഞു. ഓക്സ്ഫോഡും ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. കൊവീഷീല്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഇവരുടെ വാക്സിന്റെ അടിയന്തിര ഉപയോഗം ഈ വര്‍ഷം അവസാനത്തോടെയുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു.