‘കൈകോര്‍ക്കുന്നത് നാടിന് വേണ്ടി’; കോണ്‍ഗ്രസ്- ഐഎസ്എഫ് സഖ്യ വിവാദങ്ങള്‍ക്ക് പ്രിയങ്കാ ഗാന്ധിയുടെ മറുപടി
ബംഗാളിനും അസമിനും വേണ്ടിയാണ് ഐഎസ്എഫ്, എഐയുഡിഎഫ് മുതലായ സംഘടനകളുമായി കൈകോര്‍ക്കുന്നതെന്നും ഈ സംഘടനകള്‍ പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രങ്ങളോട് നൂറുശതമാനം യോജിപ്പില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ്- ഐഎസ്എഫ് സഖ്യവിവാദങ്ങളില് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ബംഗാളിനും അസമിനും വേണ്ടിയാണ് ഐഎസ്എഫ്, എഐയുഡിഎഫ് മുതലായ സംഘടനകളുമായി കൈകോര്‍ക്കുന്നതെന്നും ഈ സംഘടനകള്‍ പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രങ്ങളോട് നൂറുശതമാനം യോജിപ്പില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. എന്‍ഡിടിവിയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണം.
‘പാര്‍ട്ടികള്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടാകാം. ഈ പാര്‍ട്ടികളുടെ പ്രത്യയശാസ്ത്രത്തോട് നൂറുശതമാനം യോജിക്കാനുമാകില്ല. പക്ഷേ നാം അസമീസ് ജനതയ്ക്കായുള്ള പോരാട്ടത്തിലാണ്. അസമില്‍ നമ്മള് പോരാടുന്നത് അസമിന് വേണ്ടിയാണ്. ആ സ്വത്വത്തിനായാണ്. അതിനാലാണ് അസമിനെ രക്ഷിക്കാന്‍ ഈ പാര്‍ട്ടികളോട് കൈകോര്‍ക്കുന്നത്. മറ്റ് കാര്യങ്ങളെല്ലാം പശ്ചിമബംഗാളിലെ പിസിസി പ്രസിഡന്റ് വിശദീകരിച്ചുകഴിഞ്ഞതാണ്’. കോണ്‍ഗ്രസ് ഐഎസ്എഫ് സഖ്യ വിവാദങ്ങളുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പ്രിയങ്കാ ഗാന്ധിയുടെ മറുപടി ഇങ്ങനെ.
അബ്ബാസ് സിദ്ധിഖിയുടെ ഐഎസ്എഫുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതിനെച്ചൊല്ലി ബംഗാള്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തറിയുണ്ടായിരുന്നു. സഖ്യത്തെ എതിര്‍ത്തുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ആനന്ദ് ശര്‍മ്മ രംഗത്തെത്തിയതോടെയാണ് വിവാദത്തിന് തുടക്കമായത്. വര്‍ഗ്ഗീയ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് ഒരിക്കലും സഖ്യമുണ്ടാക്കാന്‍ പാടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഈ പുതിയ സഖ്യം കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമാണെന്ന് ആനന്ദ് ശര്‍മ്മ ആഞ്ഞടിച്ചിരുന്നു.
ഇതിന് തൊട്ടുപിന്നാലെ ആനന്ദ് ശര്‍മ്മയ്ക്ക് മറുപടിയും സഖ്യത്തില്‍ വിശദീകരണവുമായി ബംഗാള്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മനസിലാക്കിയാണ് സഖ്യമുണ്ടാക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. സഖ്യത്തിന്റെ കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കില്ലെന്നും പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിക്കുമെന്നും ചൗധരി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു.