Top

‘ഇത്രയും വാർത്ത ആയത് ഞാൻ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ്’, ‘തെറ്റായ വാർത്തകൾ പ്രചരിക്കുന്നു’; വിവാദങ്ങളിൽ പ്രതികരണവുമായി പ്രിയങ്ക

താൻ പറയാത്ത കാര്യങ്ങൾ പോലും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

1 Jun 2021 7:08 AM GMT
വി.എസ് ഹൈദരലി

‘ഇത്രയും വാർത്ത ആയത് ഞാൻ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ്’, ‘തെറ്റായ വാർത്തകൾ പ്രചരിക്കുന്നു’; വിവാദങ്ങളിൽ പ്രതികരണവുമായി പ്രിയങ്ക
X

ഷിജു വര്‍ഗീസ് ആസൂത്രണം ചെയ്ത സ്വന്തം വാഹനത്തിനു നേരെയുള്ള പെട്രോള്‍ ബോംബാക്രമണക്കേസില്‍ നടി പ്രിയങ്കയെ ചോദ്യം ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി. താൻ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ഈ വിഷയം ഇപ്പോൾ ഇത്രയധികം വാർത്ത പ്രധാന്യം നേടുന്നതെന്ന് പ്രിയങ്ക പറഞ്ഞു.

നന്ദകുമാർ മുഖാന്തരമാണ് താൻ പാർട്ടിയിൽ ചേർന്നതെന്നും ജനങ്ങൾക്ക് നന്മ ചെയ്യണമെന്ന ആഗ്രഹമേ മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു എന്നും പ്രിയങ്ക പറഞ്ഞു. ഈ വിഷയത്തിൽ തനിക്ക് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളു. തനിക്കൊപ്പം മറ്റു സ്ഥാനാർഥികളെയും ചോദ്യം ചെയ്തിരുന്നു. എന്നാൽ താൻ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ഈ വാർത്ത ഇത്രയും ചർച്ചയാകുന്നതെന്നും നടി പറഞ്ഞു. താൻ പറയാത്ത കാര്യങ്ങൾ പോലും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു. റിപ്പോര്‍ട്ടര്‍ ടിവിയിലെ സെലിബ്രിറ്റി ലോക്ക്ഡ് എന്ന പരിപാടിയിലാണ് പ്രിയങ്കയുടെ പ്രതികരണം.

പ്രിയങ്കയുടെ വാക്കുകൾ:

ഞാൻ ലോക്ക് ഒന്നുമല്ല. ഞാൻ വളരെ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. ഞാൻ അങ്ങനെ വലിയ പാർട്ടി പ്രവർത്തകയൊന്നുമല്ല. ഞാൻ താമസിക്കുന്ന ഫ്ലാറ്റിന് അപ്പുറം ഒരു അമ്പലമുണ്ട്. അവിടെയുള്ള ആളാണ് ഈ നന്ദകുമാർ. അങ്ങനെ കണ്ടുപരിചയം മാത്രമേ എനിക്കുള്ളൂ. എന്നോട് അമ്പലത്തിന്റെ ആവശ്യങ്ങളും ഉത്സവാവശ്യങ്ങളും വരുമ്പോൾ സംസാരിക്കാറുണ്ട്. അങ്ങനെയാണ് ഈ പാർട്ടിയെ കുറിച്ച് പറയുന്നതും. നന്ദകുമാർ പറഞ്ഞു പ്രിയങ്കയ്ക്ക് വേണമെങ്കിൽ സ്ഥാനാർത്ഥിയായി നിൽക്കാമെന്ന്. അങ്ങനെയാണ് ഞാൻ നിൽക്കുന്നതും. ഒരു കാര്യം കൂടെ മനസ്സിലാക്കണം, ഞാൻ ഒരാൾ മാത്രമല്ല ഈ അന്വേഷണത്തിൽ വന്നത്. ഇത് പ്രിയങ്ക എന്നൊരു സെലിബ്രിറ്റി ആയതുകൊണ്ടാണ് ഈ വാർത്ത ഇത്രത്തോളം ആളുകളുടെ മുൻപിൽ എത്തുന്നത്. എന്റെ കൂടെയുണ്ടായിരുന്ന ബാക്കി എട്ടു- ഒമ്പത് പേരെ ചോദ്യം ചെയ്തിട്ടുണ്ട്.

മാധ്യമങ്ങളിൽ കാണിക്കുന്ന അറിവ് മാത്രമേ എനിക്കുമുള്ളു. ഞാനും കുടുംബമായി വീട്ടിൽ ഇരിക്കുമ്പോൾ കാണുന്ന ന്യൂസ് മാത്രമേ എനിക്കും അറിയൂ. എന്റെ കൂടെയുള്ള എട്ടു പേരെയും ചോദ്യം ചെയ്തിട്ടുണ്ട്. പൊലീസ് എല്ലാവരെയും ചോദ്യം ചെയ്യും. ഞങ്ങളുടെ മീറ്റിങ്ങിൽ ഒന്നോ രണ്ടോ തവണ മാത്രം കണ്ടിട്ടുള്ള വ്യക്തിയാണ് സിജു വർഗീസ്. ഞാൻ പറഞ്ഞതിന് പപ്പുറം ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങൾ വരുന്നുണ്ട്. അത് നമ്മളെ മനസ്സിലാക്കാതെ പറയുന്നതിൽ എനിക്ക് വിഷമമുണ്ട്. പൊലീസ് ആകുമ്പോൾ വിളിക്കും. അപ്പോൾ നമ്മൾ ഉത്തരം നൽകണം.

ഞങ്ങളുടെ പാർട്ടിയിലെ ഒരു സ്ഥാനാർത്ഥിയാണ് അദ്ദേഹം. ഞങ്ങളെല്ലാവരും മീറ്റിങ്ങിൽ ഉണ്ടായിരുന്നു. ഞങ്ങൾ തെറ്റായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അത് കണ്ടുപിടിക്കാൻ വളരെ എളുപ്പമാണ്. ഇത് ഇത്രയും വാർത്ത ആയത് ഞാൻ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ്. നമ്മൾ പറയാത്ത കുറെ കാര്യങ്ങളാണ് ഇപ്പോൾ വാർത്തകളിൽ വരുന്നത്. എനിക്ക് എന്തോ കോടികൾ ഓഫർ ചെയ്‌തെന്നും മറ്റും. എന്നാൽ ഇതൊന്നും ഉണ്ടാകാത്ത കാര്യങ്ങളാണ്. എന്നെ പരിചയപ്പെടുത്തിയ ദല്ലാൾ നന്ദകുമാറായി പോയി. അപ്പോൾ അത് പറഞ്ഞു. നമുക്ക് ഇങ്ങനെയൊക്കെ വരുമെന്ന് അറിഞ്ഞാണോ ഈ പാർട്ടിയിൽ വരുന്നത്. അപ്പോൾ ഈ കാര്യങ്ങൾ ഞാൻ വിശദമായി പറഞ്ഞിട്ടുണ്ട്. അത് പൊലീസ് ഉദ്യോഗസ്ഥർക്ക് മനസ്സിലായിട്ടുമുണ്ട്.

Next Story

Popular Stories