‘ചെയ്യാന്‍ പദ്ധതിയിട്ടത് സീരിയസ് ചിത്രം, അക്ഷയ് പറഞ്ഞു കോമഡി മതിയെന്ന്’; പുതിയ ചിത്രത്തെക്കുറിച്ച് പ്രിയദര്‍ശന്‍

തന്റെ പുതിയ ചിത്രം ആദ്യം പദ്ധതിയിട്ടത് സീരിയസ് ചിത്രമായിട്ടായിരുന്നുവെന്നും എന്നാല്‍ അക്ഷയ് കുമാറിന്റെ നിര്‍ബന്ധം മൂലം കോമഡി ത്രില്ലറാക്കുകയായിരുന്നുവെന്നും സംവിധായകന്‍ പ്രിയദര്‍ശന്‍. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഹേരാ ഫേരിയുടെ മൂന്നാം ഭാഗമൊരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും സംവിധായകന്‍ പറഞ്ഞു.

ഞാന്‍ അക്ഷയ് കുമാറിനൊപ്പം വളരെ സീരിയസ് ആയിട്ടുള്ള ചിത്രമായിരുന്നു ചെയ്യാനിരുന്നത്. എന്നാല്‍ പ്രേക്ഷകര്‍ ഞങ്ങളില്‍ നിന്ന് ഒരു കോമഡി ചിത്രമായിരിക്കും പ്രതീക്ഷിക്കുക എന്നദ്ദേഹം പറഞ്ഞു. ഇതോടെ ഒരു കോമഡി ത്രില്ലെര്‍ ചെയ്യാന്‍ പദ്ധതിയിട്ടു. ഈ ഡിസംബറില്‍ തുടങ്ങാനിരുന്നതാണ്. പക്ഷേ അടുത്ത സെപ്റ്റംബറിലേക്ക് മാറ്റിയിരിക്കുകയാണ്. അക്ഷയ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

പ്രിയദര്‍ശന്‍

‘എനിക്ക് ഹേര ഫേരി 3 യുമായി ബന്ധമില്ല, ഞാന്‍ നിര്‍മ്മാതാക്കളോട് പറഞ്ഞു. ഞാനാണ് രണ്ടാം ഭാഗം ചെയ്തതെന്നും ധാരാളം ആളുകള്‍ കരുതുന്നു,എന്നാല്‍ അതും എന്റെ ചിത്രമല്ല’, പ്രിയദര്‍ശന്‍ പറഞ്ഞു.

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘റാംജി റാവു സ്പീക്കിങ്ങിന്റെ’ ഹിന്ദി റീമേക്ക് ആയിരുന്നു ‘ഹേര ഫേരി’. അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു.

അക്ഷയ് കുമാറുമൊത്ത് പ്രിയദര്‍ശന്‍ നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഗരം മസാല, ബാഗം ബാഗ്, ദേ ധനാ ധന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം വന്‍വിജയമായിരുന്നു.

മലയാളത്തില്‍ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’, ഹിന്ദിയില്‍ ‘ഹംഗാമ 2’ എന്നിവയാണ് റിലീസ് കാത്തിരിക്കുന്ന പ്രിയദര്‍ശന്‍ ചിത്രങ്ങള്‍. മോഹന്‍ലാല്‍ നായകനായി എത്തുന്ന മരക്കാര്‍ 2020 മാര്‍ച്ച് 26-ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മൂലം റിലീസ് മാറ്റുകയായിരുന്നു.

Latest News