Top

സ്വകാര്യ ആശുപത്രികള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ കൊവിഡ് ചികിത്സാനിരക്ക് ഉത്തരവില്‍ ഭേദഗതി വരുത്തിയെന്ന് ആരോപണം; വിവാദം

കെപിഎസ് ഗുണഭോക്താക്കളും സര്‍ക്കാര്‍ റഫര്‍ ചെയ്യുന്നവരും ഒഴികെയുള്ളവര്‍ സ്വകാര്യ ആശുപത്രികള്‍ തീരുമാനിക്കുന്ന തുക നല്‍കേണ്ടി വരുമെന്നാണ് ആരോപണം.

21 Jun 2021 6:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വകാര്യ ആശുപത്രികള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ കൊവിഡ് ചികിത്സാനിരക്ക് ഉത്തരവില്‍ ഭേദഗതി വരുത്തിയെന്ന് ആരോപണം; വിവാദം
X

സ്വകാര്യ ആശുപത്രികള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ കൊവിഡ് ചികിത്സാനിരക്ക് ഉത്തരവില്‍ ഭേദഗതി വരുത്തിയെന്ന് ആരോപണം. ഉത്തരവ് തിരുത്തിക്കൊണ്ട് സര്‍ക്കാര്‍ കൊവിഡ് റൂമുകളിലെ നിരക്ക് സ്വകാര്യആശുപത്രികള്‍ക്ക് നിശ്ചയിക്കാന്‍ അനുമതി നല്‍കിയെന്നാണ് ആരോപണം. കെപിഎസ് ഗുണഭോക്താക്കളും സര്‍ക്കാര്‍ റഫര്‍ ചെയ്യുന്നവരും ഒഴികെയുള്ളവര്‍ സ്വകാര്യ ആശുപത്രികള്‍ തീരുമാനിക്കുന്ന തുക നല്‍കേണ്ടി വരുമെന്നാണ് ആരോപണം. മനോരമ ന്യൂസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് ചികിത്സയ്ക്കായി ആശുപത്രികള്‍ നിരക്ക് നിശ്ചയിച്ചശേഷം അത് പൊതുവായി പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജനറല്‍ വാര്‍ഡിനും ഓക്‌സിജന്‍ സംവിധാനമുള്ള യൂണിറ്റുകള്‍ക്കും ഐസിയു വെന്റിലേറ്റര്‍ എന്നിവയ്‌ക്കെല്ലാം പ്രത്യേക നിരക്കുകള്‍ നിശ്ചയിച്ചിരുന്നെങ്കിലും മുറി വാടക എത്രത്തോളം ആകാമെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിരുന്നില്ല.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലൂടെയായിരുന്നു അറിയിച്ചിരുന്നത്. ചില സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നു. സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തിയാണ് നിരക്കുകള്‍ക്ക് അന്തിമ രൂപം നല്‍കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ആശുപത്രികളില്‍ നിന്നും പത്തിരട്ടി തുക പിഴയായി ഈടാക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

Next Story