Top

‘പണിയും പണവുമില്ല, നാട്ടിലും വീട്ടിലും വിലയുമില്ല, തിരികെ പ്രവേശിപ്പിക്കുവാന്‍ കനിവുണ്ടാകണം’; ജയില്‍ അധികൃതര്‍ക്ക് കത്തയച്ച് പരോളിലിറങ്ങിയവര്‍

കൊവിഡ് കാലത്ത് പരോള്‍ നീണ്ടുപോയതോടെ തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ജയില്‍ അധികൃതര്‍ക്ക് കത്തയച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി.

30 Oct 2020 9:47 PM GMT

‘പണിയും പണവുമില്ല, നാട്ടിലും വീട്ടിലും വിലയുമില്ല, തിരികെ പ്രവേശിപ്പിക്കുവാന്‍ കനിവുണ്ടാകണം’; ജയില്‍ അധികൃതര്‍ക്ക് കത്തയച്ച് പരോളിലിറങ്ങിയവര്‍
X

കൊവിഡ് കാലത്ത് പരോള്‍ നീണ്ടുപോയതോടെ തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ജയില്‍ അധികൃതര്‍ക്ക് കത്തയച്ച് കൊടുങ്ങല്ലൂര്‍ സ്വദേശി. കൊവിഡായതുകൊണ്ട് തന്നെ പണിയും പട്ടിണിയുമായതിനെ തുടര്‍ന്നാണ് തന്നെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കത്തയക്കുന്നത്.

‘പണിയും പണവുമില്ല. നാട്ടിലും വീട്ടിലും വിലയുമില്ല. തിരികെ പ്രവേശിപ്പിക്കുവാന്‍ കനിവുണ്ടാകണം’, എന്നാണ് വീയൂര്‍ സെന്‍ട്രല്‍ ജെയിലില്‍ നിന്ന് പരോളിനിറങ്ങിയ കൊടുങ്ങല്ലൂര്‍ സ്വദേശി കത്തില്‍ പറയുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കൊവിഡ് കാലത്ത് ഒത്തിരി കത്തുകള്‍ ജെയിലില്‍ എത്തിയിട്ടുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്.

സാധാരണ രീതിയില്‍ 60 ദിവസം ലഭിക്കുന്ന പരോളാണ് എട്ട് മാസമായി നീണ്ടത്. വീട്ടില്‍ നിന്നും അവഗണനയാണ് ലഭിക്കുന്നത്. ആരും ജോലി നല്‍കുന്നില്ല, പണിയെടുക്കാതെ ഉപജീവനം എങ്ങനെ നടത്തും എന്ന ആശങ്കയിലാണെന്നാണ് കത്തില്‍ പറയുന്നത്. ഇത് മാത്രമല്ല പരോള്‍ ലഭിച്ചിട്ട് വീട്ടിലേക്ക് പോകാത്ത ഒത്തിരി പേരും ജയിലിലുണ്ട്. കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ 2000 ത്തോളം തടവുകാര്‍ക്കാണ് ഇളവ് ലഭിച്ചത്. ഇത് നീണ്ട് പോയതോടെയാണ് പലരും പ്രതിസന്ധിയിലായത്.

നാട്ടില്‍ ജോലി ലഭിക്കാത്ത ഇവര്‍ക്ക് ജയിലില്‍ ജോലിയും വരുമാനവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പരോള്‍ പിന്‍വലിച്ച് തങ്ങളെ തിരികെ വിളിക്കണമെന്നിവര്‍ വാദിക്കുന്നത്. ജയിലില്‍ ഇവര്‍ക്ക് 127 രൂപ മുതല്‍ 200 രുപവരെയും ഇവര്‍ക്ക് കൂലി ലഭിക്കും. 1200 രൂപയ്ക്ക് ജയിലില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയും 300 രൂപയ്ക്ക് ഫോണ്‍കോളും ചെയ്യാവുന്നതാണ്. അവശേഷിക്കുന്ന കൂലി ജയിലില്‍ നിന്നിറങ്ങുമ്പോള്‍ ലഭിക്കുകയും ചെയ്യും. പരോള്‍ നീണ്ടതോടെ ഇതെല്ലാം അവതാളത്തില്‍ ആയിരിക്കുകയാണ്. അതേസമയം പരോള്‍, ഇടക്കാല ജാമ്യം എന്നിവ പിന്‍വലിച്ച് ഇവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ജയില്‍ അധികൃതര്‍.

Next Story