
അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി ചുമതലകൾ വഹിക്കുന്നവർക്ക് വ്യക്തമായ ധാരണകൾ നൽകി ബിജെപി നേതൃത്വം. പാർട്ടി പ്രസിഡന്റ് ജെ പി നദ്ദ പുതുതായി നിയമിച്ച സംസ്ഥാന ഭാരവാഹികൾക്കാണ് പാർട്ടിക്കകത്ത് തന്നെ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളെയും അന്തഃഛിദ്രങ്ങളെയും മറികടക്കാനുള്ള ചുമതലകൾ നൽകിയിട്ടുള്ളത്.
രണ്ട് സംസ്ഥാന യൂണിറ്റുകളായ പശ്ചിമ ബംഗാളിലും കേരളത്തിലും ഉൾപാർട്ടി പോരുകളെ മറികടന്ന് ഐക്യം കെട്ടിപ്പടുക്കുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം നിലവിൽ കഠിനാധ്വാനം തന്നെയാകും. കാരണം ഈ സംസ്ഥാനങ്ങളിൽ ഒരേസമയം വിഭാഗീയതയും സംഘർഷവും നിലനിൽക്കുന്നുണ്ട്, സമീപകാല രാഷ്ട്രീയ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നു
പരസ്പരമുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറാനും, കശപിശകളിൽ നിന്നും വിട്ടുനിൽക്കാനും, ഐക്യം നില നിർത്താനും ദേശീയ നേതൃത്വത്തിന് നിരവധി തവണ സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടേണ്ടി വന്നിട്ടുണ്ടെന്ന് ബിജെപി വെളിപ്പെടുത്തുന്നു. കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാൻ കേവലം ഒരുമാസം മാത്രം ബാക്കി നിൽക്കെ ഇത്തരം ഏറ്റുമുട്ടലുകൾ തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്നും പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ സംസാരിച്ച മുതിർന്ന പാർട്ടി പ്രവർത്തകർ പറയുന്നു.
തമിഴ്‌നാട്, പുതുച്ചേരി, അസം എന്നിവയാണ് പുതിയ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന മറ്റു സംസ്ഥാനങ്ങൾ. ബൈജയന്ത് പാണ്ഡെ അസ്സമിലേക്കും, സി രാധാകൃഷ്ണൻ കേരളത്തിലേക്കും സി ടി രവി തമിഴ് നാട്ടിലേക്കും കൈലാസ് വിജയ് വാർഗിയ പശ്ചിമബംഗാളിലേക്കുമാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്.
ഇതിനകം അഭിപ്രായവ്യത്യാസങ്ങൾ പരസ്യമാക്കിയ വിമത ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ചുമതലയാണ് രാധാകൃഷ്ണന് കേരളത്തിൽ പ്രധാനമായിട്ടുള്ളത്. ബിജെപിയുടെ സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് കെ സുരേന്ദ്രനെ ദില്ലിയിലേക്ക് നദ്ദ വിളിച്ചുവരുത്തിയിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ അവഗണിച്ചുവെന്നും പകരം സംസ്ഥാന യൂണിറ്റിന്റെ വൈസ് പ്രസിഡന്റാക്കിയെന്നും ഉള്ള ശോഭ സുരേന്ദ്രന്റെ ആരോപണത്തിനു ശേഷം പാർട്ടിക്ക് കോട്ടം തട്ടുന്ന യാതൊന്നും ഉണ്ടാകാതിരിക്കാൻ സംസ്ഥാന നേതൃത്വം ശ്രദ്ധിക്കണമെന്ന് പാർട്ടി നിർദ്ദേശം നൽകിയിട്ടുണ്ട്.
പാർട്ടിയിൽ ദീർഘകാലത്തെ പ്രവർത്തനപരിചയം ഉണ്ടായിട്ടും താരതമ്യേന പുതുമുഖങ്ങളായ അബ്ദുള്ള കുട്ടിയേയും ടോം വടക്കനെയും ദേശീയ നേതൃത്വത്തിലേക്ക് പരിഗണിച്ചതിലും പാർട്ടി സംസ്ഥാന ഘടകങ്ങൾക്ക് കടുത്ത അസംതൃപ്തിയുണ്ട്. ഡിസംബർ 8 ,10 ,14 എന്നീ തീയതികളിൽ മൂന്നു ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പുകൾ നടക്കുക.
‘ഉൾപാർട്ടി പോരുകൾ എല്ലാ രാഷ്ട്രീയ പാർട്ടികളിലും സ്വാഭാവികമാണെന്നും എന്നാൽ ഇക്കാരണങ്ങളാൽ ബിജെപിയെ ദുർബലപ്പെടുത്താൻ ആകില്ലെന്നും’, പാർട്ടിയുടെ ദേശീയ വക്താവ് ശിരിഷ് കാഷികർ അഭിപ്രായപ്പെട്ടു. ‘ബിഹാർ തെരഞ്ഞെടുപ്പ് ഫലങ്ങൾ പാർട്ടിയുടെ ഈ കാഴ്ചപ്പാടിന്റെ ഉദാഹരണമാണെന്ന് ജെ പി നദ്ദ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും’ ശിരിഷ് ഓർമിപ്പിച്ചു. അതിനാൽ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടതെല്ലാം ചെയ്യുക എന്നുള്ളതാണ് പാർട്ടി ഘടകങ്ങൾക്കുള്ള നദ്ദയുടെ സന്ദേശം, അദ്ദേഹം പറഞ്ഞു.