Top

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; ഹാരി രാജകുമാരനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ അഭിഭാഷക

ഹാരി രാജകുമാരനെതിരെ നടപടിയെടുക്കാന്‍ യുകെ പൊലീസിനോട് ആവശ്യപ്പെടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

13 April 2021 5:42 AM GMT

വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു; ഹാരി രാജകുമാരനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ അഭിഭാഷക
X

ചണ്ടീഗഡ്: പഞ്ചാബ് സ്വദേശിനിയായ അഭിഭാഷകയുടെ പരാതിയിയിൽ ലണ്ടനിലെ ഹാരി രാജകുമാരൻ വീണ്ടും മാധ്യമശ്രദ്ധയിലേക്ക്. പൽവിന്ദർ കൗർ എന്ന അഭിഭാഷകയെ വിവാഹ വാഗ്ദാനം നൽകി രാജകുമാരൻ വഞ്ചിച്ചു എന്നാണാരോപണം. 36 വയസ്സുകാരനായ ഹാരി രാജകുമാരനെതിരെ നടപടിയെടുക്കാന്‍ യുകെ പൊലീസിനോട് ആവശ്യപ്പെടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ വാക്ക് പാലിച്ചിട്ടില്ല. അതുകൊണ്ട് വിവാഹം ഇനിയും വൈകാതിരിക്കാനായി രാജകുമാരനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നാണ് അഭിഭാഷക ആവശ്യപ്പെട്ടത്. തെളിവിലേക്കായി ഹാരി രാജകുമാരനുമായി അവർ നടത്തിയെന്ന് അവകാശപ്പെടുന്ന സംഭാഷണങ്ങൾ അടങ്ങിയ ചില ഇ-മെയിലുകളും കോടതിയിൽ ഹാജരാക്കി. പരാതിക്കാരിയെ എത്രയും പെട്ടന്ന് വിവാഹം ചെയ്യാമെന്നാണ് മെയിൽ അയച്ച ‘ഹാരി രാജകുമാരൻ’ പറയുന്നത്.

എന്നാൽ ഒരു തവണയെങ്കിലും ലണ്ടൻ സന്ദർശിച്ചിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് പരാതിക്കാരി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ ആയിരുന്നു ഹാരിയുമായി താൻ സംസാരിച്ചിരുന്നതെന്നും തങ്ങളുടെ ഈ ബന്ധത്തെ കുറിച്ച് ഹാരിയുടെ പിതാവായ ചാൾസ് രാജകുമാരന് അറിയാമായിരുന്നുവെന്നും പരാതിക്കാരി സൂചിപ്പിക്കുന്നു.

അതേസമയം ഈ പരാതി വെറുമൊരു പകല്‍ക്കിനാവ് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. ഈ ‘പരാതിയിൽ യാതൊരു കഴമ്പുമില്ല എന്നും ഹാരി രാജകുമാരനെ വിവാഹം ചെയ്യണമെന്നുള്ള ഒരു പകൽ കിനാവുകാരിയുടെ ഫാന്‍റസി മാത്രമാണ്’ ഇത് എന്നുമായിരുന്നു ജസ്റ്റിസ് അരവിന്ദ് സിംഗിന്‍റെ നിരീക്ഷണം.

കൂടാതെ ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ ഐഡികൾ സൃഷ്ടിക്കപ്പെടുകയും കബളിപ്പിക്കൽ നടക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം സംഭാഷണങ്ങളുടെ ആധികാരികതയെ ആശ്രയിക്കാൻ കോടതിക്ക് കഴിയില്ലെന്നും ജഡ്ജി കൂട്ടിച്ചേർത്തു.

“ഹാരി രാജകുമാരൻ’ എന്ന് വിശ്വസിക്കപ്പെടുന്നയാൾ പഞ്ചാബിലെ ഒരു സൈബർ കഫേയിലിരുന്ന് പുതിയ പച്ചപ്പ്‌ തേടുകയാകാമെന്നും ആ സാധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അത്തരം വ്യാജസംഭാഷണങ്ങൾ ശരിയാണെന്ന് വിശ്വസിച്ച ഹർജിക്കാരിയോട് അനുഭാവം പ്രകടിപ്പിക്കാൻ മാത്രമേ ആകൂ എന്നും കോടതി അറിയിച്ചു.

ബ്രിട്ടനിലെ രാജകുടുംബത്തിലെ പുതുതലമുറയിൽ പെട്ടയാളാണ് ഹാരി മിഡിൽട്ടൻ എന്ന ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കലും. ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ചാൾസ് രാജകുമാരന്റെയും അന്തരിച്ച ഡയാന രാജകുമാരിയുടെയും രണ്ടു മക്കളിൽ ഇളയവനാണ് ഇദ്ദേഹം.

Next Story