Top

രാജ്യദ്രോഹക്കുറ്റം ഇല്ലാതാകുമോ?

ഇന്ത്യയിൽ നിയമം വീണ്ടും ചർച്ചയാകുമ്പോൾ, രാജ്യദ്രോഹക്കുറ്റത്തേക്കുറിച്ചും നിയമത്തിൻ്റെ ചരിത്രത്തേക്കുറിച്ചും വിശദമായി അറിയാം.

6 May 2022 9:58 AM GMT
​ഗൗരി പ്രിയ ജെ

രാജ്യദ്രോഹക്കുറ്റം ഇല്ലാതാകുമോ?
X

രാജ്യദ്രോഹക്കുറ്റത്തിൻ്റെ നിയമപരമായ സാധുത എല്ലാ കാലത്തും രാജ്യത്ത് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ട നിയമം കാലഹരണപ്പെട്ടു എന്ന വിമർശനവും പല നാളുകളായി ഉയർന്നുകേൾക്കുന്നതാണ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ഷൂരി, റിട്ടയേര്‍ഡ് കരസേന മേജര്‍ ജനറല്‍ എസ്.ജി. വൊമ്പാട്ട്കേരെ, എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ തുടങ്ങിയവർ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി വിഷയം പരിഗണിക്കാനിരിക്കെ നിയമം രാജ്യത്ത് വീണ്ടും ചർച്ചയാകുമ്പോൾ രാജ്യദ്രോഹ കുറ്റത്തേക്കുറിച്ചും, നിയമത്തിൻ്റെ ഇന്ത്യൻ ചരിത്രത്തേക്കുറിച്ചുമുള്ള പ്രധാന വിവരങ്ങളറിയാം.

എന്താണ് രാജ്യദ്രോഹ കുറ്റം?

1837 ൽ ബ്രിട്ടീഷ് ചരിത്രകാരനും രാഷ്ട്രീയ പ്രവർത്തകനുമായ തോമസ് ബാബിംഗ്ടൺ മക്കാളെ തയാറാക്കിയ നിയമത്തിൻ്റെ ആദ്യരൂപത്തിൽ, ഇന്ത്യയിലെ നിയമം വഴി സ്ഥാപിതമായ ഒരു ഭരണകൂടത്തിനു നേരെ 'വാക്കിലൂടെയോ എഴുത്തിലൂടെതോ, അല്ലെങ്കിൽ അടയാളങ്ങളിലൂടെയോ, ദൃശ്യമായ പ്രാതിനിധ്യത്തിലൂടെയോ, അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും, വിദ്വേഷം കൊണ്ടുവരുന്നതോ കൊണ്ടുവരാൻ ശ്രമിക്കുന്നതോ ആയ ഒരു പ്രവൃത്തിയെയാണ് രാജ്യദ്രോഹമായി കണക്കാക്കുന്നത്. ഗവണ്മെൻ്റിനോടുള്ള അവഹേളനം, അല്ലെങ്കിൽ അതൃപ്തിയെ ഉത്തേജിപ്പിക്കാനുള്ള ശ്രമങ്ങൾ രാജ്യദ്രോഹമാകും.


മക്കാളെ പ്രഭു


രാജ്യദ്രോഹക്കുറ്റം ഇന്ത്യൻ ശിക്ഷാനിയമത്തിലേയ്ക്ക്

1870ലാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 124 എ-യിൽ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടുത്തുന്നത്. സ്വാതന്ത്ര്യ സമര കാലത്ത് നേതാക്കളുടെ രചനകളേയും പ്രസംഗങ്ങളേയും അടിച്ചമർത്താൻ ബ്രിട്ടീഷ് കൊളോണിയൽ ഗവണ്മെൻ്റ് ഈ വകുപ്പ് പ്രയോഗിച്ച് പോന്നിരുന്നു. മഹാത്മാ ഗന്ധി, ബാലഗംഗാധര തിലകൻ, ജോഗേന്ദ്ര ചന്ദ്ര ബോസ് തുടങ്ങിയ നേതാക്കളുടെ രചനകൾ അടിച്ചമർത്തുകയും ബ്രിട്ടീഷ് ഭരണത്തെക്കുറിച്ചുള്ള അവരുടെ അഭിപ്രായപ്രകടനങ്ങളുടെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തി വിചാരണ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ലഭിക്കാവുന്ന ശിക്ഷ

സെക്ഷൻ 124 എ പ്രകാരം, മൂന്നു വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാൻ സാധ്യതയുള്ള രാജ്യദ്രോഹകുറ്റം ജാമ്യമില്ലാ കുറ്റമാണ്. ഈ നിയമപ്രകാരം കുറ്റാരോപിതനായ വ്യക്തിയെ സർക്കാർ ജോലിയിൽ നിന്ന് തടയുകയും അവരുടെ പാസ്പോർട്ട് സർക്കാർ പിടിച്ചെടുക്കുകയും ചെയ്യുന്നു.

ചർച്ചകൾ പോയതിങ്ങനെ

ഭരണഘടനയുടെ രൂപീകരണത്തിന് മുൻപ് ഇന്ത്യയുടെ പ്രദേശങ്ങളിൽ പ്രാബല്യത്തിലുള്ള എല്ലാ നിയമങ്ങളും, ഇന്ത്യയുടെ വ്യവസ്ഥകളുമായി പൊരുത്തപ്പെടാത്തിടത്തോളം, അസാധുവായിരിക്കും എന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 13. അതിൻ പ്രകാരം, അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനെ ഭരണഘടനാ നിർമ്മാണ സമിതി എതിർത്തു എന്ന് ലോ കമ്മീഷൻ ഓഫ് ഇന്ത്യയുടെ 2018ലെ റിപ്പോർട്ട് പറയുന്നു.

'ആളുകൾക്ക് അവരുടെ രാജ്യത്തോടുള്ള സ്നേഹം അവരവരുടേതായ രീതിയിൽ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ഗവണ്മൻ്റിൻ്റെ നയത്തിലെ പഴുതുകൾ ചൂണ്ടിക്കാണിച്ച് ക്രിയാത്മകമായ വിമർശനങ്ങളിലോ സംവാദങ്ങളിലോ ഒരാൾ ഏർപ്പെട്ടേക്കാം. അത്തരം ചർച്ചകളിലെ പദപ്രയോഗങ്ങൾ ചിലർക്ക് പരുഷവും അരോചകവുമാകാം. എന്നാൽ അത് രാജ്യദ്രോഹമാകുന്നില്ല. പൊതു ക്രമസമാധാനം തകർക്കുകയോ, അക്രമത്തിലൂടെയോ നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയോ സർക്കാരിനെ അട്ടിമറിക്കുക എന്ന ഉദ്യേശത്തിൽ ഏതെങ്കിലും പ്രവർത്തിയിൽ ഏർപ്പെടുകയോ ചെയ്താൽ മാത്രമേ 124എ പ്രയോഗിക്കാവൂ' എന്ന് ഭരണഘടനാ നിർമ്മാണ സമിതി അഭിപ്രായപ്പെട്ടു.

കമ്മീഷൻ ഐപിസി സെക്ഷൻ 124എ നിലനിൽക്കണമെന്ന് നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, 'രാജ്യദ്രോഹം' എന്ന വാക്കിന് പകരം മറ്റൊന്ന് ഉപയോഗിക്കാനാകുമോ എന്ന് പരിശോധിക്കേണ്ടതാണെന്നും, 'അധിക്ഷേപിക്കാനുള്ള അവകാശം' ആവിഷ്കാര സ്വാതന്ത്ര്യത്തിന് കീഴിൽ വരാൻ യോഗ്യമാണോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

പാർലമെൻ്റിലെ ഇടപെടലുകൾ

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124 എ വകുപ്പ് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് 2011ൽ സിപിഐ മുൻ എം.പി ഡി രാജ രാജ്യസഭയിലും, 2015ൽ വകുപ്പ് ഭേദഗതി ചെയ്യുന്നതിനായി കോൺഗ്രസ് എം.പി ശശി തരൂർ ലോകസഭയിലും ഓരോ സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചെങ്കിലും പാസാക്കാനായില്ല.

സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണങ്ങൾ

2021 ജൂലൈയിൽ രാജ്യദ്രോഹക്കുറ്റത്തിൻ്റെ ഭരണഘടനപരമായ സാധുത ചോദ്യം ചെയ്തുള്ള പൊതുതാൽപര്യഹർജികളിൽ നോട്ടീസ് പുറപ്പെടുവിക്കവേ, ചീഫ് ജസ്റ്റിസ് എൻ വി രമണ നിയമത്തെ കുറിച്ച് വാക്കാൽ ചില വിമർശനങ്ങൾ ഉയർത്തി. മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലകൻ എന്നിവർക്കെതിരെ പ്രയോഗിച്ച രാജ്യദ്രോഹക്കുറ്റം, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ആവശ്യമുണ്ടോയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് പുറപ്പെടുവിക്കവേ കോടതിയുടെ ചോദ്യം. വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഈ നിയമം ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 എ വകുപ്പ് പ്രയോഗത്തിൽ കൊണ്ടുവന്നതിൻ്റെ ചരിത്രം പരിശോധിച്ചാൽ, ശിക്ഷാ നിരക്ക് വളരെ കുറവാണെന്നും അന്വേഷണ ഏജൻസികൾ അധികാര ദുർവിനിയോഗം നടത്തുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം 1962ലെ കേദാർനാദ് കേസിലെ ഐപിസി 124 എ-യുടെ ഭരണഘടനാ സാധുത ശരിവയ്കുകയും ചെയ്തു.

നിർണ്ണായകമായി കേദാർനാഥ് കേസ്

ഫോർവേഡ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിച്ചിരുന്ന കേദാർ നാഥ് 1953ൽ ബീഹാറിലെ ബറൗനി ഗ്രാമത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124 എ, 505 (ബി) എന്നിവ പ്രകാരമുള്ള കുറ്റങ്ങളിലായിരുന്നു കേദാർ നാഥിനെ ശിക്ഷിച്ചത്. തുടർന്ന് അദ്ദേഹം പട്‌ന ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളിയതോടെ, ക്രിമിനൽ അപ്പീൽ ഫയൽ ചെയ്തുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ക്രിമിനൽ അപ്പീലിൽ, ഐപിസി 124 എയുടെ ഭരണഘടനാ സാധുതയെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.

കേദാർനാഥ് കേസിലെ കോടതി വിധി

രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കവെ, വ്യക്തിയുടെ മൗലികാവകാശങ്ങളും പൊതു ക്രമത്തിന്റെ താൽപ്പര്യവും തമ്മിലുള്ള 'കൃത്യമായ സന്തുലിതാവസ്ഥയാണ്' സെക്ഷൻ 124 എ എന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. പൊതു അസ്വാസ്ഥ്യം സൃഷ്ടിക്കുന്നതോ, അക്രമത്തിന് പ്രേരണ നൽകുന്നതോ ആയ പ്രസംഗം മാത്രമാണ് 124 എ പ്രകാരം ശിക്ഷാർഹമാകുന്നത് എന്ന് കേദാർനാദ് കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

"പൊതു നടപടികളെ വിമർശിക്കുകയോ, ഗവൺമെൻ്റിൻ്റെ നടപടിയെക്കുറിച്ചുള്ള അഭിപ്രായം ശക്തമായി പറയുകയോ ചെയ്താലും, അത് ന്യായമായ പരിധിക്കുള്ളിലാണെങ്കിൽ അഭിപ്രായ സ്വാതന്ത്ര്യം എന്ന മൗലികാവകാശവുമായി പൊരുത്തപ്പെടും. ക്രമസമാധാന പ്രശ്‌നം അല്ലെങ്കിൽ നിയമത്തെ തടസ്സപ്പെടുത്തുക എന്ന ഉദ്യേശത്തോടെ ഉള്ള വാക്കുകൾ, എഴുതുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ മാത്രമേ പൊതു ക്രമത്തിന് തടസ്സം നേരിടാതിരിക്കാൻ അത്തരം പ്രവർത്തനങ്ങൾ തടയാൻ നിയമം ഇടപെടുകയുള്ളൂ." എന്നായിരുന്നു കേസിൽ വിധി പറയവേ സുപ്രീം കോടതി അഭിപ്രായപ്പെട്ടത്.

2014-20 വർഷത്തെ രാജ്യദ്രോഹ കേസുകൾ

2014 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ, ഇന്ത്യയിൽ ആകെ 326 രാജ്യദ്രോഹ കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിൽ ശിക്ഷിക്കപ്പെട്ടത് 6 പേർ മാത്രമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പങ്കിട്ട കണക്കുകൾ പ്രകാരം 54 കേസുകളുമായി അസം സംസ്ഥാനമാണ് രജ്യദ്രോഹ കുറ്റങ്ങളൂടെ കണക്കിൽ ഒന്നാമത്. ജാർഖണ്ഡിലും ഹരിയാനയിലും യഥാക്രമം 40, 31 കേസുകൾ ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തു. 2020ൽ രജിസ്റ്റർ ചെയ്യപ്പെട്ട 73 കേസുകളിലും ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല.

സമീപകാലങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട രാജ്യദ്രോഹകുറ്റങ്ങളിൽ ശ്രദ്ധേയമായവ:

കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് ടൂൾ കിറ്റ് പങ്കിട്ടതിന് പരിസ്ഥിതി പ്രവർത്തക ദിഷ രവി.

സിഎഎ വിരുദ്ധ യോഗങ്ങളിൽ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നും ഡൽഹിയിൽ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് ഉമർ ഖാലിദ്, നടാഷ നർവാൾ, മീരാൻ ഹൈദർ തുടങ്ങിയവർക്കെതിരെ 2020 ഫെബ്രുവരിയിൽ.

ഹത്രാസ് കേസിൽ റിപ്പോർട്ടിങ്ങിനായി പോയ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരായ നടപടി.

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട ആക്ടിവിസ്റ്റുകളുടെ അറസ്റ്റ്.

ഭീമ കൊറേഗാവ് കേസ്

ഭീമ കൊറേഗാവിൽ 1818ൽ നടന്ന യുദ്ധത്തിൽ പേഷ്വകൾക്കെതിരെ യുദ്ധം ചെയ്ത കമ്പനി സൈന്യത്തിനായി പ്രധാനമായും അണിനിരന്നത് ദളിത് വിഭാഗക്കാരായിരുന്നു. 2018ൽ ഈ യുദ്ധ വിജയത്തിൻ്റെ 200-ാം വാർഷിക സ്മരണ പുതുക്കുന്ന സമ്മേളനത്തിൽ ആയിരക്കണക്കിന് ദളിതർ പങ്കെടുത്തിരുന്നു. സമ്മേളനത്തിനിടെ ഇവർ അക്രമിക്കപ്പെടുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.


ഭീമ കൊറേഗാവിലെ സ്മാരകം

ദൃക്സാക്ഷികളുടെ മൊഴിയേത്തുടർന്ന് ഹിന്ദു നേതാവ് മിൽങ് ഏക്ബോതെ, സാംഭജി ഭിഡെ എന്നിവർക്കെതിരെ ജനുവരി രണ്ടിന് പിംപ്രി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

എന്നാൽ, ജനുവരി 8ന് പൂനെ പൊലീസ് മറ്റൊരു എഫ്ഐആർ ഫയൽ ചെയ്തു. എൽഗർ പരിഷത്ത് എന്ന പേരിൽ 2017 ഡിസംബർ 31 ന് പൂനെയിലെ ശനിവാർ വാഡയിൽ നടന്ന സംഭവത്തേത്തുടർന്നാണ് അക്രമം നടന്നതെന്ന് ആരോപിക്കുന്നതായിരുന്നു ഈ എഫ്ഐആർ. ഈ പരിപാടി മാവോയിസ്റ്റ് പ്രവർത്തനത്തിൻ്റെ ഭാഗമായാണ് സംഘടിപ്പിച്ചതെന്നും ഇതിൽ പങ്കാളിയാണെന്നും ആരോപിച്ച്, സമ്മേളനത്തിൽ പ്രസംഗിച്ച ഏക്താ പരിഷത് എന്ന സംഘടനയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട ആളുകൾക്കുമേൽ യുഎപിഎ ചുമത്തപ്പെട്ടു. കേസിൽ രാജ്യത്തെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകരും അക്കാദമിക് വ്യക്തിത്വങ്ങളും, മാധ്യമപ്രവർത്തകരും, അഭിഭാഷകരും ഉൾപ്പടെ 13 പേരാണ് അറസ്റ്റിലായത്. ഇതിൽ രണ്ട് പേർ മലയാളികളാണ്.

കേസിൽ അറസ്റ്റിലായവർ

 1. റോണ വിൽസൺ: മലയാളി ഗവേഷകനും രാഷ്ട്രീയ തടവുകാരുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന കമ്മറ്റി ഫോർ റിലീസിങ് പൊളിറ്റിക്കൽ പ്രിസണേഴ്സ് സംഘടനയുടെ പംബ്ലിക് റിലേഷൻസ് സെക്രടറിയുമായിരുന്നു. പ്രധാനമന്ത്രിയെ വധിക്കാനുള്ള പദ്ധതി വെളിവാകുന്ന കത്ത്, അദ്ധേഹത്തിൻ്റെ ലാപ്ടോപിൽ നിന്ന് കണ്ടെത്തി എന്നായിരുന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. എന്നാൽ ഇത് മാസങ്ങൾക്ക് മുൻപ് ഒരു സ്പൈവെയർ ഉപയോഗിച്ച് അദ്ധേഹത്തിൻ്റെ ലാപ്ടോപിൽ സ്ഥാപിച്ചതാണെന്ന് ലാപ്ടോപ് ഫോറൻസിക് പരിശോധന നടത്തിയ അമേരിക്കൻ സ്ഥാപനം കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷണ സംഘം ഇത് നിഷേധിച്ചു.

 2. വരവര റാവു: തലുങ്കിലെ ജനകീയനായ കവിയും, മനുഷ്യാവകാശ പ്രവർത്തകനും, മുൻ കോളേജ് അധ്യാപകനുമായിരുന്നു.

 3. ഫാ.സ്റ്റാൻ സ്വാമി: ജസ്യൂട്ട് പാതിരി. ദളിതരുടെ അവകാശ പോരാട്ടങ്ങളുടെ മുന്നിര പ്രവർത്തകനായിരുന്നു. കേസിൽ തടവിലായിരിക്കെ 2021 ജൂലൈയിൽ അദ്ദേഹം അന്തരിച്ചു. കെരള-ജാർഖണ്ഡ് മുഖ്യമന്ത്രിമാർ അദ്ദേഹത്തിൻ്റെ നീതിക്കായി അഭ്യർഥിച്ചിരുന്നു.

 4. അരുൺ ഫെറേറ: ക്രിമിനൽ അഭിഭാഷകനും ആക്ടിവിസ്റ്റുമായിരുന്നു. രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി പ്രവർത്തിച്ചിരുന്നു. മുൻപ്, 2017ൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അരുൺ ഫെറേറ അറസ്റ്റുചെയ്യപ്പെട്ടിരുന്നു. 5 വർഷം വിചാരണ തടവുകാരനായി ജയിലിൽ കഴിഞ്ഞ അദ്ദേഹത്തെ നിരപരാധിയെന്ന് കണ്ടെത്തി 2012ൽ കോടതി വെറുതെ വിട്ടു.

 5. സുധ ഭർദ്വാജ്: അമേരിക്കയിൽ ജനിച്ച് വളർന്ന് വിദ്യഭ്യാസം നേടിയ ഇന്ത്യൻ വംശജ. അഭിഭാഷകയും ട്രേഡ് യൂണിയൻ നേതാവും, മനുഷ്യാവകാശ പ്രവർത്തകയുമായി ഇന്ത്യയിൽ പ്രവർത്തിച്ചു. ഖനി തൊഴിലാളികളൂടെ തൊഴിൽ അവകാശങ്ങൾക്കു വേണ്ടി താഴേക്കിടയിലേക്കിറങ്ങിയുള്ളതായിരുന്നു പ്രവർത്തനങ്ങൾ.

 6. ഗൗതം നവ്ലാഖ: അറിയപ്പെടുന്ന മാധ്യമപ്രവർത്തകനും, എക്കണോമിക്കൽ-പൊളിറ്റിക്കൽ വീക്കിലിയുടെ പൊളിറ്റിക്കൽ കൺസൽട്ടൻ്റും മനുഷ്യാവകാശ പ്രവർത്തകനും.

 7. സുരേന്ദ്ര ഗാഡ്ലിങ്: ദളിത് മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായിരുന്നു. രാഷ്ടീയ തടവുകാർക്കായി പ്രവർത്തിച്ചു.

 8. സുധീർ ധവാലെ: ദളിത് മനുഷ്യാവകാശ പ്രവർത്തകൻ

 9. ഷോമ സെൻ: നാഗ്പൂർ യുണിവേഴ്സിറ്റി അധ്യാപിക, വനിത അവകാശ പ്രവർത്തക.

 10. മഹേഷ് റാവത്ത്: അഭിഭാഷകനും ആദിവാസി മനുഷ്യാവകാശ പ്രവർത്തകനും. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഏറ്റവും പ്രായം കുറങ്ങയാൾ ഇദ്ദേഹമായിരുന്നു.

 11. വെർനോൺ ഗോൺസാൽവ്സ്: അധ്യാപകനും ട്രേഡ് യൂണിയൻ പ്രവർത്തകനും.

 12. ആനന്ദ് തെൽതുംഡെ: ഗോവ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെൻ്റ് അധ്യാപകനും, ജാതീയതയ്ക്കെതിരെ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകനുമായിരുന്നു.

 13. ഹനി ബാബു: ഡൽഹി യൂണിവേഴ്സിറ്റിയിൽ അസിസ്റ്റൻ്റ് പ്രൊഫസറും സാമൂഹികപ്രവർത്തകനുമായ മലയാളി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട റിട്ട് ഹർജികളിൽ സുപ്രീം കോടതി അന്തിമ വാദം കേൾക്കാനിരിക്കെ, ഈ വിഷയത്തിൽ മെയ് 7-നകം രേഖാമൂലമുള്ള വാദങ്ങൾ സമർപ്പിക്കാൻ ഹർജിക്കാരോടും കേന്ദ്രത്തോടും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബഞ്ച് ആവശ്യപ്പെട്ടു. മെയ് 9-നകം സെക്ഷൻ 124 എ-യിലെ കേന്ദ്രത്തിൻ്റെ നിലപാട് വിശദീകരിച്ച് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി കേന്ദ്രത്തിന് അനുമതി നൽകിയിട്ടുണ്ട്. അതേസമയം സെക്ഷൻ 124 എ നിലനിർത്തണമെന്നും അതിന്റെ ദുരുപയോഗം തടയാൻ മാർഗനിർദേശങ്ങൾ നൽകുകയാണ് വേണ്ടതെന്നും കേന്ദ്രത്തിനു വേണ്ടി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയോട് പറഞ്ഞു.

Story Highlights: Indias sedition law grounds and arguments explained

Next Story