Top

തലശ്ശേരിയില്‍ ആര്‍എസ്എസിന്റെ 'ബോംബെ മോഡല്‍' പ്രയോഗം; യുവാക്കളെ നിരത്തി ചെറുത്ത എംവിആര്‍

എംവിആർ മാധ്യമ പുരസ്കാര വിതരണ ചടങ്ങില്‍ ഉല്ലേഖ് അവതരിപ്പിച്ച മുഖ്യ പ്രഭാഷണം

11 Nov 2022 4:41 PM GMT
എൻ.പി ഉല്ലേഖ്

തലശ്ശേരിയില്‍ ആര്‍എസ്എസിന്റെ ബോംബെ മോഡല്‍ പ്രയോഗം; യുവാക്കളെ നിരത്തി ചെറുത്ത എംവിആര്‍
X

എംവിആറിനെ പറ്റിയുള്ള എന്റെ ആദ്യത്തെ ഓര്‍മ്മകളെ കുറിച്ച് പറയാതെ ഇങ്ങനെ ഒരു വേദിയില്‍ സംസാരിക്കാന്‍ സാധിക്കില്ല. നാലോ അഞ്ചോ വയസുള്ളപ്പോള്‍ സിപിഐഎം കണ്ണൂര്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ വളരെ സുന്ദരന്മാരായിട്ടുള്ള രണ്ട് പേരെ കണ്ടു. തിരിഞ്ഞുനോക്കുമ്പോഴാണല്ലോ പലതും വ്യക്തമായി ഓര്‍മ്മ വരുന്നത്. അതിലൊരാള്‍ പുത്തലത്ത് നാരായണന്‍ ആയിരുന്നു, ധര്‍മ്മേന്ദ്രയെ പോലെ ഒരു മനുഷ്യന്‍. മറ്റൊരാള്‍ എംവിആര്‍ ആയിരുന്നു. ഗോഡ്ഫാദര്‍ സിനിമയിലെ റോബര്‍ട്ട് ഡിനീറോയെ പോലെയായിരുന്നു അദ്ദേഹം.

അന്ന് എന്തൊക്കെയോ സംസാരിച്ചിരുന്നു, പക്ഷെ ഓര്‍മ്മയിലുള്ളത് ഞാന്‍ അവരെ ആകര്‍ഷകത്വത്തോടെ തുറിച്ച് നോക്കി നില്‍ക്കുന്നതാണ്. ഇതാണ് അദ്ദേഹത്തെ കുറിച്ചുള്ള എന്റെ ആദ്യത്തെ ഓര്‍മ്മ. ഇതിന് ശേഷം പല തവണ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിപിഐഎം വിട്ട് പോയ ശേഷവും അദ്ദേഹത്തോട് ഇടപഴകാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ടെങ്കിലും ആദ്യമായി ഇവര്‍ രണ്ടുപേരെയും കണ്ടത് പച്ചപിടിച്ച ഓര്‍മ്മയായി എന്റെ മനസിലുണ്ട്.

രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ സംഭാവന സംബന്ധിച്ച് പരിശോധനകള്‍ നടത്തുമ്പോള്‍ ആദ്യം സംസാരിക്കേണ്ടത് കണ്ണൂരിന്റെ രാഷ്ട്രീയമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് കോട്ടയാണ് കണ്ണൂര്‍ എന്ന് കാലം തെളിയിച്ചിരിക്കുകയാണ്. ആ കമ്മ്യൂണിസ്റ്റ് കോട്ടയില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ, പ്രത്യേകിച്ച് സിപിഐഎമ്മിനെ അജയ്യ ശക്തിയാക്കി മാറ്റുന്നതില്‍ നേതൃപരമായ വലിയ പങ്കുവഹിച്ച ചുരുക്കം ചിലരില്‍ ഏറ്റവും പ്രമുഖനാണ് എംവിആര്‍ എന്ന് അറിയപ്പെടുന്ന സഖാവ് എം വി രാഘവന്‍.

വളരെ ചെറിയ പ്രായത്തില്‍ തന്നെ നിരവധി അഭിമുഖങ്ങള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. പുസ്തകം എഴുതിയിട്ടുണ്ട്, ഒരുപാട് കാര്യങ്ങള്‍ എഴുതാന്‍ വിട്ടുപോയിട്ടുണ്ടെന്നാണ് പലരും സൂചിപ്പിക്കുന്നത്. പക്ഷെ എന്റെ അഭിപ്രായത്തില്‍, ചിലപ്പോള്‍ വളരെയധികം രഹസ്യങ്ങള്‍, ചിലര്‍ക്ക് എതിരായി വരുമോ എന്ന് കരുതിയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അച്ചടക്കത്തിന്റെയും കരുതലിന്റെയും ഭാഗമായിട്ടോ ആണ് ബാക്കിയുള്ള കാര്യങ്ങള്‍ ഒരു സസ്‌പെന്‍സ് പോലെ വെച്ചത് എന്നാണ് ആ പുസ്തകം വായിച്ചതിന് ശേഷം എനിക്ക് തോന്നിയത്. ഇക്കാര്യം ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. രഹസ്യം രഹസ്യമായി വെക്കാന്‍ ശീലിച്ചിട്ടുള്ള, വളരെയധികം അച്ചടക്കമുള്ള ഒരു കേഡറിന്റെ ബുക്കാണ് ഇത് എന്നതില്‍ സംശയമില്ലെന്നാണ് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞത്.

അതിന് ശേഷം ചെറിയാന്‍ ഫിലിപ്പിന്റെ ഒരു പുസ്തകം വന്നു. അതില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് നേതാക്കളെയെല്ലാം തെറിവിളിക്കുന്നുണ്ട്. എംവിആറിന്റെ പുസ്തകം പോലെ എഴുതാന്‍ പഠിക്കണമെന്ന ഉപദേശമാണ് ഇതിന് ശേഷം ചെറിയാന്‍ ഫിലിപ്പിന് പിണറായി വിജയന്‍ നല്‍കിയത്.വളരെ കഷ്ടപ്പെട്ട ബാല്യമായിരുന്നു എംവിആറിന്റേത്. പൊലീസുകാരില്‍ നിന്ന് ഒരുപാട് ക്രൂരതകള്‍ സഹിക്കേണ്ടി വന്ന കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ മണിക്കൂറുകളോളം മരത്തില്‍ കയറിയിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പുസ്തകത്തിലും അഭിമുഖങ്ങളിലും പറയുന്നുണ്ട്.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വളരെ ചെറുപ്രായത്തില്‍ തന്നെ നേതൃസ്ഥാനത്തേക്ക് വന്ന വ്യക്തിയായിരുന്നു സഖാവ് എംവിആര്‍. 1960കളില്‍ മാടായി മണ്ഡലം സെക്രട്ടറിയായതിന് ശേഷം 64ല്‍ പാര്‍ട്ടി പിളരുന്നതിന് മുമ്പ് തന്നെ ജില്ലയിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട യുവ നേതാവായി അദ്ദേഹം മാറിയിരുന്നു. 1965ല്‍ ഇന്ദിരാഗാന്ധി ഭരണകൂടം അദ്ദേഹത്തെ ചൈന ചാരനെന്ന് മുദ്രകുത്തി മറ്റനേകം നേതാക്കളോടൊപ്പം ജയിലിലടച്ചു.

ആ സമയത്ത് സിപിഐഎമ്മിന്റെ അകത്ത് തന്നെ ആശയസമരം മൂര്‍ച്ഛിക്കുകയും ചെയ്തു. ആ അവസ്ഥയിലാണ് കോണ്‍ഗ്രസിനെതിരായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം കൂടുതല്‍ ശക്തമായിരിക്കണം കൂടുതല്‍ സജ്ജരായവരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കൊണ്ടുവരണം എന്ന് വാദിച്ചവരുടെ നേതാവായി അദ്ദേഹം മാറിയത്. അങ്ങനെയാണ് 1967 ഡിസംബറില്‍ പെര്‍ളശ്ശേരിയില്‍ നടന്ന ജില്ലാ പ്ലീനത്തില്‍ ഒരു അട്ടിമറി പോലെ ജില്ലാ സെക്രട്ടറിയായി മാറിയത്.

തിരിഞ്ഞു നോക്കുമ്പോഴാണ് പലതും കൂടുതല്‍ മനസിലാകുന്നത്. 1967 മുതല്‍ 77 വരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു അദ്ദേഹം. കണ്ണൂരിലെ പാര്‍ട്ടി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തിയില്‍ വളരെ സജീവമായി സ്വാധീനം ചെലുത്തുന്ന ഭാഗമാണ്. പിന്നീട് അദ്ദേഹം സംസ്ഥാന നേതാവായി. സിപിഐഎമ്മിന്റെ ഉന്നത ശ്രേണിയിലെത്തിയെങ്കിലും അദ്ദേഹത്തിന്റെ തനതായ വ്യക്തിത്വവും നേതൃഗുണങ്ങളും മുഴുവന്‍ ആര്‍ജിച്ചത് കണ്ണൂരിലെ പ്രവര്‍ത്തനത്തിലൂടെയാണ്.

പാരമ്പര്യേതര രീതിയിലാണ് അദ്ദേഹം 67ല്‍ ജില്ലാ സെക്രട്ടറിയായി മാറിയത്. യൗവ്വനത്തിന്റെ പ്രസരിപ്പും വളരെ തീഷ്ണമായ രീതിയില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പോടെയുമാണ് അദ്ദേഹം അടക്കമുള്ള നേതാക്കള്‍ അന്ന് മുന്നോട്ട് വന്നത്. ആ കാലഘട്ടത്തിലാണ് ദേശീയ തലത്തില്‍ ഭാരതീയ ജനസംഘിന് 35ഓളം അംഗങ്ങളുണ്ടായത്.

കേന്ദ്രത്തില്‍ ശക്തികൂടുമ്പോഴെല്ലാം ആര്‍എസ്എസുകാര്‍ കണ്ണൂര്‍ പോലുള്ള സ്ഥലങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത് ഒരു സ്വാഭാവമായിരിക്കുകയാണെന്ന് നമുക്കറിയാം. 67ല്‍ 35 സീറ്റ് കിട്ടിയ ഹുങ്കില്‍ ആര്‍എസ്എസുകാര്‍ അഴിച്ചുവിട്ട ആക്രമണങ്ങള്‍ ഒരു തുടക്കമായിരുന്നു. പക്ഷെ അതിലൊന്നും പതറുന്ന നേതൃത്വമായിരുന്നില്ല കണ്ണൂരില്‍ അന്ന് ഉണ്ടായിരുന്നത്. അതേസമയത്ത് തന്നെ 1966 ജൂണില്‍ ബോംബെയില്‍ ശിവസേന എന്ന ദുര്‍ഭൂതം അവതരിച്ചു. ബോംബെയില്‍ അന്നത്തെ പണക്കാരുടെയും കോണ്‍ഗ്രസിന്റെയും ഗൂഢാലോചനയുടെ സന്തതി കൂടിയായിരുന്നു ശിവസേന.

ഇന്ത്യയിലെ ഭൂരിപക്ഷ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ ചോരയും നീരും കൊടുത്തുണ്ടാക്കിയ വന്‍നഗരമാണ് ബോംബെ. ആ ബോംബെയില്‍ മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തി, അതുപോലെ കോണ്‍ഗ്രസിന് വേണ്ടി, അവിടുത്തെ ബോംബെ ക്ലബ്ബിന് വേണ്ടി വിടുപണി ചെയ്ത് ബാല്‍ താക്കറെയുടെ നേതൃത്വത്തില്‍ അന്നുണ്ടായിരുന്ന ശിവസേനയുടെ ഏറ്റവും വലിയ ഉന്നം അന്ന് ഇടത് പക്ഷം കൈകാര്യം ചെയ്ത ട്രേഡ് യൂണിയനുകളെ നശിപ്പിക്കുക എന്നതായിരുന്നു.

ഇടതുപക്ഷ ട്രേഡ് യൂണിയനുകളെ പൂര്‍ണമായും തകര്‍ക്കാന്‍ അന്ന് ശിവസേനയ്ക്ക് കഴിഞ്ഞു. ഒരു തൊഴിലാളിക്കെതിരെ എന്തെങ്കിലും അനീതിയുണ്ടായാല്‍ ബോംബെ സ്തംഭിപ്പിക്കാനുള്ള കഴിവ് അന്നത്തെ ട്രേഡ് യൂണിയനുകള്‍ക്ക് ഉണ്ടായിരുന്നു. അവയെയെല്ലാം ശിവസേന എന്ന ദുര്‍ഭൂതത്തെ ഉപയോഗിച്ച് തകര്‍ത്തതില്‍ ആര്‍എസ്എസിന് വലിയ പങ്കുണ്ടായിരുന്നു. ആ പ്രചോദനത്തിന്റെ അടിസ്ഥാനത്തിലാണ് ബോംബെ മോഡല്‍ തലശ്ശേരി, കണ്ണൂര്‍ പോലുള്ള ഇടതുപക്ഷത്തിന് വളരെ സ്വാധീനമുള്ള സ്ഥലങ്ങളില്‍ പ്രയോഗിക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചത്. ഇതിനെ ചെറുക്കാന്‍ യുവനേതാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം അന്ന് സ്വീകരിച്ചത് സഖാവ് എംവിആറാണ്.

കേരളം കണ്ട മികച്ച സംഘാടകനും അന്ന് സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി എച്ച് കണാരന്‍, എംവിആറിന്റെ രാഷ്ട്രീയ ഗുരുവും ത്യാഗത്തിന്റെ പര്യായവുമായ എകെജി തുടങ്ങിയവരുടെ പിന്തുണ അന്ന് എംവിആറിനുണ്ടായിരുന്നു. അങ്ങനെ ആര്‍എസ്എസിന്റെയും സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയുമെല്ലാം കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ ചെറുത്ത് തോല്‍പ്പിച്ച് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വലിയ ശക്തിയാക്കി മാറ്റിയതില്‍ വളരെ വലിയ പങ്ക് സഖാവ് എംവിആറിനുണ്ട്. നമ്മള്‍ മനസിലാക്കുന്നതിനേക്കാള്‍ എത്രയോ വലുതാണ് ഈ പങ്ക്.

വളരെ പ്രക്ഷുബ്ദമായ ഒരു കാലഘട്ടത്തിലാണ് അദ്ദേഹം നേതാവായി കണ്ണൂരിലും പിന്നീട് സംസ്ഥാന തലത്തിലും ഇരുന്നത്. തലകുനിക്കാത്ത ഒരു പോരാളി, പ്രക്ഷോഭകാരി എന്ന നിലകളില്‍ അദ്ദേഹം പേരെടുത്തിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ധീരതയെ കുറിച്ചാണ് ആളുകള്‍ പറയാറുള്ളത്. നല്ല നിയമസഭാ സാമാജികനായിരുന്നു. എന്നാല്‍ എനിക്ക് തോന്നിയിട്ടുള്ളത് അദ്ദേഹം വലിയ മതേതരവാദിയായിരുന്നു എന്നാണ്.

ഇന്ന് നമ്മുടെ രാജ്യത്ത് മതേതരത്വം തകര്‍ന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ആര്‍എസ്എസ് ഇത് 1925ല്‍ തന്നെ തുടങ്ങിയിരുന്നു. കേരളത്തില്‍ 1942, 43 കാലഘട്ടത്തില്‍ കോഴിക്കോടും തലശ്ശേരിയിലും പല ശാഖകള്‍ സ്ഥാപിച്ചിട്ടുണ്ട്. അന്ന് അവര്‍ കണ്ണൂരിനെ നോട്ടമിട്ടിരുന്നു. 1971ല്‍ എംവിആര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ തലശ്ശേരിയില്‍ വര്‍ഗീയ ലഹള നടന്നു. ആ സമയത്ത് പാര്‍ട്ടിയെ നിയന്ത്രിക്കുന്നതിനും പാര്‍ട്ടി മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാനും വലിയ പങ്കാണ് എംവിആര്‍ വഹിച്ചത്.

ഇന്ന് നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറായ അജിത് ഡോവലിനെ അന്ന് കരുണാകരന്‍ സമാധാനം പുനസ്ഥാപിക്കാന്‍ തലശ്ശേരിയിലേക്ക് പറഞ്ഞുവിട്ടിരുന്നു. റിവോള്‍വര്‍ കാണിച്ചപ്പോള്‍ പിണറായി വിജയന്‍ വസ്ത്രം മാറ്റേണ്ടി വന്നു എന്ന് ഈ അടുത്ത് ഗവര്‍ണര്‍ പറഞ്ഞത് അദ്ദേഹത്തെ കുറിച്ചാണെന്ന് തോന്നുന്നു. അജിത് ഡോവലിനെ പുകഴ്ത്തല്‍ ഒരിക്കലും അവസാനിക്കുന്നില്ല. അങ്ങനെയുള്ള ഫെയ്ക് ക്യാമ്പെയിനുകള്‍ക്ക് അടിമപ്പെട്ടാണ് ഗവര്‍ണര്‍ ചില പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്.

ഇന്ത്യ ഇന്ന് നേരിടുന്ന വര്‍ഗീയ ദ്രുവീകരണത്തിന്റെയും മതേതരത്വത്തിനെതിരായ വലിയ വെല്ലുവിളികളെയും കുറിച്ച് പറയുമ്പോള്‍, അതിന് ഒരു പുതിയ ജീവന്‍ കിട്ടിയത് 2002ല്‍ നടന്ന മുസ്ലീം വിരുദ്ധ ലഹളയ്ക്ക് ശേഷമാണ്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ആളായി ഉയര്‍ന്നുവന്ന ആളാണ് മോദി. ആ കാലഘട്ടത്തില്‍ നടന്ന കഥകളും, പറയാത്ത കഥകളും, കെട്ടുകഥകളും എല്ലാം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച മഹാനായ മാധ്യമപ്രവര്‍ത്തകനാണ് രജ്ദീപ് സര്‍ദേശായി. അദ്ദേഹത്തെ പോലുള്ളവരെ ഇപ്പോഴും മോദി അടക്കമുള്ളവര്‍ ശത്രുസ്ഥാനത്താണ് കാണുന്നത്.

മാധ്യമപ്രവര്‍ത്തനത്തില്‍ മോദി സര്‍ക്കാരിന്റെ ഇടപെടല്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇന്ത്യയുടെ ചരിത്രത്തെ പലരീതിയില്‍ വിഭജിച്ച് മനസിലാക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ ശ്രമിക്കുക, സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും, അടിയന്തരാവസ്ഥയ്ക്ക് മുമ്പും പിമ്പും, ബാബറി മസ്ജിദ് തകര്‍ത്തതിന് മുമ്പും പിമ്പും, ഗുജറാത്ത് ലഹളയ്ക്ക് മുമ്പും പിമ്പും 2014ല്‍ മോദി വരുന്നതിന് മുമ്പും പിമ്പും എന്ന രീതിയില്‍ തിരിക്കാനാണ്.

2002 ഫെബ്രുവരിയില്‍ ലഹള നടന്നതിന് ശേഷം, ആ വര്‍ഷം ഏപ്രിലില്‍ ബിജെപിയുടെ ദേശീയ സമ്മേളനം ഗോവയില്‍ വെച്ച് നടക്കുമ്പോള്‍ അന്ന് പ്രധാനമന്ത്രിയായിയിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് ഉദ്ദേശിച്ചത് മോദിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുക എന്നതാണ്. എല്‍ കെ അദ്വാനി, ജസ്വന്ത് സിംഗ്, അരുണ്‍ ശൂരി എന്നിവരോടൊപ്പം ഗോവയിലേക്ക് പോകവെ, വാജ്‌പേയ് അദ്വാനിയോട് പറഞ്ഞത് 'മോദി പോകണം' എന്നാണ്. 'വലിയ പ്രശ്‌നമുണ്ടാകും' എന്നാണ് അദ്വാനി ഇതിന് മറുപടി നല്‍കിയത്. എന്നാല്‍ ഗോവയിലെത്തുമ്പോഴേക്കും മോദിയുടെ 'രാജിനാടക'മുണ്ടാകുമെന്ന് വാജ്‌പേയി കരുതിയില്ല.

ഉടന്‍ തന്നെ ആ വേദിയിലെ പല ഭാഗങ്ങളില്‍ നിന്നായി ആളുകള്‍ മോദി രാജിവെക്കരുതെന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ ആരംഭിച്ചു. ഇതെല്ലാം മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നുവെന്നും, പിന്നില്‍ അദ്വാനിയായിരുന്നുവെന്നും വാജ്‌പേയിക്ക് വ്യക്തമായിരുന്നു. അങ്ങനെ മോദിയെ രക്ഷിച്ച അദ്വാനി ഇന്ന് മോദിയിരിക്കുന്ന വശത്തേക്ക് നോക്കാതെ ഒരു വേദിയിലിരിക്കുന്നത് നമ്മള്‍ കണ്ടു. ഇന്ത്യയുടെ മതേതരത്വം എന്ന സ്വപ്‌നം ഒരു ബലൂണ്‍ പോലെ പൊട്ടിച്ചുകളയുന്ന ഭരണകൂടമാണ് നമുക്ക് മുന്നിലുള്ളത്.

2014ന് മുമ്പും അതിന് ശേഷവും ഉള്ള പ്രവര്‍ത്തനവും, വികാരങ്ങളും ഉദ്ദേശങ്ങളും സംബന്ധിച്ച് ഇന്നത്തെ ചെറുപ്പക്കാരായ മാധ്യമപ്രവര്‍ത്തകരോട് ഞാന്‍ ചോദിക്കാറുണ്ട്. സ്വതന്ത്രമായ പ്രവര്‍ത്തനം സാധ്യമാകുന്നില്ലെന്നാണ് അവരില്‍ പലരും പറഞ്ഞത്. മാധ്യമങ്ങളെ ബൈപ്പാസ് ചെയ്യുന്ന വ്യക്തിയാണ് മോദി. അദ്ദേഹത്തിന്റെ കൗശലത്തെ കുറച്ചുകാണുന്നില്ല.

2002 മുതല്‍ വരും വര്‍ഷങ്ങളിലും മാധ്യമങ്ങള്‍ അദ്ദേഹത്തെ തൊടാന്‍ സാധിക്കാത്ത നേതാവായാണ് കണ്ടത്. 2005ല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ വലിയ ഒരു എഡിറ്റര്‍ മോദിയുടെ അഭിമുഖം എടുത്തു. മോദി കരുതിയത് തനിക്ക് അനുകൂല വാര്‍ത്ത വരുമെന്നാണ്. എന്നാല്‍ അടിച്ചു വന്ന വാര്‍ത്തയില്‍ മോദിക്ക് അനുകൂലമായ ഒരു കാര്യം പോലും ഇല്ലായിരുന്നു. മാത്രമല്ല, ലഹളയുടെ സമയത്ത് നടപടിയെടുക്കാതിരുന്നതില്‍ ഒരു പശ്ചാത്താപവും കാണിക്കുന്നില്ലെന്ന മോദിയുടെ വിചിത്ര സ്വഭാവത്തെ ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടാണ് അടിച്ചുവന്നത്. മാധ്യമങ്ങളോട് നേരിട്ട് സംസാരിക്കുന്ന പരിപാടി നിര്‍ത്തണമെന്ന് മോദി ഇതോടെ തീരുമാനിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള ത്രാണി മോദിക്കില്ല എന്നുള്ളത് വ്യക്തമാണ്. അതുകൊണ്ടാണ് പല അഭിമുഖങ്ങളുടെയും ഇടയ്ക്ക് അദ്ദേഹം ഇറങ്ങിപ്പോകുന്നത്. മോദിയെ പോലുള്ള ആളുകള്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് മാധ്യമങ്ങളെ ബൈപ്പാസ് ചെയ്യുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ടര്‍മാരുമായി നേരിട്ട് സംസാരിക്കില്ല. നേരിട്ട് എഡിറ്റര്‍മാരെയാണ് അവര്‍ ബന്ധപ്പെടുന്നത്.

വാര്‍ത്ത തേടി പേകുന്ന റിപ്പോര്‍ട്ടര്‍ എന്നേ മരിച്ചു കഴിഞ്ഞു, പ്രത്യേകിച്ച് ഡല്‍ഹിയില്‍. മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്നുള്‍പ്പടെ നേരിട്ട് എഡിറ്റര്‍മാരെ ബന്ധപ്പെടുന്നു. ഇതാണ് ഇന്നത്തെ വാര്‍ത്തയെന്ന് അവരോട് പറയുന്നു. മറ്റൊരു വാര്‍ത്ത റിപ്പോര്‍ട്ടര്‍മാര്‍ നല്‍കിയാലും അവര്‍ അത് ശ്രദ്ധിക്കില്ല. ഈ രീതിയില്‍ ഒരു ന്യൂസ് റൂമിലെ പരിപാവനമായ പല ബന്ധങ്ങളെയും ശിഥിലമാക്കി, മാധ്യമപ്രവര്‍ത്തനത്തെ തകര്‍ക്കുന്ന നിലയിലാണ് ഇന്ത്യയിലെ ഭരണകൂടം മുന്നോട്ട് പോകുന്നത്. ഈ ഘട്ടത്തില്‍ മാധ്യമങ്ങളുടെ കര്‍ത്തവ്യവും ഏറ്റെടുക്കേണ്ട വെല്ലുവിളികളും എത്രയോ മടങ്ങ് വലുതായിരിക്കുന്നു. സഖാവ് എംവിആറിന്റെ ഓര്‍മ്മ പുതുക്കുന്ന വേളയില്‍, ജനങ്ങള്‍ ഇത്തരം പ്രവണകള്‍ക്കെതിരെ ഒരു സന്ധിയുമില്ലാതെ ശക്തമായ പോരാട്ടം കാഴ്ചവെക്കും എന്ന് പ്രത്യാശിക്കുകയാണ്.


Next Story