Top

പെഗാസസ് വിധി: 'ഉടുതുണി നഷ്ടപ്പെട്ട അവസ്ഥയില്‍ കേന്ദ്രം, താന്തോന്നിത്തരങ്ങളുടെ അങ്ങേയറ്റം'

'രാജ്യസുരക്ഷയുടെ പേരും പറഞ്ഞ് കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന തലതൊട്ടപ്പന്‍മാര്‍ക്ക് എന്തുമാകാം എന്നതാണ് സ്ഥിതി'

29 Oct 2021 12:07 PM GMT
തോമസ് ഐസക്ക്

പെഗാസസ് വിധി: ഉടുതുണി നഷ്ടപ്പെട്ട അവസ്ഥയില്‍ കേന്ദ്രം, താന്തോന്നിത്തരങ്ങളുടെ അങ്ങേയറ്റം
X

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ സുപ്രിംകോടതി വിധി വന്നതോടെ ഉടുതുണി നഷ്ടപ്പെട്ട അവസ്ഥയിലാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും. രാജ്യസുരക്ഷയുടെ പേരു പറഞ്ഞ് സംഘപരിവാര്‍ കാട്ടിക്കൂട്ടുന്ന താന്തോന്നിത്തരങ്ങളുടെ അങ്ങേയറ്റമാണ് ഈ ഫോണ്‍ ചോര്‍ത്തല്‍. ആ പിടിവള്ളിയുടെ വേരാണ് സുപ്രിംകോടതി അറുത്തത്. രാജ്യസുരക്ഷയുടെ പേരും പറഞ്ഞ് കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന തലതൊട്ടപ്പന്‍മാര്‍ക്ക് എന്തുമാകാം എന്നതാണ് സ്ഥിതി. നിയമമോ വ്യവസ്ഥകളോ അവര്‍ക്ക് ബാധകമല്ല. അന്വേഷണ സംവിധാനങ്ങളും ഭരണഘടനാസ്ഥാപനങ്ങളും ഈ അഴിഞ്ഞാട്ടത്തിന് എല്ലാ പിന്‍ബലവും നല്‍കുന്നു. ഈ ദുരവസ്ഥയുടെ ഇരുട്ടില്‍ കഴിയുന്ന ഇന്ത്യാരാജ്യത്തിന്റെ ആത്മാവു വീണ്ടെടുക്കാനുള്ള വെളിച്ചമാണ് പെഗാസസ് കേസിലെ സുപ്രിംകോടതി വിധി.

വിധി വന്നിട്ട് ഇതുവരെ മിണ്ടിയിട്ടില്ല, കേന്ദ്രസര്‍ക്കാരിലെ അത്യുന്നതര്‍. കോടതി വിധിയുടെ ചൂടേറ്റ് പെരുങ്കള്ളങ്ങള്‍ പറഞ്ഞ ന്യായീകരിച്ചവരുടെ നാവു പൊള്ളിയിരിക്കണം. ചാനല്‍ ചര്‍ച്ചകളില്‍ ഉളുപ്പില്ലായ്മ തുടരുന്നുണ്ടെങ്കിലും ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. ദേശസുരക്ഷയുടെ പേരില്‍ അഭിനയിച്ചു വന്ന ധാര്‍ഷ്ട്യത്തിന്റെ നെറുകന്തലയിലാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആഞ്ഞു പ്രഹരിച്ചത്.

ഈ വിവാദം കത്തിപ്പടര്‍ന്നപ്പോള്‍ രാജ്യം ഒറ്റക്കെട്ടായി ചോദിച്ച ചോദ്യങ്ങള്‍ക്കാണ് സുപ്രിംകോടതിയും ഉത്തരം തേടാന്‍ ശ്രമിച്ചത്. ഏറ്റവും പ്രധാനപ്പെട്ട ചോദ്യം 'പെഗാസസ് ചാരസോഫ്റ്റുവെയര്‍ ഉപയോഗിച്ച് ആരുടെയെങ്കിലും ഫോണ്‍ ചോര്‍ത്തിയോ?' എന്നതാണ്. ജനങ്ങളോടു വ്യക്തമായ മറുപടി പറയാതെ നടത്തിയ ഒളിച്ചുകളി സുപ്രിംകോടതിയിലും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. കോടതിയ്ക്കു നല്‍കിയ സത്യവാങ്മൂലത്തിലും ഈ ചോദ്യത്തിന് നേരെ ചൊവ്വേ ഉത്തരം പറഞ്ഞിട്ടില്ല. ഈ സോഫ്റ്റുവെയര്‍ സര്‍ക്കാര്‍ വാങ്ങിയോ, സ്വകാര്യവ്യക്തികള്‍ ഈ സോഫ്റ്റുവെയര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നൊക്കെ കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിനു പക്ഷേ മറുപടി ഉണ്ടായിരുന്നില്ല.

അതീവഗുരുതരമായ ആരോപണമാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നത്. രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍, രണ്ടു കേന്ദ്രമന്ത്രിമാര്‍, മുന്‍നിര മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെയൊക്കെ ഫോണുകളിലേയ്ക്കും ഡിജിറ്റല്‍ ഉപകരണങ്ങളിലേയ്ക്കും ചാര സോഫ്റ്റുവെയര്‍ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നുഴഞ്ഞു കയറി എന്നാണ് ആരോപണം. അവര്‍ക്കിതിന് ആര് അധികാരം നല്‍കിയെന്ന ചോദ്യമാണ് അന്നു മുതല്‍ രാജ്യത്ത് മുഴങ്ങുന്നത്.

ഈ സുപ്രധാന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാന്‍ സ്വന്തം നിലയില്‍ സുപ്രിംകോടതി തീരുമാനിക്കുമ്പോള്‍, അത് രാജ്യം ഭരിക്കുന്നവരില്‍ രേഖപ്പെടുത്തുന്ന കടുത്ത അവിശ്വാസമാണ്. ഈ കേസില്‍ അന്വേഷണമേ വേണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. അത് സുപ്രിംകോടതി പൂര്‍ണമായും തള്ളിക്കളയുക മാത്രമല്ല, തങ്ങളുടെ മേല്‍നോട്ടത്തില്‍ ഒരു സ്വതന്ത്രസമിതിയെയും നിശ്ചയിച്ചു. ഇതില്‍പ്പരം ഒരു പ്രഹരം എന്താണ് കേന്ദ്രസര്‍ക്കാരിന് കിട്ടാനുള്ളത്.

പെഗാസസ് വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇസ്രായേലില്‍ നിന്നും വന്ന പ്രതികരണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇസ്രായേലാണല്ലോ ഈ സോഫ്റ്റുവെയര്‍ വികസിപ്പിച്ചത്. സര്‍ക്കാരുകള്‍ക്ക് മാത്രമേ സോഫ്റ്റുവെയര്‍ വിറ്റിറ്റുള്ളൂ എന്ന് അവര്‍ ഔദ്യോഗികമായി പ്രതികരിച്ചു കഴിഞ്ഞു. ഇന്ത്യയ്ക്ക് ഇത് വിറ്റിട്ടുണ്ടോ എന്ന് അവരോ, വാങ്ങിയിട്ടുണ്ടോ എന്ന് കേന്ദ്രസര്‍ക്കാരോ സ്ഥിരീകരിക്കുന്നില്ല. ഇല്ല എന്ന ഒറ്റമറുപടി പറയാന്‍ പരുങ്ങുന്നതില്‍ നിന്നു തന്നെ കാര്യങ്ങള്‍ വ്യക്തമാണ്.

ജനങ്ങളോടോ ജനപ്രതിനിധികളോടോ ഒരുത്തരവാദിത്തവും കേന്ദ്രസര്‍ക്കാരിനെ നയിക്കുന്നവര്‍ക്ക് ഇല്ല എന്നകാര്യം എന്നേ തെളിയിക്കപ്പെട്ടതാണ്. ഈ വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോഴും അതു തന്നെയായിരുന്നു സ്ഥിതി. പ്രതിപക്ഷ നേതാക്കളുടെയും മന്ത്രിമാരുടെയും ഫോണ്‍ ചോര്‍ത്തി എന്നാണ് ആക്ഷേപം. എന്നിട്ടും പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയും അനുവദിച്ചില്ല. പൗരാവകാശത്തിനുവേണ്ടി പാര്‍ലമെന്റിലും കോടതിയിലും കടുത്ത പോരാട്ടം നടത്തിയ സിപിഐഎമ്മിന് ഈ വിധിയില്‍ അഭിമാനിക്കാന്‍ ഏറെയുണ്ട്. സിപിഐ എം എംപിയായ ജോണ്‍ ബ്രിട്ടാസാണ് സുപ്രിംകോടതിയെ ആദ്യം സമീപിച്ചത്. പിന്നാലെ മറ്റുള്ളവരും. സുപ്രിംകോടതി നിയോഗിച്ച സ്വതന്ത്രസമിതി സത്യം പറത്തുകൊണ്ടു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Next Story

Popular Stories