Top

ബ്രഹ്മപുരം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

അന്ന് ബ്രഹ്മപുരത്ത് 35 ഏക്കര്‍ സ്ഥലമേ കോര്‍പ്പറേഷന് ഉണ്ടായിരുന്നുള്ളൂ. പിന്നീട് അത് 110 ഏക്കര്‍ ആവുകയും ചതുപ്പില്‍ ആറ് മാസത്തിനുള്ളില്‍ പ്ലാന്റ് പണിയാന്‍ ഹൈക്കോടതി അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു.

14 March 2023 9:41 AM GMT
അനുശ്രീ പി.കെ

ബ്രഹ്മപുരം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
X

ബ്രഹ്മപുരത്തെ വിഷപ്പുക കൊച്ചിയിലേയും അയല്‍ ജില്ലയായ ആലപ്പുഴയിലേയും ജനങ്ങളെ അസ്വസ്ഥമാക്കാന്‍ തുടങ്ങിയിട്ട് 13 ദിവസമായി. ജീവവായു പോലും നിഷേധിക്കപ്പെട്ടതോടെ ഉള്ളതും ഉപേക്ഷിച്ച് ഇവിടുത്തുകാരും മെച്ചപ്പെട്ട ജീവിതം തേടി ഇവിടേക്ക് വന്നവരും പലവഴിക്ക് നീങ്ങി. കൊവിഡിനിപ്പുറം ഐടി കമ്പനികള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കി വീട്ടിലേക്ക് അയച്ചു, സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു, ഫ്‌ളാറ്റ് നിവാസികള്‍ ജീവഭയം കൊണ്ട് മറ്റിടങ്ങളിലേക്ക് കൂട്ടപലായനം നടത്തി, പ്രദേശത്തെ കടകള്‍ക്കെല്ലാം താഴ് വീണു. പൂര്‍ണമായും ഒരാഴ്ച്ച കൊണ്ട് ബ്രഹ്മപുരം കൊച്ചിയുടെ പേടിപ്പിക്കുന്ന മുഖമായി മാറി.

സംസ്‌കരണത്തിന് അനുയോജ്യമായ സംവിധാനം ഒരുക്കിയില്ലെങ്കില്‍ മാലിന്യം ഒരു നഗരത്തിന്റെ മുഖം വികൃതമാക്കും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബ്രഹ്മപുരം. അനുദിനം ഓരോ സെക്കന്റിലും കുന്നുകൂടുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ പിന്നീട് മാലിന്യമലയായി രൂപാന്തരപ്പെടുകയായിരുന്നു. മാര്‍ച്ച് 2 ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് ബ്രഹ്മപുരത്ത് അഗ്നിബാധയുണ്ടാവുന്നത്. വിവരമറിഞ്ഞ് മിനുറ്റുകള്‍ക്കകം അഗ്നിശമനസേനയെത്തിയെങ്കിലും തീപിടിച്ചിടത്തേക്ക് എത്താവാനാത്തത് വലിയ പ്രതിസന്ധിയായി. ഒടുവില്‍ മണ്ണുമാന്തിയന്ത്രം എത്തിച്ച് വഴിയൊരുക്കിയാണ് തീ അണക്കാനുള്ള ശ്രമം ആരംഭിച്ചത്. എന്നാല്‍ 70 ശതമാനവും തീപടര്‍ന്ന് കൊച്ചിയില്‍ വിഷപ്പുക മറകെട്ടാന്‍ തുടങ്ങിയിരുന്നു.കാലങ്ങളായുള്ള മാലിന്യമാണ് ബ്രഹ്മപുരത്തേതെന്ന് സ്ഥാപിക്കാനുള്ള തിരക്കിലാണ് സര്‍ക്കാര്‍. 30 വര്‍ഷം മുമ്പ് ഉപേക്ഷിച്ച ഏതോ ഫാക്ടറി പോലെയാണ് ബ്രഹ്മപുരമെന്ന് ഹൈക്കോടതിയും സ്മാര്‍ട്ട് സിറ്റിയല്ല, മറിച്ച് സ്‌മോഗ് സിറ്റിയാണ് കൊച്ചിയെന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തി. അപ്പോഴും ശുദ്ധ വായു ശ്വസിക്കാനുള്ള അടിസ്ഥാന അവകാശം നിഷേധിക്കപ്പെട്ട ഒരു വിഭാഗം ജനത ആര്‍ക്ക് നേരെ കൈചൂണ്ടണമെന്നറിയാതെ നിസ്സഹായരായി നില്‍ക്കുകയാണ്. എപ്പോള്‍ കൊച്ചിക്ക് മടങ്ങാനാവുമെന്നും സുരക്ഷിതമായി ജീവിക്കാനാവുമെന്നുമാണ് പലരും ചോദിക്കുന്നത്. പ്രായമായവരും ഗര്‍ഭിണികളും കുഞ്ഞുങ്ങളും രോഗികളും വല്ലാതെ പ്രതിസന്ധിയിലായി. പ്രിവിലേജിന്റെ മുഖം മൂടി ധരിച്ചിരുന്ന സമൂഹത്തിന്റെ സകല മേഖലയിലുള്ളവരും നിലനില്‍പ്പ് ബുദ്ധിമുട്ടിലായതോടെ പരുക്കമായ പ്രതികരണങ്ങള്‍ നടത്തി. അപ്പോഴും പ്രതിസന്ധിയെ ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് ചുമതലപ്പെട്ടവര്‍.മാലിന്യം സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതായിരുന്നു കൊച്ചി കോര്‍പ്പറേഷന്‍ നേരത്തെ മുതല്‍ നേരിട്ട പ്രതിസന്ധി. ഫ്‌ളാറ്റുകളിലേയും വീടുകളിലേയും ഹോട്ടലുകളിലേയും അറവ് ശാലകളിലേയും മാലിന്യം വേര്‍തിരിച്ച് എന്ത് ചെയ്യും എന്നത് കോര്‍പ്പറേഷന്റെ മുന്നില്‍ ബാലികേറാ മലയായി. 2007 ലാണ് എറണാകുളം നഗരമധ്യത്തിലെ മാലിന്യം ഹൈക്കോടതി ഉത്തരവിന്റെ ബലത്തില്‍ ലോറികളിലാക്കി ബ്രഹ്മപുരത്തെ ചെല്ലിപ്പാടത്തും മനക്കത്തോടും കൊണ്ടിടുന്നത്. വടവുകോട്, പുത്തന്‍കുരിശ് പഞ്ചായത്ത് കൊച്ചി നഗരസഭയ്ക്ക് മാലിന്യപ്ലാന്റ് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ സ്ഥലമായിരുന്നു ഇത്. എന്നാല്‍ അനുയോജ്യമായ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാതെ ബ്രഹ്മപുരം ഇന്നീ കാണും വിധം ഭീകരമാക്കി. മാലിന്യത്തില്‍ നിന്നുയരുന്ന ദുര്‍ഗന്ധം മൂലം അനോരോഗ്യം നേരിട്ടതോടെ ജനങ്ങള്‍ പതിയെ ഇവിടം വിട്ടു.

അന്ന് ബ്രഹ്മപുരത്ത് 35 ഏക്കര്‍ സ്ഥലമേ കോര്‍പ്പറേഷന് ഉണ്ടായിരുന്നുള്ളൂ. പിന്നീട് അത് 110 ഏക്കര്‍ ആവുകയും ചതുപ്പില്‍ ആറ് മാസത്തിനുള്ളില്‍ പ്ലാന്റ് പണിയാന്‍ ഹൈക്കോടതി അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു.മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്ച്യുതാനന്ദനായിരുന്നു പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകരുതെന്ന് അന്നേ ഉണ്ടായിരുന്ന തീരുമാനമായിരുന്നു. എന്നാല്‍ അതൊന്നും പാലിക്കപ്പെട്ടില്ല. പ്രതിദിനം കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരനിരയായുള്ള ലോറികളിലായി 300 ടണ്‍ മാലിന്യമാണ് ബ്രഹ്മപുരത്തേക്ക് എത്തിയത്. 2007 മുതല്‍ 2023 വരെ ഏകദേശം 4.5 ലക്ഷം ഘന മീറ്റര്‍ മാലിന്യം ഇവിടെ കുന്നുകൂടി. ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചാണ് കൊച്ചിയിലെ വീടുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. 2000 ത്തിലാണ് അത്തരമൊരു നിയമം വന്നതെങ്കിലും കൊച്ചിയില്‍ അത് നേരത്തെ മുതല്‍ തന്നെ നടപ്പിലാക്കി വന്നിരുന്നു. അങ്ങനെയാണ് 2008 ല്‍ കൊച്ചിക്ക് ഏറ്റവും ശുചിത്വമുള്ള കോര്‍പ്പറേഷനുള്ള അംഗീകാരം ലഭിച്ചത്. ഇന്നും വീടുകളില്‍ നിന്നും മാലിന്യശേഖരണം തരംതിരിച്ചു തന്നെയാണെങ്കിലും ഇതെല്ലാം ബ്രഹ്മപുരത്തേക്ക് എത്തുന്നത് ഒന്നിച്ചാണെന്നതാണ് ഇപ്പോള്‍ വിപത്തിലേക്ക് എത്തിച്ചത്.ബ്രഹ്മപുരത്ത് മാലിന്യകൂമ്പാരത്തിന് തീപിടിച്ചത് എല്ലായ്‌പ്പോഴത്തേയും പോലെ ഇത്തവണയും പെട്ടെന്ന് അണക്കാമെന്ന് കരുതികാണണം കോര്‍പ്പറേഷന്‍. കൈയ്യില്‍ കൊള്ളുന്നതിനേക്കാള്‍ വലിയ ഭവിഷ്യത്താണ് കാത്തിരിക്കുന്നതെന്ന് ആലോചിച്ചുകാണില്ല. അഗ്നിബാധയുണ്ടായി അന്ന് തന്നെ കളക്ടറായിരുന്ന രേണു രാജ് സംഭവസ്ഥലത്തെത്തിയെങ്കിലും കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ബ്രഹ്മപുരം സന്ദര്‍ശിക്കുന്നത് രണ്ടാം ദിവസമാണ്. മാത്രമല്ല 12 ദിവസത്തിന് ശേഷം അഗ്നിബാധ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം പ്രതിപക്ഷ കൗണ്‍സില്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏഴ് മിനുറ്റില്‍ അവസാനിച്ചു. കൂട്ടായ ചര്‍ച്ചയും പരിഹാരവും നിര്‍ദേശിക്കേണ്ടിടത്ത്, പ്രതിപക്ഷം പുറത്ത് പ്രതിഷേധിക്കുകയും അകത്ത് മേയര്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വിയോജിപ്പുകളില്ലാതെ കൈയ്യടിച്ചു പാസാക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു.

അവിടേയും തീര്‍ന്നില്ല, മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ചുമതലയുള്ള കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്ഥിരസമിതി ചെയര്‍മാന്‍ ടി കെ അഷറഫ് മാലിന്യ സംസ്‌കരണത്തിന്റെ രീതികള്‍ പഠിക്കാന്‍ പൂനയിലേക്കും പോയത് തീപിടിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്. 'സാധാരണഗതിയില്‍ രണ്ട് ദിവസം കൊണ്ട് തീ കെടുത്തുന്നതാണെന്നും എന്നാല്‍ ഇത്തവണ കാലാവസ്ഥ കൂടി പ്രതികൂലമായതോടെ കാര്യങ്ങള്‍ വിചാരിച്ചിടത്ത് നിന്നില്ലെന്നുമാണ്' അദ്ദേഹം പ്രതികരിച്ചത്. മന്ത്രി പി രാജീവിന്റെ സ്വന്തം ജില്ലയില്‍ ഇത്രവലിയ പ്രതിസന്ധിയുണ്ടായിട്ടും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പങ്കെടുത്ത മന്ത്രിതല യോഗം നടന്നത് അഗ്നിബാധയുണ്ടായി നാലാം ദിനം. തീ അന്ന് തന്നെ അണക്കുമെന്നായിരുന്നു അന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചത്. ബ്രഹ്മപുരത്ത് കൊച്ചി കോര്‍പ്പറേഷന്‍ പിന്തുടര്‍ന്നത് അശാസ്ത്രീയമായ രീതിയാണെന്നും തീപിടിത്തം ആദ്യമായല്ല ഇവിടെ സംഭവിക്കുന്നത്, ഇത്തവണ അതിന്റെ വ്യാപ്തി കൂടിയതാണ് പ്രശ്‌നമെന്ന് മന്ത്രി എംബി രാജേഷും പ്രതികരിച്ചു.

ഏഴാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നത്. പ്രതിപക്ഷം നിയമസഭയില്‍ വിഷയം ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി മൗനം പാലിച്ചു. അതിനിടെ കൊച്ചി കളക്ടറായിരുന്ന രേണുരാജിനേയും ചുമതലയില്‍ നിന്നും നീക്കി ഉത്തരവിട്ടു. ഇതെല്ലാം തന്നെ ബ്രഹ്മപുരം വിഷയത്തില്‍ കോര്‍പ്പറേഷന്റേയും സര്‍ക്കാരിന്റേയും വീഴ്ച്ച പരോക്ഷമായെങ്കിലും തുറന്ന് സമ്മതിക്കുന്നതാണ്. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മുടെ ഭരണ സംവിധാനങ്ങള്‍ എന്ത് മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നുവെന്നതാണ് പ്രധാന ചോദ്യം. കൊച്ചിയില്‍ മാത്രമല്ല, കോഴിക്കോട് ഞെളിയന്‍ പറമ്പിലും തിരുവനന്തപുരത്ത് വിളപ്പില്‍ശാലയിലും അടക്കം മറ്റ് നഗരങ്ങളിലും ഇതേ പ്രതിസന്ധി ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളികളയേണ്ട. ആയതിനാല്‍ ആരും സുരക്ഷിതരല്ല.

Story Highlights: The Questions Raising in Brahmapuram waste issue Kochi

Next Story