Top

'ആ വിഷപ്പാമ്പുകളെ കരുതിയിരിക്കണം; പ്രത്യേകിച്ചും ദുരന്ത, ദുരിത കാലത്ത്'

ഉള്ളിലെന്താണോ അതുതന്നെയാണ് മനുഷ്യരൂപം പൂണ്ട 'വിഷപ്പാമ്പു'കളില്‍ നിന്നും പുറത്തേക്ക് വരുന്നത്.

17 Oct 2021 4:41 PM GMT
അഡ്വ. ശ്യാം ദേവരാജ്

ആ വിഷപ്പാമ്പുകളെ കരുതിയിരിക്കണം; പ്രത്യേകിച്ചും ദുരന്ത, ദുരിത കാലത്ത്
X

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പെരുമഴ തുടങ്ങിയിട്ട് ദിവസങ്ങളായി. 2018 മുതല്‍ പ്രതിവര്‍ഷമെത്തുന്ന മഹാമാരി സംഹാര താണ്ഡവമാടുന്നു. പ്രളയക്കെടുതിയില്‍ നഷ്ടപ്പെടുന്നത് നിരവധി ജീവനുകളാണ്. നദികളെല്ലാം നിറഞ്ഞ് കര കവിഞ്ഞൊഴുകുന്നു. മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ചെറുപട്ടണങ്ങളൊക്കെയും മുങ്ങി. മലയോര ജനത ഒറ്റപ്പെട്ടു. റോഡ് ഗതാഗതം താറുമാറായി. വലിയ മരങ്ങള്‍ കടപുഴകി. കുത്തിയൊലിക്കുന്ന മലവെള്ളപ്പാച്ചിലില്‍ വീടുകള്‍ തകര്‍ന്നുവീഴുന്നു. വാഹനങ്ങള്‍ ഒഴുകിപ്പോയി.

എല്ലാം നഷ്ടപ്പെട്ട മനുഷ്യര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയാര്‍ത്ഥികളായി. പ്രളയക്കെടുതിയില്‍ രണ്ടിടത്തായി മാത്രം നഷ്ടപ്പെട്ടത് ഇതുവരെ 21 ജീവനുകള്‍. സംസ്ഥാനത്താകെ 35 മനുഷ്യരെ പ്രളയം കൊണ്ടുപോയി. മലവെള്ളപ്പാച്ചിലില്‍ കടപുഴകിയത് വന്‍വൃക്ഷങ്ങള്‍ മാത്രമല്ല, മനുഷ്യന്റെ ജീവിത സ്വപ്‌നത്തിന്റെ ഭാഗമായ കിടപ്പാടങ്ങള്‍ കൂടിയാണ്. അങ്ങനെയാരു സങ്കടപ്പെടുത്തുന്ന കാഴ്ചയാണ് മുണ്ടക്കയം കൊല്ലംപറമ്പില്‍ ജെബിയുടെ വീട് പ്രളയത്തില്‍ നിലംപൊത്തുന്ന ദൃശ്യങ്ങള്‍ നിലവിളിയോടെയാണ് കണ്ടുനിന്നത്.

പ്രകൃതി കുടിയൊഴിപ്പിച്ച ജനത ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇരകളാക്കപ്പെട്ട മനുഷ്യനെയും അവരുടെ ദുരിതങ്ങളെയും തിരിച്ചറിയുന്നവര്‍ സഹായവുമായി അവര്‍ക്കരികിലേക്ക് ഓടിയെത്തുന്നുണ്ട്. ഇത്തവണയും മുന്നില്‍ കേരളത്തിന്റെ സൈന്യമായ മത്സ്യത്തൊഴിലാളികളാണ്. കൊല്ലം ഉള്‍പ്പടെ വിവിധ ജില്ലകളില്‍ നിന്ന് സ്വന്തം ബോട്ടുകളുമായി ദുരന്ത മുഖങ്ങളിലാണ്. യുവജന സന്നദ്ധ സംഘടനകളും ദുരിതാശ്വാസ ക്യാമ്പുകളിലും. എല്ലാം നഷ്ടപ്പെട്ട സഹജീവികള്‍ക്ക് താങ്ങാവുക എന്ന ഒറ്റ മനസോടെയാണ് നന്മയുള്ള മനുഷ്യര്‍ കൈകോര്‍ക്കുന്നത്.


പ്രളയകാലത്ത് അതിജീവനത്തിനായി ജീവിതം വച്ച് ഒരുകൂട്ടം മനുഷ്യര്‍ ഒന്നിച്ച് പൊരുതുമ്പോള്‍ കരുതിയിരിക്കേണ്ടത് 'വിഷപ്പാമ്പു'കളെയാണ്. ക്ഷുദ്രജീവികള്‍ മാളങ്ങളില്‍ നിന്നും പുറത്തിറങ്ങും. വമിക്കുന്നതാകട്ടെ കൊടും വിഷവും. അത്തരം 'വിഷപ്പാമ്പു'കളെ മലവെള്ളപ്പാച്ചിലിനൊപ്പം മാത്രമല്ല, പ്രളയ കാലത്ത് സാമൂഹിക മാധ്യമങ്ങളിലും കാണാം. സന്നദ്ധ സേവനത്തിനോ ഇറങ്ങിയില്ല, മനസുകൊണ്ടെങ്കിലും കൂടെ നില്‍ക്കേണ്ട സമയത്ത് കുത്തിത്തിരുപ്പും വസ്തുതാ വിരുദ്ധ പ്രചാരണങ്ങളുമാണ് ഇത്തരം 'വിഷപ്പാമ്പുകള്‍' നടത്തുന്നത്.

എല്ലാം നഷ്ടപ്പെട്ട്, മനസുകൊണ്ട് തകര്‍ന്നിരിക്കുന്ന മനുഷ്യരുടെ ഇടയിലേക്കാണ് ചിലര്‍ ക്രൂരമായ തമാശ ഫേസ്ബുക് പോസ്റ്റുകളുമായി കടന്നുവരുന്നത്. വികൃത മനസിന്റെ ഉടമകളായ ഇത്തരം 'വിഷപ്പാമ്പു'കളെ ദുരന്ത കാലത്തും നയിക്കുന്നത് ഒറ്റബുദ്ധിയും കുരുട്ട് ചിന്തകളും മാത്രമാണ്. കുത്തിത്തിരുപ്പും വസ്തുതാ വിരുദ്ധമായ കാര്യങ്ങളും വിമര്‍ശനങ്ങളെന്ന വ്യാജേന ഉന്നയിക്കുന്ന മനോവൈകൃതമാണ് ഇത്തരം സാമൂഹ്യ വിഷജന്തു'ക്കളെ നയിക്കുന്നത്. ഇരകളാക്കപ്പെട്ടവര്‍ മനസ് തകര്‍ന്നിരിക്കുമ്പോഴാണ്, സുരക്ഷിത കേന്ദ്രങ്ങളെന്ന് സ്വയം കരുതുന്ന ഇടങ്ങളിലിരുന്ന് ചിലര്‍ രാപ്പകല്‍ സമൂഹത്തെ മലീമസമാക്കാന്‍ ശ്രമിക്കുന്നത്.

വായില്‍ നിന്നുവീഴുന്ന വിഷത്തെ, വിമര്‍ശനമെന്ന കണക്കില്‍പ്പെടുത്തിയാണ് സാമൂഹ്യ മാധ്യമങ്ങളിലെ 'വിഷപ്പാമ്പു'കള്‍ അവതരിപ്പിക്കുന്നത്. വിമര്‍ശനം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കില്ലല്ലോയെന്നാണ് ന്യായീകരണം. നാവിന് ലൈസന്‍സുമില്ല, വിഷം തുപ്പാന്‍ നേരവും കാലവുമില്ലയെന്ന രീതിയില്‍ ജീവിക്കുന്ന ഇനങ്ങളാണ്. ആ വായില്‍ നിന്ന് ഈ ദുരന്ത കാലത്തും ഇങ്ങനെയൊക്കെ മാത്രം പ്രതീക്ഷിച്ചാല്‍ മതിയല്ലോ എന്നാശ്വസിക്കാന്‍ കഴിയുന്നില്ല. ഇത്തരം 'വിഷപ്പാമ്പു'കളെ നേരിടാനും കരുതല്‍ വേണം.


മുന്‍ പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായുള്ള റീബില്‍ഡ് കേരള, ഡച്ച് സര്‍ക്കാരില്‍ നിന്ന് കടമെടുത്ത ആശയമായ റൂം ഫോര്‍ റിവര്‍ പദ്ധതി, 2018ലെ പ്രളയ കാലത്തെ ഡാം മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ഉയര്‍ന്ന ആക്ഷേപങ്ങളില്‍ വിദഗ്ധര്‍ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വസ്തുതകളെ സംബന്ധിച്ച് പൊതുസമൂഹത്തിന് ധാരണയുമുണ്ട്. ഇതെല്ലാം ജനങ്ങള്‍ മനസിലാക്കിയതിന്റെ അനന്തരഫലമാണല്ലോ രണ്ടാമതും തുടര്‍ച്ചയായി അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍.

നാട്ടുകാര്‍ക്ക് മുഴുവന്‍ ബോധ്യപ്പെട്ട കാര്യങ്ങളില്‍ ഇപ്പോഴും തലയ്ക്ക് വെളിച്ചം വീണിട്ടില്ലാത്തത് സോഷ്യല്‍മീഡിയയിലെ 'വിഷപ്പാമ്പു'കള്‍ക്കാണ്. 'ചോരതന്നെ കൊതുകിന്ന് കൗതുകം' എന്നപോലെ, പ്രളയകാലത്ത് സാധാരണ ജനങ്ങള്‍ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും സാമൂഹിക മാധ്യമങ്ങളിലെ സര്‍പ്പങ്ങള്‍ക്ക് പ്രധാന ജോലി കുത്തിത്തിരിപ്പും വിഷം ചീറ്റലും തന്നെ.

ഉള്ളിലെന്താണോ അതുതന്നെയാണ് മനുഷ്യരൂപം പൂണ്ട 'വിഷപ്പാമ്പു'കളില്‍ നിന്നും പുറത്തേക്ക് വരുന്നത്. ഒന്നിച്ചു നില്‍ക്കേണ്ട സമയത്തെ പോലും പരിഹാസത്തോടെ കാണുന്നവര്‍ ഉള്ളിലെ വിഷമാലിന്യത്തെ പുറത്തേക്കൊഴുക്കുന്നു. മനസില്‍ നന്മയുള്ളവര്‍ സാന്ത്വനവും പരിചരവും സഹായവും നല്ലവാക്കുകളുമായി ഇരകളുടെ വീടുകളിലേക്കും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും ഓടിയെത്തുന്നു. അതുകൊണ്ട് വിഷപ്പാമ്പുകളെ കരുതിയിരിക്കണം, പ്രത്യേകിച്ചും ദുരന്ത, ദുരിത കാലത്ത്.


Next Story

Popular Stories