Top

കര്‍ഷകര്‍ ഒറ്റക്കെട്ടായി നേരിട്ട് നേടിയ വിജയം; സമാനതകളില്ലാത്ത സഹനവും ത്യാഗവും

കൃഷിക്കാരെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ ആയും രാജ്യദ്രോഹികളായും മുദ്രകുത്താനും അവര്‍ക്കിടയില്‍ ഭിന്നിപ്പ് വളര്‍ത്താനുമെല്ലാമുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിട്ട് നേടിയ വിജയമാണിത്.

19 Nov 2021 9:47 AM GMT
എം ബി രാജേഷ്

കര്‍ഷകര്‍ ഒറ്റക്കെട്ടായി നേരിട്ട് നേടിയ വിജയം; സമാനതകളില്ലാത്ത സഹനവും ത്യാഗവും
X

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ ജനമുന്നേറ്റങ്ങളില്‍ ഒന്നായിരുന്നു കര്‍ഷക സമരം. കര്‍ഷക സമരത്തിന് പ്രധാന കാരണമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ ആ കര്‍ഷക സമരം ചരിത്ര വിജയം നേടിയിരിക്കുകയാണ്. ഈ സമരത്തിന്റെ പ്രധാന ആവശ്യം കാര്‍ഷിക ഉത്പാദന വിപണന രംഗങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിട മൂലധനത്തിനും സ്വൈര്യവിഹാരം അനുവദിക്കുന്ന മൂന്നു നിയമങ്ങള്‍ പിന്‍വലിക്കണമെന്നതായിരുന്നു. പ്രധാന ആവശ്യം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്.

അതോടൊപ്പം കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുന്നു എന്നുറപ്പാക്കുക, വന്‍ വൈദ്യുത ചാര്‍ജ് വര്‍ദ്ധനക്കും സ്വകാര്യവല്‍ക്കരണത്തിനും വഴിയൊരുക്കുന്ന വൈദ്യുത നിയമ ഭേദഗതി പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും സംയുക്ത കിസാന്‍ മോര്‍ച്ച ഉന്നയിച്ചിരുന്നു. ആ ആവശ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണ്.

ഈ ചരിത്ര വിജയത്തിന് അടിസ്ഥാനമായിട്ടുള്ളത് കര്‍ഷകരുടെ വിശാലമായിട്ടുള്ള ഐക്യവും യോജിപ്പും സമാനതകളില്ലാത്ത സഹനവും ത്യാഗവുമാണ്. എഴുന്നൂറിലേറെ കൃഷിക്കാരാണ് കര്‍ഷക സമരത്തില്‍ രക്തസാക്ഷികളായത്. ഇന്നത്തെ തീരുമാനം നേരത്തെ ഉണ്ടായിരുന്നുവെങ്കില്‍ അവരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. അതോടൊപ്പം കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനും സമരം ചെയ്യുന്ന കൃഷിക്കാരെ ഖലിസ്ഥാന്‍ തീവ്രവാദികള്‍ ആയും രാജ്യദ്രോഹികളായും മുദ്രകുത്താനും അവര്‍ക്കിടയില്‍ ഭിന്നിപ്പ് വളര്‍ത്താനുമെല്ലാമുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിട്ട് നേടിയ വിജയമാണിത്.

ഈ വിജയം കര്‍ഷകര്‍ക്ക് മാത്രമല്ല ഇന്ത്യയിലെ എല്ലാ ജനാവിഭാഗങ്ങള്‍ക്കും ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും വിലപ്പെട്ട പാഠം നല്‍കുന്നുണ്ട്. കോര്‍പ്പറേറ്റ് താത്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള നവഉദാരവല്‍ക്കരണ നയങ്ങളെ വിജയകരമായി ചെറുത്തു തോല്‍പ്പിക്കാം എന്ന പ്രധാനപ്പെട്ട പാഠവും ഇത് നല്‍കുന്നു. ഒരു വര്‍ഷം നീണ്ട പോരാട്ടത്തില്‍ പതറാതെയും പിന്മാറാതെയും അടിയുറച്ചു പോരാടിയ കര്‍ഷക പോരാളികളെ അഭിവാദ്യം ചെയ്യുന്നു. സമരമുഖത്ത് രക്തസാക്ഷികളായവരുടെ ജ്വലിക്കുന്ന ഓര്‍മ്മകളെ ആദരവോടെ സ്മരിക്കുന്നു.

Next Story