Top

'സംഭവ ബഹുലം ഈ സഭാ സമ്മേളനം'

കൊവിഡ് കാലത്ത് ചര്‍ച്ചകള്‍ ഭൂരിഭാഗവും മഹാമാരിയെ ചുറ്റിപ്പറ്റി ആയിരുന്നു.

13 Aug 2021 11:30 AM GMT
ആർ രോഷിപാൽ

സംഭവ ബഹുലം ഈ സഭാ സമ്മേളനം
X

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിന് ശേഷമുള്ള രണ്ടാം നിയമസഭാ സമ്മേളനം സംഭവ ബഹുലമെന്ന് വിശേഷിപ്പിക്കാം. പരിചയ സമ്പന്നനായ പിണറായി വിജയന്‍ നയിക്കുന്ന പുതുമുഖ മന്ത്രിമാരുടെ നിര. മറുഭാഗത്ത് മുഖം മാറിയ പ്രതിപക്ഷം. ആദ്യഘട്ടത്തില്‍ ക്രിയാത്മ പിന്തുണ വാഗ്ദാനം ചെയ്ത പ്രതിപക്ഷം അവസാന ഘട്ടത്തില്‍ നിലപാട് മാറ്റുന്ന കാഴ്ച്ചയ്ക്കും സഭ സാക്ഷ്യം വഹിച്ചു. കൊവിഡ് കാലത്ത് ചര്‍ച്ചകള്‍ ഭൂരിഭാഗവും മഹാമാരിയെ ചുറ്റിപ്പറ്റി ആയിരുന്നു.

മരണക്കണക്ക് സര്‍ക്കാര്‍ പൂഴ്ത്തി വെക്കുന്നു എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആദ്യ ആരോപണം. ആരോഗ്യ വിഭാഗം മരണക്കണക്ക് നിര്‍ണ്ണയിക്കുന്നതില്‍ പാളിച്ച ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയവും പ്രതിപക്ഷം കൊണ്ടുവന്നു. സഭയില്‍ പ്രതിപക്ഷ ആരോപണം തള്ളിയ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് പിന്നീട് മരണം നിശ്ചയിക്കുന്നതിന്റെ പൂര്‍ണ്ണ അധികാരം ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് നല്‍കുകയും ചെയ്തു. പ്രതിപക്ഷ നിര്‍ദ്ദേശം സഭയില്‍ തള്ളിയെങ്കിലും പിന്നീട് സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നു എന്നതാണ് സാരം.

കൊടകര കുഴല്‍പ്പണ തട്ടിപ്പ്, കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്, മുട്ടില്‍ മരം മുറി,സ്വര്‍ണ്ണക്കടത്ത് കേസിലെ സാക്ഷി റമീസിന്റെ മരണം, കുട്ടനാട് പാക്കേജ് ഉള്‍പ്പടെ ഒരു ഡസനിലേറെ അടിയന്തര പ്രമേയങ്ങളാണ് പ്രതിപക്ഷം കൊണ്ടുവന്നത്. പതിവ് പോലെ ചുമതലയുള്ള മന്ത്രിമാരുടെ വിശദീകരണത്തിന് പിന്നാലെ പ്രമേയങ്ങള്‍ക്ക് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. എന്നാല്‍ പതിവ് ഇറങ്ങിപ്പോക്ക് ഉപേക്ഷിച്ച് ഈത്തവണ പ്രതിപക്ഷം പുതുതന്ത്രം പയറ്റി. ഇറങ്ങി പോകാതെ പ്രതിഷേധം അറിയിച്ച് സഭയില്‍ തുടരുകയാണ് പലപ്പോഴും പ്രതിപക്ഷം ചെയ്തത്.

17 ദിവസം സഭ സമ്മേളിച്ചപ്പോള്‍ 14 ദിവസവും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു. വിരലില്‍ എണ്ണാവുന്ന പ്രമേയങ്ങളില്‍ മാത്രമേ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് നടത്തിയിരുന്നുള്ളൂ. നിയമസഭ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിചാരണ നേരിടണമെന്ന് സുപ്രീം കോടതി വിധിച്ചപ്പോഴാണ് പ്രതിഷേധത്തിന്റെ സ്വഭാവം മാറിയത്. തുടര്‍ച്ചയായി മൂന്നു ദിവസമാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രി മന്ത്രിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതോടെ പ്രതിപക്ഷം മുട്ടുമടക്കി. മന്ത്രി ശിവന്‍കുട്ടിക്കെതിരെ നിയമസഭയിലെ പ്രതിഷേധം അവസാനിപ്പിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രഖ്യാപിച്ചു. ഇത് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഭിന്നതയ്ക്ക് വഴിയൊരുക്കി. പ്രതിപക്ഷ നേതാവിനെതിരെ ഹൈക്കമാന്‍ഡിനു വരെ ചില നേതാക്കള്‍ പരാതി നല്‍കിയിരുന്നു. പക്ഷേ പ്രതിപക്ഷത്തിന് നിലപാട് സര്‍ഗ്ഗാത്മകം എന്നാണ് വി.ഡി സതീശന്‍ വിശേഷിപ്പിച്ചത്.

സര്‍ക്കാറിനെതിരെ ഓരോ ദിവസവും വ്യത്യസ്ത വിഷയങ്ങളില്‍ പ്രതിപക്ഷം പ്രതിഷേധിച്ച് മുന്നേറുമ്പോഴാണ് അപ്രതീക്ഷിതമായി കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.ടി ജലീല്‍ പോരിനു ഇറങ്ങിയത്. ചന്ദ്രികയും ലീഗ് സ്ഥാപനങ്ങളും മറയാക്കി കുഞ്ഞാലിക്കുട്ടിയും സംഘംവും കള്ളപ്പണം വെളുപ്പിക്കുന്നു എന്ന ഗുരുതര ആരോപണമാണ് നിയമസഭയിലെ മീഡിയ റൂമില്‍ ജലീല്‍ ഉന്നയിച്ചത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടുന്ന സുപ്രധാന തെളിവുകളും ജലീല്‍ പുറത്തുവിട്ടു. ഇതോടെ കുഞ്ഞാലിക്കുട്ടിയും മുസ്ലിം ലീഗും പ്രതിരോധത്തിലായി. തൊട്ടടുത്ത ദിവസവും കുഞ്ഞാലിക്കുട്ടിക്കെതിരെ മറ്റൊരു ആരോപണവുമായി ജലീല്‍ മീഡിയ റൂമിലെത്തി. ഓരോ തവണ ജലീല്‍ മീഡിയ റൂമില്‍ എത്തുമ്പോഴും കുഞ്ഞാലിക്കുട്ടിയുടെ നെഞ്ചിടിപ്പ് ഉയരുന്നുണ്ടായിരുന്നു. മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കൂടിയായ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണങ്ങളും തെളിവുകളും പുറത്തുവന്നതോടെ മുസ്ലിം ലീഗ് നേതൃത്വവും പ്രതിസന്ധിയിലായ നിമിഷങ്ങള്‍ക്കും സഭ സാക്ഷ്യം വഹിച്ചു. നിയമസഭാ സമ്മേളനം അവസാനിക്കുമ്പോഴും ജലീല്‍ പുറത്തുവിട്ട ഭൂതം കുഞ്ഞാലിക്കുട്ടിയെ പിന്തുടരുന്നുണ്ട്.

2021 22 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ത്ഥനകളിലെ ചര്‍ച്ചകളില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതും ഈ സഭാസമ്മേളന കാലത്താണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന് ബോണസ്സും ഉത്സവബത്തയും ഈ ഓണക്കാലത്തും ഉണ്ടാകുമെന്ന് ധനമന്ത്രി സഭയില്‍ വ്യക്തമാക്കി.

സഭയുടെ അവസാന ദിവസങ്ങളില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ടി തോമസ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതോടെ നാടകീയരംഗങ്ങള്‍ക്കാണ് നിയമസഭ സമുച്ചയം സാക്ഷ്യംവഹിച്ചത്. മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു പുറത്തേക്കിറങ്ങി. സഭയുടെ പ്രധാന കവാടത്തില്‍ പ്രതീകാത്മക നിയമസഭാ സമ്മേളനം സംഘടിപ്പിച്ചു അടിയന്തര പ്രമേയം അവതരിപ്പിച്ചു. എം ഷംസുദ്ദീന്‍ പ്രതീകാത്മക സ്പീക്കറും പി കെ ബഷീര്‍ മുഖ്യമന്ത്രിയുമായി. നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് സഭയ്ക്ക് പുറത്ത് പ്രതിപക്ഷം സമാന്തര സഭ സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ അവസാന ദിവസം ഭീമന്‍ പൂക്കളം തീര്‍ത്തു സഭാ ജീവനക്കാര്‍ ഓണം ആഘോഷിച്ചു.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും രാഷ്ട്രീയ വൈര്യം മറന്ന് ആഘോഷത്തില്‍ പങ്കാളികളായ നിമിഷങ്ങള്‍ക്കും സഭ സാക്ഷ്യം വഹിച്ചു. ഇതിനു പിന്നാലെ തുടങ്ങിയ സഭാസമ്മേളനത്തിന്റെ ആദ്യനിമിഷം മുതല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തിറങ്ങി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കറുടെ തീരുമാനത്തെയും പ്രതിപക്ഷം വിമര്‍ശിച്ചു. സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ അംഗങ്ങള്‍ പതിവുപോലെ കവാടത്തില്‍ കുത്തിയിരുന്ന് ഏറെനേരം മുദ്രാവാക്യം മുഴക്കി. തുടര്‍ന്ന് പ്രധാന കവാടത്തിന് പുറത്ത് അഴിമതി വിരുദ്ധ മതില്‍ തീര്‍ത്ത് ആയിരുന്നു പ്രതിഷേധം. ഈ സമയം ഉപധനാഭ്യര്‍ത്ഥനകള്‍ പാസ്റ്റാക്കി സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

Next Story

Popular Stories