Top

'എന്റെ പാര്‍ട്ടിയും എന്റെ പടച്ചോനും;അന്‍വറും ജലീലും പിന്നെ മലപ്പുറത്തെ ലീഗും'

ലീഗ് ഇക്കാലമത്രയും ഉപയോഗിച്ച് പോരുന്ന മത പശ്ചാത്തല സ്വഭാവമുളള രാഷ്ട്രീയത്തെ അതിന്റെ 'ലൂപ് ഹോള്‍' ഉപയോഗിച്ച് മടയില്‍ പോയി തന്നെ ഭംഗിയായി നേരിട്ടവരാണ് ഇരുവരും

12 Sep 2021 4:45 PM GMT
മുഹ്സിന്‍ സി.സി

എന്റെ പാര്‍ട്ടിയും എന്റെ പടച്ചോനും;അന്‍വറും ജലീലും പിന്നെ മലപ്പുറത്തെ ലീഗും
X

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലം, കൊല്ലത്ത് എന്‍.കെ പ്രമേചന്ദ്രനതിരെ സിപിഐഎം കുരിശ് യുദ്ധം നടത്തുന്ന സമയം, ഏതാണ്ട് തെരഞ്ഞെടുപ്പ് മൂര്‍ധന്യതയിലെത്തിയ വേളയില്‍ എല്‍ഡിഎഫിനെതിരെ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കാവുന്ന ആരോപണവുമായി യുഡിഎഫ് രംഗത്തു വന്നു. കെ.ടി ജലീലിനെ ഉപയോഗിച്ച് സിപിഐഎം മുസ്ലീം പളളി ദറസുകള്‍ കേന്ദ്രീകരിച്ച് വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്നായിരുന്നു ആരോപണം. ഇത് പ്രചരണായുധമായി ലീഗ് കേന്ദ്രങ്ങള്‍ വിനിയോഗിക്കുകയും ചെയ്തു.


മലപ്പുറത്ത് അത്യാവശ്യം ജനപിന്തുണയുള്ള ഒരു മുസ്ലിം നാമധാരിയായ ജനപ്രതിനിധി ലീഗിന്റെ ഉച്ചിയില്‍ വളരുന്നത് കുഞ്ഞാലിക്കുട്ടിക്കും സംഘത്തിനും ഗുണകരമാവില്ല. മുസ്ലീം സ്വത്വരാഷ്ട്രീയവും ന്യൂനപക്ഷ രാഷ്ട്രീയവും പിണറായി യുഗത്തില്‍ ജലീലിലൂടെ ഇടത്തേക്ക് ചലിക്കുമെന്നും അതൊരു രാഷ്ട്രീയ നഷ്ടമാകുമെന്ന ബോധ്യവുമാവാം ലീഗിന്റെ ജലീല്‍ ആരോപണാക്രമണത്തിന് പിന്നിലെന്ന് വേണമെങ്കില്‍ അനുമാനിക്കാം. വെല്ലുവിളി പുരയ്ക്ക് മുകളിലെത്തുന്നതിന് ഒരുമുഴം മുന്നേയെറിയാന്‍ കുഞ്ഞാപ്പയെ ആരും പഠിപ്പിക്കേണ്ടതില്ല.

ലീഗിന്റെ തലയ്ക്ക് മുകളില്‍ വളരുന്ന ഇടത്തോട്ട് മുണ്ടുടുക്കുന്ന രണ്ടാമനാണ് പിവി അന്‍വര്‍. സിപിഐഎം 2006ന് ശേഷം മലബാറില്‍ പ്രത്യേകിച്ചും മലപ്പുറത്ത് നടപ്പിലാക്കിയ ഈ നവീന രാഷ്ട്രീയത്തിന്റെ ഉല്‍പ്പന്നമാണ് അന്‍വര്‍. ലീഗ് ഇക്കാലമത്രയും ശക്തികേന്ദ്രങ്ങളില്‍ ഉപയോഗിച്ചുപോരുന്ന സാമുദായിക രാഷ്ട്രീയത്തെ അതേനാണയത്തില്‍ തുറന്നുകാട്ടിയ ധാരയുടെ ഭാഗമായ ഒരാള്‍. മണ്ഡലത്തില്‍ തന്റെ അസാന്നിധ്യത്തെ കുറിച്ചുളള വിമര്‍ശനങ്ങളെ അന്‍വര്‍ നേരിട്ടത് വിശദീകരണം എന്റെ പാര്‍ട്ടിയോടും എന്റെ പടച്ചോനോടും നല്‍കിയിട്ടുണ്ടെന്ന മറുപടി നല്‍കിക്കൊണ്ടായിരുന്നു.


മതത്തെ കൂടി ഉള്‍ക്കൊണ്ടുകൊണ്ടുളള രാഷ്ട്രീയ സമവാക്യത്തിന്റെ സാധ്യത സിപിഐഎം തിരിച്ചറിയുന്നത് കൃത്യമായി പറഞ്ഞാല്‍ 2006ന് ശേഷമാണ്. പാണക്കാട് കൊടപ്പനയ്ക്കല്‍ കുടുംബത്തെ മുന്‍നിര്‍ത്തിയാണ് ലീഗ് തങ്ങളുടെ കോട്ടകള്‍ വടക്കന്‍ കേരളത്തില്‍ നിലനിര്‍ത്തിപൊന്നിട്ടുളളത്. പലപ്പോഴും ലീഗിന്റെ ഈ രാഷ്ട്രീയത്തില്‍ സാമുദായിവത്കരണവും മതപൗരോഹിത്യവും നിര്‍ണായക സ്ഥാനം പിടിച്ചു. 5 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം മണ്ഡലം സന്ദര്‍ശിക്കുന്ന ബനാത്ത് വാല ഓരോ തെരഞ്ഞെടുപ്പിലും റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ചുപോന്നതും 15 കുറയാത്ത സീറ്റ് ലീഗിന് നിയമസഭയില്‍ ഭദ്രമാക്കിപ്പോന്നതും ഈ മതാധിഷ്ഠിത രാഷ്ട്രീയത്തിന്റ ചുക്കാന്‍ പിടിച്ചുകൊണ്ടാണ്.

ഇത് ഉണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ അപകടം ആദ്യം മസസ്സിലാക്കിയത് എംവി രാഘവനാണ്. സിപിഐഎം നേതൃത്വം ഇതിനെ വേണ്ട രീതിയില്‍ അഡ്രസ് ചെയ്യണമെന്നും അതിന് വേണ്ടിവന്നാല്‍ ലീഗിനെ തന്നെ ഒപ്പംചേര്‍ക്കണമെന്നുമുളള എംവിആറിന്റെ വാദം അന്നത്തെ സിപിഐഎം സംസ്ഥാന കമ്മിറ്റി ഏകപക്ഷീയമായി തളളി. ലീഗിനെ കൂടെ ചേര്‍ത്താലുണ്ടാകുന്ന ഹിന്ദുവോട്ട് ബാങ്കിലെ ചോര്‍ച്ചയും അതിനൊപ്പം ഇതുണ്ടാക്കിയേക്കാവുന്ന പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളും അന്ന് സംസ്ഥാന നേതൃത്വം ഇതിന് മറുവാദമായി ഉന്നയിച്ചത്. എന്നാല്‍ 98ല്‍ പിണറായി വിജയന്റെ കടന്നുവരവോടു കൂടിയാണ് ഈ രാഷ്ട്രീയം കീഴ്‌മേല്‍ മറിഞ്ഞത്. ലീഗിനെ തട്ടകത്തില്‍ തകര്‍ക്കാന്‍ ലീഗ് പ്രതിനിധാനം ചെയ്യുന്ന അതേ രാഷ്ട്രീയം തന്നെ സിപിഐഎം ഉപയോഗിച്ച് തുടങ്ങി.


2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇതിന്റെ ആദ്യ പ്രഹരം ലീഗിനുണ്ടായി. മജീദിനെ പഴയ കോണ്‍ഗ്രസ്സുകാരനെ ഇറക്കി മഞ്ചേരിയില്‍ തറപറ്റിച്ചത് ലീഗ് ഇന്നും മറക്കാനിടയില്ല. ജലീലിന്റെ കടന്നുവരവോട് കൂടി ഇതിന് പുതിയ മാനം വന്നു. 2006ല്‍ ലീഗിന്റെ അടിത്തറയിളക്കിയ 'സ്വതന്ത്ര മോഡല്‍ ' കോട്ടകളിലെ അടിയൊഴുക്കുകള്‍ പ്രവചനാതീതമെന്ന് അടയാളപ്പെടുത്തുന്നതായി. മുസ്ലീം സമുദായ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയുളള സ്വതന്ത്ര മോഡലെന്ന ഓമനപ്പേരില്‍ അരങ്ങേറിയ ഈ രാഷ്ട്രീയം വടക്കന്‍ കേരളത്തില്‍ പിന്നീട് വലിയ ചലനങ്ങളുണ്ടാക്കി.

ഇടതിനുളളിലെ വലത് വത്കരണമെന്നും ആശയവ്യതിയാനമെന്നുമൊക്കെയുളള വിമര്‍ശനങ്ങള്‍ തുടര്‍ന്നപ്പോഴും സിപിഐഎം ഈ പരീക്ഷണവുമായി മുന്നോട്ടുപോയി. 2009ല്‍ പൊന്നാനിയിലെ പ്രശസ്തമായി കുറ്റിപ്പുറം 'വേദി പങ്കിടല്‍' ഇതിന്റെ പാരമ്യതയിലെത്തിച്ചു. പിന്നീട് വന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ലീഗുയര്‍ത്തുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ജലീലിലൂടെ സിപിഐഎം പരിഹാരം കണ്ടുകൊണ്ടേയിരുന്നു. അതില്‍ ചിലത് വിജയിച്ചു, ചിലത് പരാജയപ്പെട്ടു. മലപ്പുറത്ത് ഇടത് സ്ഥാനാര്‍ത്ഥിയകണമെങ്കില്‍ '5 നേരം പ്രാ!ര്‍ത്ഥനയും പിന്നെ പോക്കറ്റില്‍ കുറച്ച് പണവും ' വേണമെന്ന പ്രയോഗമെല്ലാം വരുന്നത് ഇക്കാലത്താണ്.


പിവി അന്‍വര്‍ ഈ രാഷ്ട്രീയ മോഡലിന്റെ ഏറ്റവും ലേറ്റസ്റ്റ് വേര്‍ഷനാണ്. അന്‍വറിന്റെ സോഷ്യല്‍ മീഡിയ ഇടപെടല്‍ പലപ്പോഴും അതിര് കടന്നിട്ടും സിപിഐഎം ഭയപ്പെടുത്തുന്ന മൗനം തുടരുന്നത് അന്‍വറിനുള്‍പ്പടെയുളള ഒരു സംഘത്തിന് സിപിഐഎം നല്‍കുന്ന മേല്‍പ്പറഞ്ഞ രാഷ്ട്രീയ പരിരക്ഷയുടെ ഭാഗമാണ്. ചന്ദ്രിക വിവാദം പൊട്ടിപ്പുറപ്പട്ടപ്പോള്‍ ജലീല്‍ കുഞ്ഞാലിക്കുട്ടിയെ നേരിട്ടത് പാണക്കാട് കുടുംബത്തിന്റെ മാഹാത്മ്യം പറഞ്ഞായിരുന്നു എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട ഒന്നാണ്.

വിവാദങ്ങള്‍ എന്തുതന്നെ ഭാവിയില്‍ വന്നാലും അന്‍വറും ജലീലുമുള്‍പ്പെട്ട ഇടത് സഹയാത്രികര്‍ക്ക് പാര്‍ട്ടിയുടെ നേരിട്ടുളള കടിഞ്ഞാണ്‍ ഒരിക്കലും വീഴില്ല. എന്തുകൊണ്ടെന്നാല്‍ ലീഗ് ഇക്കാലമത്രയും ഉപയോഗിച്ച് പോരുന്ന മത പശ്ചാത്തല സ്വഭാവമുളള രാഷ്ട്രീയത്തെ അതിന്റെ 'ലൂപ് ഹോള്‍' ഉപയോഗിച്ച് മടയില്‍ പോയി തന്നെ ഭംഗിയായി നേരിട്ടുവെന്ന ഒറ്റക്കാരണം തന്നെ ഇതിന്റെ അടിസ്ഥാനം.

Popular

    Next Story