Top

സത്യന്റേയും ജോൺ എബ്രഹാമിന്റേയും ഒഡേസ; ബാക്കിയുണ്ടാകുമോ പൊട്ടംകിൻ പടവുകൾ?

80കളിലെ ഫിലിം സൊസൈറ്റി മുന്നേറ്റങ്ങളിലൂടെ രൂപപ്പെട്ട ഒഡേസ മൂവീസ് ഇന്നും സജീവമാണ്. മലയാളത്തിൽ ആദ്യമായി ക്രൗഡ് ഫണ്ടിങ്ങിലൂടെ ഒരു ജനകീയ സിനിമ നിർമ്മിക്കപ്പെടുന്നത് ഒഡേസയെന്ന കൂട്ടായ്മയുടെ ഫലമായാണ്

4 March 2022 12:36 PM GMT
അമൃത രാജ്

സത്യന്റേയും ജോൺ എബ്രഹാമിന്റേയും ഒഡേസ; ബാക്കിയുണ്ടാകുമോ പൊട്ടംകിൻ പടവുകൾ?
X

മലയാളികൾക്ക് ഒരുകാലത്ത് വളരെ പരിചിതമായിരുന്ന പേരാണ് ഒഡേസ. യുക്രെയ്‌നിലെ തുറമുഖ പട്ടണം. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഒഡേസ തുറമുഖ നഗരം മലയാളികൾക്ക് പരിചിതമാകുന്നത് 'ബാറ്റിൽഷിപ്പ് പൊട്ടംകിൻ' എന്ന ചിത്രത്തിലൂടെയാണ്. നൂറുവർഷങ്ങൾക്കിപ്പുറവും ചലച്ചിത്ര ആസ്വാദകരെ വിസ്മയിപ്പിക്കുന്ന സെർജി ഐസൻസ്റ്റൈൻ ക്ലാസിക്. സോവിയറ്റ് യൂണിയനെ സഹോദരരാജ്യം പോലെ കണ്ടിരുന്ന ഒരു വിഭാഗം മലയാളികൾ ഒഡേസയെന്ന പേര് തങ്ങളുടെ ജീവിതത്തിന്റേയും ഭാഗമാക്കി.

80കളിലെ ഫിലിം സൊസൈറ്റി മുന്നേറ്റങ്ങളിലൂടെ രൂപപ്പെട്ട ഒഡേസ മൂവീസ് ഇന്നും സജീവമാണ്. മലയാളത്തിൽ ആദ്യമായി ക്രൗഡ് ഫണ്ടിങ്ങിലൂടെ ഒരു ജനകീയ സിനിമ നിർമ്മിക്കപ്പെടുന്നത് ഒഡേസയെന്ന കൂട്ടായ്മയുടെ ഫലമായാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ചാർലി ചാപ്ലിന്റെ 'ദ കിഡ്' ഉൾപ്പെടെയുള്ള ചിത്രങ്ങൾ പ്രദർശിപ്പിച്ചാണ് ഫിലിം സൊസൈറ്റികൾ നിർമ്മാണത്തിനുള്ള തുക സമാഹരിച്ചത്. ജോൺ എബ്രഹാം സംവിധാനം ചെയ്ത 'അമ്മ അറിയാൻ' യാഥാർത്ഥ്യമായതിന് പിന്നിൽ ആയിരങ്ങളുടെ പിന്തുണയുണ്ട്. ജോൺ എബ്രഹാമിന്റെ അകാല നിര്യാണത്തിന് ശേഷവും ഒഡേസയുടെ സഹസ്ഥാപകനായ ഒഡേസ സത്യൻ കളക്ടീവിനെ മുന്നോട്ടുകൊണ്ടുപോയി. ഒഡേസ സത്യന്റെ നേതൃത്വത്തിൽ ചെയ്ത 'വിശുദ്ധ പശു' ഉൾപ്പെടെയുള്ള ഡോക്യുമെന്ററികൾക്ക് ഏറെ ശ്രദ്ധേയമായിരുന്നു.


റഷ്യയുടെ ആക്രമണം നേരിടുമ്പോൾ ഒഡേസ വീണ്ടും മലയാളികളുടെ ഓർമ്മകളിലേക്ക് കടന്നുവരികയാണ്. റഷ്യ ഒഡേസയെ ലക്ഷ്യമിട്ട ആദ്യ ദിനം തന്നെ 10 വനിതകൾ അടക്കം 18 പേരാണ് കൊല്ലപ്പെട്ടത്. വിഖ്യാതമായ ഒഡേസയിലെ പടവുകൾക്ക് റഷ്യൻ ബോംബാക്രമണത്തിൽ കേടുപാട് പറ്റിയോയെന്ന് അറിയില്ല. ലോക സിനിമയുടെ ആവിഷ്‌കാര രീതിയിൽ വളരെ പ്രധാനപ്പെട്ട ഒന്നിന്റെ ആദ്യ അധ്യായം ആരംഭിക്കുന്നത് ഒഡേസയിലെ പടവുകളിൽ നിന്നാണ്. ബാറ്റിൽഷിപ് പൊട്ടംകിന്നിലെ മൊണ്ടാഷ്. 1905ൽ സാർ ഭരണകൂടത്തിനെതിരേ പൊട്ടംകിൻ എന്ന യുദ്ധക്കപ്പലിൽ നടന്ന വിപ്ലവ മുന്നേറ്റങ്ങളാണ സെർജി ഐസൻസ്റ്റൈൻ 'ബാറ്റിൽഷിപ്പ് പൊട്ടംകിനി'ലൂടെ കാട്ടിത്തരുന്നത്. നിരവധി കമ്മ്യൂണിസ്‌റ് വിരുദ്ധ രാജ്യങ്ങളിൽ ഈ സിനിമ നിരോധിച്ചതാണ് എന്ന് പറയുമ്പോൾ തന്നെ സിനിമയുടെ തീവ്രത എത്രത്തോളമെന്ന് ഊഹിക്കാം. ഈ സിനിമ ഇറങ്ങി ഏതാണ്ട് 30 വർഷത്തിന് ശേഷമാണ് ജർമ്മനിയിൽ പ്രദർശനം പോലും നടത്തിയത്. സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ തൊഴിലാളികാലും സാധാരണ ജനങ്ങളും ഒരുമിച്ച് ഒറ്റക്കെട്ടായി നിൽക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയെ പല കമ്മ്യൂണിസ്റ്റ് വിരുദ്ധ രാജ്യങ്ങളും നിരോധിക്കാൻ കാരണം. വിമോചനത്തിന്റേയും ഒരു വലിയ വിപ്ലവത്തിന്റെയും കഥയായി 'ബാറ്റിൽഷിപ്പ് പൊട്ടംകിൻ' പ്രദർശനം തുടരുന്നു.


1919ലെ ഏറ്റവും പ്രസിദ്ധമായ മോസ്‌കോ ഫിലിം സ്‌കൂളിലെ അധ്യാപകൻ കൂടിയായിരുന്നു സെർജി ഐസൻസ്റ്റൈൻ. നടീനടന്മാരെ ഉപയോഗിക്കാതെയുള്ള സിനിമകളാണ് ആദ്യം സെർജി പരീക്ഷിച്ചു തുടങ്ങിയത്. ഹോളിവുഡ് അക്കാലത്ത് നടീനടന്മാരെ വെച്ച് സിനിമ ചെയ്യുന്ന രീതിയോട് പരോക്ഷമായ എതിർപ്പും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ സഹ അധ്യാപകനായ ലെവ് വ്‌ളാദിമിറോവിച് കുളെഷോവുമായുള്ള ചർച്ചകൾക്കൊടുവിലാണ് സിനിമയിൽ നടീനടന്മാരെ ഉപയോഗിക്കുന്നത്. 'ബാറ്റിൽഷിപ്പ് പൊട്ടംകിനി'ൽ നിരവധി അഭിനേതാക്കൾ ഉണ്ട് എന്നതും ഒരു പ്രത്യേകതയാണ്. ഈ സിനിമക്ക് വേണ്ടി കുളെഷോവ് വികസിപ്പിച്ചെടുത്ത എഡിറ്റിങ്ങ് സാങ്കേതികതയാണ് കുളെഷോവ് എഫക്ട് എന്ന് വിളിക്കപ്പെടുന്നത്. ക്യാമറയുടേയും ഫ്രെയിമിനുള്ളിലെ വസ്തുക്കളുടേയും ചലനം നിരീക്ഷിക്കുന്നതാണ് ചലച്ചിത്രമെന്ന് ഐസൻസ്റ്റീൻ ലളിതമായി പറഞ്ഞു. ചലനത്തെ ഐസൻസ്റ്റീൻ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കാണാം.


പ്രശസ്തമായ ഒഡേസ പടവുകളുടെ മൊണ്ടാഷിൽ ആവിഷ്‌കാരഭംഗിയോടൊപ്പം ഈ ചലനത്തിന്റെ സൗന്ദര്യശാസ്ത്രവും ഇഴചേർത്തിരിക്കുന്നു. പട്ടാളക്കാരുടെ ബൂട്ടുകളുടെ ചലനം, ഓടുന്ന ആളുകൾ ഇവ കൂടാതെ ക്യാമറയും ഒപ്പം ചലിക്കുന്നുണ്ട്. മൊണ്ടാഷ് അല്ലെങ്കിൽ പല ചെറിയ ഷോട്ടുകൾ ചേർന്ന് അർത്ഥം ജനിപ്പിക്കുന്ന ഒരു പുതിയ ദൃശ്യമായി മാറുന്നു. അഞ്ച് അധ്യായങ്ങളായിട്ടാണ് ഈ ചലച്ചിത്രം വിന്യസിപ്പിച്ചിരിക്കുന്നത്. അതിൽ ആദ്യത്തെ അധ്യായം 'മനുഷ്യനും പുഴുക്കളും'(മെൻ ആൻഡ് മാഗട്ട്‌സ് ) ആണ്. പൊട്ടംകിൻ എന്ന യുദ്ധ കപ്പലിൽ അഴുകിയ മാംസം തൊഴിലാളികൾക്ക് ഭക്ഷണമായി നൽകുകയും അതിന്റെ പേരിൽ ഒരു തർക്കം പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു. എന്നാൽ പിന്നീടത് മാറുന്നത് ഒരു വിപ്ലവ മുന്നേറ്റത്തിലേക്കാണ്. വാക്യുലിൻ ചക്ക് എന്ന നാവിക ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ഈ വിപ്ലവം ഉടലെടുക്കുന്നത്.


രണ്ടാമത്തെ അദ്ധ്യായം 'ഡെക്കിന്റെ നാടകത്തിൽ'(ഡ്രാമ ഓൺ ഡെക്ക്) തൊഴിലാളികൾക്ക് നേരെ വളരെ ശക്തമായി കപ്പലിലെ ഉദ്യോഗസ്ഥർ നീങ്ങുകയാണ്. ഇത് വിപ്ലവത്തിന് മുന്നിൽ നിന്ന വാക്യുലിൻ ചക്കിന്റെ മരണത്തിലും കലാശിക്കുന്നു. 'കൊലപ്പെട്ടയാൾ ശബ്ദമുയർത്തുന്നു' (എ ഡെഡ് മാൻ കോൾസ് ഔട്ട്) എന്ന മൂന്നാം അധ്യായത്തിൽ വാക്യുലിൻ ചക്കിന്റെ മൃതദേഹവുമായി കരയിലേക്ക് തൊഴിലാളികൾ എത്തുന്നു. എന്നാൽ അതോടൊപ്പം കപ്പലിലെ തൊഴിലാളികളുടെ പ്രതിഷേധ സ്വരം കരയിലേക്ക് കൂടി വ്യാപിക്കുകയാണ്.

നാലാം അധ്യായമായ ഒഡേസയിലെ പടവുകളാണ് (ദി ഒഡേസ സ്റ്റെപ്‌സ് ) ഈ അധ്യായങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും. ചലച്ചിത്ര പഠന ക്യാമ്പുകളിലും, വിവിധ ചലച്ചിത്ര അക്കാഡമികളിലും ചലച്ചിത്ര പഠന മാധ്യമമായി ഉപയോഗിച്ചിട്ടുള്ളത് ഈ അധ്യായത്തിലെ രംഗങ്ങളാണ്. ഈ സിനിമയ്ക്ക് മുകളിൽ നിൽക്കുന്ന ഒന്നുമില്ല എന്നാണ് അന്നത്തെ നിരീക്ഷകർ ഈ ചിത്രത്തെക്കുറിച്ചും ഒഡേസ അധ്യായത്തെ കുറിച്ചും പറഞ്ഞത്.


വളരെ അവിചാരിതമായി സംഭവിച്ചതാണ് ഒഡേസ പടവ് ദൃശ്യങ്ങൾ എന്നാണ് പറയുന്നത്. വളരെ ചെറിയ ഷോട്ടുകൾ മാത്രമായിരുന്ന രംഗം പിന്നീട് വലുതാക്കുകയായിരുന്നു. 42 ഷോട്ടുകാളിൽ ഒതുങ്ങുന്ന ആ ചെറിയ രംഗം ചിത്രീകരിക്കുന്നതിനു വേണ്ടിയാണ് സെർജി ഒഡേസയിലെത്തിയത്. എന്നാൽ പടവുകൾ നേരിൽ കണ്ടപ്പോഴാണ് ഷൂട്ടിങ്ങ് പ്ലാൻ തന്നെ മാറ്റാനും അധികം ക്യാമറകൾ കൂടി ഉപയോഗിച്ച് ചിത്രീകരിക്കാനും തീരുമാനിക്കുന്നത്. യുദ്ധക്കപ്പലിലെ ഉദ്യോഗസ്ഥരും അവിടുത്തെ സാധാരണക്കാരായ ജനങ്ങളും അവർക്കെതിരെ വെടിയുതിർത്തുകൊണ്ടിരിക്കുന്ന സൈന്യവും ഒക്കെയായി വളരെ സംഘർഷ ഭരിതമായ, എന്നാൽ ഏറെ വേദനിപ്പിക്കുന്ന രംഗങ്ങളായിരുന്നു അത്.


ഒഡേസയിലെ പടവുകൾ ബോംബിങ്ങിൽ തകർന്നാലും ചലച്ചിത്ര പ്രേമികളുടെ മനസിൽ അത് എക്കാലവും അവശേഷിക്കും. വെടിവെയ്പിനും മരണനിലവിളികൾക്കുമിടയിൽ പടവുകളിലൂടെ തെന്നിത്തെറിച്ചുപോകുന്ന ടോഡ്‌ലർ ട്രോളി (കുഞ്ഞുങ്ങളെ ഇരുത്തി ഉന്തുന്ന ചെറുവണ്ടി) പ്രേക്ഷകനിലുണ്ടാക്കുന്ന ആഘാതം അത്ര വലുതാണ്.

Story highlights: Odessa by Sathyan and John Abraham; Are there any Pottamkin stairs left?

Next Story