വന്ന വഴി മറന്നവരോടാണ് നെഹ്‌റു പറയുന്നത്, ഇനിയും ഏറെ ദൂരമുണ്ട് പോകാന്‍..
ആകാശത്തോളം ഉയര്‍ന്ന പ്രതിമകളോ പാഠപുസ്തകങ്ങളില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ട ചരിത്രമോ നെഹ്‌റുവിന്റെയും ഗാന്ധിയുടെയും ആശങ്ങളെ വിസ്മൃതിയിലാക്കാന്‍ പോരാതെവരും
14 Nov 2021 1:19 PM GMT
ആർ രോഷിപാൽ

സമൂഹം ജാതി-മത ചിന്തകളാല്‍ ഭിന്നിക്കപ്പെടുന്ന ഈ കാലഘട്ടത്തിന് പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റു എന്ന നേതാവും അദ്ദേഹത്തിന്റെ ആശയങ്ങളും പാഠപുസ്‌കമാണ്. തീവ്ര ഹൈന്ദവ രാഷ്ട്രീയം കളം പിടിക്കുന്ന ഇന്ത്യയില്‍ മതേതരവാദികള്‍ ജാഗരൂകരാകണമെന്ന ആഹ്വാനമാണ്.
ഭാരതത്തിലെ മതേതര വിശ്വാസികള്‍ക്ക് കരുത്തു പകരുന്ന ഓര്‍മകളാണ് രാഷ്ട്ര ശില്‍പ്പി പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റേത്. സ്വാതന്ത്ര്യ സമര കാലഘട്ടങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ ഇടത്തോട്ട് തിരിച്ചത് നെഹ്‌റുവിലെ സോഷ്യലിസം ആയിരുന്നു. കാറള്‍ മാര്‍ക്‌സിന്റെ സോഷ്യലിസമല്ല ഗാന്ധിയന്‍ ആശങ്ങളെ കൂട്ടുപിടിച്ച നെഹ്‌റുവിന്റെ സോഷ്യലിസം. നിസ്സഹകരണ പ്രസ്ഥാനത്തിലൂടെയാണ് ഗാന്ധിജിയുടെ ആശയധാരകളില്‍ നെഹ്‌റു ആകൃഷ്ടനായത്. ഒരു പക്ഷെ നെഹ്‌റുവിലെ പോരാളിയെ ഗാന്ധിജി തിരിച്ചറിഞ്ഞിരുന്നില്ലെങ്കില്‍ നമുക്ക് നഷ്ടമാകുക രാജ്യം കണ്ട ഏറ്റവും കരുത്തനായ മതേതരവാദിയെ ആയിരുന്നു.
ഭരണാധികാരി എന്ന നിലയില്‍ മതം രാഷ്ട്രത്തിന്റെ വളര്‍ച്ചയ്ക്കും നന്മയ്ക്കും വെല്ലുവിളിയായി മാറാന്‍ നെഹ്‌റു അനുവദിച്ചിരുന്നില്ല. 1964 മെയ് 27 ന് കണ്ണടയുന്നത് വരെ നെഹ്‌റു വര്‍ഗീയ വാദികളെ അധികാരത്തിന് പുറത്ത് നിര്‍ത്തി. നിരീശ്വരവാദി ആയ നെഹ്‌റു പ്രഥമ പ്രധാനമന്ത്രി പദം ഏറ്റെടുത്തിരുന്നില്ലെങ്കില്‍ ഒരുപക്ഷെ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഇതിലും പരിതാപകരമാകുമായിരുന്നു.
കാലം മാറുകയാണ്, ജനാധിപത്യം, മതേതരത്വം, സമത്വം തുടങ്ങിയ നെഹ്‌റുവീയന്‍ ആശയങ്ങള്‍ ഇന്ത്യന്‍ ഭരണഘടന എന്ന തടിച്ച പുസ്തകത്തിന്റെ താളുകളില്‍ തുരമ്പെടുക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ഏറ്റെടുത്ത് ഉയരത്തില്‍ പ്രതിഷ്ഠിച്ച് നെഹ്‌റുവിനെ അതിന്‌റെ നിഴലില്‍ ഒളിപ്പിക്കാനുള്ള നീക്കവും തകൃതിയാണ്. അത്ഭുതപ്പെടാനില്ല, നെഹ്‌റുവിനെ ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നും മായ്‌ക്കേണ്ടത് എല്ലാക്കാലത്തും മതവാദികളുടെ ആവശ്യമായിരുന്നു.
നെഹ്‌റുവിനോടും ഗാന്ധിയും നെഹ്‌റുവും ഉള്‍പ്പെടുന്ന ചരിത്രത്തോടും അവര്‍ക്കുള്ള ഒടുങ്ങാത്ത പകയുടെ കാരണവും വ്യക്തമാണ്. അധികാരം പിടിക്കാന്‍ മതവും ആചാരങ്ങളും മറയാക്കിയ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ആദ്യം നെഹ്‌റുവിന്റെ ആശയങ്ങള്‍ കണ്ണിലെ കരടാണ്. പഴി പറഞ്ഞ് തകര്‍ക്കാനാകാത്തതിനാല്‍ കുട്ടികളുടെ പാഠപുസ്തകങ്ങളില്‍ നിന്നുവരെ അവ പിഴുതുമാറ്റുകയാണ് പുതിയ രീതി. അടുത്ത തലമുറയ്ക്ക് ചരിത്രം അറിയാനുള്ള അവസരം നിഷേധിക്കുക, അതാണ് മികച്ച പോംവഴിയെന്ന് വിശ്വസിക്കുന്നവരാണ് സംഘപരിവാര്‍. എന്നാല്‍ ആകാശത്തോളം ഉയര്‍ന്ന പ്രതിമകളോ പാഠപുസ്തകങ്ങളില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ട ചരിത്രമോ നെഹ്‌റുവിന്റെയും ഗാന്ധിയുടെയും ആശങ്ങളെ വിസ്മൃതിയിലാക്കാന്‍ പോരാതെവരുമെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
മറക്കുന്നവരോട്, തര്‍ക്കഭൂമിയിലെ നെഹ്‌റുവിന്റെ നിലപാട് ചരിത്രമാണ്. 1949 ല്‍ ബാബറി മസ്ജിദില്‍ ഹിന്ദു വാദികള്‍ സ്ഥാപിച്ച വിഗ്രഹം സരയൂ നദിയില്‍ വലിച്ചെറിയണമെന്ന നെഹ്‌റുവിന്റെ നിര്‍ദേശം ധീരമാണ്. അങ്ങനെയൊരു നിലപാട് ഉണ്ടായിരുന്നില്ലെങ്കില്‍ രാജ്യം ഒരുപക്ഷെ കത്തിയെരിയുമായിരുന്നു. നെഹ്‌റുവിന് ശേഷം മറ്റൊരു ഭരണാധികാരിക്കും ഇന്ത്യന്‍ മതേതരത്വത്തിന് അത്ര ശക്തിയുള്ള ഒരു കവചമൊരുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഒരുഘട്ടത്തില്‍ അധികാരം നിലനിര്‍ത്താന്‍ മതേതരത്വത്തില്‍ വെള്ളം ചേര്‍ത്തത് നെഹ്‌റുവിന്റെ പിന്‍തലമുറയാണെന്നതിനും നാം സാക്ഷിയാണ്.
ഉത്തരേന്ത്യയില്‍ അധികാരം പിടിക്കാന്‍ ബിജെപി വര്‍ഗീയ കാര്‍ഡ് ഇറക്കിയപ്പോള്‍ പ്രതിരോധിക്കുന്നതിന് പകരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ പാതയിലേക്കാണ് നീങ്ങിയത്. അവിടെയാണ് കോണ്‍ഗ്രസ്സിന് അടിപതറിയതും. നെഹ്‌റു വിഭാവനം ചെയ്ത ഇന്ത്യ മതേതരത്വ ഇന്ത്യയായിരുന്നു. അത് മറന്ന കോണ്‍ഗ്രസിന്റെ പുതുതലമുറ ഇനിയെങ്കിലും മാറ്റത്തിന് തയ്യാറാകണം. കോണ്‍ഗ്രസും ഇടതു കക്ഷികളും അതിന് തയ്യാറാകാത്ത പക്ഷം ശിഥിലമാകുക ഇന്ത്യയാണ്. അതുകൊണ്ട് മറക്കരുത്, ഇനിയും ഏറെ ദൂരമുണ്ട് പോകാന്‍..