Top

'ലീഗ് എത്രകാലം കുഞ്ഞാലിക്കുട്ടിയുടെ ചിറകിലൊളിക്കും'; പികെ ഫിറോസിന് ക്ലാസെടുക്കാന്‍ മാപ്പിള പെണ്ണുങ്ങളുണ്ട്

നേതാക്കള്‍ നില്‍ക്കാന്‍ പറഞ്ഞാല്‍ നില്‍ക്കുകയും ആടാന്‍ പറഞ്ഞാല്‍ ആടുകയും ചെയ്യുന്ന പെണ്‍നിരയാണ് ലീഗിനാവശ്യം.

14 Sep 2021 10:23 AM GMT
സീനത്ത് കെ.സി

ലീഗ് എത്രകാലം കുഞ്ഞാലിക്കുട്ടിയുടെ ചിറകിലൊളിക്കും; പികെ ഫിറോസിന് ക്ലാസെടുക്കാന്‍ മാപ്പിള പെണ്ണുങ്ങളുണ്ട്
X

സിഎച്ച് മുഹമ്മദ് കോയയും സീതി സാഹിബും ഉള്‍പ്പെടെയുളള നേതാക്കള്‍ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയും വിദ്യാഭ്യാസത്തിന് വേണ്ടിയും പ്രവര്‍ത്തിച്ച ഒരു പാരമ്പര്യം മുസ്ലിം ലീഗിനുമുണ്ടായിരുന്നു. ഇന്ന് ലീഗിനെ നയിക്കുന്നവര്‍ അവഗണിക്കുന്ന രാഷ്ട്രീയ ശരികളിലേക്ക് പാര്‍ട്ടി നയിച്ച നേതാക്കളെ ഓര്‍ക്കേണ്ടി വരുന്നത് തന്നെ ഒരര്‍ത്ഥത്തില്‍ വൈഷമ്യമുണ്ടാക്കുന്നതാണെന്ന് പറയാം. എംഎസ്എഫ് ഹരിത വിഷയത്തില്‍ ലീഗ് നേതൃത്വം സ്വീകരിച്ച നടപടി അങ്ങേയറ്റം സ്ത്രീവിരുദ്ധവും പാര്‍ട്ടി വിരുദ്ധവുമാണ്, പൊതുസമൂഹം എത്ര തവണ ഇതാവര്‍ത്തിച്ചാലും തിരുത്തുണ്ടാവില്ല. ലളിതമായി പറഞ്ഞാല്‍ കുഞ്ഞാലിക്കുട്ടിക്ക് മുകളില്‍ പറക്കാന്‍ പാണക്കാട് നിന്നു പോലും ആളിറങ്ങില്ല.

വനിതാ നേതാക്കള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയവരെ തലോടുകയും ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ വടിയെടുക്കുകയും ചെയ്യുന്ന മുസ്‌ലിം ലീഗിന്റെ നടപടി പാര്‍ട്ടി സ്വത്വത്തിന് തന്നെ വിരുദ്ധമായ കാര്യമാണ്. എതിര്‍ ശബ്ദങ്ങളുയര്‍ത്തുന്ന, വിമര്‍ശനങ്ങളോട് ശക്തമായി പ്രതികരിക്കുന്ന വനിതാ നേതാക്കളെ മൂലക്കിരുത്തുന്നതിലൂടെ ലീഗ് നേതൃത്വം ലക്ഷ്യമിടുന്നതെന്താണ്.? രാഷ്ട്രീയ ബോധ്യമില്ലാത്ത, സ്ത്രീ വിരുദ്ധത പോലും തിരിച്ചറിയാത്ത വനിതകളെ വളര്‍ത്തിയെടുക്കുകയോ? സിഎച്ചിന്റെ പിന്മുറക്കാരില്‍ നിന്ന് ചോദ്യങ്ങളുയരേണ്ടിയിരിക്കുന്നു.


ഹരിതയെ പിരിച്ചുവിട്ടതിലൂടെയും എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയയെ സ്ഥാനത്ത് നീക്കിയതിലൂടെയും നേതൃത്വം നല്‍കുന്ന സന്ദേശം സൂക്ഷ്മതയോടെ വിലയിരുത്തിയാല്‍ ലഭിക്കുന്ന ഉത്തരങ്ങള്‍ ലീഗിന്റെ അടിസ്ഥാന തത്വങ്ങളെ പോലും വെല്ലുവിളിക്കുന്നതാണ്. പൊതുവേദിയില്‍ വെച്ച് സഹപ്രവര്‍ത്തകരായ പെണ്‍കുട്ടികള്‍ക്കെതിരെ അശ്ലീലമായി സംസാരിക്കുകയും സമൂഹമാധ്യമത്തിലൂടെ ചെയ്ത തെറ്റിനെ 'അതിഗംഭീരമായി' ന്യായീകരിക്കുകയും ചെയ്യുന്ന ലീഗിലെ യുവനേതാക്കളുടെ 'രാഷ്ട്രീയ പ്രതിബദ്ധത' കേരളം തിരിച്ചറിയും. അതൊരുപക്ഷേ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ഉണ്ടാക്കാന്‍ പോകുന്ന ആഘാതം ചെറുതായിരിക്കില്ല. അതൊരു ചരിത്രപരമായ ഭീഷണിയായും കണക്കു കൂട്ടാവുന്നതാണ്.

പികെ നവാസ്, കബീര്‍ മുതുപറമ്പില്‍, വഹാബ് എന്നീ ആരോപണ വിധേയരെകൊണ്ട് കേവലം ഖേദപ്രകടനം മാത്രം നടത്തിച്ച് കൈകഴുകിയ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വ്യക്തി താത്പര്യങ്ങള്‍ക്ക് അടിമപ്പെട്ടു കഴിഞ്ഞു. ആരോപണ വിധേയരെ പികെ കുഞ്ഞാലിക്കുട്ടിയുടെ ചിറകിനടിയില്‍ ഒളിപ്പിച്ചിരിക്കുകയാണെന്നുളള വിമര്‍ശനങ്ങള്‍ ഉയരുന്നത് ഇതിനൊപ്പം ചേര്‍ത്തുവായിക്കാം. പാണക്കാട് തങ്ങള്‍ പറയുന്നതിന് അപ്പുറത്തേക്ക് പാര്‍ട്ടിയോ നേതാക്കളൊ പോവില്ല എന്ന സ്ഥിരം പല്ലവിയാണ് ഇവിടെ പരിഹാസ്യമാകുന്നത്. കൂട്ടായ തീരുമാനങ്ങളെടുക്കുന്നതിന് പകരം പെണ്‍കുട്ടികള്‍ക്കെതിരെ മോശമായി പെരുമാറിയവരെ സംരക്ഷിച്ചതിലൂടെ മുസ്‌ലിം ലീഗ് വ്യക്തി കേന്ദ്രീകൃതമാവുകയാണ്.


ഹരിതയിലും എംഎസ്എഫിലുമുണ്ടായ പ്രശ്‌നങ്ങളെ കുട്ടികള്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങള്‍ എന്ന നിലക്കാണ് മുസ്ലിംലീഗ് കണ്ടതെന്നാണ് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. പാര്‍ട്ടിക്ക് പുറത്തേക്ക് പ്രശ്‌നങ്ങളെ എത്തിച്ചിട്ട് പോലും കുട്ടികളായത് കൊണ്ട് വളരെ അനുഭാവപൂര്‍വ്വം ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിനാണ് നേതൃത്വം ശ്രമിച്ചതെന്നും ഫിറോസ് 'വ്യാഖ്യാനിക്കുന്നു'. മുതിര്‍ന്ന നേതാക്കള്‍ ശാസിക്കും അതു കേട്ട് മിണ്ടാതിരിക്കുന്ന പെണ്‍കുട്ടികളെയാണ് മുതിര്‍ന്ന നേതാക്കള്‍ പ്രതീക്ഷിച്ചത്. സംഭവിച്ചത് മറ്റൊന്നും!

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ പികെ നവാസില്‍ നിന്ന് വിശദീകരണം തേടിയ മുസ്‌ലിം ലീഗ് ഖേദ പ്രകടനത്തിലൂടെ പ്രശ്‌നം പരിഹരിച്ചതായി പ്രഖ്യാപിച്ചു. ഇതേ നാണയത്തില്‍ പരിശോധിച്ചാല്‍, ഫാത്തിമ തഹ്‌ലിയക്കെതിരായ നടപടിയില്‍ അശേഷം ജനാധിപത്യമില്ലെന്ന് കാണാം. ഒരു വിശദീകരണവും തേടാതെയുള്ള പിരിച്ചുവിടലായിരുന്നു അത്. ഇത് മനസിലാക്കാന്‍ പികെ ഫിറോസിന് കഴിഞ്ഞില്ലെങ്കില്‍ അയാളിലെ രാഷ്ട്രീയത്തിന് സുതാര്യതയില്ലെന്ന് വിലയിരുത്തേണ്ടി വരും. ഇനി വേണമെങ്കില്‍ അത് പഠിക്കാന്‍ മിന ജലീലും, ഹഫ്‌സ മോളും ഫാത്തിമ തഹ്‌ലിയയും എഴുതിയ കുറിപ്പുകള്‍ ഒന്നിരുത്തി വായിക്കാവുന്നതാണ്.


നേതാക്കള്‍ നില്‍ക്കാന്‍ പറഞ്ഞാല്‍ നില്‍ക്കുകയും ആടാന്‍ പറഞ്ഞാല്‍ ആടുകയും ചെയ്യുന്ന പെണ്‍നിരയാണ് ലീഗിനാവശ്യം. അതാണ് പുതിയ ഹരിതാ ഭാരവാഹി തെരഞ്ഞെടുപ്പ് നല്‍കുന്ന സൂചന. 'ഹരിത യുദ്ധത്തിന്' പിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെങ്കിലും അദ്ദേഹത്തിന്റെ ഇഷ്ടക്കാരന്‍ പികെ ഫിറോസാണെങ്കിലും നട്ടെല്ലു വളയ്ക്കാന്‍ തയ്യാറല്ലാത്തവരെ തോല്‍പ്പിക്കാന്‍ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞാല്‍ നന്ന്.

Next Story