Top

ഇത് 'പുതിയ ഇന്ത്യ'യാണ് രാഷ്ട്രപിതാവിന്റെ സ്ഥാനത്തു നിന്ന് ഗാന്ധിജി സ്ഥാനഭ്രഷ്ടനാക്കുന്ന ​ഗോഡ്സെയെ അവരോധിക്കാൻ തയ്യാറെടുത്തു നിൽക്കുന്ന ഇന്ത്യ

നാസി മാതൃകയിൽ വലംകൈ ഉയർത്തിപ്പിടിച്ചുള്ള പ്രതിജ്ഞയുടെ വാചകം "ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ പോരാടാനും മരിക്കാനും വേണ്ടിവന്നാൽ കൊല്ലാനും പ്രതിജ്ഞ ചെയ്യുന്നു" എന്നായിരുന്നു.

17 Feb 2022 9:59 AM GMT
എം ബി രാജേഷ്

ഇത് പുതിയ ഇന്ത്യയാണ് രാഷ്ട്രപിതാവിന്റെ സ്ഥാനത്തു നിന്ന് ഗാന്ധിജി സ്ഥാനഭ്രഷ്ടനാക്കുന്ന ​ഗോഡ്സെയെ അവരോധിക്കാൻ തയ്യാറെടുത്തു നിൽക്കുന്ന ഇന്ത്യ
X

പത്രക്കാരാ പത്രക്കാരാ

ഇന്നെന്തുണ്ട് വിശേഷം

(സച്ചിദാനന്ദൻ )

ഇന്നത്തെ ഒന്നാം പേജിൽ വലിയ വിശേഷം ഗുജറാത്തിലെ ഒരു സ്കൂളിലെ പ്രസംഗമത്സരമാണ്. വിഷയം 'ഗോഡ്സെ എൻ്റെ മാതൃക' എന്നായിരുന്നുവത്രെ. തീർന്നില്ല, ഗോഡ്സെയെ പുകഴ്ത്തിയും ഗാന്ധിയെ വിമർശിച്ചും പ്രസംഗിച്ച പെൺകുട്ടിക്കാണത്രെ ഒന്നാം സ്ഥാനം കിട്ടിയത്. ഗോഡ്സെ മാതൃകയാണെന്ന് പരസ്യമായി പറയുന്നത് കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നുന്നുണ്ടോ? അവിശ്വസനീയമായി തോന്നാൻ എന്തിരിക്കുന്നു? ഇത് 'പുതിയ ഇന്ത്യ'യാണ്.

ഇന്നലെയാണ് ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിയുടെ ഒരു എഫ്ബി പോസ്റ്റ് കണ്ടത്. ഗാന്ധിജി പ്രസിദ്ധമായ കർഷക സമരത്തിന് നേതൃത്വം നൽകിയ ബിഹാറിലെ ചമ്പാരനിൽ അദ്ദേഹത്തിൻ്റെ പ്രതിമ അടിച്ചുപൊട്ടിച്ചു താഴെയിട്ട ചിത്രത്തോടൊപ്പം തുഷാർ ഗാന്ധി എഴുതി, "ഇത് വേദനാജനകമെങ്കിലും ഹിംസയും വിദ്വേഷവും ജീവിച്ചിരിക്കുന്ന മനുഷ്യരിൽ തീർക്കുന്നതിനേക്കാൾ നല്ലതാണ് ഗാന്ധി പ്രതിമയിൽ തീർക്കുന്നത്. ഗാന്ധിജിയും അതായിരിക്കും ആഗ്രഹിക്കുക".

ഇന്നു തന്നെ 'ദി ഹിന്ദു'വിൽ യുവ അഭിഭാഷക തുളസി കെ രാജിൻ്റെ ഒരു മികച്ച ലേഖനവുമുണ്ട്. ഹരിദ്വാറിലെ മത പാർലമെൻ്റിലെ ഹിംസക്ക് ആഹ്വാനം ചെയ്യുന്ന പ്രസംഗങ്ങൾ ഉയർത്തുന്ന ഗുരുതര ഭവിഷ്യത്തുകളെക്കുറിച്ചുള്ളത്. കേവല വിദ്വേഷ പ്രസംഗത്തിൽ നിന്ന് സംഘടിത ഹിംസക്കുള്ള ആഹ്വാനത്തിലേക്കുള്ള മാറ്റത്തെക്കുറിച്ചും വംശഹത്യയുടെ പരിസരമൊരുക്കലിനെക്കുറിച്ചുമുള്ള ഭീദിതമായ യാഥാർഥ്യങ്ങൾ ലേഖനത്തിൽ അനാവരണം ചെയ്യുന്നു.

ഏതാനും ദിവസം മുമ്പ് വായിച്ച മറ്റൊരു റിപ്പോർട്ട് ഹിന്ദു യുവവാഹിനി പ്രവർത്തകരുടെ പ്രതിജ്ഞയുടെ വീഡിയോ പ്രചരിക്കുന്നതിനെ കുറിച്ചായിരുന്നു. നാസി മാതൃകയിൽ വലംകൈ ഉയർത്തിപ്പിടിച്ചുള്ള പ്രതിജ്ഞയുടെ വാചകം "ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ പോരാടാനും മരിക്കാനും വേണ്ടിവന്നാൽ കൊല്ലാനും പ്രതിജ്ഞ ചെയ്യുന്നു" എന്നായിരുന്നു. യു.പിയിലും മധ്യപ്രദേശിലുമുള്ള പല സ്കൂളുകളിലെയും കൊച്ചുകുട്ടികളെ അണിനിരത്തി സമാന പ്രതിജ്ഞ നടത്തുന്നതിൻ്റെ വീഡിയോകളും വൈറലായ വാർത്തകളും വായിക്കുകയുണ്ടായി.

ഗുജറാത്തിലെ പ്രസംഗമത്സരം 11-13 വയസ്സുകാർക്കായിരുന്നു എന്നോർക്കണം. സംഘാടകർ രണ്ട് സർക്കാർ വകുപ്പുകളും! Catch them young എന്ന ഫാസിസ്റ്റ് കുടില കൗശലം ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്. ആ പ്രായത്തിൽ തന്നെ അവരിൽ വിദ്വേഷത്തിൻ്റെ വിഷം കുത്തിവയ്ക്കുകയും ഹിംസയുടെ മൂർത്തികളെ മാതൃകകളായി അവരോധിക്കുകയും ചെയ്യുന്നു.

അതെ, ഇത് 'പുതിയ ഇന്ത്യ'യാണ്. രാഷ്ട്രപിതാവിൻ്റെ സ്ഥാനത്തു നിന്ന് ഗാന്ധിജി സ്ഥാനഭ്രഷ്ടനാക്കപ്പെട്ട, ഗോഡ്സെ അവിടെ അവരോധിതനാകാൻ തയാറെടുത്തു നിൽക്കുകയും ചെയ്യുന്ന ഇന്ത്യ.

പലതവണ ആവർത്തിച്ച് ഉദ്ധരിച്ചതാണെങ്കിലും എൻ.വി.കൃഷ്ണവാര്യരുടെ വരികൾ വീണ്ടും ഓർക്കാതിരിക്കുന്നതെങ്ങനെ?

"അരി വാങ്ങുവാൻ ക്യൂവിൽ തിക്കിനിൽക്കുന്നു ഗാന്ധി

അരികേ കൂറ്റൻ കാറി-

ലേറി നീങ്ങുന്നു ഗോഡ്സെ''

(അടിയേറ്റ് വീണു കിടപ്പൂ ഗാന്ധി എന്ന് ഭേദഗതിയാവാം ഇക്കാലത്ത് )

STORY HIGHLIGHTS: MB rajesh writes about new fascist age of India

Next Story