Top

അനന്തരം അവര്‍ സ്റ്റാലിനെ തേടിയിറങ്ങി...

ഇത്തവണ സ്റ്റാലിന്‍ വിചാരണ തുടക്കത്തിലേ പാളിപ്പോയി

29 Aug 2021 4:31 PM GMT
എം സ്വരാജ്

അനന്തരം അവര്‍ സ്റ്റാലിനെ തേടിയിറങ്ങി...
X

കമ്യൂണിസ്റ്റ് വിരോധം കൊണ്ടു മാത്രം ജീവന്‍ നിലനിര്‍ത്തുന്ന മാധ്യമങ്ങള്‍ക്കും വ്യക്തികള്‍ക്കും കഴിഞ്ഞ ദിവസം ആഘോഷത്തിന്റേതായിരുന്നു. ദക്ഷിണ ഉക്രയിനിലെ ഒഡേസയില്‍ ചില കൂട്ടക്കുഴിമാടങ്ങളില്‍ നിന്നും ആയിരക്കണക്കിന് മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്ത വാര്‍ത്തയാണ് ആഘോഷത്തിന്റെ ഹേതു. ആഗോള മുതലാളിത്തത്തിന്റെ പതാകവാഹകരായ മാധ്യമങ്ങള്‍ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല . പ്രതി സ്റ്റാലിന്‍ തന്നെ ! .

സ്ഥലം പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ ഉക്രയ്‌നാണല്ലോ. അപ്പോള്‍ പിന്നെ ഒന്നും നോക്കാനില്ല. സ്റ്റാലിനെ പിടികൂടി വിചാരണ ചെയ്യുക തന്നെ. സ്റ്റാലിനും കമ്യൂണിസവും ചതുര്‍ത്ഥിയായ മാധ്യമങ്ങളുടെ ചിന്താരഹിതമായ എടുത്തു ചാട്ടത്തിനൊപ്പം സകല കമ്യൂണിസ്റ്റ് വിരുദ്ധരും അണിനിരന്നു. കേരളത്തിലെ സി പി ഐ (എം) മറുപടി പറയണമെന്നും പാര്‍ട്ടി ഓഫീസിലെവിടെയെങ്കിലും സ്റ്റാലിന്റെ ചിത്രമുണ്ടെങ്കില്‍ ഉടന്‍ മാറ്റണമെന്നുമൊക്കെ അന്ത്യശാസനം വരെ പുറപ്പെടുവിയ്ക്കപ്പെട്ടു. എന്നാല്‍ ഇത്തവണ സ്റ്റാലിന്‍ വിചാരണ തുടക്കത്തിലേ പാളിപ്പോയി. യാഥാര്‍ത്ഥ്യം നിരവധിപേര്‍ നവ മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടി.

എന്താണ് വസ്തുതയെന്നല്ലേ

ദക്ഷിണ ഉക്രയിനിലെ ഒഡേസ കൂട്ടക്കൊല (Odessa Massacre) ചരിത്രത്തിന്റെ ഭാഗമാണ്. രണ്ടാം ലോകയുദ്ധക്കാലത്ത് പതിനായിരക്കണക്കിന് ജൂതന്മാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ശവപ്പറമ്പാണത്. പക്ഷെ കൊലയാളി സ്റ്റാലിനായിരുന്നില്ലെന്ന് മാത്രം. ഹിറ്റ്‌ലറുടെ നാസിപ്പടയാണ് റുമാനിയന്‍ സേനയുമായി ചേര്‍ന്ന് ഉക്രയ്ന്‍ പിടിയ്ക്കാനായി ജൂത കൂട്ടക്കൊല നടത്തിയത്. സ്റ്റാലിന്റെ റഷ്യന്‍ ചെമ്പടയാണ് ത്യാഗനിര്‍ഭരമായ ചെറുത്തു നില്‍പിലൂടെ നാസിപ്പടയെ തോല്‍പിച്ചോടിച്ച് ഉക്രയിനും ഒഡേസയുമെല്ലാം സംരക്ഷിച്ചത്. ഐസന്‍സ്റ്റീനിന്റെ ബാറ്റില്‍ഷിപ് പൊട്ടംകിന്നിലെ 'ഒഡേസ പടവുകള്‍ക്ക്' ശേഷം ലോക ശ്രദ്ധയില്‍ ഒഡേസ കടന്നു വരുന്നത് നാസികളുടെ കൂട്ടക്കൊലയിലൂടെയാണ് . ഇത്രമാത്രം ലോകം ശ്രദ്ധിച്ച ഒരു വലിയ ചരിത്ര സംഭവമായിരുന്നിട്ടും എന്തുകൊണ്ടാണ് ഒരു വാര്‍ത്ത കേള്‍ക്കുന്ന മാത്രയില്‍ മുതലാളിത്ത മാധ്യമങ്ങള്‍ ഒന്നടങ്കം അത് സ്റ്റാലിന്റെ തലയില്‍ കെട്ടിവെയ്ക്കാനായി കോപ്പുകൂട്ടുന്നത് ?

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ വരെ സി പി ഐ (എം) നെതിരെ കേട്ടുകേള്‍വിയുടെ മാത്രം ബലത്തില്‍ ആര്‍ത്തുവിളിയ്ക്കുന്നതെന്തുകൊണ്ടാണ് ?ഇത് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട ഒരു പ്രശ്‌നമാണ്. മാധ്യമങ്ങളും കോണ്‍ഗ്രസും ബോധപൂര്‍വം ഒരു നുണ പ്രചരിപ്പിയ്ക്കുന്നതാണോ ?അതോ വിവരക്കേടു കൊണ്ട് സംഭവിയ്ക്കുന്ന അബദ്ധമാണോ ? സത്യത്തില്‍ ഇങ്ങനെയൊക്കെ വിലയിരുത്തുന്നത് ന്യൂനോക്തിയാണ്.

കമ്യൂണിസ്റ്റ് വിരോധം മാത്രം മൂലധനമായുള്ളവര്‍ ബോധപൂര്‍വം പ്രചരിപ്പിയ്ക്കുന്ന നുണകളുണ്ട്. ചരിത്രബോധമില്ലായ്മ കൊണ്ട് സംഭവിയ്ക്കുന്ന അബദ്ധങ്ങളുമുണ്ട്. എന്നാല്‍ അതിനുമപ്പുറം സ്റ്റാലിന്‍ എന്ന വ്യക്തി ക്രൂരതയുടെ പ്രതീകമാണെന്നും കൂട്ടക്കൊലകളുമായി ബന്ധിപ്പിച്ചു പറയേണ്ട പേരാണ് സ്റ്റാലിന്റെതെന്നും വിശ്വസിയ്ക്കുന്ന ചെറുതല്ലാത്ത ഒരു വിഭാഗമാളുകളുണ്ട് എന്നത് വസ്തുതയാണ്. അത്തരമൊരു മാനസികാവസ്ഥയില്‍ തുടരുന്നയാള്‍ മാധ്യമ പ്രവര്‍ത്തകനായാലും പ്രതിപക്ഷ നേതാവായാലും ഇങ്ങനെയൊക്കെയേ ചിന്തിയ്ക്കൂ . ഏതു കാര്യവും കേള്‍ക്കുന്ന മാത്രയില്‍ ചാടിക്കയറി ആദ്യം പ്രതികരിയ്ക്കണമെന്ന് വാശിയുള്ളവര്‍ക്ക് ഇത്തരം അബദ്ധങ്ങള്‍ ശീലമായി മാറുകയും ചെയ്യുമെന്നത് മറ്റൊരു കാര്യം

പറഞ്ഞു വരുന്നത് സ്റ്റാലിനെ കുറിച്ചാണ് ജോസഫ് വിസാറിയോവിച്ച് ജുഗാഷ് വ് ലി എന്ന സ്റ്റാലിനെക്കുറിച്ച് . പതിറ്റാണ്ടുകളായി ലോക മുതലാളിത്തം സ്റ്റാലിനെ ഒരു ഭീകരനാക്കി പ്രചരണം നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. സ്റ്റാലിന്‍ സമം ക്രൂരത എന്ന ഒരു സമവാക്യമാണ് പ്രചരിപ്പിയ്ക്കപ്പെടുന്നത്. സ്റ്റാലിനെ കൊടും ഭീകരനും ക്രൂരനുമാക്കി അവതരിപ്പിച്ചു കൊണ്ട് കമ്യൂണിസത്തെ കുഴിച്ചുമൂടുകയെന്ന അജണ്ടയാണ് മുതലാളിത്ത ശക്തികള്‍ ഏറ്റെടുത്തിട്ടുള്ളത്.

പതിറ്റാണ്ടുകളായി തുടരുന്ന സ്റ്റാലിന്റെ ക്രൂരതയുടേയും കൂട്ടക്കൊലപാതകങ്ങളുടേയും കഥകള്‍ കേട്ടുകേട്ട് സ്റ്റാലിന്‍ വിരോധത്തിന്റെയും കമ്യൂണിസ്റ്റ് വിരുദ്ധതയുടേയും അടിത്തറയില്‍ രൂപപ്പെട്ട മനസുകള്‍ക്ക് ഏത് ശ്മശാനത്തിലെ അസ്ഥികൂടവും സ്റ്റാലിന്റെ തലയില്‍ കൊണ്ടുവന്നു വെയ്ക്കാന്‍ തോന്നും. കേട്ടുകേള്‍വികള്‍ക്കും നിറം പിടിപ്പിച്ച നുണക്കഥകള്‍ക്കുമപ്പുറം ചരിത്രത്തിലേയ്ക്ക് കടന്നു ചെല്ലാന്‍ തയ്യാറാവുമ്പോഴാണ് നുണകള്‍ കൊണ്ട് കെട്ടിയുയര്‍ത്തിയ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ കോട്ടകള്‍ ഇളകിത്തുടങ്ങുന്നത്.

യഥാര്‍ത്ഥത്തില്‍ മൂതലാളിത്ത ലോകം പ്രചരിപ്പിയ്ക്കുന്നതു പോലെ രക്തദാഹിയായ ഒരു കൊടും ക്രൂരനായിരുന്നോ സ്റ്റാലിന്‍ ?കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും വലതുപക്ഷമാധ്യമങ്ങളും ആവര്‍ത്തിയ്ക്കുന്ന സ്റ്റാലിന്‍ കഥകളുടെ നിജസ്ഥിതിയെന്താണ് ?

ചില ചോദ്യങ്ങള്‍ക്ക് ചരിത്രം ഉത്തരം നല്‍കും.

1979ല്‍ ടാന്‍സാനിയന്‍ സൈന്യം ഉഗാണ്ടയെ അക്രമിയ്ക്കുകയുണ്ടായി. ആ സമയത്ത് ഉഗാണ്ടയിലെ ജനങ്ങള്‍ ടാന്‍സാനിയന്‍ സേനയ്‌ക്കൊപ്പം അണിനിരന്ന് സ്വന്തം ഭരണാധികാരിയ്‌ക്കെതിരെ പൊരുതി ! അത്രമേല്‍ വെറുക്കപ്പെട്ടവനായി മാറിയിരുന്നു ഈദി അമീന്‍ എന്ന ഉഗാണ്ടയുടെ പ്രസിഡന്റ് . പിടിച്ചു നില്‍ക്കാനാവാതെ ഈദി അമീന്‍ ലിബിയ വഴി സൗദി അറേബ്യയിലേയ്ക്ക് ഓടി രക്ഷപെട്ടുവെന്നതാണ് ചരിത്രം . എന്നാല്‍ ജര്‍മന്‍ നാസിപ്പട സോവിയറ്റ് യൂണിയനെ അക്രമിച്ചപ്പോള്‍ റഷ്യക്കാര്‍ നാസിപ്പടയോടൊപ്പം ചേരുകയല്ല ചെയ്തത്. സ്റ്റാലിന്റെ പിന്നില്‍ കൂറോടെ അവര്‍ അണിനിരന്നു. നാസി ജര്‍മനിയ്‌ക്കെതിരെ ജീവന്‍ നല്‍കി പോരാടി. രണ്ടര കോടിയിലധികം മനുഷ്യരാണ് അന്നവിടെ മരിച്ചുവീണത്. റഷ്യയൊന്നടങ്കം ഒരേ മനസോടെ പൊരുതി നാസികളെ തോല്‍പിച്ചോടിച്ചു.

കൊടും ക്രൂരനും ജനവിരുദ്ധനുമായ ഒരു ഏകാധിപതിയായിരുന്നു സ്റ്റാലിനെങ്കില്‍ ഈദി അമീന് സംഭവിച്ചതു പോലെ സ്വന്തം ജനത ശത്രുപക്ഷത്ത് ചേര്‍ന്ന് സ്റ്റാലിനെയും തുരത്തേണ്ടതായിരുന്നില്ലേ ? കൊടുംക്രൂരനും ജനവിരുദ്ധനുമായ ഒരാളെ ഒഴിവാക്കാന്‍ കിട്ടുന്ന അവസരം ജനങ്ങള്‍ പാഴാക്കുമോ ?

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയപ്പെട്ട കവി ശ്രീ. ഒ എന്‍ വി കുറുപ്പ് സ്വകാര്യ സംഭാഷണത്തിനിടയില്‍ അദ്ദേഹത്തിന്റെ ഒരനുഭവം പങ്കുവെയ്ക്കുകയുണ്ടായി.കവി സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ പാതയോരത്തിരുന്ന് ഒരു പടുവൃദ്ധന്‍ സ്റ്റാലിന്റെ ചിത്രമുള്ള കലണ്ടറുകള്‍ വില്‍ക്കുന്നത് കാണുന്നു. ആ വൃദ്ധന്റെ സമീപത്തു ചെന്ന ഒ എന്‍ വി സ്റ്റാലിനെക്കുറിച്ച് കേട്ടിട്ടുള്ള ക്രൂരതയുടെ കഥകളെപ്പറ്റി വൃദ്ധനോട് ചോദിച്ചു. പെട്ടന്ന് ക്ഷുഭിതനായി പൊട്ടിത്തെറിച്ച ആ വൃദ്ധന്‍ കയ്യില്‍ സ്റ്റാലിന്റെ ചിത്രവുമായി ഇരുന്നിടത്തു നിന്നും ചാടിയെണീറ്റ് പറഞ്ഞുവത്രെ

' നിങ്ങള്‍ക്കെന്തറിയാം സ്റ്റാലിനെക്കുറിച്ച് .... മരം കോച്ചുന്ന തണുപ്പത്ത് വൈദ്യതിയില്ലാതെ , കഴിയ്ക്കാന്‍ ഒരു കഷണം റൊട്ടിയില്ലാതെ ഞങ്ങള്‍ നരകിച്ച ആ കാലം ..... നാസികളുടെ കയ്യില്‍ നിന്ന് ഞങ്ങളെയും രാജ്യത്തെയും രക്ഷിച്ചത് ഈ മനുഷ്യനാണ് ' . അതു പറയുമ്പോള്‍ ആ വൃദ്ധന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നുവത്രെ.

ഇപ്പോള്‍ കാലമേറെ കടന്നു പോയി . സ്റ്റാലിന്റെ കാലം കഴിഞ്ഞു. സോവിയറ്റ് യൂണിയന്‍ ഇല്ലാതെയായി. കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളെല്ലാം ഒന്നു ചേര്‍ന്ന് നുണപ്രചാരവേലയുടെ കൊടുങ്കാറ്റു തന്നെ സൃഷ്ടിച്ചു. പക്ഷേ ഇക്കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ റഷ്യയില്‍ പലയിടങ്ങളിലായി ഒരു ഡസനില്‍ പരം സ്റ്റാലിന്‍ പ്രതിമകളാണ് പുതുതായി സ്ഥാപിയ്ക്കപ്പെട്ടത്. കഴിഞ്ഞ കൊല്ലമാണ് പടിഞ്ഞാറന്‍ റഷ്യയിലെ വോള്‍ഗാതീരത്തെ വന്‍നഗരമായ നിഷ്‌നിനൊവോഗോറോഡില്‍ സ്റ്റാലിന്റെ പ്രതിമ സ്ഥാപിച്ചത് . സൈബീരിയന്‍ നഗരമായ നോവോസിബിര്‍സ്‌കിലും ആഘോഷപൂര്‍വം സ്റ്റാലിന്‍ പ്രതിമ സ്ഥാപിച്ചത് ഈയടുത്താണ്. ജോര്‍ജിയയിലെ സ്റ്റാലിന്‍ സ്‌ക്വയറില്‍ പ്രതിമ സ്ഥാപിച്ചത് ഒരു സ്വതന്ത്ര സ്വഭാവമുള്ള സംഘടനയാണ്. ഏറ്റവും പുതിയ വാര്‍ത്ത റഷ്യയിലെ 70 ശതമാനം പേരും സ്റ്റാലിനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന സര്‍വ്വേയുടെ വിവരങ്ങളാണ്. വര്‍ഷം ചെല്ലുംതോറും സ്റ്റാലിന്റെ ജനപ്രീതി റഷ്യയില്‍ വര്‍ദ്ധിയ്ക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1991ലെ സോവിയറ്റ് തകര്‍ച്ചയുടെ കാലത്ത് വിപ്ലവകാരികളുടെ പ്രതിമകള്‍ തകര്‍ക്കുന്നത് വലിയ വാര്‍ത്തയാക്കിയ മലയാള മാധ്യമങ്ങള്‍ക്ക് ഇപ്പോഴത്തെ മാറ്റങ്ങള്‍ അറിഞ്ഞ മട്ടില്ല. പ്രതിമ തകര്‍ക്കുന്നത് അറിഞ്ഞാല്‍ മതി. സ്ഥാപിയ്ക്കുന്നത് അറിയണ്ട എന്നു തന്നെ! .

ഏതായാലും ഒരു ക്രൂരനായ ഏകാധിപതിയോട് ഈ വിധമാണോ ജനങ്ങള്‍ പെരുമാറുക എന്ന ചോദ്യം പ്രസക്തമാണ്. 1953 ല്‍ സ്റ്റാലിന്‍ അന്തരിച്ചപ്പോള്‍ പണ്ഡിറ്റ് നെഹ്രുവിന്റെ പ്രസ്താവന മാതൃഭൂമി പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു.

' സമാധാനത്തിനു വേണ്ടി നിലകൊണ്ട യോദ്ധാവ് ' എന്നായിരുന്നു നെഹ്രുവിന്റെ വാക്കുകള്‍. ലോകസമാധാനം നിലനിര്‍ത്താന്‍ സോവിയറ്റ് യൂണിയനും സ്റ്റാലിനും വഹിച്ച പങ്ക് ഇന്നത്തെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് അറിയില്ലെങ്കിലും നെഹ്രുവിന് അറിയാമായിരുന്നു. ഇന്ത്യയുടെ കാര്‍ഷിക വ്യാവസായിക മേഖലകള്‍ പിച്ചവെച്ചത് സോവിയറ്റ് യൂണിയന്റെ സഹായത്തോടെയായിരുന്നു. രാജ്യപുരോഗതിയ്ക്ക് ഇന്ത്യയെന്നും സോവിയറ്റ് യൂണിയനോടും സ്റ്റാലിനോടും കടപ്പെട്ടിരിയ്ക്കുന്നുവെന്നതിന് ചരിത്രം സാക്ഷി.

പണ്ഡിറ്റ് നെഹ്രു മാത്രമല്ല അറിവും അനുഭവവുമുള്ള കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കൊന്നും സ്റ്റാലിന്റെ കാര്യത്തില്‍ കേരളത്തിലെ ഇപ്പോഴത്തെ നേതാക്കന്‍മാരുടെ അഭിപ്രായമായിരുന്നില്ല.

മലയാളത്തിന്റെ അഭിമാനമായ കവി ശ്രീ. വള്ളത്തോള്‍ നാരായണമേനോന്‍ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനായിരുന്നല്ലോ. 1927 ലെ മദ്രാസ് AICC സമ്മേളനത്തിലും , 1928 ലെ കല്‍ക്കത്ത AlCC സമ്മേളനത്തിലും പ്രതിനിധിയായി പങ്കെടുത്തയാളാണ് വള്ളത്തോള്‍. മഹാത്മാഗാന്ധിയെ ഗുരുവായി സ്വീകരിച്ച വള്ളത്തോളിന്റെ 'എന്റെ ഗുരുനാഥന്‍' വായിക്കാത്താവരുണ്ടാവില്ല. മാഹാത്മാഗാന്ധിയെ ഇത്രമാത്രം ഭക്ത്യാദരപൂര്‍വം പരിചയപ്പെടുത്തുന്ന മറ്റൊരു കവിതയുണ്ടാവുമോയെന്ന് സംശയമാണ്.

'പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെ'ന്നാണ് ഗാന്ധിജിയെ വള്ളത്തോള്‍ വിശേഷിപ്പിയ്ക്കുന്നത്. പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ച വള്ളത്തോള്‍ സ്റ്റാലിനെ വിശേഷിപ്പിച്ചത് 'മഹാരത്‌ന' മെന്നാണ്. സ്റ്റാലിന്റെ മരണത്തെത്തുടര്‍ന്ന് വള്ളത്തോളെഴുതിയ കവിതയിലൊരു വരി ഇങ്ങിനെയായിരുന്നു.

'തൂകുക , കണ്ണീരിന്ത്യേ: വേറെയില്ലല്ലോ , സ്റ്റാലിന്‍ '! .

മറ്റൊരു സ്റ്റാലിന്‍ ഇനിയില്ലല്ലോ എന്നോര്‍ത്ത് ഇന്ത്യ കരയട്ടെയെന്ന് കവി പറയുന്നു. വള്ളത്തോള്‍ സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച് അവിടുത്തെ സാഹചര്യങ്ങളെല്ലാം നേരിട്ട് മനസിലാക്കിയ ആളായിരുന്നു. നെഹ്രു മുതല്‍ വള്ളത്തോള്‍ വരെയുള്ളവരെ ഇക്കാരണത്താല്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍

ഇനിയെന്താണ് ചെയ്യുകയെന്ന് ആശങ്കപ്പെടേണ്ടിയിരിയ്ക്കുന്നു.

സ്റ്റാലിന്‍ മരിയ്ക്കുന്നതിന് തൊട്ടുമുമ്പാണ് തമിഴകത്തിന്റെ നേതാവായ കരുണാനിധിയ്ക്ക് ഒരു മകന്‍ പിറന്നത്. സ്റ്റാലിനോടുള്ള സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിയ്ക്കാനായി കരുണാനിധി തന്റെ മകന് സ്റ്റാലിന്‍ എന്ന് പേരിട്ടു. ആ സ്റ്റാലിനാണ് ഇന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി . രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്ത് സാധാരണക്കാരായ ജനകോടികള്‍ സ്റ്റാലിനെ തങ്ങളുടെ നേതാവായി ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരുന്നുവെന്നതാണ് സത്യം . മുതലാളിത്ത ശക്തികളുടെ ആവര്‍ത്തിയ്ക്കുന്ന പ്രചരണഘോഷവും യാഥാര്‍ത്ഥ്യവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല.

സോവിയറ്റ് യൂണിയന്‍ ഒരു വന്‍ ശക്തിയായി വളര്‍ന്നത് സ്റ്റാലിന്റെ നേതൃത്വത്തിലായിരുന്നു. അമേരിക്കന്‍ മേധാവിത്വത്തിന് വെല്ലുവിളിയായി സോവിയറ്റ് യൂണിയന്‍ മാറുകയും അമേരിക്കയുടെ ലോകപോലീസ് ചമയല്‍ നടക്കാതാവുകയും ചെയ്തതോടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കമ്യൂണിസ്റ്റ് വിരുദ്ധ പ്രചരണത്തിന്റെ സംഘടിത നീക്കമാണുണ്ടായത്. വിവിധ രാഷ്ട്രങ്ങളും മാധ്യമങ്ങളും ഏജന്‍സികളുമെല്ലാം അണിനിരന്ന പ്രചരണ യുദ്ധം ലോകത്തിന്റെ മുന്നില്‍ നിരവധി കെട്ടുകഥകള്‍ വാര്‍ത്തകളാക്കി അവതരിപ്പിച്ചിട്ടുണ്ട്.

അമേരിക്ക കേന്ദ്രമായുള്ള അതിവിപുലമായ മാധ്യമ ശൃംഖലയുടെ അധിപന്‍ വില്യം റാന്‍ഡോള്‍ഫ് ഹെര്‍സ്റ്റ്

കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുടെ ആദ്യകാല സംഘാടകനായിരുന്നു. മഞ്ഞപ്പത്രങ്ങളുടെ പിതാവെന്നറിയപ്പെടുന്ന ഹെര്‍സ്റ്റ് 1934ല്‍ ജര്‍മനി സന്ദര്‍ശിയ്ക്കുകയും ഹിറ്റ്‌ലറുമായി സൗഹൃദം സ്ഥാപിയ്ക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഹെര്‍സ്റ്റിന്റെ പത്രങ്ങളിലും മറ്റു പ്രസിദ്ധീകരണങ്ങളിലുമായി സോവിയറ്റ് യൂണിയനും സ്റ്റാലിനുമെതിരായ നിരന്തര ആക്രമണത്തിന് തുടക്കമിട്ടു. അക്കാലത്ത് ഹെര്‍സ്റ്റ് പ്രസിന്റെ പ്രസിദ്ധീകരണങ്ങളില്‍ കത്തിയും പിടിച്ചു നില്‍ക്കുന്ന സ്റ്റാലിന്റെ കാര്‍ട്ടൂണ്‍ പതിവായിരുന്നത്രെ. ഹിറ്റ്‌ലറുടെ വലംകയ്യായിരുന്ന ഹെര്‍മന്‍ ഗോറിങ്ങിന്റെ കമ്യൂണിസ്റ്റ് വിരുദ്ധ ലേഖന പരമ്പര ഹെര്‍സ്റ്റിന്റെ പത്രത്തില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയതും ഇക്കാലത്താണ്. ഉക്രയിനിലെ ക്ഷാമത്തെക്കുറിച്ചുള്ള വന്‍ പ്രചാരവേലയും ഇക്കാലത്തരംഭിച്ചു. കമ്യൂണിസ്റ്റുകാര്‍ ബോധപൂര്‍വമുണ്ടാക്കിയ ക്ഷാമമാണെന്നും 6 ദശലക്ഷം പേര്‍ പട്ടിണി കിടന്ന് മരിച്ചുവെന്നുമായിരുന്നു പ്രചാരണം .

തുടര്‍ന്നിങ്ങോട്ട് ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുടെ ഊര്‍ജ്ജ സ്രോതസ് ഹെര്‍സ്റ്റ് പ്രസിന്റെ നുണക്കഥകളായിരുന്നു.

ലോക രാഷ്ട്രങ്ങളിലെ കമ്യൂണിസ്റ്റ് സ്വാധീനം തകര്‍ക്കാനായി പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് സീക്രട്ട് സര്‍വീസായ ഐ ആര്‍ ഡി (Information Research Department) യിലെ ഏജന്റായിരുന്ന റോബര്‍ട്ട് കോണ്‍ക്വസ്റ്റ് പില്‍ക്കാലത്ത് 'ദ ഗ്രേറ്റ് ടെറര്‍' എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തിലും ഉക്രയ്ന്‍ ക്ഷാമം കമ്യൂണിസ്റ്റുകാര്‍ സൃഷ്ടിച്ചതാണെന്നും 6 ദശലക്ഷം മനുഷ്യര്‍ പട്ടിണി കിടന്നു മരിച്ചെന്നുമുള്ള ഹെര്‍സ്റ്റിന്റെ പ്രചരണം ആവര്‍ത്തിച്ചു. 1986 ല്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിനായി റോബര്‍ട്ട് കോണ്‍ക്വസ്റ്റ് രചിച്ച ' ഹാര്‍വെസ്റ്റ് ഓഫ് സോറോസ് ' എന്ന പുസ്തകത്തില്‍ ഉക്രയിനിലെ ക്ഷാമത്തില്‍ മരിച്ചവരുടെ എണ്ണം 15 ദശലക്ഷമാണ്. അതായത് ആദ്യ പുസ്തകത്തില്‍ 6 ദശലക്ഷം എന്നെഴുതിയത് അടുത്ത പുസ്തകത്തിലെത്തിയപ്പോള്‍ 15 ദശലക്ഷമായി വളര്‍ന്നു !!! ഇതാണ് അക്കാലത്തെ സോവിയറ്റ് വിരുദ്ധ നുണകളുടെ പൊതു സ്വഭാവം . സമാന ഉള്ളടക്കമുള്ള നിരവധി പുസ്തകങ്ങള്‍ അമേരിക്കന്‍ സഹായത്തോടെ പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട്. സാമ്രാജ്യത്വ താല്‍പര്യങ്ങളാല്‍ രചിയ്ക്കപ്പെട്ട ചില കമ്യൂണിസ്റ്റ് വിരുദ്ധ നുണപ്പുസ്തകങ്ങള്‍ ഇപ്പോഴും പൊക്കിപ്പിടിച്ച് നടക്കുന്നവര്‍ കേരളത്തിലുമുണ്ട്.

ഇത്തരം സംഘടിത നുണപ്രചാരവേലയെ വസ്തുതാപരമായി തുറന്നു കാണിയ്ക്കുന്നതാണ് കനേഡിയന്‍ മാധ്യമപ്രവര്‍ത്തകനായ ഡഗ്ലസ് ടോറ്റ്‌ലെ 1987 ല്‍ പ്രസിദ്ധീകരിച്ച ' ഫ്രോഡ് , ഫെമിന്‍ ആന്റ് ഫാസിസം ദി ഉക്രെയിന്‍ ജെനോസൈഡ് മിത്ത് ഫ്രം ഹിറ്റ്‌ലര്‍ റ്റു ഹാര്‍വാഡ് ' എന്ന പുസ്തകം. സോവിയറ്റ് യൂണിയനും സ്റ്റാലിനുമെതിരായി വില്യം ഹെര്‍സ്റ്റിന്റെ അമേരിക്കന്‍ മാധ്യമ ശൃംഖലയും കോണ്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ളവരുടെ സംഘടിത നീക്കവും തുറന്നു കാണിച്ചത് ഈ പുസ്തകമായിരുന്നു.

വില്യം ഹെര്‍സ്റ്റിന്റെ മാധ്യമങ്ങളില്‍ ഉക്രയിനില്‍ നിന്നുള്ള വാര്‍ത്തകളും ചിത്രങ്ങളും അവിടെ നിന്നും സ്ഥിരമായി കൊടുത്തു കൊണ്ടിരുന്നത് തോമസ് വാക്കര്‍ എന്ന മാധ്യമ പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ തോമസ് വാക്കര്‍ എന്ന പേരില്‍ ഒരാള്‍ ഉണ്ടായിരുന്നില്ല. കൊളറാഡോ ജയിലില്‍ നിന്നും രക്ഷപെട്ട റോബര്‍ട്ട് ഗ്രീന്‍ എന്ന ഒരു തടവു പുളളിയായിരുന്നു ആള്‍മാറാട്ടം നടത്തിയത്. ഇയാളാവട്ടെ ജീവിതത്തിലൊരിയ്ക്കലും ഉക്രയ്ന്‍ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല !! .

തുടക്കത്തില്‍ പറഞ്ഞ ഇപ്പോഴത്തെ വാര്‍ത്തയ്ക്കാധാരമായ ഒഡേസയിലെ ജൂതക്കശാപ്പില്‍ നാസികൊള്‍ക്കൊപ്പം പങ്കാളികളായ യുദ്ധക്കുറ്റവാളികളെ പിടികൂടുകയും നാടുകടത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍പെട്ട മൈക്കോല ലേബെഡിനെ CIA രക്ഷിച്ചെടുത്ത് അമേരിക്കയില്‍ കൂടിയിരുത്തി . ഇവരെയൊക്കെ ഉദ്ധരിച്ചാണ് പല സോവിയറ്റ് വിരുദ്ധ കഥകളും പിന്നീട് അടിച്ചിറക്കിയത്.

ലെനിന്‍ഗ്രാഡിലെ പാര്‍ട്ടി നേതാവായിരുന്ന കിറോവ് (സെര്‍ഗേയ് മിറോനോവിച്ച് കോസ്ത്‌റികോവ്) കൊല്ലപ്പെട്ട സംഭവത്തിലും പിന്നില്‍ സ്റ്റാലിനാണെന്ന പ്രചാരണം ശക്തമായിരുന്നു. സ്റ്റാലിന്റെ കാലശേഷം ക്രൂഷ്‌ചേവിന്റെ ഘട്ടത്തില്‍ സ്റ്റാലിന്‍ വിരുദ്ധത അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. ഒടുവില്‍ ഗോര്‍ബച്ചേവിന്റെ കാലത്ത് കിറോവ് വധത്തിലെ സ്റ്റാലിന്റെ പങ്ക് കണ്ടെത്താനായി അലക്‌സാണ്ടര്‍ യാക്കലേവിന്റെ നേതൃത്വത്തില്‍ പ്രത്യേക കമീഷനെ നിയോഗിച്ചു. 2 വര്‍ഷം അന്വേഷണം നടത്തിയിട്ടും സ്റ്റാലിന് എന്തെങ്കിലും പങ്കുള്ളതായി കണ്ടെത്താനായില്ല. കേട്ടുകേള്‍വികള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമപ്പുറം വസ്തുതകളും തെളിവുകളും തിരഞ്ഞിറങ്ങുമ്പോള്‍ കഥ മാറുന്നതാണ് അനുഭവം .

സോവിയറ്റ് യൂണിയന്റെ ആദ്യ കാലത്ത് പ്രതിസന്ധികളുടെ നടുവിലാണ് ലെനിന്റെ മരണശേഷം സ്റ്റാലിന്‍ അധികാരമേല്‍ക്കുന്നത്. അക്കാലത്ത് പ്രതിവിപ്ലവനീക്കങ്ങള്‍ ശക്തമായിരുന്നു. 1930ല്‍ പോലും 10 ശതമാനത്തിലധികം ഉദ്യോഗസ്ഥര്‍ സാര്‍ ഭരണ കാലത്തുള്ളവര്‍ തന്നെയായിരുന്നു. സോവിയറ്റ് യൂണിയനെ അട്ടിമറിയ്ക്കാനും രാഷ്ട്രത്തെ ശിഥിലമാക്കാനുമുള്ള നീക്കങ്ങള്‍ നടക്കുന്ന ഒരു ഘട്ടത്തില്‍ ശക്തമായ നടപടികളിലൂടെയാണ് സ്റ്റാലിന്‍ വെല്ലുവിളികളെ തകര്‍ത്ത് സോവിയറ്റ് യൂണിയനെ ലോകത്തിന്റെ മുന്‍നിരയിലെത്തിച്ചത്. അട്ടിമറിയ്ക്ക് ശ്രമിച്ചവരും രാജ്യത്തിന്റെ ശത്രുക്കളും പിടിയ്ക്കപ്പെടുകയും ശിക്ഷിയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

സോവിയറ്റ് യൂണിയനെ ശത്രുക്കളില്‍ നിന്നും സംരക്ഷിയ്ക്കാന്‍ ഇഛാശക്തിയോടെ കടുത്ത നടപടികള്‍ സ്വീകരിച്ചു എന്നതുകൊണ്ട് സ്റ്റാലിന്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനാവുന്നില്ല. ആരും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല. യുദ്ധകാല സാഹചര്യങ്ങളെ നേരിടാനുള്ള കര്‍ശന നടപടികള്‍ സാഹചര്യങ്ങള്‍ മാറിയിട്ടും തുടര്‍ന്നു എന്നതുള്‍പ്പെടെ പ്രസക്തമായ വിമര്‍ശനങ്ങള്‍ സ്റ്റാലിനെതിരായുണ്ട്. സ്റ്റാലിന്റെ സംഭാവനകളെ വിലമതിയ്ക്കുമ്പോള്‍ തന്നെ സ്റ്റാലിന്റെ പിശകുകളും ദയാരഹിതമായും സൂക്ഷ്മമായും വിലയിരുത്തപ്പെടണം. വിമര്‍ശിയ്ക്കപ്പെടണം. അതിന് ആരും എതിരല്ല. സ്റ്റാലിനെയും ആ കാലഘട്ടത്തെയും കുറിച്ച് കൂടുതല്‍ ഗൗരവമുള്ള പഠന ഗവേഷണങ്ങള്‍ ഇനിയും ഉണ്ടാവുന്നതിലും അപാകതയില്ല. വിമര്‍ശനങ്ങള്‍ക്കതീതമായ രാഷ്ട്രീയത്തിലെ ആള്‍ ദൈവ സംസ്‌കാരത്തെ സ്റ്റാലിന്‍ തന്നെ എതിര്‍ത്തിട്ടുള്ളതാണ്.

ഓരോ കാലഘട്ടത്തെയും ചരിത്ര സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ വസ്തുതാപരമായി പരിശോധിയ്ക്കുകയും പഠിയ്ക്കുകയുമാണ് ചെയ്യേണ്ടത്. അതിന് പകരം അന്ധമായ കമ്യൂണിസ്റ്റ് വിരോധം മൂലം സമനില തെറ്റിയതുപോലെ ഏത് കുഴിയില്‍ നിന്നു കിട്ടിയ അസ്ഥികൂടമായാലും അത് സ്റ്റാലിന്റെ തലയില്‍ വെയ്ക്കാന്‍ ശ്രമിയ്ക്കുന്നത് നീച രാഷ്ട്രീയമാണ്. സത്യത്തിന്റെയും ചരിത്ര വസ്തുതകളുടെയും ശത്രുപക്ഷത്താണ് ഇത്തരക്കാര്‍ നിലയുറപ്പിച്ചിട്ടുള്ളത്.

യഥാര്‍ത്ഥത്തില്‍ ക്രൂരതയും മനുഷ്യ വിരുദ്ധതയും കൊലപാതകങ്ങളും എതിര്‍ക്കപ്പെടണമെന്ന നിലപാടുള്ളവരാണോ കേരളത്തിലെ വലതുപക്ഷവും നമ്മുടെ മാധ്യമങ്ങളും ?

ഒഡേസയിലെ ജൂതക്കുഴിമാടം തപ്പിയിറങ്ങിയവര്‍ ഒരിയ്ക്കലെങ്കിലും വിയറ്റ്‌നാമില്‍ കാര്‍പ്പറ്റ് ബോംബിങ്ങ് നടത്തിയ രാസായുധ പ്രയോഗത്താല്‍ തലമുറകളെ കരിച്ചു കളഞ്ഞ ഐസന്‍ ഹോവറും നിക്‌സനുമൊക്കെ ക്രൂരന്മാരാണെന്നു പറഞ്ഞിട്ടുണ്ടോ ? നിമിഷ നേരം കൊണ്ട് ലക്ഷങ്ങള്‍ പിടഞ്ഞൊടുങ്ങിയ അണുബോംബ് വര്‍ഷത്തിനുത്തരവിട്ട ഹാരി എസ് ട്രൂമാന്‍ ക്രൂരനാണെന്ന് ഏതെങ്കിലും ഒരു മലയാള പത്രം എഴുതിയിട്ടുണ്ടോ ?

അമേരിക്കയുടെ കൊടും ക്രൂരതകള്‍ക്കെതിരെ ഏതെങ്കിലും ഒരു വലതുപക്ഷ നേതാവ് പ്രസംഗിയ്ക്കുന്നത് കേട്ടിട്ടുണ്ടോ ?

ആയിരക്കണക്കിന് സിഖുകാരെ കഴുത്തറുത്തു കൊന്ന ഡല്‍ഹിയിലെ ചോരയുടെ മണമുള്ള ദിനങ്ങള്‍ മറക്കാറായിട്ടില്ല. ഡല്‍ഹിയിലെ പാതയോരങ്ങളിലും അഴുക്കുചാലിലുമായി ഗ്യാലണ്‍ കണക്കിന് മനുഷ്യരക്തം തളം കെട്ടി നില്‍ക്കുമ്പോള്‍ കുന്നുകൂടിയ സിഖ് സഹോദരങ്ങളുടെ ശവശരീരത്തെ നോക്കി 'വന്മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്ന് ' പ്രസംഗിച്ച നേതാവിന്റെ ക്രൂരതയെക്കുറിച്ച് ഇന്നോളം ആരെങ്കിലും ഒരു വാക്ക് ഉരിയാടിയിട്ടുണ്ടോ ? ആ നേതാവിന്റെ ചിത്രം സ്വന്തം പാര്‍ട്ടി ഓഫീസില്‍ തൂക്കിയിട്ട ശേഷം ജൂതക്കുഴിമാടത്തിലെ അസ്ഥികൂടവുമായി സ്റ്റാലിനെ തേടിയിറങ്ങിയവരുടെ സമാധാന പ്രസംഗം ഗംഭീരം തന്നെ.

ഇന്ത്യന്‍ ഏകാധിപത്യ വാഴ്ചയുടെ മുഖമായ 'പെണ്‍ ഹിറ്റ്‌ലറു'ടെ ക്രൂരതകളെക്കുറിച്ച് ആരെങ്കിലും ഉല്‍ക്കണ്ഠാകുലരായിട്ടുണ്ടോ ?

സ്വതന്ത്ര ഭാരതത്തിലെ മിക്ക വര്‍ഗ്ഗീയ കലാപങ്ങളും കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലായിരുന്നു. നൂറുകണക്കിന് മനുഷ്യര്‍ അരുംകൊല ചെയ്യപ്പെടുമ്പോള്‍ കലാപങ്ങള്‍ക്ക് കുട പിടിച്ച കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ ക്രൂരത എങ്ങനെയാണ് ചരിത്രത്തില്‍ നിന്ന് മായ്ക്കാനാവുക ?

കാലത്തിന് മായ്ക്കാനാവാത്ത ചോരക്കറ പുരണ്ട കൈപ്പത്തിയുമായി ഇന്ത്യന്‍ ജനതയുടെ മനസാക്ഷിക്കോടതിയിലെ പ്രതിക്കൂട്ടിലാണ് കോണ്‍ഗ്രസിന്റെ സ്ഥാനം . ഇതെല്ലാം തന്ത്രപൂര്‍വം മറച്ചു പിടിച്ച് സ്റ്റാലിനെതിരെയുള്ള സാമ്രാജ്യത്വ പ്രചാരവേലയുടെ ചട്ടുകങ്ങളായി സ്വയം അവതാരമെടുക്കുന്നവരെ ചരിത്രം എങ്ങനെയാവും വിലയിരുത്തുക. ?

മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഹീനമായ ആക്രമണങ്ങളെ നേരിട്ടാണ് ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിയ്ക്കുന്നത്. ഏണസ്റ്റ് ഥേല്‍മാന്‍ ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ കാമ്പിലാണ് രക്തസാക്ഷിയായത്. മദന്‍ ഭണ്ഡാരിയും , ക്രിസ് ഹാനിയും , പാട്രിസ് ലിമുംബയുമെല്ലാം അരുംകൊല ചെയ്യപ്പെട്ടവരാണ്. ലക്ഷക്കണക്കിന് വിപ്ലവകാരികളുടെ ചോര വീണ് ആര്‍ദ്രമായ ഭൂമിയില്‍ ചവുട്ടി നില്‍ക്കുമ്പോള്‍ കൊലപാതകങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് തോന്നുന്നുവെങ്കില്‍ മനുഷ്യരായി പിറന്നവര്‍ക്ക് എങ്ങിനെയാണ് നരഹത്യകളുടെ രക്ത ഗന്ധിയായ ഭൂതകാലം മാത്രം കൈമുതലായുള്ള അമേരിക്കയോട് നിശബ്ദത പാലിക്കാനാവുക ?

എങ്ങനെയാണ് ലോകമെങ്ങും ദശലക്ഷങ്ങളെ ഇന്നും പട്ടിണിയ്ക്കിട്ടു കൊല്ലുന്ന മുതലാളിത്തത്തോട് സന്ധി ചെയ്യാനാവുക ? എങ്ങനെയാണ് വംശീയതയുടെയും ഭീകരതയുടെയും വെടിയുണ്ടകള്‍ക്കു മുന്നില്‍ ചലനമറ്റു വീഴുന്ന മനുഷ്യരെ കണ്ടില്ലെന്ന് നടിയ്ക്കാനാവുന്നത് ?

സ്റ്റാലിനെ കേന്ദ്രീകരിച്ചുള്ള പ്രചാരവേലയ്ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. ഇത് സ്റ്റാലിന്‍ എന്ന ഒരു ഭരണാധികാരിയ്‌ക്കെതിരായ നീക്കമല്ല . സ്റ്റാലിനെയും സോവിയറ്റ് യൂണിയനേയും അതുവഴി സോഷ്യലിസമെന്ന പ്രത്യയശാസ്ത്രത്തെയും ഇകഴ്ത്തുക . ചോരയില്‍ മുക്കി അവതരിപ്പിയ്ക്കുക. സോഷ്യലിസത്തെ തെറ്റിദ്ധാരണകളില്‍ പൊതിഞ്ഞു വെയ്ക്കുക. മുതലാളിത്തത്തിന് ബദലില്ലെന്ന് സ്ഥാപിയ്ക്കുക. മുതലാളിത്ത ചൂഷണത്തിന് മുന്നോട്ടു പോകാന്‍ സോഷ്യലിസത്തിന്റെ സാധ്യതകളെപ്പോലും മാറ്റി നിര്‍ത്തേണ്ടതുണ്ട്. മുതലാളിത്തത്തിന്റെ ബദല്‍ സാധ്യതാന്വേഷണങ്ങളില്‍ നിന്ന് സമൂഹത്തെ തടയാന്‍ സോഷ്യലിസത്തെ ഭയാശങ്കകളുടെയും ദുരൂഹതയുടെയും ശവക്കുഴികളില്‍ തള്ളിയിട്ടേ മതിയാവൂ. ഇത് മുതലാളിത്തത്തിന്റെ തന്ത്രമാണ്.

ഒരിയ്ക്കല്‍ സ്റ്റാലിന്‍ മൊളട്ടോവിനോട് ചോദിച്ചുവത്രെ 'എന്റെ മരണാനന്തരം എന്താണ് സംഭവിയ്ക്കുകയെന്ന് പറയാമോ ' മൊളട്ടോവ് മറുപടി പറയുന്നതിന് മുമ്പ് സ്റ്റാലിന്‍ തുടര്‍ന്നു 'നിശ്ചയമായും എനിയ്ക്കറിയാം . എന്റെ ശവകുടീരത്തിനു മേല്‍ നുണകളുടെ ഒരു വന്‍കൂമ്പാരം കുമിഞ്ഞുകൂടുമെന്ന് . പക്ഷേ ചരിത്രത്തില്‍ ആഞ്ഞുവീശുന്ന സത്യത്തിന്റെ കാറ്റില്‍ ആ നുണകളുടെ കൂമ്പാരം തകര്‍ന്നു പോവുക തന്നെ ചെയ്യും' . ഒഡേസയിലെ നുണക്കൂമ്പാരത്തെ തകര്‍ക്കാന്‍ മണിയ്ക്കൂറുകള്‍ക്കകം സത്യത്തിന്റെ കാറ്റ് വീശിയ കാഴ്ചയാണിപ്പോള്‍ നവ മാധ്യമങ്ങളില്‍ ദൃശ്യമായത്.

വിറയാര്‍ന്ന കൈകള്‍ കൊണ്ട് ഒരു കപ്പ് വെള്ളം കുടിയ്ക്കാന്‍ പോലുമാവാത്ത സ്റ്റാന്‍ സ്വാമിയെ ഭരണകൂടവും നീതിപീഠവും ചേര്‍ന്ന് നിശബ്ദമാക്കിയ കാലത്ത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭീകരതയ്‌ക്കെതിരെ സംഘപരിവാര്‍ ഭീകരതയ്‌ക്കെതിരെ ഒരക്ഷരം ഉരിയാടാന്‍ തയ്യാറാവാത്തവര്‍, മഹാത്മാഗാന്ധിയ്ക്ക് അഭിമുഖമായി സവര്‍ക്കറുടെ ചിത്രം പാര്‍ലമെന്റില്‍ സ്ഥാപിയ്ക്കുന്നതിന് മൂകസാക്ഷിയായി നിന്നവര്‍... അവരാണ് ഉക്രയിനിലെ ഹിറ്റ്‌ലറുടെ കൂട്ടക്കൊല സ്റ്റാലിന്റെ പേരിലെഴുതാന്‍ വെമ്പുന്നത്. ഇത്തരക്കാര്‍ മനുഷ്യവംശത്തിന് ഭീഷണിയാണ്.

Next Story

Popular Stories