Top

'പെണ്‍കുട്ടിയെ കാലിന് മുകളില്‍ കാല്‍ കയറ്റിവെക്കാന്‍ അനുവദിക്കുന്ന തമിഴും, മലയാളത്തിന്റെ ഡിങ്കിരി ഡിങ്കാലയും'

ഇവിടെ കയ്യൂക്ക് ഉള്ളവന്‍ കാര്യം നേടും. അവര്‍ ഒടിടിക്ക് സിനിമ വില്‍ക്കും. വേണമെങ്കില്‍ സ്വന്തം തീയേറ്ററില്‍ ഫാന്‍സിന് സിനിമ കാണിക്കുകയും ചെയ്യും

9 Nov 2021 3:48 AM GMT
എന്‍ പി അനൂപ്

പെണ്‍കുട്ടിയെ കാലിന് മുകളില്‍ കാല്‍ കയറ്റിവെക്കാന്‍ അനുവദിക്കുന്ന തമിഴും, മലയാളത്തിന്റെ ഡിങ്കിരി ഡിങ്കാലയും
X

എന്ത് കൊണ്ട് മലയാളത്തില്‍ 'ജയ് ഭീം' പോലെ ഒരു സിനിമ ഉണ്ടാകുന്നില്ല.. കഴിഞ്ഞ ദിവസങ്ങളില്‍ മലയാളി സോഷ്യല്‍ മീഡിയ ഫീഡുകളില്‍ നിറഞ്ഞ സംവാദങ്ങള്‍ ഉത്തരം തേടിയ ചോദ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. ഉത്തരം വെരി സിംപിള്‍. മലയാള സിനിമ വ്യവസായത്തിന് അതൊന്നും താല്‍പര്യമില്ല.

മലയാളി സിനിമ ആരാധകര്‍ക്ക് ഇപ്പഴും 'ദിങ്കിരി ഡിങ്കാലെ' മതി എന്നാണ് ഇവിടത്തെ മൂത്തതും ഇളയതും ആയ സിനിമക്കാരുടെ ഇപ്പോഴുമുള്ള വിശ്വാസം. രാവിലെ ഉമ്മറത്ത് കസേരയില്‍ പത്രം വായിച്ചിരുന്ന നായകന് മുന്നില്‍ 'കാലിന് മുകളില്‍ കാല്‍ കയറ്റി വച്ച് ഇരിക്കാന്‍' ദളിത് പെണ്‍കുട്ടിയെ അനുവദിച്ച നിലയില്‍ തമിഴ് സിനിമ മാറി ചിന്തിച്ചു തുടങ്ങി. എന്നാല്‍ ഇങ്ങ് മലയാളത്തില്‍ ബെല്‍ബോട്ടം പാന്റും ഹൈ ഹീല്‍ ഷൂസും' ഇടുന്നവള്‍ ഇന്നും 'കുതിര പോലെ കൂത്താടുന്നവള്‍' ആണ്. സ്ത്രീ വിരുദ്ധത നിറഞ്ഞ് തുളുമ്പുകയാണ് വരികളില്‍. പാടുന്നത് മറ്റാരും അല്ല, മലയാളത്തിലെ പ്രമുഖ യുവ നടന്‍. അതായത് പറഞ്ഞു വരുന്നത് നമ്മള്‍ ഇപ്പോഴും 'പണ്ടത്തെ തെങ്ങില്‍ തന്നെ' ആണ് എന്നാണ്. മരക്കാര്‍ എന്ത് കൊണ്ട് തീയേറ്റര്‍ റിലീസ് ചെയ്യുന്നില്ല എന്നതാണ് നമ്മുടെ പ്രശ്‌നം. മരക്കാര്‍ കാണേണ്ട, പഠിക്കേണ്ട സിനിമ ആണ് എന്ന് ഇന്‍ഡസ്ട്രി ഭരിക്കുന്ന പ്രമുഖര്‍ പറഞ്ഞു സ്ഥാപിക്കുകയാണ്.

എന്നാല്‍ വളരെ ലളിതമായി വലിയ സന്ദേശം പങ്കുവയ്ക്കുന്ന ചെറിയ സിനിമകള്‍ ഇവിടത്തെ ചര്‍ച്ചക്കാര്‍ മനഃപൂര്‍വം മറക്കും. ഒരു കുടുംബത്തിലെ രാഷ്ട്രീയം നന്നായി തന്നെ ലളിതമായി പറഞ്ഞ തിങ്കളാഴ്ച നിശ്ചയം എന്ന് കുഞ്ഞു സിനിമ വന്ന് പോയത് പോലും പലരും അറിഞ്ഞില്ല. മരക്കാര്‍ തീയേറ്ററില്‍ വന്നിലെങ്കില്‍ നഷ്ടം ആണ് എന്ന് മനസിലാക്കി വ്യവസായികളെ അങ്ങോട്ട് ചെന്ന് ചര്‍ച്ചക്ക് വിളിച്ച സിനിമ മന്ത്രി തിങ്കളാഴ്ച നിശ്ചയം എന്ന് സിനിമ ഇറങ്ങിയത് പോലും അറിഞ്ഞില്ല എന്ന് തോന്നുന്നു. ഇല്ലെങ്കില്‍ എന്ത് കൊണ്ട് ഇത്തരം സിനിമക്ക് സര്‍ക്കാര്‍ തീയേറ്ററില്‍ പ്രദര്‍ശനം എന്ന വാഗ്ദാനം മുന്നോട്ട് വെക്കുന്നില്ല.

ഇവിടെ കയ്യൂക്ക് ഉള്ളവന്‍ കാര്യം നേടും. അവര്‍ ഒടിടിക്ക് സിനിമ വില്‍ക്കും. വേണമെങ്കില്‍ സ്വന്തം തീയേറ്ററില്‍ ഫാന്‍സിന് സിനിമ കാണിക്കുകയും ചെയ്യും. മന്ത്രി വിളിച്ച ചര്‍ച്ച ബഹിഷ്‌കരിക്കും, എതിര്‍ സ്വരം ഉയര്‍ത്തുന്ന സംഘടന പിളര്‍ത്തും, ആരാണ് ചോദിക്കാന്‍ ഉള്ളത്. എല്ലാം നല്ല സിനിമക്ക് വേണ്ടി അല്ലേ. ചുളുവില്‍ പ്രമോഷന്‍ നടത്താന്‍ ആണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് ചിലര്‍ പറയുന്നു.. എന്തൊരു ദുഷ്ടന്‍ മാരാണ്. അങ്ങനെ ഒന്നും ചിന്തിച്ച് പോലും കാണില്ല ആ നിര്‍മ്മാതാവ്...

വിഷയത്തില്‍ നിന്നും മാറി.. അതായത് ഞങ്ങള്‍ കുറ്റവാളികളെ നായകന്‍ ആക്കി സിനിമ ഉണ്ടാക്കും. പക്ഷേ ദളിത് പീഡനം വിഷയം ആക്കുബോള്‍ വില്ലന്‍ സ്ഥാനത്തും ഒരു ദളിതന്‍ വേണം. എന്നാലേ ബാലന്‍സ് ആവുകയുള്ളൂ. അഗ്രഹരത്തിലെ പട്ടിനിയോര്‍ത്ത് വിഷമിച്ച് സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്ന ആളുകള്‍ ഉണ്ടാകുമ്പോള്‍ അങ്ങനെ ബാലന്‍സ് ചെയ്യണം. അല്ലാതെ പറ്റില്ല. പിന്നെ കേരളത്തിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒരു ദളിത് ഗവേഷക ക്ക് ജാതി വിവേചനം നേരിട്ടത്തിന്റെ പേരില്‍ നിരാഹാരം ഇരിക്കേണ്ടി വന്നത് എല്ലാം ഒറ്റപ്പെട്ട സംഭവം മാത്രമാണ്. വെറും ആരോപണം.

അപ്പൊള്‍ നമ്മള്‍ ജയ് ഭീമിലെ സെങ്കിനിയുടെയും ചന്ദ്രു വക്കീലിന്റെയും പോരാട്ടത്തെ പുകഴ്ത്തി പറയും. ദളിത് ഗവേഷകയുടെ സമരത്തെ സംശയത്തോടെ നോക്കും. അതിലെ ശരി തെറ്റുകള്‍ കടുകിട കീറി പരിശോധന നടത്തും. ജയ് ഭീമിലെ പുരോഗമന ആശയങ്ങളെ പുകഴ്ത്തും ഒപ്പം, ഡിങ്കിരി ഡിങ്കാലെയിലെ സ്ത്രീ വിരുദ്ധത ആസ്വദിക്കും. 'കെട്ടിവച്ച മുടി അഴിച്ചിടാന്‍'പറയുന്ന നായകന്റെ പ്രണയ ചേഷ്ടകള്‍ ഉദാത്തമാക്കി ആസ്വദിക്കും. അപ്പോഴും ചര്‍ച്ച തുടരാം എന്ത് കൊണ്ട് ജയ് ഭീം പോലെ ഒരു സിനിമ ഇവിടെ വരുന്നില്ല എന്ന്.

Next Story

Popular Stories