ഇന്ത്യൻ ഒറിജിനലുകളുടെ ഓസ്കർ; ഇത്തവണത്തേത് മികച്ച നേട്ടം
ആഗോള തലത്തിൽ ഇന്ത്യൻ സിനിമകൾ മാർക്കറ്റ് ചെയ്യപ്പെടേണ്ടത് എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാഹരണമാണ് ഇത്തവണത്തെ ഓസ്കർ
13 March 2023 4:00 PM GMT
ഗൗരി പ്രിയ ജെ

സാഹിത്യത്തിന് നൊബേൽ പോലെയാണ് ലോകസിനിമയ്ക്ക് അക്കാദമി പുരസ്കാരങ്ങൾ. ദക്ഷിണ ഏഷ്യൻ കലാകാരന്മാർക്കും ചലച്ചിത്ര പ്രവർത്തകർക്കും അഭിമാന നേട്ടങ്ങൾ സാധ്യമായ വേദിയായിരുന്നു 95-ാമത് ഓസ്കർ ചടങ്ങുകൾ. 11 നോമിനേഷനുകളോടെയാണ് 'എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ്' ഓസ്കാറിൽ മാറ്റുരച്ചത്. പ്രവചനങ്ങൾക്ക് അനുസൃതമായി, മികച്ച ചിത്രവും മികച്ച സംവിധായകനും ഉൾപ്പെടെ ഏഴ് അക്കാദമി പുരസ്കാരങ്ങൾ ചിത്രം സ്വന്തമാക്കി. മിഷേൽ യോ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിക്കൊണ്ട് ഓസ്കർ ചരിത്രത്തിൽ പുതിയ അധ്യായം തീർക്കുകയായിരുന്നു. ബ്രെൻഡൻ ഫ്രേസറിന്റെ തിരിച്ചുവരവിന് ലഭിച്ച അംഗീകാരം കൂടിയായിരുന്നു മികച്ച നടനായുള്ള പുരസ്കാര നേട്ടം.
പൂർണ്ണമായും സ്വന്തം പ്രൊഡക്ഷനിൽ ഒരുങ്ങിയ ചിത്രം ഓസ്കർ സ്വന്തമാക്കുന്ന ചരിത്ര നിമിഷമായിരുന്നു ഇന്ത്യയ്ക്ക് ഇത്തവണ. ഒപ്പം ഇന്ത്യൻ സംസ്കാരത്തെയും വേരുകളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വേദിയായി നേട്ടങ്ങൾ. മികച്ച ഡോക്യുമെൻ്ററി ഹ്രസ്വ ചിത്ര വിഭാഗത്തിൽ 'ദ എലിഫൻ്റ് വിസ്പറേഴ്സ്' പുരസ്കാരം സ്വന്തമാക്കിയപ്പോൾ പ്രതീക്ഷ വച്ച "നാട്ടു നാട്ടു"വും നിരാശപ്പെടുത്തിയില്ല. ഓസ്കർ വേദിയൊന്നാകെ ഹർഷാരവങ്ങളോടെയാണ് നാട്ടു നാട്ടുവിനെ വരവേറ്റത്. ഓസ്കർ ഏറ്റുവാങ്ങിക്കൊണ്ട് വേദിയിൽ എലിഫെൻ്റ് വിസ്പറേഴ്സ് സംവിധായിക കാർത്തികി ഗോൺസാൽവ് നടത്തിയ പ്രസംഗം ഇന്ത്യൻ വേരുകളെ സ്മരിക്കുന്നതായിരുന്നു. ശേഷം നിർമ്മാതാവ് ഗുനീത് മോംങ്ക നടത്തിയ ട്വീറ്റിൽ, രണ്ട് സ്ത്രീകൾ ഒരുക്കിയ കഥയ്ക്ക് ലഭിച്ച സ്വീകാര്യതയിൽ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യൻ സിനിമയുടെ ഭാവി സുരക്ഷിതമാണെന്ന് വികാരഭരിതയായി.
ലോകത്തെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ സിനിമ നിർമ്മാതാക്കളും നിലവിൽ ഏറ്റവുമധികം സിനിമകൾ നിർമ്മിക്കുന്ന രാജ്യവുമാണ് ഇന്ത്യ. ലോകസിനിമകൾക്കിടയിൽ സജീവ ചർച്ചയാകാൻ മുൻപും ഇന്ത്യൻ സിനിമകൾക്ക് സാധിച്ചിട്ടുണ്ട്.
1929ൽ തുടങ്ങിയ ഓസ്കർ പുരസ്കാരങ്ങളിൽ രാജ്യം സാന്നിധ്യം അറിയിക്കുന്നത് 1983ൽ 'ഗാന്ധി' സിനിമയിലെ വസ്ത്രാലങ്കാരത്തിന് ഭാനു അതയ്യയിലൂടെയാണ്. 1992ലെ ഓസ്കറിൽ ആജീവനാന്ത സേവനങ്ങൾക്ക് സത്യജിത് റേ ആദരിക്കപ്പെട്ടു. ജീവന് വേണ്ടി പൊരുതുന്നതിനിടെ അക്കാദമി തന്നെ നേരിട്ടെത്തി ആദരിക്കുകയായിരുന്നു അദ്ദേഹത്തെ. 2009ൽ സ്ലം ഡോഗ് മില്ല്യണെയറിലെ "ജെയ് ഹോ" എന്ന ഗാനത്തിന് എ ആർ റഹ്മാനും സിനിമയിലെ ശബ്ദമിശ്രണത്തിന് റസൂൽ പൂക്കുട്ടിയും പുരസ്കാരത്തിന് അർഹരായി. പിന്നീട് നീണ്ട 13 വർഷങ്ങൾക്കിപ്പുറമാണ് ഇന്ത്യയ്ക്ക് അഭിമാനമായ ചരിത്ര നേട്ടങ്ങൾ.
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ നേട്ടങ്ങൾ പൂർണ്ണമായും ഇന്ത്യൻ സിനിമയ്ക്ക് സ്വന്തവും ഇന്ത്യൻ സംസ്കാരത്തിന് ലോകം നൽകിയ അംഗീകാരവുമാണ്. കൊളോണിയലിസം മുഖ്യ പ്രമേയമാകുന്ന ആർആർആറിലെ 'നാട്ടു നാട്ടു' തെലുങ്കരുടെ തദ്ദേശീയ നൃത്തരൂപത്തിലൂടെ അവർ നടത്തിയ ചെറുത്തു നിൽപ്പിൻ്റെ അടയാളം കൂടിയായിരുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലെ ഇടപഴകലിന്റെ സ്വാഭാവികതയും തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന്‍-ബെല്ല ദമ്പതികളുടെ ജീവിതവുമാണ് എലിഫന്റ് വിസ്പറേഴ്സ് സംസാരിക്കുന്നത്.
'ഒറിജിനൽ' എന്ന് വിശേഷിപ്പിക്കാവുന്ന സെലക്ഷൻ ആണ് ഇത്തവണത്തെ ഓസ്കർ നേട്ടത്തിന് പിന്നിൽ. ആഗോള തലത്തിൽ ഇന്ത്യൻ സിനിമകൾ മാർക്കറ്റ് ചെയ്യപ്പെടേണ്ടത് എങ്ങനെയായിരിക്കണം എന്നതിന്റെ ഉദാഹരണം കൂടിയാണ് നേട്ടങ്ങൾ. ആർആർആറിന്റെ പ്രൊഡക്ഷനും നെറ്റ്ഫ്ലിക്സ് പോലൊരു ഒടിടി ഭീമന്റെ പിന്തുണയും ഇരു ചിത്രങ്ങൾക്കും തുണയായിട്ടുണ്ട്. ഹിന്ദിയല്ലാതെ പ്രാദേശിക ഭാഷാ ചിത്രങ്ങൾ ഓസ്കറിന് പരിഗണിക്കപ്പെടുന്ന അപൂർവ്വം അവസരങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇത്തവണത്തെ ഓസ്കർ.
Story Highlights: India in Oscars 2023, Analysis