Top

ഞാനറിയുന്ന ചെറിയാൻ ഫിലിപ്പ്

ചെറിയാന്റെ രാഷ്ട്രീയ നിലപാടുകളെ വിമർശിക്കുമ്പോഴും വ്യക്തിപരമായി അദ്ദേഹത്തെ ആക്രമിക്കാതിരിക്കാൻ ചെറുപ്പക്കാരായ ഞങ്ങൾ ഓരോരുത്തരും ശ്രദ്ധിച്ചത് അദ്ദേഹം തന്നെ പഠിപ്പിച്ച പാഠങ്ങൾ ഓർത്തത് കൊണ്ടായിരുന്നു

21 Oct 2021 6:53 AM GMT
ഡോ. എസ് എസ് ലാല്‍

ഞാനറിയുന്ന ചെറിയാൻ ഫിലിപ്പ്
X

ചെറിയാൻ ഫിലിപ്പിനെ വളരെ അടുത്തറിയാൻ അവസരം കിട്ടിയിട്ടുള്ള ഒരാളാണ് ഞാൻ. വലിയ നേതാവായിരിക്കുമ്പോഴും വൃക്തികളുമായി ഒരു പരിധിക്കപ്പുറം അടുക്കാത്ത നേതാവായിരുന്നു ചെറിയാൻ. ഒരു കാലത്ത് സ്വന്തം വ്യക്തിത്വത്തിനും ഇമേജിനും പോറലേൽക്കാതിരിക്കാൻ കൃത്യമായി ശ്രദ്ധിച്ചിരുന്ന നേതാവ്. അതുകൊണ്ടാണ് ചെറിയാനുമായി അടുക്കാൻ കഴിഞ്ഞത് ഒരു പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത്. രാഷ്ട്രീയമായി തുടങ്ങിയ ബന്ധം ഒടുവിൽ സ്വകാര്യ - കുടുംബ ഡോക്ടർ എന്ന നിലയിൽ വരെ എത്തി.

1981 - ലാണ് ഞാൻ ചെറിയാനെ ആദ്യമായി അടുത്ത് കണ്ടത്. യൂണിവേഴ്സിറ്റി കോളേജിൽ ഞാൻ ചെയർമാനായി മത്സരിക്കുമ്പോൾ കെ.എസ്.യു സ്ഥാനാർത്ഥികൾക്കായി പ്രസംഗിക്കാൻ വന്നപ്പോൾ. മെഡിക്കൽ കോളേജിൽ പഠിച്ചപ്പോഴും ആ ബന്ധം തുടർന്നു.

1987-ൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നപ്പോൾ ഞാൻ കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗമായിരുന്നു. അന്ന് ചെറിയാനും സെനറ്റിൽ ഉണ്ട്‌. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അന്ന് സി.പി.എം - നെ രാഷ്ട്രീയമായി തീർത്തും വെട്ടിലാക്കിയ ഒരു പ്രക്ഷോഭം നടന്നിരുന്നു. യൂണിവേഴ്സിറ്റിയുടെ കുറച്ചധികം ഭൂമി എ.കെ.ജി സെന്റർ കൈയേറിയെന്ന വിവാദത്തെത്തുടർന്നുള്ള പ്രക്ഷോഭം. യു.ഡി.എഫ് മന്ത്രിസഭ അനുവദിച്ചു നൽകിയ ഭൂമി കൂടാതെ യൂണിവേഴ്സിറ്റിയുടെ ഭൂമി കൂടി സി.പി.എം കൈയേറി എന്നതായിരുന്നു വിവാദ വിഷയം. ചെറിയാന്റെ നേതൃത്വത്തിൽ ഒരുപാട് നാൾ ആ വിഷയം കേരളത്തിൽ കത്തി നിന്നു. യൂണിവേഴ്സിറ്റി സെനറ്റിലും അതിന്റെ മാറ്റൊലികൾ ഉണ്ടായി. എന്നെപ്പോലെയുള്ള കെ.എസ്.യു പ്രതിനിധികളായ സെനറ്റ് അംഗങ്ങളെ ചെറിയാൻ ആ പ്രക്ഷോഭത്തിൽ അണിചേർത്തു. സംഘടനാ ശേഷിയും കായികശക്തിയും ഒരുപോലെയുള്ള സി.പി.എം - നെതിരെ രാഷ്ടീയ യുദ്ധം നടത്താൻ കഴിയുമെന്ന് ചെറിയാൻ ഞങ്ങൾക്കു മുന്നിൽ തെളിയിക്കുകയായിരുന്നു. ഒരു വിഷയം എങ്ങനെ കൃത്യമായും വിശദമായും പഠിച്ച് അവതരിപ്പിക്കണമെന്ന കാര്യത്തിൽ ചെറിയാൻ അന്ന് ഞങ്ങൾക്ക് മാതൃകയായി.

മെഡിസിൻ പാസായിക്കഴിഞ്ഞപ്പോൾ ചെറിയാൻ നയിച്ച കേരള ദേശീയ വേദിയുടെ മെഡിക്കൽ കൺവീനറായി അദ്ദേഹം എന്നെ ഉൾപ്പെടുത്തി. ആ ഉത്തരവാദിത്വവും വലിയ അനുഭവമായിരുന്നു.

പിന്നീട് ശ്രീ. എ.കെ. ആന്റണി പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ഞങ്ങൾ സ്ഥിരമായി കണ്ടുമുട്ടിയിരുന്നു.

ചെറിയാന്റെ 'കാൽ നൂറ്റാണ്ട്' പുസ്തക പ്രകാശന ചടങ്ങിൽ ഇ.എം.എസ് ചെറിയാനെ പ്രശംസിച്ച് സംസാരിച്ച വരികൾ ഇന്നും മനസിലുണ്ട്. കോൺഗ്രസുകാരെക്കൊണ്ട് നിറഞ്ഞിരുന്ന സെനറ്റ് ഹാളിന് അതൊരു പുതിയ അനുഭവമായിരുന്നു. രാഷ്ട്രീയമായി എതിർ ചേരികളിൽ നിൽക്കുമ്പോഴും വ്യക്തിപരമായി പരസ്പര ബഹുമാനം വേണ്ടതിന്റെ പാഠങ്ങൾ. ചെറിയാൻ ഇ.എം.എസ് - നെ ക്ഷണിച്ചതും ഇ.എം.എസ് അവിടെ വന്നതും ഉദാത്ത മാതൃകകളായി.

താൻ ആഗ്രഹിച്ച അസംബ്ലി സീറ്റ് കിട്ടാത്ത രോഷത്തിൽ ഒരു സുപ്രഭാതത്തിൽ രാഷ്ടീയ നിലപാട് മാറ്റി ചെറിയാൻ എൽ.ഡി.എഫ് പിന്തുണയോടെ പുതുപ്പള്ളിയിൽ ശ്രീ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചപ്പോൾ കോൺഗ്രസുകാർ ഒന്നടങ്കം അന്തംവിട്ടു നിന്നു പോയി. ചെറിയാനിൽ നിന്നും രാഷ്ട്രീയത്തിന്റെ പാഠങ്ങൾ - ആദർശത്തിന്റെയും മര്യാദയുടെയും പാഠങ്ങൾ - പഠിച്ച ഞങ്ങൾ ഒരുപാട് പേർ വല്ലാതെ ദുഃഖിച്ചു. എന്നെപ്പോലെയുള്ളവർക്ക് അതൊരു വലിയ മനോവേദനയായിരുന്നു.

ചെറിയാന്റെ രാഷ്ട്രീയ നിലപാടുകളെ വിമർശിക്കുമ്പോഴും വ്യക്തിപരമായി അദ്ദേഹത്തെ ആക്രമിക്കാതിരിക്കാൻ ചെറുപ്പക്കാരായ ഞങ്ങൾ ഓരോരുത്തരും ശ്രദ്ധിച്ചത് അദ്ദേഹം തന്നെ പഠിപ്പിച്ച പാഠങ്ങൾ ഓർത്തത് കൊണ്ടായിരുന്നു. പിന്നീട് കൈരളി ടെലിവിഷനിൽ ഉൾപ്പെടെ വന്ന് അദ്ദേഹം ശ്രീ. എ.കെ ആന്റണിയെയും ശ്രീ. ഉമ്മൻ ചാണ്ടിയെയും ഒക്കെ കടന്നാക്രമിച്ചപ്പോഴും അതേ നിലവാരത്തിൽ ഞങ്ങൾ മറുപടി പറയാതിരുന്നതും ഒന്നും വിളിച്ചു പറയാതിരുന്നതും അദ്ദേഹം കൂടി പഠിപ്പിച്ച രാഷ്ട്രീയ മാന്യത കാരണമായിരുന്നു. പിന്നെ ഒരു കാലത്ത് അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നതു കൊണ്ടും.

ഇടതുമുന്നണിയുടെ ഭാഗമായിക്കഴിഞ്ഞിട്ടും ഞങ്ങൾ പലരുമായും ചെറിയാൻ വ്യക്തി ബന്ധം സൂക്ഷിച്ചു. കെ.റ്റി.ഡി.സി - യിൽ ഒക്കെ അദ്ദേഹം ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചപ്പോൾ കോൺഗ്രസുകാർക്കും പ്രാപ്യനായിരുന്നു. സുതാര്യമായ ഇടപാടുകളിൽ മാത്രം ഞങ്ങളും അദ്ദേഹത്തെ സമീപിച്ചിരുന്നു. ആവശ്യപ്പെട്ട കാര്യങ്ങളിൽ അദ്ദേഹം ഇടപെടൽ നടത്തുകയും ചെയ്തു.

രാഷ്ട്രീയ ചുവടുമാറ്റം നടത്തിയതിന് ശേഷം അദ്ദേഹത്തെ കാണുമ്പോൾ ഒരിക്കലും രാഷ്ട്രീയം സംസാരിക്കാതിരിക്കാൻ ഞാനും ശ്രമിച്ചിരുന്നു. രണ്ടു വശത്തും വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കാനായി. പിന്നീട് ഒരുപാട് നാൾ ഞങ്ങൾ നേരിൽ കണ്ടിരുന്നില്ല. ഇടയ്ക്ക് ഫോണിൽ സംസാരിക്കുമായിരുന്നു.

വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സെക്രട്ടേറിയറ്റിന്റെ നോർത്ത് ബ്ലോക്കിൽ കണ്ടുമുട്ടിയപ്പോൾ താഴത്തെ നിലയിലെ അദ്ദേഹത്തിന്റെ ഓഫീസിലേയ്ക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി. അദ്ദേഹം അർഹിക്കുന്ന സ്ഥാനം ലഭിച്ചിരിക്കുന്ന സന്തോഷം വാക്കുകളിൽ നിഴലിച്ചു. എങ്കിലും ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. നീണ്ട സംഭാഷണത്തിൽ ഒരിക്കൽപ്പോലും സി.പി.എം - നെ ചെറിയാൻ 'എന്റെ പാർട്ടി' എന്ന് വിശേഷിപ്പിച്ചില്ല. ഇടയ്ക്ക് പല പ്രാവശ്യം 'സി.പി.എം പാർട്ടി' എന്ന് പറഞ്ഞത് ഞാൻ ശ്രദ്ധിച്ചു. എങ്കിലും ചെറിയാനെ വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ ഒന്നും ഞാൻ ചോദിച്ചില്ല.

കഴിഞ്ഞ മാസം ചെറിയാൻ എന്നെ ഫോണിൽ വിളിച്ചിരുന്നു. അടിയന്തിര ചികിത്സ ആവശ്യമായ ഒരു വൃദ്ധന് ഒരു ആശുപത്രിയിൽ മുറി സംഘടിപ്പിക്കാനായി. അദ്ദേഹത്തിന് നേരിട്ട് പരിചയമില്ലാത്ത ഒരു രോഗിക്ക് വേണ്ടി. ഞാനത് ചെയ്തു കൊടുത്തു. സാധാരണക്കാരായ മനുഷ്യരുടെ അടിയന്തിരാവശ്യങ്ങളിൽ ഇടപെടാൻ ചെറിയാൻ ഇപ്പോഴും സമയം കണ്ടെത്തുന്നതിൽ മതിപ്പ് തോന്നി. അതിന് ശേഷം ഒരു പ്രാവശ്യം ഫോണിൽ സംസാരിച്ചപ്പോൾ ഒരുപാട് വർഷങ്ങൾ ഞാൻ മാറ്റിവച്ച ആ ചോദ്യം അന്ന് ചെറിയാനോട് ചോദിച്ചു. പാർട്ടിയിലേയ്ക്ക് മടങ്ങി വരില്ലേ എന്ന്. ചെറിയാൻ അതിന് മറുപടി നൽകി. എന്തായിരുന്നു മറുപടിയെന്ന് ഇവിടെ എഴുതുന്നില്ല. ചെറിയാൻ അനുവദിക്കുകയാണെങ്കിൽ പിന്നീട് എഴുതാം.

ചെറിയാന്റെ രാഷ്ട്രീയ നിലപാടുകൾ മാറുന്നുവെന്ന തരത്തിൽ ഒരുപാട് ചർച്ചകൾ അടുത്ത കാലത്തായി നടക്കുന്നുണ്ട്. ചെറിയാൻ പ്രഖ്യാപിച്ച യൂട്യൂബ് ചാനൽ ഇന്ന് വലിയ വാർത്തയായിക്കഴിഞ്ഞു. അതാണ് ഇത്രയും എഴുതാൻ പ്രേരണയായത്.

ഒരു കാര്യം പറയാം. ചെറിയാൻ ഇടതുപക്ഷത്ത് നിൽക്കുമ്പോഴും ഉള്ളിൽ കോൺഗ്രസുകാരനായിരുന്നു. വ്യക്തിപരമായി ഇടപെടുമ്പോൾ അതായിരുന്നു അനുഭവം. ശരീര ഭാഷയും ശബ്ദവും പഴയത് തന്നെ. എന്നാൽ രാഷ്ട്രീയ രംഗത്ത് താനർഹിച്ച സ്ഥാനങ്ങൾ ലഭിക്കാതെ പോയപ്പോൾ പ്രമുഖ കോൺഗ്രസ് നേതാക്കളെ ആക്രമിച്ച രീതി ചെറിയാൻ തന്നെ പ്രചരിപ്പിച്ച കോൺഗ്രസ് മാതൃകയായിരുന്നില്ല. അക്കാര്യത്തിലാണ് ചെറിയാനോട് ഞങ്ങൾക്ക് എതിർപ്പും വിഷമവും തോന്നിയിട്ടുള്ളത്.

ചെറിയാൻ ഏത് പക്ഷത്ത് നിന്നാലും ചില നല്ല മാതൃകകൾ കളങ്കമില്ലാതെ അദ്ദേഹത്തിൽ ബാക്കി നിൽക്കും. അതിൽ പ്രധാനം മനുഷ്യരോട് നന്നായി പെരുമാറുക എന്നതാണ്. കൂടാതെ, രാഷ്ട്രീയ വിഷയങ്ങൾ അവതരിപ്പിക്കുന്നതിന് മുമ്പ് ഗൃഹപാഠം ചെയ്യേണ്ടതിന്റെ ആവശ്യകതയും.

Next Story

Popular Stories