Top

ജനാധിപത്യ വിരുദ്ധതയുടെ ബുള്‍ഡോസര്‍ കൈകള്‍; 'ബുള്‍ഡോസര്‍ ബാബ'മാര്‍ പ്രതിഷേധങ്ങള്‍ നേരിടുന്ന വിധം

12 Jun 2022 11:25 AM GMT
അരുണ്‍ മധുസൂദനന്‍

ജനാധിപത്യ വിരുദ്ധതയുടെ ബുള്‍ഡോസര്‍ കൈകള്‍; ബുള്‍ഡോസര്‍ ബാബമാര്‍ പ്രതിഷേധങ്ങള്‍ നേരിടുന്ന വിധം
X

അപ്രതീക്ഷിതമായിട്ടായിരുന്നു സന്യാസിയായ രാഷ്ട്രീയക്കാരനായ യോഗി ആദിത്യനാഥ് 2017ല്‍ ഉത്തര്‍പ്രദേശിന്റെ 21ാം മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രിയായ രാജ്‌നാഥ് സിംഗിന്റെ പേര് വരെ ഉയര്‍ന്ന് കേട്ടിരുന്നിടത്താണ് ഗൊരക്പൂരില്‍ നിന്നുള്ള എംപിയായിരുന്ന യോഗി ആദിത്യനാഥ് സംസ്ഥാന മുഖ്യമന്ത്രിയായി എത്തുന്നത്. അന്ന് യോഗി എന്നതിനൊപ്പം തന്നെ മഹാരാജ് എന്നും വിളിപ്പേരുണ്ടായിരുന്ന ഗൊരക്‌നാഥ് മഠത്തിലെ പുരോഹിതന് ഇന്ന് ബുള്‍ഡോസര്‍ ബാബയെന്നുകൂടിയാണ് പേര്.

ക്രിമനലുകളെന്നും മാഫിയകളെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടയാളപ്പെടുത്തുന്നവരുടെ കൈവശമുള്ള വസ്തുവകകള്‍ ഇടിച്ച് നിരപ്പാക്കി സര്‍ക്കാരിലേക്ക് ചേര്‍ക്കുന്നതോടെയാണ് യോഗിക്ക് ഈ പേര് കൂടെ ചാര്‍ത്തിക്കിട്ടുന്നത്. 2022ല്‍ രണ്ടാം തവണയും യോഗി അധികാരത്തിലെത്തിയത് അദ്ദേഹത്തിന്റെ അധികാര പ്രയോഗത്തിന്റെ ചിഹ്നമായ ബുള്‍ഡോസര്‍ കൂടി ഉയര്‍ത്തിക്കാട്ടിയാണ്. മാഫിയകളുടെ പേര് പറഞ്ഞ് ബുള്‍ഡോസര്‍ ഉപയോഗിച്ചു തുടങ്ങിയ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇന്ന് പ്രതിഷേധിച്ചവരേയും സര്‍ക്കാരിനും ഭരിക്കുന്ന പാര്‍ട്ടിക്കും അതിന്റെ പ്രത്യയശാസ്ത്രത്തിനും എതിരായവര്‍ക്ക് ഒന്നാകെ ബുള്‍ഡോസര്‍ പ്രയോഗം നടപ്പിലാക്കുകയാണ്.

പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശത്തിന് പിന്നാലെ യുപിയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ടൈംസ് നൗ ചാനലിലായിരുന്നു ബിജെപി ദേശീയ വക്താവായ നുപുര്‍ ശര്‍മ്മ പ്രവാചകനെതിരായി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്. ഇതിന് പിന്നാലെ വിവിധ ലോക രാജ്യങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ രംഗത്ത് എത്തുകയായിരുന്നു. ഇതേ സമയത്ത് തന്നെയാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും ബിജെപി നേതാവിന്റേയും അത് പ്രചരിപ്പിച്ച ഡല്‍ഹി ബിജെപി ഘടകം മീഡിയാ വിഭാഗം തലവനുമായ നവീന്‍ കുമാര്‍ ജിന്‍ഡാലിനെതിരേയും ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പ്രതിഷേധമുണ്ടാവുന്നത്.

ജൂണ്‍ മൂന്നിനാണ് ബിജെപി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധങ്ങളുടെ തുടക്കം. ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും പൊലീസുകാരടക്കം അനവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും 800ഓളം പേര്‍ക്കെതിരെ കേസ് എടുക്കുന്നതും. കേസില്‍ എഴുപതിലേറെ പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഈ കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരെയാണ് യുപി സര്‍ക്കാരിന്റെ നിയമവിരുദ്ധമായ ബുള്‍ഡോസര്‍ പ്രയോഗം. കേസില്‍ ഉള്‍പ്പെട്ടവരുടെ താമസ സ്ഥലങ്ങളും കടകളും വ്യാപാര സ്ഥാപനങ്ങളും നിലനില്‍ക്കുന്ന കെട്ടിടങ്ങളുമാണ് അനധികൃത നിര്‍മ്മാണം എന്ന് ആരോപിച്ച് ഇടിച്ചു നിരത്തുന്നത്.

കാണ്‍പൂരില്‍ സംഘര്‍ത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ മുഖ്യ ഗൂഢാലോചന കുറ്റം ചുമത്തപ്പെട്ട ഹയാത് ഹാഷ്മിയുടെയും ഇയാളുടെ അടുത്ത ബന്ധുക്കളുടേയും വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ കാണ്‍പൂര്‍ ജില്ലാ ഭരണകൂടം ഇടിച്ചു നിരപ്പാക്കിക്കഴിഞ്ഞു. ഇത് അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയുള്ള സ്വാഭാവിക നടപടിയെന്നാണ് കാണ്‍പൂര്‍ ഡവലെപ്‌മെന്റ് അതോറിറ്റി അറിയിക്കുന്നത്. സഹാരന്‍പൂരിലും ഏറ്റവും ഒടുവില്‍ പ്രയാഗ് രാജിലും 'കുടിയൊഴിപ്പിക്കാന്‍' ബുള്‍ഡോസറുകള്‍ ഇറങ്ങിയെന്നാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകള്‍.

കലാപകാരികളെ ബുള്‍ഡോസര്‍ ഉപയോഗിച്ച് നേരിടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. എല്ലാ വെള്ളിയാഴ്ചയ്ക്ക് ശേഷവും ഒരു ശനിയുണ്ടെന്നാണ് സഹാരന്‍പൂരിലെ കെട്ടിടം തകര്‍ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ് കുമാറിന്റെ ട്വീറ്റ്.

യുപി പൊലീസ് രജിസ്റ്റര്‍ ചെയത് കേസില്‍ മുന്‍ എസ്പി നേതാവ് അറസ്റ്റ് ചെയ്യപ്പെട്ടു എന്നാണ് പുതിയ വിവരം. കാണ്‍പൂരില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയ മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും എംപിയുമായ ഇ ടി മുഹമ്മദ് ബഷീറിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും തിരിച്ച് അയക്കുകയും ചെയ്തിരുന്നു. 'മുഹമ്മദ് നബിയെ നിന്ദിക്കുന്ന പ്രസ്താവനയുടെ പേരില്‍ ഉണ്ടായ പ്രശ്‌നങ്ങളെ വലിയ വര്‍ഗീയ സംഘര്‍ഷത്തില്‍ എത്തിക്കാനും അതുവഴി സമൂഹത്തില്‍ വര്‍ഗീയ വിഭജനം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുമാണ് ആര്‍എസ്എസും അതിന്റെ സംഘടനകളും ശ്രമിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യ വാദികളെല്ലാം ഈ കുത്സിത നീക്കത്തിനെതിരെ ഒരുമിച്ചു നിന്നില്ല എങ്കില്‍ രാജ്യം നീങ്ങുന്നത് വലിയ അപകടത്തിലേക്കാവും', എന്നാണ് സംഭവത്തില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ പ്രതികരണം.

ഇതാദ്യമായല്ല, നിയമപരമായ നടപടികള്‍ക്ക് പകരം വളഞ്ഞ വഴിയില്‍ അടിച്ചമര്‍ത്താന്‍ ഭരണ വര്‍ഗം ബുള്‍ഡോസറുകള്‍ ഉപയോഗിക്കുന്നത്. മധ്യപ്രദേശ് രാമനവമി ദിനത്തിലെ സംഘര്‍ഷത്തിന് പിന്നാലെ ഖര്‍ഗാവില്‍ അനധികൃത കൈയ്യേറ്റങ്ങള്‍ക്ക് നേരെ ബുള്‍ഡോസര്‍ ഉരുണ്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ജഹാംഗീര്‍പുരിയിലും പൗരത്വ സമരത്തിന്റെ പ്രഭവകേന്ദ്രമായ ഷെഹീന്‍ബാഗിലും ഭരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ ബുള്‍ഡോസര്‍ രാജിന് പച്ചക്കൊടി വീശിയിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്രാപ്രദേശില്‍ തെലുങ്ക് ദേശം പാര്‍ട്ടിയുടെ അണ്ണാ ക്യാന്റീന്‍ തകര്‍ക്കാന്‍ അവിടുത്തെ സര്‍ക്കാരും ബുള്‍ഡോസര്‍ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തെലങ്കാനയെ പിടിച്ചുകുലുക്കിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ നടപടിയുണ്ടായില്ലെങ്കില്‍ 'കാര്യങ്ങള്‍ ശരിയാക്കാന്‍' യുപിയില്‍ നിന്ന് ബുള്‍ഡോസര്‍ എത്തുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ ചന്ദ്രശേഖര്‍ റാവു സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

STORY HIGHLIGHTS: Bulldozers politics in Uttar Pradesh after Prophet Remarks row as it razes buildings in Kanpur, Saharanpur and Prayag Raj

Next Story