Top

'ഒരു കടവും ജയന്‍ ബാക്കിവെച്ചില്ല, എന്റെ 150 രൂപ പതിനായിരങ്ങളായി തിരിച്ചുകിട്ടി'; ആലപ്പി അഷ്‌റഫ്

150 ഞാന്‍ കൊടുത്തപ്പോള്‍ പതിനായിരക്കണക്കിന് രൂപയാണ് എനിക്ക് ലഭിച്ചത്. അത് കാണുമ്പോള്‍ കടം വീട്ടിയത് പോലെ എനിക്ക് തോന്നാറുണ്ട്.

16 Nov 2021 7:52 AM GMT
ആലപ്പി അഷറഫ്

ഒരു കടവും ജയന്‍ ബാക്കിവെച്ചില്ല, എന്റെ 150 രൂപ പതിനായിരങ്ങളായി തിരിച്ചുകിട്ടി; ആലപ്പി അഷ്‌റഫ്
X

ജയന്‍ എന്ന നടനുമായുള്ള ഓര്‍മകള്‍ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ്. ശബ്ദാനുകരണവുമായി നടക്കുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. അന്ന് കേരളത്തിലെ ഒരുവിധം എല്ലാ കോളേജുകളിലും പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ ഉള്ള എസ് ഡി കോളേജില്‍ ഒരു പരിപാടി ചെയ്യാന്‍ പോയി. പരിപാടിയുടെ മുഖ്യ അതിഥി നടന്‍ എം ജി സോമന്‍ ആയിരുന്നു. അദ്ദേഹം കത്തി നില്‍ക്കുന്ന സമയം കൂടിയായിരുന്നു അത്.

എംജി പരിപാടികള്‍ക്ക് പോകുമ്പോള്‍ ആരെയെങ്കിലുമൊക്കെ കൂടെ കൊണ്ടുപോകും. അങ്ങനെയാണ് ജയന്‍ അവിടെയെത്തുന്നത്. ജയന്റെ ചില സിനിമകളൊക്കെ കണ്ടിട്ടുള്ളത് കൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തെ പെട്ടെന്ന് മനസ്സിലായി. എന്നാല്‍ അവിടെ കൂടിയിരുന്നവര്‍ക്കൊന്നും ആളെ പിടികിട്ടിയില്ല. കൃഷ്ണന്‍ നായര്‍ എന്ന് അഭിസംബോധന ചെയ്താണ് അദ്ദേഹത്തെ അന്ന് വേദിയിലേക്ക് വിളിച്ചത് പോലും. സോമനൊപ്പം വന്ന വ്യക്തി അത്രമാത്രം.

പക്ഷെ അവിടെയിരിക്കുന്നത് ഒരു നടനാണെന്ന് എനിക്ക് മനസിലായി. മദനോത്സവം സിനിമയിലെ ഡോക്ടര്‍ വേഷം പെട്ടെന്ന് ഓര്‍ത്തെടുത്തു. ചെറിയ വേഷമായിരുന്നുവെങ്കിലും ശബ്ദം ഞാന്‍ ശ്രദ്ധിച്ചിരുന്നു. വളരെ ഗാംഭീര്യമുള്ള ശബ്ദം, പൗരുഷമുള്ള ശബ്ദം...

അങ്ങനെ ആ പരിപാടി അവസാനിച്ചു. എല്ലാവരും തിരികെ പോകാനുള്ള ഒരുക്കങ്ങളിലായി. എനിക്ക് ആലപ്പുഴയ്ക്ക് പോകണം. സോമന് തിരുവല്ലയ്ക്കും പോകണം. ഭാരവാഹികള്‍ അതിനായി കാര്‍ ഒരുക്കിയിരുന്നു. സോമനെ തിരുവല്ലയില്‍ എത്തിച്ച് ചങ്ങനാശ്ശേരി വഴി എന്നെ ആലപ്പുഴയില്‍ കൊണ്ടുപോകാം എന്നായിരുന്നു പദ്ധതി. ഞാന്‍ നോക്കുമ്പോള്‍ സോമന് ചുറ്റും വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടി ഓട്ടോഗ്രാഫും മറ്റു കലാപരിപാടികളുടേയും തിരക്കിലാണ്. എന്നാല്‍ ജയന്‍ ദൂരെ മാറി നില്‍ക്കുകയാണ്. അദ്ദേഹം ചില വിദ്യാര്‍ത്ഥികളോട് എറണാകുളത്തേക്ക് പോകാന്‍ ബസ് കിട്ടുമോ എന്ന് ചോദിക്കുന്നുമുണ്ട്. സമയം വൈകുന്നേരം ആറ് മണി കഴിഞ്ഞതിനാല്‍ ബസ് കിട്ടാന്‍ പ്രയാസമായിരുന്നു.

ഞാന്‍ കോളേജ് ഭാരവാഹികളെ വിളിച്ച് അദ്ദേഹത്തിന് യാത്ര സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അതിഥി അല്ലാത്തതിനാല്‍ യാത്ര സൗകര്യം ഒരുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു മറുപടി. കാര്‍ ഡ്രൈവറോട് തിരുവല്ലയില്‍ സോമനെ ഇറക്കിയ ശേഷം എറണാകുളം വഴി എന്നെ ആലപ്പുഴയില്‍ എത്തിക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചു. അതിന് കോളേജില്‍ നിന്നും തരുന്നതിനേക്കാള്‍ കൂടുതലായി ഞാന്‍ എത്ര രൂപ തരണമെന്നും ചോദിച്ചു. 150 രൂപ തരേണ്ടി വരുമെന്ന് ഡ്രൈവര്‍ പറഞ്ഞു. അന്നത്തെ 150 രൂപ എന്ന് പറഞ്ഞാല്‍ ഇന്നത്തെ 1500 വരും. ഒരു പരിപാടി അവതരിപ്പിച്ചാല്‍ എനിക്ക് അന്ന് 500 രൂപ ലഭിക്കും. അങ്ങനെ ഞാന്‍ പണം നല്‍കാമെന്ന് സമ്മതിച്ചു.

ഒടുവില്‍ ജയന്‍ കാറില്‍ കയറി. തിരുവല്ലയില്‍ സോമനെ ഇറക്കിയ ശേഷം എറണാകുളം വരെ ഞാനും ജയനും ഒന്നിച്ചായിരുന്നു യാത്ര. സിനിമ വിശേഷങ്ങളൊക്കെ ഞാന്‍ തിരക്കി. സിനിമയില്‍ എത്തിയതിനെക്കുറിച്ചും സിനിമ മേഖലയിലെ തൊഴുത്തില്‍ക്കുത്തിനെക്കുറിച്ചും എല്ലാം സംസാരിച്ചു. എല്ലാ ബുദ്ധിമുട്ടുകളും പറഞ്ഞു. അന്ന് അദ്ദേഹം എറണാകുളം റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഒരു ഹോട്ടലിലാണ് താമസിക്കുന്നത്. ഞാന്‍ അദ്ദേഹത്തെ അവിടെ ഇറക്കി.

എന്നാല്‍ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജയന്‍ ഒരു താരമായി വളര്‍ന്നു. കേരളമെമ്പാടുംജയന്‍ തരംഗം ആഞ്ഞടിച്ചു. പിന്നീടൊരിക്കല്‍ ആലപ്പുഴയില്‍ വെച്ച് ഞാന്‍ മോട്ടോര്‍ സൈക്കിളില്‍ വരുകയാണ്. അപ്പോള്‍ ഒരു ഫിയറ്റ് കാര്‍ എന്റെ മോട്ടോര്‍ സൈക്കിളിനോട് ചേര്‍ന്ന് വരുന്നു. ഞാന്‍ വണ്ടി ഒതുക്കി നോക്കിയപ്പോള്‍ സാക്ഷാല്‍ ജയന്‍. അദ്ദേഹം കാറിന്റെ ഗ്ലാസ് താഴ്ത്തി. 'ഞാന്‍ കൊല്ലത്ത് പോവുകയാണ്. അഷറഫിനെ കണ്ട് നിര്‍ത്തിയതാണ്. അന്ന് അഷറഫ് എന്നെ സഹായിച്ചത് ഞാന്‍ എന്നും ഓര്‍ക്കാറുണ്ട്' എന്ന് പറഞ്ഞു. രണ്ട് മിനിറ്റോളം ഞങ്ങള്‍ സംസാരിച്ച ശേഷം പിരിഞ്ഞു. പിന്നീട് അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ കാലമായിരുന്നു.

അവസാനം കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ അപകടം ഉണ്ടായി അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. ആ സമയത്ത് ശബ്ദാനുകരണ കലയില്‍ ഞാന്‍ ശോഭിച്ച് നില്‍ക്കുന്ന സമയമാണ്. പിജെ ആന്റണിക്ക് വേണ്ടി ശബ്ദം നല്‍കിയിട്ടുണ്ട്. കോളിളക്കം, ആക്രമണം, മനുഷ്യമൃഗം, അറിയപ്പെടാത്ത രഹസ്യങ്ങള്‍ ഈ സിനിമകള്‍ക്ക് വേണ്ടി ഞാന്‍ ജയന് ശബ്ദം നല്‍കി. മനുഷ്യമൃഗം ആയിരുന്നു ആദ്യം.

മനുഷ്യമൃഗത്തില്‍ പത്ത് മിനിറ്റോളം അദ്ദേഹം ഡബ് ചെയ്തിരുന്നു. അത് കേട്ട ശേഷം ബാക്കി ഞാന്‍ ചെയ്തു. അതുമുതല്‍ നാല് സിനിമകള്‍ എന്റെ ശബ്ദത്തിലൂടെയാണ് വന്നത്. ആ സിനിമകള്‍ക്ക് നല്ല പ്രതിഫലം തന്നെയാണ് എനിക്ക് ലഭിച്ചത്. അന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് മാക്‌സിമം 1000 രൂപയാണ് പ്രതിഫലം. എന്നാല്‍ 10,000 രൂപ ആണ് എനിക്ക് ലഭിച്ചത്. അന്ന് 150 രൂപ കൊടുത്തപ്പോള്‍ 10000 എനിക്ക് തിരികെ ലഭിച്ചു. ഒരു സിനിമയില്‍ അദ്ദേഹം പറയുന്ന ഡയലോഗുണ്ട് 'ഒരു കടവും ഞാന്‍ ബാക്കി വെക്കില്ല'.

ഒരു മധുര പ്രതികാരം പോലെ ഞാനാണ് അത് ഡബ് ചെയ്തത്. ഒരു കടവും ഞാന്‍ ബാക്കി വെക്കില്ല എന്ന് പറയുമ്പോള്‍ 150 ഞാന്‍ കൊടുത്തപ്പോള്‍ പതിനായിരക്കണക്കിന് രൂപയാണ് എനിക്ക് ലഭിച്ചത്. അത് കാണുമ്പോള്‍ കടം വീട്ടിയത് പോലെ എനിക്ക് തോന്നാറുണ്ട്. അന്ന് ആ ശബ്ദം ജയന്റേത് അല്ല എന്ന് ആരും അറിഞ്ഞില്ല എന്നത് മറ്റൊരു സത്യം. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ആ ശബ്ദം ഞാനാണ് നല്‍കിയത് എന്ന് പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. അത് ഞാന്‍ ആണ് ചെയ്തത് എന്ന് അറിഞ്ഞിരുന്നു എങ്കില്‍ ചിലപ്പോള്‍ കളക്ഷനെ അത് ബാധിച്ചേനെ. പ്രേക്ഷകര്‍ മുന്‍വിധിയോടെ കാണുമായിരുന്നു. അതിനാല്‍ ആ സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ എന്നോട് വെച്ച ഒരേയൊരു ഡിമാന്‍ഡ് ഞാന്‍ ആണ് ഡബ് ചെയ്തത് എന്ന് പുറത്ത് അറിയരുത് എന്ന് മാത്രമായിരുന്നു.

Next Story

Popular Stories