Top

''മൗദൂദിയുടെ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് ദര്‍ശനങ്ങളെ കൂടുതല്‍ അഗ്രസീവായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നു''

''പോപ്പുലര്‍ ഫ്രെണ്ടിനെയും ജമാഅത്തെ ഇസ്ലാമിയെയും കൂടുതല്‍ കൂടുതല്‍ സൂക്ഷിക്കുക എന്നതാണ് സമുദായത്തിന് ചെയ്യാനുള്ളത്.''

23 May 2022 1:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മൗദൂദിയുടെ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് ദര്‍ശനങ്ങളെ കൂടുതല്‍ അഗ്രസീവായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നു
X

പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപകരില്‍ പ്രധാനിയായ ഇ. അബൂബക്കറിന്റെ ആത്മകഥ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കോഴിക്കോട് വെച്ച് പ്രകാശനം ചെയ്തിരുന്നു. പി കോയ അധ്യക്ഷത വഹിച്ച ചടങ്ങില്‍, ജമാഅത്തെ ഇസ്‌ലാമി നേതാവും മാധ്യമം ചീഫ് എഡിറ്ററുമായ ഒ. അബ്ദുറഹ്മാനാണ് അതേറ്റുവാങ്ങിയത്. ജമാഅത്തെ ഇസ്‌ലാമി പ്രസിദ്ധീകരണ വിഭാഗം ഡയറക്ടര്‍ ഡോ കൂട്ടില്‍ മുഹമ്മദലി ചടങ്ങിലെ മറ്റൊരു പ്രധാന അതിഥിയായിരുന്നു. ഈ പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനകുറിപ്പ് ജമാഅത്തെ ഇസ്‌ലാമി മുഖപ്രസിദ്ധീകരണമായ 'പ്രബോധനം' പ്രസിദ്ധീകരിച്ചപ്പോള്‍, വാഴ്ത്തുപാട്ടുകളില്‍ പ്രധാനമായി എണ്ണിയത് ഇ. അബൂബക്കറിന്റെ ജമാഅത്ത് ഭൂതകാലത്തെയും, സിമിയില്‍ നിന്നു പോപ്പുലര്‍ ഫ്രണ്ടിലേക്കുള്ള 'ഇതിഹാസ വളര്‍ച്ച'യെയും കുറിച്ചായിരുന്നു.

വാസ്തവത്തില്‍ രണ്ടു മുഖങ്ങളായി അവതരിക്കുന്നുവെങ്കിലും അര്‍ത്ഥത്തില്‍, ഒരേ ലക്ഷ്യവും വിശ്വാസരീതികളും കൊണ്ടുനടക്കുന്ന സംഘടനകളാണ് ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും. ഇ. അബൂബക്കറോ, പി. കോയയോ ഒക്കെ ആകട്ടെ, ഇവരുടെ ഭൂതകാലം ജമാഅത്തെ ഇസ്‌ലാമിയുടേതാണ്. മൗദൂദിയുടെ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റ് ദര്‍ശനങ്ങളെ കൂടുതല്‍ അഗ്രസീവായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ പോപ്പുലര്‍ ഫ്രണ്ടെന്ന പേരില്‍, ജമാഅത്തെ ഇസ്‌ലാമിയുടെ പല തരം ഭിന്ന മുഖങ്ങളില്‍ ഒന്നായി പ്രവര്‍ത്തിക്കുന്നുവെന്നേഉള്ളൂ എന്ന് സൂക്ഷ്മവായന നടത്തുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്നതാണ്.

രണ്ടും ഉയര്‍ത്തുന്ന വാദങ്ങളും, സ്വീകരിക്കുന്ന പ്രചാരണ രീതികളും ഏതാണ്ട് ഒന്നായികഴിഞ്ഞ സാഹചര്യത്തില്‍ എന്തിനാണ് തമ്മില്‍ ഭേദിച്ചു നില്‍ക്കുന്നത്, ഒന്നായി തന്നെ നിന്നുകൂടെ എന്ന ആരവം മുഴക്കുന്നത് ഇവ രണ്ടിന്റെയും അനുയായികളും അനുഭാവികളും ആണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ കണ്ടു. ജമാഅത്തെ ഇസ്‌ലാമി മനുഷ്യാവകാശ സംഘടനയും, പുരോഗമന സംഘടനയും ആണെന്നു വിചാരിച്ചു, കഥാപ്രസിദ്ധീകരണത്തിനും വേദികളിലെ മനുഷ്യാവകാശ പ്രഭാഷണങ്ങള്‍ക്കും വേണ്ടി തിരക്കുകൂട്ടുന്ന 'സാംസ്‌കാരിക പ്രവര്‍ത്തകര്‍' നിശ്ചയമായും അറിയണം, ഇവ രണ്ടും ഒന്നിച്ചു കാണാനുള്ള അണികളുടെ വാഞ്ജയും ത്വരയും.

കഴിഞ്ഞ കുറേനാളുകളായി പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്‌ലാമി എന്നിവ പുറമേക്ക് പ്രദര്‍ശിപ്പിച്ചിരുന്നു രണ്ടാണെന്ന മുഖം കൃത്യമായി അഴിഞ്ഞുവീഴുന്നുവെന്നത് ഇവരുടെ മാധ്യമങ്ങളും സാമൂഹിക മാധ്യമ പ്രൊഫൈലുകളും ശ്രദ്ധിക്കുന്നവര്‍ക്ക് തിരിഞ്ഞിട്ടുണ്ടാകും.പോപ്പുലര്‍ ഫ്രണ്ടിന്റെ സമ്മേനങ്ങള്‍ക്കാകട്ടെ, ഹിംസയെ മാനിപുലേറ്റ് ചെയ്യുന്ന പത്രസമ്മേളനങ്ങള്‍ക്കോ പരിപാടികള്‍ക്കോ ആകട്ടെ, ദൃശ്യത നല്‍കുന്നത് ജമാഅത്തെ ഇസ്‌ലാമി ചാനലായ മീഡിയ വണ്‍ ആണ്. അതിന്റെ അകത്തിരുന്നു, ഇതേതോ മനുഷ്യാവകാശ പോരാട്ടമാണ് എന്ന് ധരിച്ചിരിക്കുന്ന, സമുദായത്തിന്റെ ഉള്ളിലെ ഈ ഉള്‍പ്പിരിവുകളെക്കുരിച്ചും, പുറമേക്ക് രണ്ടു മുഖമായി നടക്കുകയും ഉള്ളില്‍ പലതരം ഏകതാനതകള്‍ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന പോപ്പുലര്‍ ഫ്രണ്ട് ജമാഅത്തെ ഐഡിയോളജിയെ കുറിച്ചും ധാരണയില്ലാത്ത കഥാകൃത്തോ, അവതാരികയോ, ചാനലില്‍ നടക്കുന്ന പുരോഗമന മഹാ ജേണലിസത്തെക്കുറിച്ചു ഇടയ്ക്കു കസറുന്നത് കാണുമ്പോള്‍ വാസ്തവത്തില്‍ ഊറിച്ചിരിക്കുകയല്ലാതെ നിവൃത്തിയുണ്ടാകാറില്ല.

കേരളത്തിലെ സുന്നി സംഘടനകളില്‍ പ്രധാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്‌ലാമി ഇവിടെ കടന്നുവന്ന അന്ന് മുതല്‍ സ്വീകരിച്ച നിലപാട്, ഇവര്‍ തെറ്റായ വാദങ്ങളുമായി എത്തിയവര്‍ ആന്നെന്നും ഇസ്‌ലാമിനെ അതിന്റെ സത്തകളില്‍ നിന്ന് മാറ്റി രാഷ്ട്രീയ രൂപം മാത്രമാക്കി പരിചയപ്പെടുത്തിയവരും , അങ്ങനെ ഇന്ത്യ പോലുള്ള ബഹുസ്വര രാജ്യത്തെ മുസ്‌ലിം ജീവിതങ്ങളെ അപകടപ്പെടുത്തുന്നവരും ആണ് എന്ന നിലയിലായിരുന്നു. 1950 മുതലുള്ള സുന്നികളുടെ പ്രസിദ്ധീകരണങ്ങള്‍ ആയാലും പ്രഭാഷണങ്ങള്‍ ആയാലും, പ്രധാനമായും കേന്ദ്രീകരിച്ച മേഖല ജമാഅത്തെ ഇസ്‌ലാമിയും, വേറൊരു തരത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസത്തെ സ്ഥാപിക്കാന്‍ പണിയെടുക്കുന്ന സലഫിസവും വലിയ അപകടമാണ് എന്നും, സാധാരണക്കാര്‍ സൂക്ഷ്മത പുലര്‍ത്തണം എന്നും മതപരമായ അടിത്തറയില്‍ നിന്ന് സമര്‍ത്ഥിക്കാനായിരുന്നു. രാഷ്ട്രീയപവും അധികാരപരവും, വിദേശ സഹായങ്ങളുടെയും എല്ലാം സ്വാധീനം ഉണ്ടായിട്ടും പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകളുടെ എണ്ണം കുറഞ്ഞുപോയത് സുന്നി പണ്ഡിതരുടെ ജാഗ്രതയുള്ള ഇടപെടലുകള്‍ കാരണമായിരുന്നു.

ഇവരുടെ വേദികളില്‍ പോലും പോകുന്നത് കണിശമായി വിലക്കിയിരുന്നു ഇരുവിഭാഗം സമസ്തകളും. വിശ്വാസപരമായി അങ്ങേയറ്റം തെറ്റായതും അപകടകരമായതും ആയ വാദങ്ങളുമായി വന്ന ഇവരുടെ കൂടെയുള്ള പങ്കിടലുകള്‍ , സാധാരണ വിശ്വാസികളെ ഇവരെക്കുറിച്ചുള്ള ഗൗരവം കുറയ്ക്കും എന്ന ബോധ്യത്തില്‍ നിന്നായിരുന്നുവത്. എന്നാല്‍, ഈ നിലപാടിന്റെ വൈപുല്യത്തെക്കുറിച്ചു വേണ്ടത്ര മനസ്സിലാക്കാന്‍ നിലവിലെ ലീഗിന് പോലും കഴിയാതെ പോകുന്നു എന്നത് സമുദായത്തിനകത്ത് ഉണ്ടാക്കാന്‍ പോകുന്ന ദുരന്തം വലുതായിരിക്കും. അന്തരിച്ച ബഹു ഹൈദറലി ശിഹാബ് തങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സൗഹൃദ പരിപാടികളില്‍ ഒന്നും പോകാറുള്ള ആളായിരുന്നില്ല. അത്തരം സംഘടനകളുടെ അപകടങ്ങളെക്കുറിച്ചു നല്ല ധാരണയുള്ള ആളുമായിരുന്നു തങ്ങള്‍.


തങ്ങളുടെ മരണശേഷം അദ്ദേഹം ഖാളി സ്ഥാനം നിര്‍വ്വഹിച്ച പല സുന്നി മഹല്ലുകളിലും ഖാളിയായി അവരോധിക്കപ്പെട്ടു സാദിഖലി ശിഹാബ് തങ്ങള്‍, ഈ നിലപാടിന്റെ പാരമ്പര്യത്തെയൊക്കെ ഒട്ടും മാനിക്കാതെ ജമാഅത്ത് വേദികളില്‍ പ്രത്യക്ഷ്യപ്പെടുന്നത് നാം കണ്ടു. ജമാഅത്തെ ഇസ്‌ലാമി ഇഫ്താര്‍ മീറ്റിലെ പ്രധാന അതിഥിയായിരുന്നു അദ്ദേഹം. സമുദായ ഏകീകരണം എന്നത്, തീവ്ര സംഘടനകളെ കൂട്ടു പിടിച്ചല്ല ഉണ്ടാവേണ്ടത്. ആശയ പ്രചരണത്തിനായുള്ള മാധ്യമ കൈവഴികളുടെ ആഘോഷത്തില്‍ കുറേകാലമായി ശ്രദ്ധ ചെലുത്തുന്നവരാണ് ഈ തീവ്ര സംഘടനകള്‍. അങ്ങനെ ലഘുവായ നിലപാട് സാദിഖലി തങ്ങള്‍ അടക്കമുള്ളവര്‍ എടുത്താല്‍, സാധാരണക്കലരിലേക്കു പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ആശയ പ്രചരണം പെട്ടെന്ന് ഇന്‍ജക്ട് ചെയ്യാന്‍ അവര്‍ ശ്രമിക്കും. അതുണ്ടാക്കുന്ന അപകടം ചെറുതായിരിക്കില്ല.സോളിഡാരിറ്റി സമ്മേളനത്തില്‍ സംബന്ധിച്ച മുനവ്വറലി തങ്ങളും മനസ്സിലാക്കാതെ പോകുന്നത് ഇതാണ്.

ഇന്ത്യയിലെ മുസ്‌ലിം അവസ്ഥകളെക്കുറിച്ചു നല്ല ധാരണകള്‍ ഉളളവരാണ് കേരളത്തിലെ മുസ്‌ലിംകളില്‍ പ്രബലരും. അത്, കേന്ദ്രത്തെക്കാള്‍ വലിയ ഫാസിസം കൊണ്ട് നടക്കുന്നത് കേരളത്തിലെ പിണറായി സര്‍ക്കാറാണ്, മുസ്ലിംകളൊക്കെ ഇവിടെ ഒറ്റക്കളത്തില്‍ നില്‍ക്കണം, ക്രിസ്ത്യന്‍ പേരുള്ളവരൊക്കെ ക്രിസംഘികളും, ഹിന്ദു പേരുള്ളവരൊക്കെ ഹിന്ദുത്വ വാദികളും ആണ് തുടങ്ങിയ കുറേ പ്രചാരണങ്ങളില്‍ പെട്ട് ദിശയറിയാതെ നില്‍ക്കേണ്ടവരല്ല സമുദായം. നിശ്ചയമായും പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകളുടെ അജണ്ടകളില്‍ പെട്ടുപോകാതെ അവരെ കാക്കാന്‍ സമുദായത്തിലെ സുന്നി പണ്ഡിത നേതൃത്വം പരമാവധി ശ്രമിക്കും എന്നത് ഉറപ്പാണ്. കാരണം, അതവരുടെ മതപരമായ ബാധ്യതയാണ് എന്നവര്‍ പലവട്ടം വ്യക്തമാക്കിയതാണ്.

ജിഫ്രി തങ്ങള്‍ക്കും സമസ്ത നേതാക്കള്‍ക്കും എതിരെ ഈയിടെ ചന്ദ്രഹാസം ഇളക്കിയ, ജമാഅത്ത് മാധ്യമങ്ങളുടെ യഥാര്‍ത്ഥ താല്പര്യം , അവര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസത്തിനെതിരെ രൂക്ഷ നിലപാടുകള്‍ എടുക്കുന്നു എന്നതായിരുന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ നിര്‍മിച്ചും, പൊതുബോധം രൂപപ്പെടുത്താന്‍ ആവശ്യമായ വര്‍ണ്ണനകള്‍ നിറഞ്ഞ സ്റ്റോറികള്‍ ചെയ്തും കഴിഞ്ഞ മുപ്പതു വര്‍ഷമായി ജമാഅത്തെ ഇസ്‌ലാമി ചെയ്തുവരുന്ന കാര്യമാണ് ഇപ്പോള്‍ ജിഫ്രി തങ്ങള്‍ക്കെതിരെ നടക്കുന്നത്. സമസ്തയുടെ സ്ത്രീ വിഷയ സമീപനങ്ങള്‍ക്കെതിരെ ചാനലില്‍ അമറിയ ജമാഅത്തെ ഇസ്‌ലാമി കഴിഞ്ഞ ദിവസം എറണാകുളം ടൗണില്‍ പുരുഷ റാലി നടത്തി സമത്വം നടപ്പാക്കിയതും നമ്മള്‍ കണ്ടു.

പോപ്പുലര്‍ ഫ്രെണ്ടിനെയും ജമാഅത്തെ ഇസ്ലാമിയെയും കൂടുതല്‍ കൂടുതല്‍ സൂക്ഷിക്കുക എന്നതാണ് സമുദായത്തിന് ചെയ്യാനുള്ളത്. അവര്‍ സംരക്ഷകരല്ല, സമുദായത്തെ അപകടപ്പെടുന്ന വൈകാരിക ബോധത്തിന്റെ നിര്‍മാതാക്കളും പ്രചാരകരും, രണ്ടു രൂപമായി നില്‍ക്കുമ്പോഴും ഒരേ ലക്ഷ്യത്തിനായി യത്‌നിക്കുന്ന ഒന്നായവരും ആണെന്ന് തിരിച്ചറിയണം.

Next Story