Top

രണ്ട് ബാറ്ററിയുടെ ഒരു കള്ളബില്ല്; പേരറിവാളന്റെ 31 വര്‍ഷങ്ങള്‍ ആര് തിരികെ നല്‍കും?

ആരായിരുന്നു പേരറിവാളൻ? എന്താണ് അയാൾ ചെയ്ത കുറ്റം?

18 May 2022 2:18 PM GMT
​ഗൗരി പ്രിയ ജെ

രണ്ട് ബാറ്ററിയുടെ ഒരു കള്ളബില്ല്; പേരറിവാളന്റെ 31 വര്‍ഷങ്ങള്‍ ആര് തിരികെ നല്‍കും?
X

രാജീവ് ഗാന്ധി വധ കേസിൽ ഗൂഡാലോചന കുറ്റമാരോപിച്ച് ജയിലിലായിരുന്ന എ.ജി പേരറിവാളൻ നീണ്ട മുപ്പത്തി ഒന്ന് വർഷത്തെ തടവിനു ശേഷം ജയിൽ മോചിതനായി. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിൻ്റേതാണ് തീരുമാനം. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള അധികാരമുപയോഗിച്ചാണ്, സർക്കാർ അന്തിമ തീരുമാനമെടുക്കാൻ വൈകിയ സഹചര്യത്തിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി. സ്ഫോടക വസ്തുക്കൾ നിർമ്മിക്കാൻ ഒൻപത് വാട്ടിൻ്റെ രണ്ട് ബാറ്ററികൾ വാങ്ങി നൽകി എന്നതായിരുന്നു പേരറിവാളനെതിരെയുള്ള കേസ്. സമാനതകളില്ലാത്ത നിയമ പോരാട്ടത്തിൻ്റെ വിജയമാണ് പേരറിവാളൻ്റെ കേസിലേതെന്നാണ് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ പ്രഭു സുബ്രഹ്മണ്യൻ പ്രതികരിച്ചത്.

ചില വിവരങ്ങൾ അന്വേഷിച്ചറിയാൻ എന്ന പേരിലാണ് പത്തൊൻപതുകാരനായ എ.ജി പേരറിവാളനെ 1991 ജൂൺ 11ന് സിബിഐ അറസ്റ്റ് ചെയ്യുന്നത്. അടുത്ത ദിവസം വിട്ടയക്കുമെന്ന ഉറപ്പിൽ അന്വേഷണസംഘത്തിന് മുന്നിൽ അച്ഛനും അമ്മയും ഹാജരാക്കിയ പേരറിവാളൻ, പീന്നീട് ജയിൽ മോചിതനാകുന്നത് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം.

രാജീവ് ഗാന്ധി വധം

തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ 1991മേയ് 21ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽ.ടി.ടി.ഇയുടെ ചാവേർ സ്ഫോടനത്തിലാണ് പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. മറ്റ് 14 പേർക്കും ജീവൻ നഷ്ടമായിരുന്നു.

1991 മേയ് 21-ന് വിശാഖപട്ടണത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം ശ്രീപെരുമ്പത്തൂരിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയവരുടെ കൂട്ടത്തിലായിരുന്നു ചാവേർ തനു എന്ന തേന്മൊഴി രാജരത്നം കാത്തിരുന്നത്. ജനങ്ങള്‍ നല്‍കിയ പൂച്ചെണ്ടുകളും, പൂമാലകളും സ്വീകരിച്ച് രാജീവ് ഗാന്ധി വേദിക്കടുത്തേക്ക് നടന്നു പോകുമ്പോള്‍ തനു അനുഗ്രഹം തേടാനെന്ന വ്യാജേന കാലില്‍ തൊടാന്‍ കുനിയുകയും അരയിൽ ഘടിപ്പിച്ച ബോംബ് ഞൊടിയിടയില്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു.

വധക്കേസ്

കേസിൽ ആകെ 26 പ്രതികളാണ് ഉണ്ടായിരുന്നത്. 1998ൽ ടാഡ വിചാരണ കോടതി പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചു. പ്രതികളുടെ അപ്പീലിൽ സുപ്രീം കോടതി 1999ൽ 19 പേരെ വിട്ടയച്ചു. റോബർട്ട്, പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. മുരുഗൻ, ശാന്തൻ, നളിനി, പേരറിവാളൻ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ശരിവക്കുകയും ചെയ്തു.

2000ത്തിൽ സോണിയാ ഗാന്ധിയുടെ അപേക്ഷ പ്രകാരം നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി. മുരുകൻ, ശാന്തൻ, പേരറിവാൾ എന്നിവരുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകിയതോടെ 2014ൽ സുപ്രീം കോടതി അവരുടെ ശിക്ഷയും ജീവപര്യന്തമാക്കി കുറച്ചു. തുടർന്ന് 2018ൽ തമിഴ്നാട് സർക്കാർ ഇവരെ വിട്ടയക്കാൻ തീരുമാനിച്ച് ശുപാർശ ഗവർണ്ണർക്ക് കൈമാറിയിരുന്നെങ്കിലും ഗർവർണ്ണർ ശുപാർശ നീട്ടിക്കൊണ്ട് പോവുകയും ശേഷം രാഷ്ട്രപതിയ്ക്ക് കൈമാറുകയും ചെയ്തതോടെയാണ് പേരറിവാളൻ സുപ്രിം കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് കേസിൽ എല്ലാ കക്ഷികളൂടേയും വാദം കേട്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

പേരറിവാളൻ്റെ അറസ്റ്റ്

വെല്ലൂർ ജില്ലയിൽ തമിഴ് കവി കുയിൽദാസൻ എന്ന ജ്ഞാനശേഖരൻ്റേയും അർപ്പുതാമ്മാളിൻ്റേയും മകനായിരുന്നു എ.ജി പേരറിവാളൻ. 1991 ജൂൺ 11ന് രാജീവ് ഗാന്ധി വധിക്കപ്പെട്ട് ഒരു മാസത്തിന് ശേഷമായിയുന്നു ചെന്നൈയിലെ തിടലിൽ വച്ച് സിബിഐ സംഘം പേരറിവാളനെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലാകുമ്പോൾ 19 വയസ്സുണ്ടായിരുന്ന പേരറിവാളൻ കേസിൽ 18-ാം പ്രതിയായി. ഇലക്ട്രോണിക്സ് ആൻഡ് എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയിരുന്നു പേരറിവാളനപ്പോൾ. പേരറിവാളൻ്റെ മാതാപിതാക്കൾ ജ്ഞാനശേഖരനും അർപ്പുതാമ്മാളും പെരിയാർ ഇ വി രാമസ്വാമിയുടെ ദ്രാവിഡ ആശയങ്ങളുടെ അനുഭാവികളായിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച സ്ഫോടക വസ്തുക്കൾ നിർമിക്കാൻ ഒൻപത് വാട്ടിൻ്റെ രണ്ട് ബാറ്ററികൾ വാങ്ങി നൽകി എന്നയിരുന്നു സിബിഐ പേരറിവാളിനുമേൽ ഉന്നയിച്ച കുറ്റം. ഒൻപത് വാട്ടിൻ്റെ ബാറ്ററികൾ എവിടേയും എളുപ്പത്തിൽ കാണാം എന്നിരിക്കെ, ബാറ്ററി വാങ്ങിയ കടയുടമയുടെ സാക്ഷി മൊഴിയും, പേരറിവാളൻ്റെ പോക്കറ്റിൽ നിന്ന് ലഭിച്ചു എന്ന് പറയപ്പെടുന്ന ബില്ലും തെളിവായി സ്വീകരിച്ചു.

1989 മുതൽ പേരറിവാൾ എൽ.ടി.ടി.ഇ അനുഭാവിയാണെന്നും സിബിഐ ആരോപിച്ചു. എൽ.ടി.ടി.ഇയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങൾ തമിഴ്നാട്ടിൽ പേരറിവാളൻ വിറ്റിരുന്നെന്നും ശ്രീലങ്കയിൽ പോയി വേലുപ്പിള്ള പ്രഭാകരനെ കണ്ടതായും കുറ്റപത്രത്തിലുണ്ടായിരുന്നു. രാജീവ് ഗാന്ധി വധത്തിനും ആഴ്ചകൾ മുൻപ് എൽ.ടി.ടി.ഇ നേതാവ് ശിവരശന് സ്വന്തം പേരിൽ പേരറിവാളൻ ബൈക്ക് വാങ്ങി നൽകിയത് തെറ്റായ മേൽവിലാസം ഉപയോഗിച്ചായിരുന്നു എന്നും സിബിഐ വാദിച്ചു.

നിർണ്ണായകമായി ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ

ഒൻപത് വാട്ടിൻ്റെ രണ്ട് ബാറ്ററികൾ വാങ്ങിനൽകിയതും, കുറ്റസമ്മത മൊഴിയുമാണ് പേരറിവാളന് രാജീവ് ഗാന്ധി വധകേസിൽ പങ്കുണ്ടെന്നതിന് കോടതിയിൽ തെളിവായത്. ബാറ്ററി വാങ്ങി നൽകിയെന്ന് പേരറിവാളൻ സമ്മതിക്കുന്നുണ്ട്, എന്നാൽ തൻ്റെ മൊഴി വളച്ചൊടിച്ചെന്നു എന്ന ആരോപണവും പേരറിവാളൻ ഉന്നയിച്ചിരുന്നു.

കേസ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻ വി ത്യാഗരാജൻ്റെ ഒരു വെളിപ്പെടുത്തൽ പേരറിവാളൻ്റെ നിരപരാധിത്വം സംബന്ധിച്ച വാദങ്ങളെ ശക്തമാക്കി. അന്തരിച്ച സുപ്രീം കോടതി ജഡ്ജി വി ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിൽ ആരംഭിച്ച പീപ്പിൾസ് മൂവ്മെൻ്റ് എഗൈൻസ്റ്റ് ഡെത് പെനാലിറ്റിയുടെ ഒരു ഡോക്യുമെൻ്ററിയിലായിരുന്നു ത്യാഗരാജൻ വെളിപ്പെടുത്തൽ നടത്തിയത്. പേരറിവാളൻ്റെ മൊഴിയെടുക്കാൻ തനിക്കായിരുന്നു ഉത്തരവാദിത്വമെന്നും, അന്ന് മൊഴി രേഖപ്പെടുത്തുമ്പോൾ പേരറിവാളൻ പറഞ്ഞതെല്ലാം പകർത്തി എഴുതിയിരുന്നില്ലെന്നുമായിരുന്നു ത്യാഗരാജൻ്റെ വെളിപ്പെടുത്തൽ. ബാറ്ററി വാങ്ങി നൽകിയിട്ടുണ്ടെങ്കിലും അത് എന്തിനായിരുന്നെന്ന് തനിക്ക് അറിയില്ലെന്ന് പേരറിവാളൻ പറഞ്ഞിരുന്നെന്നാണ് വി ത്യാഗരാജൻ ഡോക്യുമെൻ്ററിയിൽ പറയുന്നത്. "കേസിൽ പേരറിവാൾൻ്റെ പങ്ക് സംബന്ധിച്ച് സിബിഐക്ക് ഉറപ്പില്ലായിരുന്നു എന്നും, എന്നാൽ അന്വേഷണം പുരോഗമിക്കവേ ഗൂഢാലോചനയെക്കുറിച്ച് പേരറിവാളന് അറിവില്ലായിരുന്നെന്ന് സ്ഥിരീകരിച്ചു." എന്നും ത്യാഗരാജൻ കൂട്ടിച്ചേർക്കുന്നുണ്ട്. 1991 മെയ് 7-ലെ ഒരു വയർലെസ് സന്ദേശത്തെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. ആ വയർലെസ് സന്ദേശത്തിൽ ആക്രമണത്തിൻ്റെ സൂത്രധാരൻ ശ്രീനിവാസൻ പറയുന്നത്, തങ്ങളുടെ ഉദ്ദേശം തനിയ്ക്കും ശുഭയ്ക്കും ചാവേറായ തനുവിനും മാത്രമേ അറിയൂ എന്നാണ്.

ഗൂഢാലോചനയിൽ പങ്കെടുത്തെന്ന് കൃത്യമായ തെളിവ് ഉണ്ടായിരുന്നവരുടെ ശിക്ഷ പോലും കോടതി ഇളവ് ചെയ്ത്, 10 പേരെ വെറുതെ വിട്ടപ്പോഴും പേരറിവാളാന് നീതി അന്യമായിരുന്നു. നീണ്ട മുപ്പത്തി ഒന്ന് വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിൻ്റെ തീരുമാനത്തിൽ ഇപ്പോൾ പേരറിവാളൻ ജയിൽ മോചിതനാകുന്നത്. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള അധികാരമുപയോഗിച്ചാണ്, സർക്കാർ അന്തിമ തീരുമാനമെടുക്കാൻ വൈകിയ സഹചര്യത്തിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി.

ആൻ അപ്പീൽ ഫ്രം ദി ഡെത്ത് റോ എന്ന പുസ്തകത്തിൽ പേരറിവാളൻ എഴുതിയത് ഇങ്ങനെയാണ്,

"എനിക്ക് പങ്കൊന്നുമില്ലായിരുന്നെന്ന് ഒരിക്കൽ കണ്ടെത്തും. ജയിലറയിൽ പൊലിഞ്ഞ എൻ്റെ ജീവിതത്തിലെ സുവർണ്ണ വർഷങ്ങൾ ആർക്ക് തിരിച്ച് നൽകാൻ കഴിയും"

Story Highlights: the story of a g perarivalan, rajiv gandhi assassination convict

Next Story