Top

പരമ്പരാഗത സെെനിക കുടുംബത്തില്‍ ജനനം, രാജ്യത്തെ സേവിച്ച പൂർവ്വികരുടെ പാതയില്‍ ജീവിതം; മരണം വരെ സെെനികന്‍

8 Dec 2021 12:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരമ്പരാഗത സെെനിക കുടുംബത്തില്‍ ജനനം, രാജ്യത്തെ സേവിച്ച പൂർവ്വികരുടെ പാതയില്‍ ജീവിതം; മരണം വരെ സെെനികന്‍
X

രാജ്യത്തിന്റെ സേനാവിഭാഗങ്ങള്‍ക്ക് ഒരു സംയുക്ത നേതൃത്വം വേണമെന്ന ആവശ്യമുയരുന്നത് 1999-ല്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്. ഏകദേശം രണ്ട് പതിറ്റാണ്ടിനുശേഷം ബിജെപി സര്‍ക്കാര്‍ ഇന്ത്യന്‍ സൈന്യത്തിന് ഒരു സംയുക്ത സെെനിക മേധാവിയെ നിയമിക്കുമെന്ന് തീരുമാനമെടുത്തതോടെയാണ് അന്നത്തെ കരസേനാ മേധാവിയായ ബിപിന്‍ റാവത്ത് പൊതുചർച്ചയിലേക്ക് എത്തുന്നത്. കരസേനാ മേധാവിയായി വിരമിക്കുന്നതിന് മുന്‍പ് തന്നെ സെെന്യത്തിന്റെ പരമോന്നത പദവിയിലേക്ക് ബിപിന്‍ റാവത്തിനെ നിയമിച്ചുള്ള തീരുമാനം മന്ത്രിസഭാ സമിതിയോഗത്തിലുണ്ടായി.

സിഡിഎസിന്റെ പ്രായപരിധി 65 വയസാണെന്നിരിക്കെ മൂന്ന് വർഷത്തെ നിയമനത്തിന് 1954ലെ ആര്‍മി ചട്ടങ്ങളിലും ഭേദഗതി വരുത്തിയായിരുന്നു 62 കാരനായിരുന്ന ബിപിന്‍ റാവത്തിന്റെ നിയമനം. തുടർന്ന് 2020 ജനുവരി ഒന്നിന് രാജ്യത്തിന്റെ പ്രഥമ സംയുക്ത സെെനിക മേധാവിയായി അദ്ദേഹം ചുമതലയേറ്റു. വിവാദങ്ങള്‍ക്ക് നടുവില്‍ പദവി ഏറ്റെടുത്ത ബിപിന്‍ റാവത്തിന്റെ ആദ്യ ആഹ്വാനം, 'സായുധ സേനകള്‍ രാഷ്ട്രീയത്തില്‍ നിന്ന് പരമാവധി അകലം പാലിക്കുക എന്നായിരുന്നു', ഒപ്പം ഭരണത്തിനുള്ള സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് കർത്തവ്യമെന്ന് വ്യക്തമാക്കി വിവാദങ്ങള്‍ക്ക് മറുപടിയും നല്‍കി.


ഉത്തരാഖണ്ഡ് പൗരിയിലെ ഒരു പരമ്പരാഗത സൈനിക കുടുംബത്തില്‍ 1958 മാര്‍ച്ച് 16 നായിരുന്നു ബിപിന്‍ ലക്ഷ്മണ്‍ സിംഗ് റാവത്തിന്റെ ജനനം. 1988-ല്‍ വൈസ് ചീഫ് ഓഫ് ആര്‍മി ജീവനക്കാരനായി വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ ലക്ഷ്മണ്‍ സിംഗാണ് പിതാവ്. ഉത്തരകാശിയില്‍ വലിയ സ്വാധീനമുള്ള മുന്‍ എംഎല്‍എ കിഷണ്‍ സിംഗ് പര്‍മാറിന്റെ മകളാണ് മാതാവ്. പിതൃ സഹോദരങ്ങളില്‍ ഭൂരിഭാഗവും സെെന്യത്തില്‍. അതിനാല്‍ തന്നെ ജീവിതത്തിലെ ഓരോ ചുവടുവെപ്പിലും സേനയില്‍ സേവനമനുഷ്ഠിച്ചിരുന്ന തന്റെ പൂര്‍വ്വികരുടെ പാതയാണ് മൂന്നാം തലമുറക്കാരനായ അദ്ദേഹവും പിന്തുടര്‍ന്നത്.

ഡെറാഡൂണിലെ കേംബ്രിയന്‍ ഹാള്‍ സ്‌കൂളിലും ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്‌കൂളിലുമായിരുന്നു ബിപിന്‍ റാവത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് ഖഡക്വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പഠനം. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് 'സ്വോര്‍ഡ് ഓഫ് ഓണര്‍' സ്വീകരിച്ചു. തുടര്‍ന്ന് തമിഴ്‌നാട് കൂനൂരിലെ വെല്ലിംഗ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജില്‍ (ഡിഎസ്എസ്സി) നിന്ന് ട്രയിനിംഗ്.

ഡിഎസ്എസ്സിയിലെ ട്രയിനിംഗ് കാലഘട്ടത്തില്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഡിഫന്‍സ് സ്റ്റഡീസില്‍ എംഫിലും, എംബിഎ, കമ്പ്യൂട്ടര്‍ സ്റ്റഡീസ് ഡിപ്ലോമകളും നേടി. യുഎസ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആര്‍മി കമാന്‍ഡിലെ ഹയര്‍ കമാന്‍ഡ് കോഴ്സിലും ബിരുദം. 2011-ല്‍ മിലിറ്റിറി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിലെ ഗവേഷണത്തില്‍ മീററ്റിലെ ചൗധരി ചരന്‍ സിങ്ങ് യൂണിവേഴ്സിറ്റി നിന്ന് ഫിലോസഫി ഡോക്ടറേറ്റ്.


സെെനിക അക്കാദമിയില്‍ നിന്ന് പാസായതിനുശേഷം, 1978 ഡിസംബര്‍ 16-ന് പിതാവിന്റെ യൂണിറ്റായിരുന്ന 11 ഗൂര്‍ഖ റൈഫിള്‍സിന്റെ അഞ്ചാം ബറ്റാലിയനില്‍ സെക്കന്‍ഡ് ലെഫ്റ്റണന്റായാണ് റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് ഉയർന്ന (ഹെെ ഓള്‍റ്റിട്യൂഡ്) പ്രദേശങ്ങളിലെ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ അനുഭവ പരിചയം ആര്‍ജിച്ച അദ്ദേഹം പത്തുവര്‍ഷകാലത്തോളം കൗണ്ടര്‍ ഇന്‍സര്‍ജന്‍സി (പ്രത്യാക്രമണ) പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടു. ഇക്കാലയളവില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാനും ചൈനയുമായുള്ള എല്‍എസിയും വടക്കുകിഴക്കന്‍ പ്രദേശങ്ങളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളുടെ ചുമതലകള്‍ അദ്ദേഹം കൈകാര്യം ചെയ്തു.

ഉറിയിലും ജമ്മുകശ്മീരിലും കമാന്‍ഡറായി. കേണല്‍ പദവിയില്‍, കിബിത്തുവിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഈസ്റ്റേണ്‍ സെക്ടറിലെ അഞ്ചാമത്തെ ബറ്റാലിയന്‍ 11 ഗൂര്‍ഖ റൈഫിള്‍സിന്റെ കമാന്‍ഡറായി അദ്ദേഹം. ബ്രിഗേഡിയര്‍ പദവിയില്‍, സോപോറിലെ രാഷ്ട്രീയ റൈഫിള്‍സിന്റെ 5th സെക്ടറില്‍ കമാന്‍ഡറായി. 1962ലെ ഇന്ത്യ-ചെെ യുദ്ധത്തിന് ശേഷം തര്‍ക്കപ്രദേശമായ മക്മഹോണ്‍ ലൈനില്‍ ഉണ്ടായ ആദ്യത്തെ സൈനിക ഏറ്റുമുട്ടലായ 1987-ലെ സുംഡോറോംഗ് ചു താഴ്വരയിലെ ഏറ്റുമുട്ടലില്‍ റാവത്തിന്റെ ബറ്റാലിയനാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്കെതിരെ വിന്യസിക്കപ്പെട്ടത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (MONUSCO) ചാപ്റ്റര്‍ VII ദൗത്യത്തില്‍ ഒരു ബഹുരാഷ്ട്ര ബ്രിഗേഡിന് നേതൃത്വം നല്‍കിയതിന് റാവത്തിന് രണ്ട് തവണ ഫോഴ്സ് കമാന്‍ഡറുടെ പ്രശംസ ലഭിച്ചു. മേജര്‍ ജനറലിലേക്കുള്ള സ്ഥാനക്കയറ്റത്തിനൊപ്പം 19-ാം കാലാള്‍പ്പട ഡിവിഷന്റെ (ഉറി) കമാന്‍ഡിങ് ജനറല്‍ ഓഫീസറായി ചുമതലയേറ്റു.

2015 ജൂണില്‍ മണിപ്പൂരില്‍ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് വെസ്റ്റേണ്‍ സൗത്ത് ഈസ്റ്റ് ഏഷ്യ (യുഎന്‍എല്‍എഫ്ഡബ്ല്യു) നടത്തിയ ആക്രമണത്തില്‍ പതിനെട്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിനെതിരെ ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തിന് നേതൃത്വം നല്‍കിയ III കോര്‍പ്‌സിന്റെ കമാന്‍ഡായിരുന്നു ബിപിന്‍ റാവത്ത്. മാസ്റ്റർ ഓഫ് സർജിക്കല്‍ സ്റെെക്സ് എന്ന വിശേഷണം അദ്ദേഹത്തിലേക്ക് എത്തിയതും ഈ സെെനിക നീക്കങ്ങളിലൂടെയായിരുന്നു.


2016 ഡിസംബര്‍ 17-ന് രണ്ട് മുതിര്‍ന്ന ലെഫ്റ്റനന്റ് ജനറല്‍മാരായ പ്രവീണ്‍ ബക്ഷി, പി എം ഹാരിസ് എന്നിവരെ പിന്തള്ളിയാണ് കേന്ദ്രസര്‍ക്കാര്‍ ബിപിന്‍ റാവത്തിനെ കരസേനാ മേധാവിയായി നിയമിച്ചത്. ഡിസംബര്‍ 31-ന് ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിന്റെ പിന്‍ഗാമിയായി രാജ്യത്തിന്റെ 27-ാമത്തെ കരസേനാമേധാവിയായി അദ്ദേഹം ചുമതലയേറ്റു. ഇതോടെ ഗൂര്‍ഖ ബ്രിഗേഡില്‍ നിന്ന് കരസേനാ മേധാവിയാകുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനായി ബിപിന്‍ റാവത്ത് മാറി. ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫ് (ജിഒസി-ഇന്‍-സി) സതേണ്‍ കമാന്‍ഡ് പദവിയിലും ബിപിന്‍ റാവത്ത് നിയോഗിക്കപ്പെട്ടു. ചെറിയ കാലയളവിനുള്ളില്‍ അദ്ദേഹം ഉപസൈനിക മേധാവിയായി.

40 വര്‍ഷത്തിലേറെ നീണ്ട തന്റെ ഒദ്യോഗിക ജീവിതത്തില്‍, വിശിഷ്ട സേവനത്തിന് പരമവിശിഷ്ട് സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതിവിശിഷ്ട് സേവാ മെഡല്‍, യുദ്ധസേവാ മെഡല്‍, സേനാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നീ ആദരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു. ഇന്ത്യ- നേപ്പാള്‍ സൈനിക ബന്ധത്തെ സൂചിപ്പിക്കാന്‍ ഇരുരാജ്യങ്ങളിലെയും സെെനിക മേധാവികള്‍ക്ക് ജനറല്‍ പദവി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നേപ്പാള്‍ ആര്‍മിയുടെ ഓണററി ജനറലിന്റെ പദവിയും ബിപിന്‍ റാവത്തിനുണ്ടായിരുന്നു.

Next Story