Top

മനുഷ്യരേക്കാള്‍ പെര്‍ഫെക്ട്, റൊമാന്റിക് ?; 'എഐ' വ്യക്തിത്വങ്ങളെ പ്രണയിക്കുന്ന കാലം വരുമോ ?

'ചാറ്റ് ജിപിറ്റി' എന്നത് ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ സംവദിക്കാനാകുന്ന ഒരു 'എഐ' ചാറ്റ്‌ബോട്ടിന്റെ 'പ്രോട്ടോടൈപ്പ്'

10 Dec 2022 12:59 PM GMT
നിഷ അജിത്ത്

മനുഷ്യരേക്കാള്‍ പെര്‍ഫെക്ട്, റൊമാന്റിക് ?; എഐ വ്യക്തിത്വങ്ങളെ പ്രണയിക്കുന്ന കാലം വരുമോ ?
X

സ്കാർലെറ്റ് ജോഹാൻസൻ , ജോക്വിൻ ഫീനിക്സ് ഹോളിവുഡ് ചിത്രം 'ഹെർ' ( HER ) കണ്ടിട്ടുള്ള ഭൂരിഭാഗം പേർക്കും, ആ ചിത്രത്തിന്റെ പരാമർശം തരുന്ന വികാരം വാക്കുകൾക്കും അപ്പുറമാണ്. കൃത്രിമ ബുദ്ധിയുപയോഗിച്ചു പ്രവർത്തിക്കുന്ന വെറുമൊരു ഓപ്പറേറ്റിംഗ് സിസ്റ്റമായ സമാന്തയെയും, അവളുമായി ആത്മബന്ധത്തിലാകുന്ന തിയോഡോർ ട്വോംബ്ലിയെയും, ഇരുവരുടെയും സൗഹൃദവും, വൈകാരിക നിമിഷങ്ങളും മനോഹരമായി ദൃശ്യവൽക്കരിച്ച -ശ്രവ്യവൽക്കരിച്ച അമേരിക്കൻ സൈ-ഫൈ റൊമാന്റിക് ഡ്രാമയാണ് 'ഹെർ'. സ്ത്രീ ശബ്ദത്തിലൂടെ തന്റെ സാന്നിധ്യവും, വ്യക്തിത്വവും, പ്രണയവും അടയാളപ്പെടുത്തുന്ന, കൃത്രിമ ബുദ്ധിയുപയോഗിച്ചു പ്രവർത്തിക്കുന്ന ഒരു വെർച്വൽ അസിസ്റ്റന്റിനോട് പ്രണയമോ എന്ന സംശയമുള്ളവർക്ക് വ്യാപകമായ നിരൂപക പ്രശംസ നേടിയ ഈ ചിത്രം കണ്ടുനോക്കി ബോധ്യപ്പെടാവുന്നതാണ്.

പക്ഷെ 2013 ൽ റിലീസായ ഈ ചിത്രത്തിനെ പറ്റി ഇപ്പോൾ വീണ്ടും പറയാൻ മറ്റൊരു കാരണമുണ്ട്. 'ചാറ്റ് ജിപിറ്റി' (ChatGPT) എന്നൊരു 'എഐ' ചാറ്റ്‌ബോട്ടാണ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ 'എഐ' (AI )യെ ഇപ്പോൾ വീണ്ടും ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നിട്ടുള്ളത്.

'ചാറ്റ് ജിപിറ്റി' എന്നത് ടെക്സ്റ്റ് സന്ദേശങ്ങളിലൂടെ സംവദിക്കാനാകുന്ന ഒരു 'എഐ' ചാറ്റ്‌ബോട്ടിന്റെ 'പ്രോട്ടോടൈപ്പ്' ആണ്. സാധാരണ ഒരു പ്രോട്ടോടൈപ്പ് ഉപയോഗിക്കുന്നത് കൃത്യത വർദ്ധിപ്പിക്കുന്നതിനും, ഒരു പുതിയ ഡിസൈൻ വിലയിരുത്തുന്നതിനുമൊക്കെയാണ്. എന്നാൽ 'ചാറ്റ് ജിപിറ്റി' ഒരു പ്രോട്ടോടൈപ്പ് ആയിട്ട് പോലും, 'എഐ' ലോകത്തിന്റെ ഗതി തന്നെ മാറ്റി മറിക്കാൻ സാധ്യതയുണ്ടെന്നാണ് വാഴ്ത്തപ്പെടുന്നത്.

'ചാറ്റ്ബോട്ടുകൾ' എന്ന് വെച്ചാൽ ഓൺലൈനിൽ ഉപഭോക്താക്കളുമായി ചാറ്റ് ചെയ്യാനും അന്വേഷണങ്ങളിൽ സഹായിക്കാനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാമാണ്. നമ്മുടെ ഡിസ്‌പ്ലേയുടെ ഒരു മൂലയിൽ സഹായം ആവശ്യമുണ്ടോ എന്ന് ചോദിക്കുന്ന ഒരു' പോപ്പ്-അപ്പ് 'സ്‌ക്രീനെല്ലാം ഇതിനുദാഹരണമാണ്. ഈ ഓട്ടോമേറ്റഡ് പ്രോഗ്രാമുകൾ മനുഷ്യരെപ്പോലെ ഉപഭോക്താക്കളുമായി ഇടപഴകുകയും, സംസാരിക്കുകയും ചെയ്യുന്നു. ആമസോണിന്റെ 'അലക്‌സാ', ആപ്പിളിന്റെ 'സിരി' പോലെയുള്ളവ വ്യാപകമായി ഉപയോഗിക്കുന്ന ചില ചാറ്റ്ബോട്ടുകളാണ്. ഇവക്കിടയിലേക്കാണ് 'ചാറ്റ് ജിപിറ്റി' എന്ന 'എഐ' ചാറ്റ്‌ബോട്ട് വന്നിറങ്ങിയതും, ചുരുങ്ങിയ സമയം കൊണ്ട് മനുഷ്യരെ കീഴടക്കിയതും.

എന്താണ് 'ഈ' 'ചാറ്റ് ജിപിറ്റി' യുടെ പ്രത്യേകത.?

ഈ ചാറ്റ്‌ബോട്ട്, അതിന്റെ എഴുതാനുള്ള-സന്ദേശങ്ങൾ നൽകാനുള്ള കഴിവ്, ഏതൊരു സങ്കീർണ്ണ ജോലിയും ചെയ്യാനുള്ള സാമർഥ്യം, ഉപയോഗിക്കാനുള്ള എളുപ്പം ഒക്കെ കൊണ്ടാണ് പ്രധാനമായും മനുഷ്യരെ ആകർഷിച്ചിട്ടുള്ളത്. വളരെ സ്വാഭാവികമായി മനുഷ്യ ഭാഷ മനസ്സിലാക്കാനും മനുഷ്യനെപ്പോലെ വിശദമായി ആകർഷകമായ ഉചിതമായ ഭാഷയിൽ വാചകങ്ങൾ എഴുതാനും ഇതിന് കഴിയുമെന്നാണ് റിപ്പോർട്ടുകൾ.

'മാഷബിൾ' എന്ന ടെക്‌നോളജി ന്യൂസ് സൈറ്റിന്റെ റിപ്പോർട്ടർ 'ചാറ്റ് ജിപിറ്റി' -യെ പറ്റി അഭിപ്രായപ്പെട്ടത്, 'ചാറ്റ് ജിപിറ്റി' -യെ പറഞ്ഞ് പ്രകോപിപ്പിക്കാൻ ബുദ്ധിമുട്ടാണെന്നും, സമൂഹത്തിൽ നിഷിദ്ധമെന്ന് കരുതിപ്പോരുന്ന വിഷയങ്ങളെ ഒഴിവാക്കാനുള്ള 'ചാറ്റ് ജിപിറ്റി'-യുടെ സംവിധാനം വളരെ സമഗ്രമെന്നുമാണ്. ഈ സംവിധാനം സർവജ്ഞമല്ലെങ്കിലും വളരെ സർഗ്ഗാത്മകവും, അറിവുള്ളതും, അതിന്റെ ഉത്തരങ്ങൾ ആധികാരികവുമാണെന്നാണ്.

ഇവിടെയാണ് സ്വാഭാവികമായും നാളെ മനുഷ്യന് പകരമായി ഈ ചാറ്റ് ബോട്ട് മതിയാകുമോ എന്നൊരു സ്വാഭാവിക സംശയം ഉയരുന്നത്. നിലവിൽ ഉയരുന്ന ഊഹാപോഹങ്ങൾ, 'കണ്ടൻറ്റ് പ്രൊഡക്ഷൻ' (Content production) വേണ്ടിവരുന്ന തൊഴിലുകൾ, അതായത് നാടകകൃത്തുക്കൾ-പ്രൊഫസർമാർ, പ്രോഗ്രാമർമാർ, പത്രപ്രവർത്തകർ വരെ മിക്ക തൊഴിലിലേക്കും ആളെ വേണ്ടിവന്നേക്കില്ല എന്നെല്ലാമാണ്. കൂടാതെ , ഈയൊരു 'എഐ' സിസ്റ്റത്തിന് വികാരങ്ങളുണ്ടായേക്കാമെന്നും ഗൂഗിൾ എഞ്ചിനീയർ പറയുന്നു. ഏതായാലും റിലീസായി കുറച്ച് ദിവസങ്ങൾക്കുള്ളിൽ, ഒരു ദശലക്ഷത്തിലധികം ആളുകളാണ് 'ചാറ്റ് ജിപിറ്റി' പരീക്ഷിച്ചിട്ടുള്ളത് !

ചാറ്റ് ജിപിറ്റിയുടെ പ്രവർത്തനം എങ്ങനെ?

വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് ഈ പുതിയ 'ചാറ്റ് ജിപിറ്റി'യെ സൃഷ്ടിച്ചതെന്ന് ഇതിന്റെ സൃഷ്ടാവും,സ്വതന്ത്ര ഗവേഷണ സ്ഥാപനവുമായ ഓപ്പൺഎഐ ഫൗണ്ടേഷൻ അവകാശപ്പെടുന്നു . ഇലോൺ മസ്‌കിന്റെ കൂടെ ഉടമസ്ഥതയിലുള്ള ഓപ്പൺഎഐ ഫൗണ്ടേഷന്റെ ഏറ്റവും പുതിയ ചാറ്റ്‌ബോട്ടാണ് ഈ പുതിയ 'ചാറ്റ് ജിപിറ്റി'. 'എഐ', മെഷീൻ ലേണിംഗ് എന്നിവയിൽ പരിശീലനം ലഭിച്ച ഈ സംവിധാനം സംഭാഷണരൂപേണയുള്ള മാർഗ്ഗങ്ങളിലൂടെ വിവരങ്ങൾ നൽകാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുമായാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത് . ഇന്റർനെറ്റിൽ നിന്ന് എടുത്ത വലിയൊരു വിവരശേഖരണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിനെ പരിശീലിപ്പിച്ചിട്ടുള്ളത്.

ഉദാഹരണത്തിന്, ന്യൂട്ടന്റെ ചലന നിയമങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെടുന്നത് പോലെ തന്നെ, ഒരു കവിത എഴുതി തരാനും ,അതെഴുതി തരുമ്പോൾ, ഈ കവിതയെ കൂടുതൽ മിഴിവുള്ളതാക്കാനും നമുക്കാവശ്യപ്പെടാം. ഇനി ഒരു കമ്പ്യൂട്ടർ പ്രോഗ്രാം എഴുതാൻ ആവശ്യപ്പെട്ടാലും, വ്യത്യസ്ത കോഡിങ്ങുകൾ ഉപയോഗിച്ചു കൊണ്ട്, അത് നമ്മെ അതിശയിപ്പിക്കും എന്നെല്ലാമാണ് 'സി നെറ്റ്' റിപ്പോർട്ട് ചെയ്യുന്നത്. ഈ ചാറ്റ് ബോട്ട് നമ്മുടെ മുൻ സംഭാഷണങ്ങളെ ഓർത്തു വെച്ചു , മുമ്പത്തെ ചോദ്യങ്ങളും ഉത്തരങ്ങളും വിശകലനം ചെയ്‌ത്‌ പ്രതികരിക്കുന്നു. അതായത് മനുഷ്യ മനസ്സിനെ പഠിച്ചിട്ട് മനഃശാസ്ത്രപരമായി സമീപിക്കുന്ന ഒരു 'എഐ' ആണിത്..!

"ഫോളോ-അപ്പ് ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും, തെറ്റുകൾ സമ്മതിക്കാനും, അനാവശ്യ അഭ്യർത്ഥനകൾ നിരസിക്കാനും 'ചാറ്റ് ജിപിറ്റി'-ക്ക് സാധ്യമാകുന്നു," എന്നാണ് ഓപ്പൺഎഐ അവകാശപ്പെടുന്നത്. അതേസമയം, ഇതിന് സംശയകരമായ-പ്രശ്‌നകരമായ ഉത്തരങ്ങൾ നൽകാനും, പക്ഷം പിടിച്ചുള്ള അഭിപ്രായങ്ങൾ പറയാനും സാധിച്ചേക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു. എന്നാൽ പരീക്ഷണാർത്ഥം 'ചാറ്റ് ജിപിറ്റി'-യുമായി നടത്തിയ ഹ്രസ്വ സംഭാഷണം തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും, ഒരു യന്ത്രമാണ് ഇത്രയും ബുദ്ധിപരമായ സംഭാഷണം നടത്തുന്നതെന്ന വിചിത്രത തങ്ങളെ ഞെട്ടിച്ചുവെന്നുമാണ് ഒരുമിക്ക റിപ്പോർട്ടർമാരും അഭിപ്രായപ്പെട്ടത്.

കൂടെ സമൂഹമാധ്യമങ്ങളിലേക്കായി ആകർഷകമായ 'ബയോ' (bio) ചെയ്ത് തരുന്ന സുഹൃത്തായും , അസൈൻമെൻറ് (assignment) സമയത്ത് വെക്കാത്തതിന് അധ്യാപകനോട് എന്ത് ഒഴിവുകഴിവാണ് പറയേണ്ടതെന്ന സംശയത്തിന്, മൃദുഭാഷയയിൽ സ്നേഹത്തോടെ ഉപദേശിക്കുന്ന മുതിർന്ന വ്യക്തിയായും ഒക്കെ മാറുന്ന 'ചാറ്റ് ജിപിറ്റി'-യുടെ അനുഭവകഥകൾ പലരും പങ്കുവെച്ചെല്ലാം തുടങ്ങിയിട്ടുണ്ട്. കേട്ടിട്ട് താല്പര്യം തോന്നുന്നുവെങ്കിൽ നിങ്ങൾക്കും ശ്രമിച്ചു നോക്കാവുന്നതാണ്.

കാര്യങ്ങൾ എങ്ങനെയൊക്കെയാണെങ്കിലും, 'ഹെർ' എന്ന ചിത്രം കാണിക്കും പോലെ, മനുഷ്യനെ സ്വാധീനിക്കാൻ, സജീവമാക്കാൻ ഉചിതങ്ങളായ സംഭാഷണങ്ങൾക്ക് സാധിക്കുമോ..?, സാങ്കേതികത മനുഷ്യബന്ധങ്ങളിൽ ഇത്രയുമൊക്കെ സ്വാധീനം ചെലുത്തുമോ എന്നതെല്ലാം കാത്തിരുന്ന് തന്നെ കാണേണ്ടതാണ്.

STORY HIGHLIGHTS: Knows use and specialty of ChatGPT

Next Story