'പുറപ്പെട്ടുപോകുന്ന സ്ത്രീയുടെ തിരിച്ചുവരവ്'
സ്ത്രീകളെ അടുക്കളയില്‍നിന്നും മറക്കുടയ്ക്കുള്ളിലെ മഹാനരകങ്ങളില്‍ നിന്നും അരങ്ങിലേക്കെത്തിക്കാനും സ്വാതന്ത്ര്യത്തിന്റെ സ്വച്ഛവായു ശ്വസിക്കുവാന്‍ അവരെ പ്രാപ്തരാക്കുവാനും നടന്ന സമരങ്ങളും കൂടിയാണ് കേരളത്തെ ഒരു പരിഷ്കൃതസമൂഹമാക്കിയത്. എന്നാലിന്നും വീടുവിട്ട് നാടുകാണാന്‍ കഴിയാതെ ജീവിക്കുന്ന സ്ത്രീകളാണ് പരിഷ്കൃതകേരളത്തിലേറെയും. സ്ത്രീയുടെ സഞ്ചാരചരിത്രത്തിലേക്ക് എത്തിനോക്കുകയാണ് സഞ്ചാരപ്രിയ കൂടിയായ പ്രശസ്ത എഴുത്തുകാരി ഡോ. ഖദീജ മുംതാസ് ഈ ലേഖനത്തില്‍...
12 Jun 2022 2:21 PM GMT
ഡോ.ഖദീജ മുംതാസ്

എന്നും ആണ് സ്വത്വവുമായി കെട്ടപ്പെട്ടവള്ക്ക് അവനില്ലാതെ യാത്രകള്‍ സാധ്യമാണോ? സാധ്യമാണ്. ഇന്നിപ്പോള്‍ സ്ത്രീകള്‍ ചെറുതോ വലുതോ ആയ ഗ്രൂപ്പുകളുണ്ടാക്കി പുരുഷനില്ലാ യാത്രകള്‍ നടത്തുന്നുണ്ട്. അവള് അപ്പോഴും ഒറ്റയ്ക്കല്ലല്ലോ എന്നു ചോദിക്കുകയാണെങ്കില്‍ ഒറ്റകളുടെ കൂട്ടത്തിന് ഒറ്റത്തത്തിന്റെ സ്വഭാവം നിലനിര്‍ത്താനാവുന്നുണ്ട് എന്നേ പറയാനാവൂ. ഒറ്റ, മറ്റൊരൊറ്റയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ആവേശത്തോടെ അംഗീകരിക്കുകയാണവിടെ. വനിതാ ഡോക്ടര്‍മാര്‍, കലാകാരികള്‍, എഴുത്തുകാര്‍ പിന്നെ, ചുമ്മാ യാത്ര ആഗ്രഹിക്കുന്നവരും. രാത്രി നടത്തവും, കെ.എസ്.ആര്.ടി.സ്പെഷ്യല്‍ ട്രിപ്പുമൊക്കെയായി സാധ്യതകളും വെച്ചു നീട്ടപ്പെടുന്നുണ്ട്. എന്നാലൊരു കൈ നോക്കിക്കളയാം അല്ലേ, എന്നവരും!
ഫാമിലി ട്രിപ്പെന്ന സ്ഥിരം കാട്ടിക്കൂട്ടല് സ്ത്രീക്ക് എപ്പോഴാണ് യഥാര്‍ത്ഥ ആഹ്ലാദം നല്‍കിയിട്ടുള്ളത്! യാത്രക്കിടയില്‍പ്പോലും കുഞ്ഞുങ്ങളും ഭര്‍ത്താവും ഒക്കെ ഉള്‍പ്പെടുന്ന മിനി കൂട്ടത്തിന്റെ ഒരുക്കം, ഇഷ്ടങ്ങള്‍, ഭക്ഷണം, ഉറക്കം, ഉണര്‍ത്തല്‍, പുറപ്പെടുവിക്കല്‍.. എല്ലാം കഴിഞ്ഞ് എന്ത് ആസ്വാദനം! കൂട്ടത്തില്‍ നിന്ന് വേറിട്ട് ഒരു പ്രകൃതി സല്ലാപവും അവള്‍ക്കില്ല. ഒരു ധ്യാനനിമിഷവും അവള്‍ക്കു കിട്ടില്ല. ഒന്നില്‍ കൂടുതല്‍ കുടുംബങ്ങളുണ്ടെങ്കില്‍ ഗ്രൂപ്പിന്റെ പൊതു സ്വഭാവത്തോടു സമരസപ്പെടുക, സന്തോഷിച്ചു എന്ന് സ്വയം വിശ്വസിപ്പിക്കുക, ഫോട്ടോകള്‍ കണ്ട് ആ ആഹ്ലാദം ഒരു വട്ടം കൂടി ഉറപ്പിക്കുക എന്നതിനപ്പുറം എന്താണ് അത്തരം യാത്രകള്‍ !
ചരിത്ര ഗവേഷകനായ മെഹമൂദ് കൂരിയയുടെ മധ്യകാല സ്ത്രീ യാത്രകളെപ്പറ്റിയുള്ള ഓണ്‍ലൈന്‍ പ്രഭാഷണം ആ രീതിയിലാണ് പ്രതീക്ഷയോടെ വരവേറ്റത്. ഒപ്പം മനസ്സിലെത്തിയത് 1930 കളിലെ ഒരു സംഭവം. ജെ.ദേവിക അതു രേഖപ്പെടുത്തിയിട്ടുണ്ട്. നവോത്ഥാനത്തിന്റെ ആവേശമണിഞ്ഞ കേരളം. കീഴാളര്ക്കിടയിലൊഴികെ നവോത്ഥാന മുന്നേറ്റങ്ങളൊക്കെ പുരുഷ മേല്‍നോട്ടത്തില്‍. സ്ത്രീകള്‍ പഠിക്കുന്നു, ജോലി ചെയ്യാന്‍ തുടങ്ങുന്നു, എഴുതുന്നു, നാടകം ചെയ്യുന്നു, രാഷ്ട്രീയത്തിലിടപെടുന്നു. പാരമ്പര്യത്തെ നിഷേധിച്ചാലും പക്ഷേ, നവോത്ഥാനനായകര്‍ വരച്ച വരയ്ക്കപ്പുറം കടക്കരുത്! അതു കൊണ്ടു് പക്കാഫെമിനിസ്റ്റായ സരസ്വതിയമ്മ എഴുത്തുകാരിയേ അല്ല! അഹങ്കാരി. അത്യാവശ്യം കഥകളും അതിനെക്കാളുപരി മഹാനായ തന്റെ ജീവിത പങ്കാളിയെപ്പറ്റി 'വ്യാഴവട്ട സ്മരണ'കളുമെഴുതിയ ബി. കല്ല്യാണിയമ്മ ആദരിക്കപ്പെടേണ്ട എഴുത്തുകാരി തന്നെ.
അക്കാലത്ത് അധ്യാപികയും വിദ്യാഭ്യാസ പ്രവര്‍ത്തകയും സ്ത്രീവാദവക്താവുമായ മറ്റൊരു കല്യാണിയമ്മ (കൊച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മ) യൂറോപ് പര്യടനം കഴിഞ്ഞു വന്ന് ഒരു യാത്രാവിവരണമെഴുതി. 'ഞാന്‍ കണ്ട യൂറോപ്പ്'! കഥയും കവിതയുമല്ല, കടല്‍ കടന്നു പോയി നാടു കണ്ട് യാത്രാ വിവരണം എഴുതുക ! നിരൂപകര്‍ ഉണര്‍ന്നു. സാഹിത്യ, സാംസ്കാരിക വിമര്‍ശകനും ഹാസസാഹിത്യകാരനുമായ സഞ്ജയന്റെ വിലയിരുത്തല്‍ ഇങ്ങനെ 'കൃതിയൊക്കെ കൊള്ളാം. പക്ഷേ, ഒരു ചെറിയ തിരുത്തല്‍ വേണമായിരുന്നു. ഞാന്‍ കണ്ട യൂറോപ്പല്ല, യൂറോപ്പുകണ്ട ഞാന്‍!' വിദേശത്തെരുവില് പന്തം കണ്ട പെരുച്ചാഴിയെപ്പോലെ അന്തം വിട്ടു പോയവള്‍! ഇവളുടെ കാഴ്ചയൊക്കെ എന്തു കാഴ്ച! ഇവളുടെ എഴുത്ത് എന്തെഴുത്ത്! കൊക്കില്‍ കൊള്ളാവുന്നത് കൊത്തിയാല്‍ പോരേ എന്നൊക്കെ സാരം. സ്ത്രീയുടെ കാഴ്ചയേയും, യാത്രകളെയും, രേഖപ്പെടുത്തലുകളെയും രണ്ടാം കിടയാക്കുന്ന അനുഭവം അതിഭൂതകാലത്ത് കുറവായിരുന്നു എന്നാണോ? എങ്കില്‍ അറിഞ്ഞാല്‍ കൊള്ളാം. 'ചെയര്‍ ചെയ്യാമോ' എന്ന ചോദ്യമുണ്ടാക്കിയ അമ്പരപ്പ് വിഷയത്തില്‍ തോന്നിയ കൗതുകത്തിനു കീഴടങ്ങി.
ഡോ. മെഹമൂദ് കൂരിയ നെതര്‍ലാന്റ്സ് ലെയ്ഡണ്‍ യൂണിവേഴ്സിറ്റി അധ്യാപകനാണ്. ഇന്തൃയുള്പ്പെടെ രണ്ടു മൂന്നു രാജ്യങ്ങളില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റിയും. മലയാളി തന്നെയായ പ്രതിഭാശാലി! ഇന്‍ഡ്യന്‍ ഓഷന്‍ രാജ്യങ്ങളിലെ മുസ്ലിം മത സമൂഹങ്ങളുടെ സംസ്കാരപഠനമാണ് ഇഷ്ട വിഷയം. വക്കം മൗലവി സ്മാരക ഗവേഷണ കേന്ദ്രം മാസം തോറും നടത്തുന്ന നിലവാരമുള്ള ഓണ്‍ലൈന്‍ തുടര്‍ പരിപാടിയിലെ ഏറ്റവും പുതിയത്.
ഇന്ത്യന്‍ മഹാസമുദ്രം ഇന്ത്യയുടെ ഇടതും വലതും അറബിക്കടലായും ബംഗാള്‍ ഉള്‍ക്കടലായും കയറിക്കിടന്ന്, രണ്ടു വന്‍കരകള്‍ക്കിടയില്‍ ചുവപ്പുകടലായ് പടര്‍ന്നു കയറി ഒട്ടനേകം തീര രാജ്യങ്ങളെ സാംസ്കാരികമായും സാമ്പത്തികമായും ബന്ധിപ്പിക്കുകയാണ്. പ്രകൃതി സമ്പത്തിനാല്‍ അനുഗ്രഹീതമായ മലബാര്‍ തീരം വിദൂര സമൂഹങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം, സഹസ്രാബ്ദങ്ങളോളം പ്രലോഭനമായിരുന്നു. അന്ന് ഈ തീരം തേടി കടല്‍ വഴി വന്ന ദേശക്കാര്‍ ഏറെയെങ്കില്‍ ഇന്ന് മലയാളി കടല്‍ കടന്നവിടങ്ങളിലേക്ക്, എന്നൊരു മാറ്റമുണ്ടെന്നു മാത്രം. ആ യാത്രകളിലിന്ന് ആണ് പെണ് ഭേദം കുറഞ്ഞു വരുന്നു.
പ്രാചീന കാലത്ത് കടല്‍ വഴിയെത്തിയ പുരുഷന്മാരെപ്പറ്റിയേ എഴുത്തും വര്‍ത്തമാനങ്ങളും കേട്ടിട്ടുള്ളു. അവര്‍ക്ക് കച്ചവട വസ്തുക്കളും തങ്ങാന്‍ സ്ഥലവും പാണ്ടികശാലകളും പിന്നെ, ഇണകളെയും നല്കിയ മലബാര്‍ തീരം! വിദേശസമ്പത്തു മാത്രമല്ല, ജീനുകളും ഏറ്റുവാങ്ങി ഈ ദേശം, കേരളം.
സഞ്ചാരികളില്‍ സ്ത്രീകളും ഉണ്ടായിരുന്നുവോ? ഉണ്ടായിരുന്നുവെന്ന് സാംസ്കാരിക ബന്ധങ്ങള്‍ തേടിയിറങ്ങിയ മെഹമൂദ് കൂരിയയുടെ കണ്ടെത്തല്‍. അതിപ്രാചീനകാലത്തെപ്പറ്റി അറിയാനായില്ലെങ്കിലും മധ്യകാലത്തെങ്കിലും സ്ത്രീകള്‍ സഞ്ചരിച്ചിട്ടുണ്ട്. അവയുടെ രേഖപ്പെടുത്തലുകള്‍ നടന്നിട്ടുണ്ട്. ടാന്‍സാനിയ പോലുള്ള കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങള്‍, അറേബ്യന്‍ പെനിസുലയിലെ രാജ്യങ്ങള്‍, ഇറാക്ക്, ഈജിപ്ത്, ഇന്തൃ, ശ്രീലങ്ക, മാല്ദ്വീവ്സ്, ലക്ഷദ്വീപ് സമൂഹങ്ങള്‍, ഇന്‍ഡൊനേഷ്യ പിന്നെയും കിഴക്കോട്ടു പോയി ജപ്പാനും ചൈനയും ഈ കടല്‍ വഴിബന്ധത്തിന്റെ ഓര്‍മ്മകളും ബാക്കിയിരുപ്പുകളും സൂക്ഷിക്കുന്നവയാണ്.
'ഗുര്‍ണയുടെ ഭൂപടത്തിലെ മലബാര്‍ ' എന്നൊരു പ്രഭാഷണം മാസങ്ങള്‍ക്കു മുമ്പൊരിക്കല്‍ മുസാഫിര്‍ അഹമ്മദ് ഇ തേ പ്ലാറ്റ്ഫോമില്‍ നടത്തിയിരുന്നു. സാഹിത്യ നോബല്‍ പുരസ്കാര ജേതാവ് അബ്ദുല്‍ റസാക് ഗുര്‍ണ ജന്മനാടായ ഇന്നത്തെ ടാന്‍സാനിയയുടെ ഭാഗമായ സാന്‍സിബാര്‍ ദ്വീപിന്റെ സമുദ്ര വഴി ബന്ധങ്ങളില്‍ തല്പ്പരനായിരുന്നുവല്ലോ. 7 - 8 നൂറ്റാണ്ടുകളോടെ ഇസ്ലാം ഈ കടല്‍ വഴിയിലൂടെ പടര്‍ന്നു വളര്‍ന്നു.അത് ഈ രാജ്യങ്ങളില്‍ സാംസ്കാരിക ഏകീകരണമുണ്ടാക്കിയോ? അതൃന്തം പിതൃകേന്ദ്രീകൃതാശയങ്ങളുള്ള ,സ്ത്രീ വിരുദ്ധമെന്ന് ലോകം ഇന്ന് മനസ്സിലാക്കുന്ന ഇസ്ലാം മതവിശ്വാസികളിലെ സ്ത്രീകള്‍ എങ്കിലെങ്ങനെയാണ് ദീര്ഘസമുദ്രയാത്രകള്ക്ക് പ്രാപ്ത രായിത്തീര്ന്നത്?'തുഫ്ഫത്തുല്‍ മുജാഹിദീന്‍' എന്ന വിഖ്യാത അറബി മലയാള, ചരിത്ര ഗ്രന്ഥത്തിനു മുമ്പ് 'ക്വിസ്സത് ഷക്കരാവതി' എന്നൊരു കൃതിയുണ്ടെന്നും അതില്‍ കടല്‍വഴി സ്വതന്ത്രരായി യാത്ര ചെയ്തെത്തിയ കുറേെേയറെ അറബ്സ്ത്രീരത്നങ്ങളെപ്പറ്റി പറയുന്നുണ്ട് എന്നും പ്രഭാഷകന്‍.
ബീമാപ്പള്ളിയിലെ ബീയുമ്മയെപ്പറ്റി ഐതിഹ്യസമാന കഥകളാണു കൂടുതല്‍. മുഹമ്മദ് നബിയുടെ വംശപരമ്പരയില്‍പ്പെട്ട അവര്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്താണ് കേരളത്തിലുണ്ടായിരുന്നത് എന്നു പറയപ്പെടുന്നു. മകനുമൊത്ത് കേരളക്കരയിലെത്തി മത പ്രചാരണവും ആതുരസേവനവും നടത്തി കേരളത്തിന്റെ തെക്കേത്തലയിലെ കടല്ത്തീരവാസികള്ക്കിടയില് പ്രിയങ്കരിയും പ്രസിദ്ധയുമായി അവര്‍. അന്യായമായ കരം കൊടുക്കാന്‍ ബിയുമ്മ വിസമ്മതിച്ചതിനാല്‍ രാജാവിന്റെ കിങ്കരന്മാരാല് ചതിച്ചു കൊല്ലപ്പെട്ടുവത്രെ അവരുടെ മകന്! ദിവസങ്ങള്‍ക്കുള്ളില്‍ ബിയുമ്മയും മരണത്തെ പുല്കി. ആ ഉമ്മയുടെയും രക്തസാക്ഷിയായ മകന്റെയും ഓര്‍മ്മയിലാണ് ബീമാപ്പള്ളിയില്‍ ഉറൂസ് ആചരണം ഇന്നും നടക്കുന്നത്.ഇന്നും പാര്ശ്വവല്ക്കരിക്കപ്പെടുകയും തെറ്റായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്ന പാവപ്പെട്ട മുസ്ലിങ്ങള്‍ വസിക്കുന്ന അവിടം ചരിത്രപരമായി മതമൈത്രിയുടെ കേന്ദ്രവും ഉറൂസ് അതിന്റെ സന്ദേശമുണര്‍ത്തുന്ന മതേതര സംഗമവുമാണ് . കൗതുകമുണര്‍ത്തുന്ന കാര്യം അവിടുത്തെ മുസ്ലിങ്ങള്‍ 'മരുമക്കത്തായം' അനുവര്‍ത്തിച്ചു പോരുന്നവരാണ് എന്നു കേട്ടതാണ്.
ഇന്ത്യയില്‍ കേരളത്തിലൊഴികെ മറ്റു സംസ്ഥാനങ്ങളിലൊന്നും മരുമക്കത്തായ സമ്പ്രദായം ഇത്രയേറെ വ്യാപകമായിരുന്നിട്ടില്ല. നായര്‍ സമുദായത്തില്‍ മാത്രമല്ല, ഈഴവരും മുസ്ലിങ്ങളുമുള്‍പ്പെടെ പല പ്രാദേശികസമൂഹങ്ങളിലും കേരളത്തിലതു നിലനിന്നിരുന്നു, ഇന്നും ഭാഗികമായി നില നില്‍ക്കുന്നുമുണ്ട്. നവോത്ഥാന മുന്നേറ്റ കാലത്ത് നിയമസഹായത്തോടെ തന്നെ ആ ആദിമസ്ത്രീപ്രധാന വ്യവസ്ഥയുടെ തായ് വേരറുത്തു നമ്മള്. കൊളോണിയല്‍ പരിഷ്കൃതിയിലൂടെ പരിചിതമായ വിക്ടോറിയന്‍ കുടുംബ വ്യവസ്ഥ, ദേശീയ പ്രസ്ഥാനത്തിലൂടെ പ്രചാരം ലഭിച്ച ഉത്തരേന്ത്യന്‍ ബ്രാഹ്മണിക്കല്‍ പിതൃ കേന്ദ്രീകൃത വ്യവസ്ഥ, മുസ്ലിം പരിഷ്കൃതരെ സ്വാധീനിച്ച സൗദി അറേബ്യയിലെ വഹാബിസം ഇവയൊക്കെ ഇതിനു പ്രേരകങ്ങളായിട്ടുണ്ട്. മാതൃദായക്രമം പ്രാചീനം, അപരിഷ്കൃതം, ജാഹിലിയ്യക്കാലത്തെ നാണക്കേട് അങ്ങനെയൊക്കെ ആയിത്തീര്‍ന്നു നമുക്ക്.
ഇന്‍ഡ്യന്‍ ഓഷന്‍ രാജ്യങ്ങളില്എല്ലായിടത്തും അതു സംഭവിച്ചുവോ? ഇല്ലെന്നാണ് കൂരിയയുടെ നിരീക്ഷണം.പുരുഷന്മാര് കാലങ്ങളായി സഞ്ചാരികളും കച്ചവടക്കാരുമായിരുന്ന അത്തരം ദേശങ്ങളില്‍ പലയിടത്തും സ്ത്രീകള്‍ തന്നെയായിരുന്നു കുടുംബ,സമൂഹ നിയന്ത്രകര്‍. സ്ത്രീപ്രധാന ഗോത്ര, കാര്‍ഷിക സംസ്കൃതിയുടെ സ്മൃതികളുറങ്ങുന്ന അത്തരം ദേശങ്ങളില്‍ വളരെ സ്വാഭാവികമായിത്തന്നെ മാതൃദായ ക്രമവും നിലനിന്നു. ഇസ്ലാമിന്റെ ആശയങ്ങളും ആചരണവും അവര്‍ ഒട്ടും സംഘര്‍ഷങ്ങളില്ലാതെ അതിനോടു ഇണക്കിച്ചേര്‍ക്കുകയും ചെയ്തു! ഇന്‍ഡോനേഷ്യയില്‍, ലക്ഷദ്വീപില്‍, ശ്രീലങ്കയില്‍,മാല് ദ്വീവ്സില്, മലേഷ്യയില്‍, മൊസാംബിക്കില്‍!( ഇസ്ലാം മതത്തില്‍ അത് സാധ്യമാണ് എന്നും കൂരിയ. ഒരു Mtariarchal Shari'a പോലും പ്രതീക്ഷയാകാം!) ഇസ്ലാമിന്റെ ആവിര്‍ഭാവവും ആദ്യകാല സ്വാധീനവുമുണ്ടായിരുന്ന മിഡില്‍ ഈസ്റ്റ് രാജ്യങ്ങളേക്കാള്‍ ഏറെ മുസ്ലിങ്ങള്‍ ഇപ്പറഞ്ഞയിടങ്ങളിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിലുമായി ഉണ്ടല്ലോ! എന്നിട്ടും ഇസ്ലാമിക സംസ്കാരം വിലയിരുത്തപ്പെടുന്നത് മധ്യപൂര്‍വേഷ്യന്‍ സമൂഹങ്ങളെ നോക്കി മാത്രമാണ് എന്നതാണ് പ്രശ്നം.
ശ്രീലങ്കയിലെ ഗലബന്താര വംശജരും ബുദ്ധിസ്റ്റുകളും ഒരു പോലെ പങ്കു ചേരുന്ന ഒരാഘോഷത്തെപ്പറ്റി പ്രഭാഷകന്‍ സൂചിപ്പിച്ചു. അറേബ്യയില്‍ നിന്നെത്തിയ സ്ത്രീയില്‍ ലങ്കയിലെ പ്രാദേശിക രാജാവിനുണ്ടായ ധീരപുത്രന്റെ സ്മരണ പുതുക്കുന്നതാണ് ഈ ആഘോഷം.
മിസ്റ്റിക്കുകളായും മത പ്രചാരകരായും രക്തത്തിലലിഞ്ഞ സഞ്ചാര കൗതുകത്താല്‍ പ്രേരിതരായും സ്ത്രീകള്‍ മധ്യകാലത്ത് കടല്‍ വഴി ധാരാളം യാത്ര ചെയ്തിട്ടുണ്ടെന്നു സാരം. ജപ്പാനിലെ ഒരു പ്രാദേശിക രാജാവിന്റെ അക്കാലത്തെ വിളംബരവും കൗതുകമുണര്‍ത്തുന്നു.ധാരാളം ചായ കുടിക്കുന്നവരും ക്ഷേത്രങ്ങളിലേയ്ക്കുള്പ്പെടെ നിരന്തരം യാത്ര ചെയ്യാന്‍ തുനിയുന്നവരുമായ സ്ത്രീകളെ മൊഴിചൊല്ലുന്നതില് തെറ്റില്ല! യാത്ര ചെയ്യുന്ന സ്ത്രീകളുടെ ചാരിത്രൃത്തെപ്പറ്റിയുള്ള ആശങ്ക അന്നും പുരുഷനുണ്ടായിരുന്നു എന്നു സൂചന .പുരുഷ ഇസ്ലാമിന്റെ ആധിപതൃത്വരയും പരമ്പരാഗത മാതൃദായ ക്രമം നല്കിയ സ്ത്രീ ചങ്കൂറ്റവും തമ്മില്‍ അന്നും ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നിരിക്കണം. മിസ്റ്റിക്, മത പ്രചാരണ കവചം അവളുടെ സ്വാതന്ത്ര്യമായി പലപ്പോഴും എന്നതുമാകാം.
ബ്രാഹ്മണാധിപത്യത്തിനു മുമ്പുള്ള കേരളത്തിലെ സ്ത്രീ സ്വത്വം ഒരുപക്ഷേ, സംഘ കാലകൃതികളിലൂടെ മാത്രം അനാവരണം ചെയ്യപ്പെടുന്നവയാണ്. എന്തിന്, അക്കാലത്തെ കേരള ചരിത്രം പോലും ഇന്നും ഇരുട്ടിലല്ലേ! മുസ്ലിം, കൃസ്ത്യന്‍ ചരിത്രാന്വേഷങ്ങളിലൂടെ ഇനിയും പുറത്തു വരേണ്ട ഒരു സുവര്‍ണഭൂതകാലം കേരളത്തിനുണ്ടാകണം. പട്ടണം ഉദ്ഘനനവും ശക്തമായ സൂചനകള്‍ നല്കുന്നുണ്ടല്ലോ. സംഘ കാലത്ത് ഇവിടെ ജീവിച്ചിരുന്ന മിസ്റ്റിക് കവി ഔവയാര്‍ ധാരാളം യാത്രകള്‍ ചെയ്തവരായിരുന്നു. ഹിമാലയത്തിലുള്പ്പെടെ എത്തി യോഗികളെയും സൂഫികളെയും പരിചയപ്പെട്ടു അവര്‍.
യാത്രയുടെ സംസ്കാരം ഇനിയും ആധുനിക സ്ത്രീ തിരിച്ചുപിടിക്കാനിരിക്കുന്നതേയുള്ളു. ലോകത്തിന്റെ വിശാലതയിലേക്കും വൈവിദ്ധ്യത്തിലേക്കും വീട്ടകംവിട്ട്പുറപ്പെട്ടുപോകുന്ന കേരളീയസ്ത്രീകളുടെ കാലം വന്നേ തീരൂ.
- TAGS:
- Khadeeja Mumthas