'ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിച്ചുനോക്കാനെങ്കിലും ഇനിയും നാം വൈകരുത്'
ക്വാറികളുണ്ടായിട്ടും മഴ പെയ്തല്ലോ എന്നു ചോദിച്ച ജനപ്രതിനിധികളും, മതനേതാക്കകളുള്ള നാടാണിത്.
18 Oct 2021 6:38 AM GMT
ആർ അരുൺ രാജ്

'പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തമാണ്. അതിനു നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വര്‍ഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്കു തന്നെ മനസ്സിലാകും.'2013ല്‍ മാധവ് ഗാഡ്ഗില്‍ പങ്കുവച്ച ഈ മുന്നറിയിപ്പാണ് ഇന്ന് കേരളം ചര്‍ച്ച ചെയ്യുന്നത്.
തുടരെ തുടരെ ഉണ്ടാകുന്ന പ്രളയവും, മണ്ണിടിച്ചിലും, ഉരുള്‍പൊട്ടലിലും നാട് വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ നാം നെടുവീര്‍പ്പോടെ വീണ്ടും ഓര്‍ത്തെടുക്കുകയാണ് പ്രൊഫ. മാധവ് ഗാഡ്ഗില്‍ എന്ന പേര്. ദുരന്തമുഖത്ത് ആശ്വാസക്കരം നീട്ടുമ്പോഴും ഇനിയും നമ്മള്‍ നിസ്സഹായരാവാതിരിക്കാനും ജീവന്‍ പൊലിയാതിരിക്കാനും ഗാഡ്ഗിലിനെയും അദ്ദേഹത്തിന്റെ വാക്കുകളെയും പങ്കിടുകയാണു സമൂഹമാധ്യമങ്ങള്‍.
2011 ഓഗസ്റ്റ് 31ന് ആണ് കേന്ദ്ര സര്‍ക്കാരിനു ഗാഡ്കില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ കേരളത്തെ ഇളക്കിമറിച്ച പരിസ്ഥിതി സമസ്യയായി മാറാനായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനു യോഗം.നിരന്തരമായ പരിസ്ഥിതി ധ്വംസനത്തിന്റെ അനിവാര്യമായ പരിണിതഫലമാണു കേരളം അനുഭവിക്കുന്നതെന്നു പറഞ്ഞ ഗാഡ്ഗിലിനോട്, ക്വാറികളുണ്ടായിട്ടും മഴ പെയ്തല്ലോ എന്നു ചോദിച്ച ജനപ്രതിനിധികളും, മതനേതാക്കകളുള്ള നാടാണിത്. അധികാരത്തിന്റെയും സ്വാര്‍ത്ഥതയുടേയും വഴികളില്‍ ഗാഡ്ഗില്‍ അധികപ്പറ്റായിരുന്നു. തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനാല്‍ ജനങ്ങളും ഗാഡ്ഗിലിനെ ഭയന്നു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പരസ്യമായി എതിര്‍ത്തവരുടെ പ്രതിനിധികളായിരുന്നു ആ ജനപ്രതിനിധികള്‍. പ്രളയവും മഴക്കലിയും ഭീകരതാണ്ഡവം ആടിമ്പോള്‍ ഗാഡ്ഗിലിന്റെ വാക്കുകള്‍ ഒരു നാടിന്റെ കാതുകളില്‍ വീണ്ടും മുഴങ്ങുന്നത് കുറ്റബോധം ഒന്നുകൊണ്ട് മാത്രമാണ്. കൂട്ടിക്കലില്‍ ഉരുള്‍പൊട്ടിയ പ്രദേശം ഗാഡ്ഗില്‍ കമ്മിറ്റി കണ്ടെത്തിയ പരിസ്ഥിതി ദുര്‍ബല മേഖലയിലെന്നാണ് റിപ്പോര്‍ട്ട്. പാറപൊട്ടിക്കലും നിര്‍മാണവും പൂര്‍ണമായും നിരോധിക്കേണ്ട പ്രദേശങ്ങളിലാണ് കൂട്ടിക്കല്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പ്രദേശത്തെ വല്യേന്ത, എളങ്കാട്, മേഖലകളില്‍ പാറപൊട്ടിക്കല്‍ വ്യാപകമാണ്. ഇതുതന്നെയാണ് ഉരുള്‍പൊട്ടലിലേക്ക് നയിച്ചതെന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത്.
കേരളം മുതല്‍ ഗുജറാത്ത് വരെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തിനെ സംരക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ കൂടിയേ തീരു. അഭയമില്ലാതായവര്‍ക്കു സഹായം നല്‍കുകയാണു പ്രഥമദൗത്യം. അതിന് ശേഷമെങ്കിലും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചുനോക്കാനെങ്കിലും ഇനിയും നാം വൈകരുത്.