'ആര് ശ്രീലേഖയുടേത് നിഷ്കളങ്കയായ ആരാധികയുടെ പ്രവര്‍ത്തിയല്ല, ആസൂത്രിതമാണ്'; പ്രൊഫ. കുസുമം ജോസഫ്
നിയമനടപടി പോലും ഭയപ്പെടാതെ നടത്തുന്ന 'വെളിപ്പെടുത്തല്‍' കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ്.
14 July 2022 6:06 AM GMT
അന്‍ഷിഫ് ആസ്യ മജീദ്

നടി ആക്രമണ കേസിലെ പ്രതിയായ നടൻ ദിലീപ് നിരപരാധിയെന്ന് ന്യായീകരിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖയ്ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കേസിൽ ദിലീപിനെതിരെ തെളിവുകളില്ലെന്നും പൊലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കിയതാണെന്നാണ് ശ്രീലേഖയുടെ പ്രധാന വാദം. ദിലീപിനെ ശിക്ഷിക്കാൻ തെളിവുകൾ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയർന്നുവന്നത്. കൃത്യം ചെയ്ത പൾസർ സുനിയും ദിലീപും തമ്മിൽ കണ്ടതിന് തെളിവില്ല. പൾസർ സുനിയുടെ ഭാഗത്തുനിന്ന് മുമ്പും ഇത്തരം പ്രവൃത്തികൾ ഉണ്ടായിട്ടുണ്ട്. ജയിലിനകത്ത് പൾസർ സുനിക്ക് ഫോൺ കൈമാറിയത് പൊലീസുകാരൻ ആണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.
മുൻ ഐപിഎസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തലിൽ പ്രധാനപ്പെട്ട മറ്റൊരു ആരോപണം പൾസർ സുനി നടി ആക്രമണ കേസിന് സമാന കുറ്റകൃത്യങ്ങൾ മുൻപും ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം ഇരകളായ നടിമാർ തന്നോട് വെളിപ്പെടുത്തിയെന്നുമായിരുന്നു. ഈ വെളിപ്പെടുത്തലിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. പൊലീസിലെ ഉന്നത സ്ഥാനത്തിരിക്കുമ്പോൾ ഒരു കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിട്ടും നടപടി സ്വീകരിക്കാതിരുന്നത് നിയമലംഘനമാണെന്ന് വിമർശനമുയർന്നു. വിഷയത്തിൽ ശ്രീലേഖയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹിക കൂട്ടായ്മ അംഗം പ്രൊഫ. കുസുമം ജോസഫ് പൊലീസിന് സമീപിക്കുകയും ചെയ്തു. പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കുസുമം ജോസഫ് റിപ്പോർട്ടർ ലൈവുമായി സംസാരിക്കുന്നു.
താങ്കള്‍ നല്കിയ പരാതിയില്‍ മുന്‍ ഡിജിപി ആര് ശ്രീലേഖയ്ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.?
ആര് ശ്രീലേഖ യുട്യൂബ് ചാനല്‍ വഴി നടത്തിയ ഗുരുതരമായ പരാമര്‍ശങ്ങളുടെ മേല്‍ നല്കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചുവെന്നത് സന്തോഷകരമായ കാര്യമാണ്. വീഡിയോ പരിശോധിച്ചുവരികയാണ് എന്നാണ് പൊലീസ് നല്‍കിയിരിക്കുന്ന വിശദീകരണം. പ്രാഥമിക അന്വേഷണത്തിന് ശേഷമായിരിക്കും കേസെടുക്കുകയെന്നാണ് കരുതുന്നത്, കേസെടുത്തതായി ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. എന്തായാലും പരാതി പൊലീസ് ഗൗരവമായി പരിശോധിക്കുന്നുവെന്നത് നല്ല കാര്യമാണ്.
പൊലീസ് ഡിപാര്‍ട്ട്മെന്റിനെ ഒന്നടങ്കം അധിക്ഷേപിക്കുന്നതാണ് ശ്രീലേഖയുടെ വീഡിയോ. സ്വമേധയാ കേസെടുക്കുന്നതിന് പരിമിതിയുണ്ടേയേക്കാം. പൊലീസിന് ഇത്രയധികം അവമതിപ്പുണ്ടാക്കുന്ന പ്രസ്താവന നടത്തിയതില്‍ ഡിപാര്‍ട്ട്മെന്റിന് തന്നെ അമര്‍ഷമുണ്ടാകും. പക്ഷേ ഞാന്‍ പരാതിയിലൂടെ ഉന്നയിക്കാന്‍ ശ്രമിച്ച വിഷയം പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ടതാണ്. പൊലീസ് ഡിപാര്‍ട്ട്മെന്റിന് അവമതിപ്പുണ്ടാകുന്ന വിഷയം അതോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ്.
കുറ്റകൃത്യം അറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്ത നിയമപാലകര്‍ സമൂഹത്തിന് നല്കുന്ന സന്ദേശമെന്താണ്?
ഇക്കാര്യം തന്നെയാണ് സാമൂഹിക ജീവിയെന്ന നിലയില്‍ എന്നെയും ആശങ്കപ്പെടുത്തുന്നത്. കേസിന്റെ നിയമവശങ്ങളോ, പൊലീസിന് കേസെടുക്കാന്‍ വകുപ്പുണ്ടോ? തുടങ്ങിയവയൊന്നുമല്ല നമ്മളെ ഭയപ്പെടുത്തുന്നത്. ഒരു കുറ്റകൃത്യം അറിഞ്ഞിട്ടും മിണ്ടാതിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ മനോനിലയാണ് ഭയപ്പാടുളവാക്കുന്നത്. അവർ ഒരു സ്ത്രീ കൂടിയാണെന്നത് മറന്നുപോയിരിക്കുകയാണ്.
സംസ്ഥാന പൊലീസ് വകുപ്പിന്റെ ഉന്നത പദവിയിലിരുന്ന വനിതയാണ്. അവരെക്കാള്‍ ഉയര്‍ന്ന ഒരു സ്ത്രീ ഉദ്യോഗസ്ഥ ഉണ്ടായിരുന്നില്ല. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ഒന്നിലധികം സിനിമാ നടിമാര്‍ പള്‍സര്‍ സുനിയില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയെന്നാണ് ശ്രീലഖ പറയുന്നത്. ലൈംഗിക അതിക്രമത്തിന് ശേഷം പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയതായും നടിമാര്‍ വെളിപ്പെടുത്തിയെന്ന് ശ്രീലേഖ പറയുന്നുണ്ട്.
ഇത്തരത്തില്‍ ഗൗരവമേറിയ കുറ്റകൃത്യം ചെയ്യുന്ന പള്‍സര്‍ സുനി ഒരു 'ഹാബിച്യൂല് റേപ്പിസ്റ്റ്' ആയിരിക്കണം. അതല്ലെങ്കില്‍ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന ക്രിമിനല്‍. ഇതാണ് എന്നെ ഏറ്റവും ഭയപ്പെടുത്തുന്നത്. സുനി അങ്ങനൊരു ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന ആളാണെന്ന് തന്നെയാണ് എന്റെ സംശയവും. കൈവെട്ടാനും കൊല്ലാനുമൊക്കെ ക്വട്ടേഷനേറ്റെടുക്കുന്നവര്ക്ക് സമാനമായി ഒരാള്‍ മലയാള സിനിമയുടെ ലോക്കേഷനുകളില്‍ ഉണ്ടാവുകയെന്നത് എത്രയേറെ ഗൗരവമേറിയ കാര്യമാണ്. മലയാള സിനിമാ ലോകത്ത് എന്താണ് പള്‍സര്‍ സുനിയുടെ സ്വാധീനം?. വെറുമൊരു ഡ്രൈവര്‍ മാത്രമായ ഇയാള്‍ക്ക് എങ്ങനെയാണ് ഇത്രയും വലിയ കുറ്റകൃത്യം ചെയ്ത ശേഷവും അവിടെ നിലനില്‍ക്കാനായത്. സാമാന്യ യുക്തി വെച്ച് ചിന്തിച്ചാല്‍ പോലും സുനിയുടെ പിന്നില്‍ ആളില്ലെന്ന് വിശ്വസിക്കുക പ്രയാസകരമാണ്.
സിനിമ മേഖല കൈയ്യാളുന്നത് ചില സമ്പന്നരായ നടന്മാരാണ്. നിയമത്തെ വെല്ലുവിളിക്കാന്‍ യാതൊരു മടിയുമില്ലാത്ത ചിലര്‍ മലയാള സിനിമ അടക്കി വാഴുന്നുണ്ട്. വിജയ് ബാബു നിയമത്തെ പോലും വെല്ലുവിളിച്ച് ഇരയുടെ പേര് വെളിപ്പെടുത്തിയത് നാം കണ്ടെത്താണ്. അഭിപ്രായം പറയുന്ന സ്ത്രീകളെ പൊതുവെ സമൂഹത്തിന്, പ്രത്യേകിച്ച് പുരുഷന്മാര്ക്ക് അംഗീകരിക്കാനാവില്ല. അങ്ങനെയുള്ള സ്ത്രീകളെ ഒതുക്കാന്‍ ബലാത്സംഗ ക്വട്ടേഷനായിരുന്നോ മറുപടിയെന്ന് പരിശോധിക്കപ്പെടേണ്ടതല്ലേ? ഇത്തരമൊരു കുറ്റകൃത്യം അറിഞ്ഞിട്ടും പരാതി ഇല്ലാതെ ശ്രീലേഖ നടപടി സ്വീകരിച്ചില്ലെന്നത് മാറ്റിവെക്കാം. ഇരയായ പെണ്‍കുട്ടികള്‍ എന്തിനാണ് ശ്രീലേഖയോട് ഇത്തരം കാര്യങ്ങള്‍ പറയുന്നത്.? അപമാനിതരാവുമെന്ന് ഭയക്കുന്നവര്‍ എന്തിന് ഇതെല്ലാം പറയണം?
കൗണ്‍സിലിംഗ് നല്കുന്ന ഡോക്ടറോ ഇരകളുടെ ബന്ധുവോ ആണോ ശ്രീലേഖ, അല്ല.! ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥയായത് കൊണ്ടാണ്. ഇരയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താതെ തന്നെ കേസെടുക്കാനും നിയമ നടപടികള്‍ സ്വീകരിക്കാനും ശ്രീലേഖയ്ക്ക് കഴിയുമായിരുന്നു. ഇത്രയും വലിയ ക്രിമിനലിനെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്താന്‍ അവര്‍ക്ക് കഴിയുമായിരുന്നു. പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് ശ്രീലേഖ സ്വീകരിച്ചതെന്ന് പറയേണ്ടി വരും. കുറ്റകരമായ മൗനമാണ് അവിടെ അവര്‍ സ്വീകരിച്ചത്. വനിതയെന്ന നിലയിലും പൊലീസ് ഉദ്യോഗസ്ഥയെന്ന നിലയിലും ശ്രീലേഖ പരാജയമാവുകയാണ് ചെയ്തത്. സര്‍വീസിലിരിക്കെ തമാശയായി കേട്ട കുറ്റകൃത്യത്തെക്കുറിച്ച് യുട്യൂബ് ചാനലില്‍ വന്നിരുന്നു പറയുന്ന ഇവര്‍ എന്തു തരം മനുഷ്യ ജീവിയാണ്.
നടി ആക്രമണ കേസിലെ പ്രതി ദിലീപിനെതിരെ പൊതുസമൂഹത്തില്‍ വലിയ വികാരം ഉയരുന്ന സമയങ്ങളില്‍ ആര് ശ്രീലേഖയെ പോലുള്ളവര്‍ നടത്തുന്ന ആരോപണങ്ങളുടെ ലക്ഷ്യമെന്തായിരിക്കും?
കോടതി അലക്ഷ്യമാണ് ശ്രീലേഖ വിളിച്ചുപറയുന്നത്. തെളിവുകളെല്ലാം ക്ലോസ് ചെയ്ത് വിചാരണയിലിരിക്കുന്ന കേസില്‍ വെളിപ്പെടുത്തല്‍ നടത്തുമ്പോ കോടതിയലക്ഷ്യമായി മാറുമെന്ന് അറിയാത്ത വ്യക്തിയാണോ ശ്രീലേഖ?. നിയമനടപടി പോലും ഭയപ്പെടാതെ നടത്തുന്ന 'വെളിപ്പെടുത്തല്‍' കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ പുറത്തുവന്നതിന് പിന്നാലെ ദിലീപ് വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളപ്പെടുകയാണ്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ കഴമ്പുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീലേഖ വഴി നടത്തുന്ന 'വെളുപ്പിക്കല്‍' എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ ശ്രീലേഖയ്ക്ക് ഇങ്ങെനൊരു 'ഇറങ്ങി പുറപ്പെടലിന്റെ' കാര്യമുണ്ടോ?
പള്‍സര്‍ സുനിയില്‍ മാത്രമായി കേസ് അവസാനിപ്പിക്കേണ്ടത് ആരുടെ ആവശ്യമാണെന്ന് ചിന്തിക്കാവുന്നതേയുള്ളു.
ഏറെ നാളുകള്‍ക്ക് മുന്‍പ് ദിലീപ് ജയിലില്‍ കഴിയിമ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ദിലീപ് അനുകൂല എഡിറ്റോറിയല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. റിപ്പോര്‍ട്ടര്‍ ടിവി ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടപ്പോള്‍ ആര് ശ്രീലേഖ രംഗത്തുവരുന്നു. സംശയാസ്പദമാണ് ഈ പിന്തുണകളെന്ന് കരുതുന്നുണ്ടോ?
നമുക്ക് ഇക്കാര്യങ്ങളില്‍ ആശങ്കപ്പെടാനെ കഴിയൂ. ഈ കേസില്‍ നിന്ന് തടിയൂരുകയെന്നത് അതിസമ്പന്നനും പ്രബലനുമായ പ്രതിയുടെ ആവശ്യമാണ്. ഏത് നിലയിലും ആരെയും സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തും. ബന്ധുബലം, അധികാരം, പണം, രാഷ്ട്രീയ ബന്ധം ഒക്കെ ഉപയോഗിച്ച് സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ അയാള്‍ നടത്തുമെന്നത് നിസംശയമാണ്.
ഇവിടെ മറ്റൊരു കാര്യമാണ് ഞാന്‍ ചൂണ്ടിക്കാണിക്കാൻ ഉദ്ദേശിക്കുന്നത്. നമ്മുടെ നാട്ടിലെ അതിജീവിതകളുടെ അവസ്ഥയൊന്ന് പരിശോധിച്ചു നോക്കൂ. ഈ കേസിലെ അതിജീവിത അവരില്‍ നിന്നും വ്യത്യസ്ഥമാണ്. പല പോക്സോ കേസുകളില്‍ പോലും ബന്ധുക്കളും മറ്റും അതിജീവിതകള്‍ക്കെതിരെ തിരിയും. സമ്മര്‍ദ്ദവും ഭീഷണിയുമെല്ലാം അവരുടെ ജീവിതത്തെ ദുസ്സഹമാക്കും. കോടതിക്ക് വെളിയില്‍ കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തും. മൊഴിമാറ്റപ്പെടും. ഈ ശ്രേണിയില്‍ നിന്ന് വ്യത്യസ്ഥമാണ് നടി ആക്രമണ കേസിലെ അതിജീവിതയുടെ കാര്യം.
ആ കുട്ടിയുടെ ബന്ധുക്കളും ഭര്‍ത്താവുമെല്ലാം അവരെ ചേര്‍ത്തുപിടിച്ചിട്ടുണ്ട്. പ്രതീക്ഷ നല്കുന്നതാണത്. സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ മെച്ചപ്പെട്ടതാണ്. അങ്ങനെ എല്ലാ തരത്തിലുള്ള സോഷ്യല്‍ പ്രിവിലൈജുകളുമുണ്ടായിട്ടു പോലും അവരുടെ നിസ്സഹായവും ദുസ്സഹവുമായി അവസ്ഥ നോക്കൂ. ഇത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. മരിച്ചാല്‍ മാത്രം ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീക്ക് വേണ്ടി നീതിയുടെ നിലവിളി ഉയരുന്നത് നമ്മുടെ നാടിന്റെ രീതിയാണ്. കൊല്ലപ്പെടുന്നതിന് മുന്നേ അനീതിയാണെന്ന് പറയാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടാവണം.
കൃത്യം നിര്‍വ്വഹിച്ച വ്യക്തിയേക്കാള്‍ ഏല്പ്പിച്ചയാളാണ് കുറ്റവാളി. അത് അറിയാവുന്നത് കൊണ്ടാണ് ചെയ്യിപ്പിച്ചയാള്ക്ക് ഇത്ര അസ്യസ്ഥത. അതുകൊണ്ടാണ് രക്ഷപ്പെടാന്‍ അയാള്‍ ഇത്രയധികം ആളെ കൂട്ടി, പണം മുടക്കി നാടു നീളെ ഓടുന്നത്. അതിന്റെ ഭാഗമാണ് ശ്രീലേഖയുടെ വീഡിയോ. പൊലീസ് ഉദ്യോഗസ്ഥയായിരിക്കെ അവരുണ്ടാക്കിയ എല്ലാ സല്‍പ്പേരും ഇതോടെ ഇല്ലാതാവുകയാണ്. എന്ത് നേട്ടത്തിന് വേണ്ടി ചെയ്താലും പൊതുസമൂഹം ശ്രീലേഖയുടെ പ്രവൃത്തിയെ തിരിച്ചറിയും. 'ശ്രീലേഖയെ'യെക്കാളും മോശമാവരുതെന്ന് പ്രയോഗം പോലും വരുംകാലങ്ങളില്‍ ഉപയോഗിക്കപ്പെടുമെന്ന് തീര്‍ച്ചയാണ്. 'നുണ പറഞ്ഞ് മൂക്ക് നീണ്ടുപോയ' വ്യക്തികളുടെ പട്ടികയിലാണ് ശ്രീലേഖയുടെ സ്ഥാനം.
ദിലീപിനോടുള്ള ആരാധനയാണ് ശ്രീലേഖയുടെ 'വെളിപ്പെടുത്തലിന്' പിന്നിലെന്ന് ആരോപണങ്ങളുണ്ട്.
അത്തരത്തിലൊരു വിലയിരുത്തല്‍ എനിക്ക് വ്യക്തിപരമായി ഇല്ല. ആരാധന മൂത്ത് ഭ്രാന്തായ സ്ത്രീയെന്നൊക്കെ ശ്രീലേഖയെ ആളുകള്‍ വിളിക്കാറുണ്ട്. പക്ഷേ ആ ഭ്രാന്തിന്റെ പേരിലാണ് 'ഈ വെളുപ്പിക്കല്‍' എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. പ്രതിയും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകരുമെല്ലാം ഉള്‍പ്പെട്ട കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയതാണ് എന്നാണ് എന്റെ വിലയിരുത്തല്‍. ആരാധന കൊണ്ട് വെളുപ്പിക്കുന്നവര്‍ ഫാന്‍സ് അസോസിയേഷന്കാരാണ്.
ഇത് നിഷ്കളങ്കമായ ഫാന്‍ പ്രവര്‍ത്തിയല്ല, ആസൂത്രിതമാണെന്ന് സംശയിക്കേണ്ടി വരും. ദിലീപ് യേശു ക്രിസ്തുവാണെന്ന് വാദിക്കുന്നവരും ഇനി പ്രത്യക്ഷപ്പെടും.
ശ്രീലേഖ എന്തു തന്നെ പറഞ്ഞാലും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വേതനവും പെന്‍ഷനും വാങ്ങി ക്രിമിനലുകള്‍ക്ക് പിന്തുണ നല്‍കുന്നത് അനുവദിക്കാനാവില്ല. നീതി ലഭിക്കുന്നതു വരെ ജനകീയ പ്രക്ഷോഭം തുടരാനാണ് ഞങ്ങളുടെ തീരുമാനം. കേസു കൊണ്ട് മാത്രം അവസാനിക്കുമെന്ന് കരുതേണ്ടതില്ല.
നടി ആക്രമണ കേസിലെ അന്വേഷണം സുതാര്യമാണെന്ന് കരുത്തുണ്ടോ?
പൊലീസ് വളരെ ഗൗരവമേറിയ ചില കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. എനിക്ക് തോന്നുന്നു അന്വേഷണത്തിന്റെ ഒരുഘട്ടത്തില്‍ മുഖ്യമന്ത്രിക്ക് പോലും നിലപാട് മാറ്റേണ്ടി വന്നു. ദീലീപിന്റെ പങ്ക് ആ സമയത്ത് വെളിപ്പെട്ടതുമാണ്. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ടതല്ലാതെ വിചാരണ കോടതിക്കെതിരെ ഉയര്‍ന്ന ചില ആരോപണങ്ങള്‍ ഗൗരവമേറിയതാണ്. വിചാരണ കോടതി അതിജീവിതയോട് മാന്യമായ സമീപനം കാണിക്കുന്നില്ലെന്ന് മാത്രമല്ല, ജഡ്ജ് അങ്ങേയറ്റം പക്ഷപാതപരമായി പെരുമാറുന്നുവെന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു. അതിജീവിതയും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. രാജിവെച്ചു മാറിനിന്ന പബ്ലിക് പ്രൊസിക്യൂട്ടര്‍മാർ ഇക്കാര്യങ്ങളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉയര്‍ന്നു.
വിശ്വാസ്യത വളരെ പ്രധാനപ്പെട്ടതാണ്. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെടുന്നത് വിശ്വാസ്യതയുമായി ബന്ധപ്പെട്ടാണ്. എന്നിട്ടും ജഡ്ജി വാശിപിടിക്കുകയാണ്. 'ഞാന്‍ തന്നെ കേസ് കേള്‍ക്കും' എന്ന വാക്കുകള്‍ നാം കേട്ടതാണ്. നിയമ വ്യവസ്ഥയിലെ നിബന്ധനകള്‍ ആളുകള്‍ക്ക് അനുസരിച്ച് മാറ്റാന്‍ കഴിയുമോയെന്ന് ചോദ്യമുയര്‍ന്നേക്കാം. എന്നാല്‍ ഇത് പ്രതിയല്ല പറയുന്നതെന്ന വസ്തുത നാം കാണാതെ പോവരുത്. ജുഡിഷ്യറി നിതീ നിഷേധിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കേണ്ടത് അനിവാര്യതയാണ്. അക്കാര്യം മറക്കരുത്.
Story Highlights: Prof. Kusumam Joseph Interview; R Sreelakha's youtube video was well planned campaign to support actor Dileep