സികെ ശ്രീധരന് അഭിമുഖം: 'കൂടെ നിന്ന് ചതിച്ചിട്ടില്ല, കൃപേഷിന്റേയും ശരത് ലാലിന്റേയും മാതാപിതാക്കളെ നിയമപരമായി പ്രതിരോധിക്കും'
കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു എന്നുള്ളതുകൊണ്ട് എന്റെ പേരില്‍ ഒരു ദുരാരോപണം നടത്താനുള്ള ഉപാധിയായി വക്കാലത്ത് ഏറ്റെടുത്തതിനെ മാറ്റാനാണ് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വം ശ്രമിക്കുന്നത്.
17 Dec 2022 7:24 AM GMT
എം.വി നികേഷ് കുമാർ

കൊച്ചി: പെരിയ ഇരട്ടകൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തതിന്റെ പേരില്‍ ദുരാരോപണം അഴിച്ചുവിടേണ്ടതില്ലെന്ന് അഡ്വ. സി കെ ശ്രീധരന്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി, ഏല്പിക്കുന്ന കേസുകള്‍ക്ക് വേണ്ടി ഹാജരാവുകയെന്നത് തന്റെ ധര്‍മ്മമാണെന്നും സി കെ ശ്രീധരന് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാവായിരുന്ന ശ്രീധരന് സിപിഐഎമ്മില്‍ ചേര്‍ന്ന് ഒരു മാസം തികയുന്നതിന് മുമ്പാണ് പെരിയ ഇരട്ടകൊലപാതകേസിലെ ഒമ്പത് പ്രതികള്‍ക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് മുന്‍ എംഎല്‍എയായ അഭിഭാഷകന്റെ നടപടിയില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രതികരണം.
എന്തുകൊണ്ടാണ് പെരിയ ഇരട്ടകൊലപാതക കേസ് പ്രതികളുടെ വക്കാലത്ത് എടുത്തത്?
കേരളത്തില്‍ നിരവധി പ്രധാനപ്പെട്ട കേസുകളില്‍ കക്ഷികള്‍ക്ക് വേണ്ടി ഹാജരായി വക്കാലത്ത് സമര്‍പ്പിച്ചിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എന്നെ കേസുകള്‍ ഏല്‍പ്പിക്കുന്ന കക്ഷികള്‍ക്ക് വേണ്ടി ഹാജരാവുകയെന്നത് എന്റെ ധര്‍മ്മമാണ്. ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. നേരത്തെ ഞാന്‍ കോണ്‍ഗ്രസ് ആയിരുന്നു. ഇപ്പോള്‍ സിപിഐഎമ്മില്‍ ചേര്‍ന്നുകൊണ്ടാണ് വക്കാലത്ത് ഏറ്റെടുത്ത് ഹാജരായത് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ഈ കേസില്‍ ഒന്ന് മുതല്‍ നാല് വരെയുള്ള പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 13, 14, 20, 21, 22 പ്രതികളാണ് ജാമ്യത്തിലുള്ളത്. ജാമ്യത്തില്‍ കഴിയുന്ന പ്രതികളും ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ ബന്ധുക്കളും എന്നോട് ആവശ്യപ്പെട്ടതുകൊണ്ടുമാണ് ഞാന്‍ ഇന്നലെ എറണാകുളത്തെ സിബിഐ രണ്ടാം കോടതിയില്‍ പ്രതികള്‍ക്ക് വേണ്ടി വക്കാലത്ത് സമര്‍പ്പിച്ചത്.
വധം നടക്കുമ്പോള്‍ നിങ്ങളൊരു കോണ്‍ഗ്രസ് നേതാവായിരുന്നു. കേസിന്റെ കാര്യവുമായി ബന്ധപ്പെട്ട് ആശയവിനിമയം അക്കാലത്ത് നടത്തിയിട്ടുണ്ടാവും. ഇരകള്‍ക്കൊപ്പം നിന്നയാള്‍ പിന്നീട് പാര്‍ട്ടി മാറിയ ശേഷം പ്രതികള്‍ക്ക് വക്കാലത്ത് സമര്‍പ്പിക്കുന്നത് പ്രൊഫഷണലി ശരിയാണോ?
ഞാന്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനോ നേതാവോ ആയിരുന്നുവെന്നത് ശരിയാണ്. എന്നാല്‍ പെരിയ ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് കേസിലെ ഏതെങ്കിലും വിഷയം ഞാനുമായി ചര്‍ച്ച ചെയ്യുകയോ ആലോചന നടത്തുകയോ ചെയ്തിട്ടില്ല. ബന്ധുക്കള്‍ക്കോ പാര്‍ട്ടി നേതാക്കള്‍ക്കോ നിയമോപദേശം നല്‍കുകയോ അവര്‍ നിയമോപദേശ് തേടുകയോ ചെയ്തിട്ടില്ല. ഒരു അറിയപ്പെടുന്ന അഭിഭാഷകന് എന്ന നിലയില്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ എന്നോട് വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. അതൊരു സത്യമാണ്. കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു എന്നുള്ളതുകൊണ്ട് എന്റെ പേരില്‍ ഒരു ദുരാരോപണം നടത്താനുള്ള ഉപാധിയായി വക്കാലത്ത് ഏറ്റെടുത്തതിനെ മാറ്റാനാണ് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വം ശ്രമിക്കുന്നത്.
കൂടെ നിന്ന് ചതിച്ചയാളാണ് ശ്രീധരന്. ഗൂഢാലോചന കണ്ടെത്താന്‍ ശ്രീധരനെതിരെ കോടതിയില്‍ പോകും കൊല്ലപ്പെട്ട യുവാക്കളുടെ രക്ഷിതാക്കള്‍ പറയുന്നത്. ഈ കേസില്‍ സിബിഐ വേണമെന്ന് വാദിക്കാന്‍ വേണ്ടി വടകരക്കാരനായ ആസിഫ് അലിയെ കാസര്‍ഗോഡ് കൊണ്ടുവരികയാണ് ചെയ്തിട്ടുള്ളത്. താങ്കളെ പൂര്‍ണമായും മാറ്റിനിര്‍ത്തി. എന്നിട്ടിപ്പോള്‍ താങ്കള്‍ മറുഭാഗത്ത് നിന്നും കേസിന്റെ വക്കാലത്ത് ഏറ്റെടുക്കുമ്പോള്‍ അത് അട്ടിമറിക്കുന്നതിന് വേണ്ടി ഇരകളുടെ മാതാപിതാക്കളെ ഉപയോഗിക്കുന്നുവെന്ന വീക്ഷണമാണോ?
തീര്‍ച്ചയായും ഈ പ്രത്യേക സാഹചര്യത്തില്‍ സിപിഐമ്മിന്റെ ഭാഗമായി എന്നതുകൊണ്ടു മാത്രമാണ് എനിക്കെതിരെ അപവാദ പ്രചാരണം നടക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ഞാനുമായി ഒരുകാര്യവും വാക്കാലോ രേഖാപരമായോ ആശയ വിനിമയം നടത്തിയിട്ടില്ല. യാഥാര്‍ത്ഥ്യത്തിന് വിരുദ്ധമായി അടിസ്ഥാന രഹിതമായ കാര്യമാണ്.
ഇ കെ ശ്രീധരനെ മാറ്റിനിര്‍ത്തി എന്തുകൊണ്ടാണ് ടി എ ആസിഫലിയെ കൊണ്ടുവന്നിട്ടുണ്ടാവുക?
കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് രാഷ്ട്രീയം നിങ്ങള്‍ക്ക് അറിയാമല്ലോ. പെരിയ കോണ്‍ഗ്രസിലെ എ വിഭാഗത്തോട് ചായ്വുള്ള മേഖലയാണ്. ഡിസിസി പ്രസിഡണ്ട് ഈ വിഭാഗത്തിന് നില്‍ക്കുന്നയാളാണ്. സ്വാഭാവികമായും കരുണാകരന്റെ കാലം തൊട്ട് ഐ ഗ്രൂപ്പുകാരനായ എന്നെ പ്രത്യക്ഷമായി മാറ്റി നിര്ത്തിയിട്ടുള്ളതില് അതിശയം ഇല്ല. ഇരകളുടെ ബന്ധുക്കളും അത് ചോദ്യം ചെയ്തിട്ടില്ല.
പെരിയാ കേസ് കാലഘട്ടം മുതല്‍ നിങ്ങള്‍ ഡിസിസിയുമായി അകന്നിരുന്നോ?
അകന്നിരുന്നുവെന്നല്ല അതിനെ പറയേണ്ടത്. കോണ്‍ഗ്രസില്‍ എ, ഐ വിഭാഗം ശക്തമായ ഗ്രൂപ്പ് രാഷ്ട്രീയമുണ്ട്. രാഷ്ട്രീയമായി എന്ത് വിഷയം വന്നാലും ഗ്രൂപ്പ് രാഷ്ട്രീയം നോക്കുന്ന നിലപാട് ഉണ്ട്. ഇതിലും അത് തന്നെയാണ് സംഭവിച്ചത്. ആ സാഹചര്യത്തില്‍ ഒരു കാര്യവും കേസുമായി ബന്ധപ്പെട്ട് എന്നോട് തിരക്കിയിട്ടില്ല.
ടിപി ചന്ദ്രശേഖരന് വധക്കേസില്‍ സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന് അടക്കമുള്ള നേതാക്കള്‍ രക്ഷപ്പെടാന്‍ കാരണം സി കെ ശ്രീധരന് എന്നാണ് നിലവില്‍ കെപിസിസി അധ്യക്ഷനായ കെ സുധാകരന് ആരാപിച്ചത്. ടിപി കേസിന് ശേഷം കോണ്‍ഗ്രസ് നിങ്ങളെ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയായിരുന്നോ?
ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാനില്ല. കെ സുധാകരന് പറഞ്ഞത് തെറ്റായ പ്രസ്താവനയാണ്. ഒരു ക്രിമിനല്‍ കേസിന്റെ വിചാരണ നടക്കുമ്പോള്‍ അതില്‍ വിചാരണ നേരിട്ട മുപ്പതിലധികം പ്രതികളില്‍ 12 പേരെ കുറ്റക്കാരാണെന്ന് കണ്ട് ശിക്ഷിക്കപ്പെടുന്നു. മോഹനനെതിരെ മതിയായ തെളിവില്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു. ആ വിധി ന്യായത്തെയാണ് സുധാകരന് പൊതുയോഗത്തില്‍ വെച്ച് പ്രവര്‍ത്തകരുടെ കൈയ്യടി നേടാന്‍ എനിക്കെതിരെ ആരോപണം ഉന്നയിച്ചത്. അടിസ്ഥാന രഹിതമായിരന്നു ആരോപണം. അതിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മറപടി പോലും ലഭിച്ചിരുന്നു. ആരോപണത്തില്‍ ഉറച്ചുനില്ക്കുന്നുവെങ്കില് മറുപടി തരേണ്ടതല്ലേ.
പ്രതികളുടെ വക്കാലത്തുമായി നിങ്ങള്‍ മുന്നോട്ട് പോവുമ്പോള്‍ അഭിഭാഷകന് തങ്ങളുടെ ചര്‍ച്ചകളില്‍ പങ്കെടുത്തയാളാണെന്നും വക്കാലത്ത് ഏറ്റെടുക്കാന്‍ അനുവദിക്കരുതെന്നും പറഞ്ഞ് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും?
സ്വാഭാവികമായും അത്തരമെരു ചര്‍ച്ചയില്‍ രാഷ്ട്രീയതലത്തിലോ വ്യക്തികളെന്ന നിലയില്‍ പ്രതികളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ എന്നെ സമീപിച്ചിട്ടില്ലായെന്നതാണ് സത്യം. ഈ കാര്യത്തില്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് കേസുമായി മുന്നോട്ട് പോകാനാണ് ഇരകളുടെ രക്ഷിതാക്കള്‍ മുന്നോട്ട് പോകുന്നതില്‍ എനിക്ക് ആശങ്കയില്ല. അതിനെ പ്രതിരോധിക്കാന്‍ എനിക്ക് കഴിയും.
Story Highlights: Adv. CK Sreedharan interview
- TAGS:
- CK Sreedharan
- Periya Case