Top

മാധ്യമ സ്വാതന്ത്ര്യ സൂചിക: ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴ്ന്ന് 150ൽ

ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം മോശം. 180 രാജ്യങ്ങളെ വിലയിരുത്തിയ ആർഎസ്എഫ് റിപ്പോര്‍ട്ടിൽ 150-ാം സ്ഥാനത്താണ് ഇന്ത്യ.

4 May 2022 9:04 AM GMT
​ഗൗരി പ്രിയ ജെ

മാധ്യമ സ്വാതന്ത്ര്യ സൂചിക: ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴ്ന്ന് 150ൽ
X

മാധ്യമ സ്വാതന്ത്ര്യം ഒരു ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പിനാവശ്യമായ അവിഭാജ്യ ഘടകമാണ്. ഭരണഘടന ഉറപ്പുനൽകുന്ന പൗരസ്വാതന്ത്ര്യത്തിൻ്റെയും അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെയും അനുബന്ധമായാണ് മാധ്യമ സ്വാതന്ത്ര്യത്തേയും കണാക്കാക്കുക. ഓരോ രാജ്യങ്ങളിലും മാധ്യമങ്ങള്‍ അനുഭവിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തേയും ചുറ്റുപാടുകളേയും വിലയിരുത്തി തയാറാക്കുന്ന ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴ്ന്നു. 180 രാജ്യങ്ങളുള്ള പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ട് സ്ഥാനം താഴ്ന്ന് 150ാമതാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ രണ്ടുവർഷങ്ങളിലായി ഇന്ത്യയുടെ സ്ഥാനം 142 ൽ ആയിരുന്നു.

ലോക മാധ്യമ സ്വാതന്ത്ര്യ ദിനമായ ഇന്നലെ (മെയ് 3) റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ആര്‍എസ്എഫ്) ആണ് പട്ടിക പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തകര്‍, മാധ്യമസ്ഥാപനങ്ങള്‍, ഇന്റര്‍നെറ്റ് ഉപയോക്താക്കൾ തുടങ്ങിയവര്‍ക്ക് ഓരോ രാജ്യത്തും ലഭിക്കുന്ന സ്വാതന്ത്ര്യവും, ആ സ്വാതന്ത്ര്യത്തിന് ഭരണകൂടം നല്‍കുന്ന അംഗീകാരവും വിശകലനം ചെയ്താണ് മാധ്യമ സ്വാതന്ത്ര്യ പട്ടിക തയ്യാറാക്കുന്നത്.

രാഷ്ട്രീയ പശ്ചാത്തലം, നിയമത്തിൻ്റെ അടിസ്ഥാനഘടന, സാമ്പത്തിക പശ്ചാത്തലം, സാമൂഹിക സാംസ്കാരിക പശ്ചാത്തലം, സുരക്ഷ എന്നീ അഞ്ച് പുതിയ സൂചകങ്ങളെ കൂടി ഇത്തവണ പരിഗണിച്ചിരുന്നു.

വാര്‍ത്തകള്‍ അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യവും വാര്‍ത്തകള്‍ അറിയിക്കാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും പ്രധാനമായും പരിഗണിക്കപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളും സര്‍ക്കാര്‍ ഇടപെടലുകലും ആര്‍എസ്എഫ് പരിഗണിച്ചു.

സംഘടന 2002 മുതൽ ആഗോള മാധ്യമ സ്വാതന്ത്ര്യ പട്ടിക പ്രസിദ്ധീകരിക്കുന്നു. 2016ൽ പട്ടികയിൽ ഇന്ത്യയുടെ നില 133ൽ ആയിരുന്നു. 2021ലെ ആര്‍എസ്എഫ് റിപ്പോര്‍ട്ട്, ഇന്ത്യയെ മോശം മാധ്യമസ്വാതന്ത്ര്യമുള്ള രാജ്യങ്ങളിലൊന്നായും മാധ്യമപ്രവര്‍ത്തകര്‍ക്ക് അപകടകരമായ രാജ്യമായും വിലയിരുത്തിയിരുന്നു. ഈ വർഷം 150ലാണ് ഇന്ത്യയുടെ സ്ഥാനം. നിർദ്ദിഷ്ട സൂചികകളിൽ, നിയമത്തിൻ്റെ ഘടന എന്ന സൂചികയുടെ കാര്യത്തിൽ 120 എന്ന സ്ഥാനത്തിൽ ഉയർന്ന നിലയിലും, സുരക്ഷാ സൂചികയിൽ 163 എന്ന ഏറ്റവും താഴ്ന്നതെന്ന് പറയാവുന്ന സ്ഥാനത്തുമാണ് ഇന്ത്യയുള്ളത്. കഴിഞ്ഞ വർഷത്തെ 53.44 എന്ന സ്കോറുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തിൻ്റെ ഇത്തവണത്തെ സ്കോർ 41.00 മാത്രമാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍, മാധ്യമങ്ങളുടെ രാഷ്ട്രീയപക്ഷപാതം, മാധ്യമ ഉടമസ്ഥത കുറച്ചുപേരിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുക, തുടങ്ങിയ കാരണങ്ങൾ ഉദ്ധരിച്ചാണ് ഇന്ത്യയിൽ പത്രസ്വാതന്ത്ര്യം പ്രതിസന്ധിയിലാണെന്ന് ആര്‍എസ്എഫ് പ്രസ്താവിച്ചത്.

"യദാർഥത്തിൽ കൊളോണിയൽ വിരുദ്ധ പ്രസ്ഥാനത്തിൻ്റെ ഒരു ഉത്പന്നമാണ് ഇന്ത്യൻ പത്രങ്ങൾ. അതിനാൽ ഇന്ത്യൻ പത്രങ്ങൾ തികച്ചും പുരോഗമനപരമായി കാണപ്പെട്ടിരുന്നു. എന്നാൽ 2010 കളുടെ മധ്യത്തിൽ, നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുകയും അദ്ദേഹത്തിന്റെ പാർട്ടിയായ ബിജെപിയും മാധ്യമങ്ങളിൽ ആധിപത്യം പുലർത്തുന്ന വലിയ കുടുംബങ്ങളും തമ്മിൽ അതിശയകരമായ അടുപ്പം ഉണ്ടാക്കുകയും ചെയ്തത് കാര്യങ്ങളെ മാറ്റി" എന്ന് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പറയുന്നു.

റിയലൻസ് ഇൻ്റസ്സ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയെ ഉദ്ധരിച്ചായിരുന്നു ആർഎസ്എഫ് പ്രസ്താവന. കുറഞ്ഞത് 800 ദശലക്ഷം ഇന്ത്യക്കാരെങ്കിലും പിന്തുടരുന്ന 70ൽ അധികം മാധ്യമ സ്ഥാപനങ്ങളുടെ ഉടമ എന്ന വിശേഷണത്തോടെയാണ് ആർഎസ്എഫ് അംബാനിയേക്കുറിച്ച് പറഞ്ഞത്.

ഇന്ത്യൻ അധികാരികൾ അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ മാനിക്കണമെന്നും, വിമർശനാത്മകമായ റിപ്പോർട്ടിംഗിന്റെ പേരിൽ തടങ്കലിൽ വെച്ചിരിക്കുന്ന മാധ്യമപ്രവർത്തകരെ മോചിപ്പിക്കണമെന്നും, അവരെ ലക്ഷ്യമിടുന്നതും സ്വതന്ത്ര മാധ്യമങ്ങളെ കബളിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര തലത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു.

"കൂടുതൽ വ്യക്തമായി പറഞ്ഞാൽ, തീവ്രവാദ വിരുദ്ധ നിയമങ്ങൾക്കും രാജ്യദ്രോഹ നിയമങ്ങൾക്കും കീഴിൽ അവരെ വിചാരണ ചെയ്യുന്നത് അവസാനിപ്പിക്കണം" എന്ന കൂട്ടിച്ചേർക്കലും പ്രസ്താവനയിലുണ്ട്.

സാമൂഹികവും രാഷ്ട്രീയവുമായ പിരിമുറുക്കങ്ങളുടെ ആക്കം കൂട്ടുന്നതിന് സോഷ്യൽ മീഡിയകളും പുതിയ അഭിപ്രായ മാധ്യമങ്ങളും കാരണമാകുന്നെന്നും റിപ്പോർട്ട് പറയുന്നു. ജനാധിപത്യത്തിനെതിരെ പ്രചരണ യുദ്ധങ്ങൾ നടക്കുമ്പോൾ, മാധ്യമങ്ങളെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെയും നിയന്ത്രിക്കുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളും തുറന്ന സമൂഹങ്ങളും തമ്മിലുള്ള ഭിന്നത വളരുന്നതിനാൽ അന്താരാഷ്ട്ര തലത്തിൽ ജനാധിപത്യങ്ങൾ ദുർബലമാകുകയാണ് എന്ന കണ്ടെത്തലും ആര്‍എസ്എഫ് റിപ്പോർട്ടിൽ ഉണ്ട്.

2021-ൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയെ ഏറ്റവും അപകടകരമായ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ സംഘടന ഉൾപ്പെടുത്തിയിരുന്നു. സൂചികയിൽ ഇന്ത്യയുടെ റാങ്കിനോട് കേന്ദ്രത്തിന് വിയോജിപ്പുണ്ടെന്ന് ഡിസംബർ 22 ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞിരുന്നു. ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ, റിപ്പോർട്ട് ചെറിയ മാതൃകപരിശോധനകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും "ജനാധിപത്യത്തിന്റെ അടിസ്ഥാനകാര്യങ്ങൾക്ക്" കാര്യമായ പ്രാധാന്യം നൽകുന്നില്ലെന്നുമായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്.

ചൊവ്വാഴ്ച പുറത്തുവന്ന റിപ്പോർട്ടിൽ, കശ്മീരിലെ സ്ഥിതിയേക്കുറിച്ചും ആർഎസ്എഫ് പരാമർശിക്കുന്നുണ്ട്. ഈ മേഖലയിലെ റിപ്പോർട്ടർമാരെ പൊലീസും അർദ്ധസൈനികരും പലപ്പോഴും ഉപദ്രവിക്കാറുണ്ടെന്നും ചിലർ 'താത്കാലിക തടങ്കൽ' എന്ന് പറയപ്പെടുമ്പോഴും വർഷങ്ങളോളമായി തടവിലാണെന്നും ആർഎസ്എഫ് റിപ്പോർട്ടിൽ വിമശിക്കുന്നു.

ഇത്തവണത്തെ പട്ടികയില്‍ യൂറോപ്യന്‍ രാജ്യമായ നോര്‍വെയാണ് ഒന്നാമത്. തുടര്‍ച്ചയായ ആറ് വര്‍ഷമായി നോര്‍വെ ഒന്നാമതുണ്ട്. ഡെന്മാര്‍ക്ക്, സ്വീഡന്‍ എന്നിവർ ആദ്യ മൂന്നിൽ നോര്‍വെയ്ക്ക് പിന്നിലായും. കഴിഞ്ഞ വർഷത്തേതിൽ നിന്ന് അധികമായി 12 രാജ്യങ്ങളേക്കൂടി 2022 ലെ സൂചിക മാധ്യമ സ്വാതന്ത്ര്യം 'വളരെ മോശം' എന്ന വിഭാഗത്തിലേയ്ക്ക് ചേർത്തുവയ്ക്കുന്നു. 178, 179 സ്ഥാനങ്ങളിൽ ഇറാനും എറട്രിയയും. ആർഎസ്എഫ് റാങ്ക് ചെയ്ത 180 രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടികയിൽ ഉത്തരകൊറിയ ആണ് ഏറ്റവും അവസാന സ്ഥാനത്ത്.

Story Highlights: Indias rank on world press freedom index falls eight places to 150

Next Story