Top

നൂറ് വർഷത്തിനിപ്പുറവും സെറ്റിൽ ടോയ്‌ലറ്റിന് കലഹിക്കുകയാണ് റോസിയുടെ പിൻഗാമികൾ

തീരുമാനങ്ങളെടുക്കുന്ന നിർണ്ണായക സ്ഥാനങ്ങളിൽ സ്ത്രീകൾ കൂടുതലുണ്ടാകുന്ന സാഹചര്യമാണ് മലയാള സിനിമ മെച്ചപ്പെട്ട ജോലി സ്ഥലമാകുന്നതിൻ്റെ ഭാവി.

21 July 2022 6:47 AM GMT
​ഗൗരി പ്രിയ ജെ

നൂറ് വർഷത്തിനിപ്പുറവും സെറ്റിൽ ടോയ്‌ലറ്റിന്  കലഹിക്കുകയാണ് റോസിയുടെ പിൻഗാമികൾ
X

ഒടിടിയുടെ കാലത്ത് മലയാള സിനിമയുടെ പ്രസിദ്ധിയും സ്വീകാര്യതയും രാജ്യാതിർത്തികൾക്കപ്പുറമാണ്. അതേസമയം, മലയാള സിനിമയെ ഒരു തൊഴിലിടം എന്ന നിലയിൽ പരിശോധിച്ചാൽ അതിന്റെ വളർച്ച മെച്ചപ്പെട്ട നിലയിലാണോ എന്ന് സംശയമാണ്. മലയാള സിനിമയിലെ സ്ത്രീകളുടെ അവസ്ഥ പരിശോധിക്കാൻ ഏഴോളം വരുന്ന സിനിമാപ്രവർത്തകരുമായി നടത്തിയ സംഭാഷണങ്ങളിൽ പേര് പുറത്ത് പറയാൻ തയാറാകാത്തവരാണ് അധികവും. അതിൽ സ്ത്രീ-പുരുഷ വ്യത്യാസങ്ങളില്ല.

മലയാള സിനിമയിലെ സ്ത്രീ ചരിത്രത്തിന്റെ തുടക്കം ആദ്യ നായികയുടെ നേരെ നടന്ന പ്രേക്ഷകസമൂഹത്തിന്റെ ആക്രമണങ്ങളിൽ നിന്നാണ്. തെക്കൻ തിരുവിതാംകൂറിലെ കൊടിയ ജാതിവ്യവസ്ഥയുടെ ഇരയാക്കപ്പെട്ട്, അഭിനയിച്ച ചിത്രം കാണാൻ ഭാഗ്യമില്ലാതെ പലായനം ചെയ്യേണ്ടി വന്നതാണ് മലയാള സിനിമയിലെ ആദ്യ നായികയുടെ കഥ.

സിനിമയിലെ സ്ത്രീകൾ- റോസി മുതൽ

മലയാളത്തിലെ ആദ്യ കഥാ സിനിമ ഉണ്ടാകുന്നത് 1928ലാണ്. 'വി​ഗതകുമാരൻ' എന്ന നിശബ്ദ ചിത്രത്തിലൂടെ ജെ സി ഡാനിയേലാണ് മലയാളികൾക്ക് ചലച്ചിത്ര ലോകത്തെ പരിചയപ്പെടുത്തുന്നത്. ഈ ചിത്രത്തിലൂടെ പി കെ റോസി മലയാള സിനിമയിലെ ആദ്യ നായികയായി. സരോജം എന്ന സവർണ്ണ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചാണ് പി കെ റോസി എന്ന ദളിത് യുവതി ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്.


പി കെ റോസി, വിഗതകുമാരൻ സിനിമയിലെ ദൃശ്യം

പിന്നീട് 'മാർത്താണ്ഡവർമ്മ'യിലൂടെ ദേവകിഭായിയും പട്ടമ്മാളും (1933), ആദ്യ ശബ്ദസിനിമ 'ബാലനിലൂടെ' എം കെ കമലവും, പള്ളുരുത്തി ലക്ഷ്മിയും (1938), 'ജ്ഞാനാംബിക'യിലെ സി കെ രാജവും സീതാലക്ഷ്മിയും (1940), 'പ്രഹളാദനിലെ' കുമാരി ലക്ഷ്മിയും തങ്കമ്മാളും (1941) മലയാള സിനിമയിൽ നായികമാരായി. 1948ൽ പുറത്തിറങ്ങിയ 'നിർമ്മല'യിലൂടെ യാണ് മലയാള സിനിമയിലെ ആദ്യത്തെ പിന്നണി​ഗായികയുണ്ടാകുന്നത്. പി ലീലയും സരോജിനിയുമായിരുന്നു ആദ്യ​ ഗായികമാർ. മലയാലത്തിന്റെ ആദ്യ പോപ്പുലർ ഹീറോയിൻ ഉദയാ സ്റ്റുഡിയോയുടെ ആദ്യ ചിത്രം 'വെള്ളിനക്ഷത്രത്തിലൂടെ' എത്തിയ മിസ് കുമാരിയായിരുന്നു.

1950കളിൽ മലയാളസിനിമയിലേക്ക് നൃത്തത്തിന്റെയും ഭാവത്തിന്റെയും ചാരുത കൊണ്ടുവന്ന സഹോദരിമാരാണ് ലളിത-പത്മിനി-രാ​ഗിണിമാർ. നെയ്യാറ്റിൻകര കോമളവും അടൂർപങ്കജവും 1955കളിൽ മലയാളിയുടെ വീട്ടകങ്ങളിലെ സ്ത്രീ യാഥാർഥ്യങ്ങളെ വെള്ളിത്തിരയിൽ എത്തിച്ചു.


ലളിത-പത്മിനി-രാഗിണിമാർ

പുരാണകഥാപാത്രങ്ങളും ദേവിമാരും മലയാള സിനിമയുടെ ഭാ​ഗമാകുന്നതും ഈ കാലയളവിലാണ്. പ്രഹളാദ (1941), ഹരിചന്ദ്ര (1955) ഭക്തകുചേല (1960) തുടങ്ങിയ സിനിമകളിലൂടെ കെ ആർ വിജയ, റാണി ചന്ദ്ര, അടൂർ പങ്കജം, കുശലകുമാരി, ആറന്മുള പൊന്നമ്മ, ബേബി വിനോദിനി, ബേബി വിലാസിനി തുടങ്ങി ഒട്ടേറെ നടിമാർ രംഗത്ത് വന്നു. ശാന്താദേവി, സുകുമാരി, ഷീല, ശാരദ, ജയഭാരതി, കവിയൂർ പൊന്നമ്മ, അടൂർ പങ്കജം, ഭവാനി, കെ പി എ സി ലളിത തുടങ്ങി ശക്തമായ പെൺനിരതന്നെ പിന്നീടിങ്ങോട്ടും മലയാള സിനിമയിലുണ്ടായി. എന്നാൽ നടിമാരായി വിലസിയതല്ലാതെ അധികം സ്ത്രീകളൊന്നും നമ്മുടെ സിനിമകളുടെ പിന്നാമ്പുറങ്ങളുടെ ഭാഗമായില്ല.

നിലവിലെ സാഹചര്യങ്ങൾ

കൃത്യമായ ഘടനയില്ലാത്ത ഒരു അസംഘടിത തൊഴിൽ മേഖലയായാണ് മലയാള സിനിമ. അതിൻ്റേതായ എല്ലാവിധ പ്രശ്നങ്ങളും ഇവിടെയുണ്ട്. കാസ്റ്റിങ് കൗച്ച് പോലുള്ള അവസ്ഥകൾ മലയാള സിനിമയിൽ ഉണ്ടെന്ന വെളിപ്പെടുത്തലുകൾ പലരും നടത്തിയിട്ടുണ്ട് എങ്കിലും പലപ്പോഴും അത്രയും പ്രത്യക്ഷമല്ല കാര്യങ്ങൾ. കുറേകൂടി 'ലെയേഡ്' ആണ് ഇവിടം. ആൺകൂട്ടങ്ങൾക്ക് ഹിതകരമായ പെരുമാറ്റമാണ് സ്ത്രീകളിൽ നിന്നും സിനിമ മേഖല പലപ്പോഴും ആവശ്യപ്പെടുന്ന അഭിപ്രായം സിനിമയിലെ സ്ത്രീകൾ പൊതുവായി പറയുന്നു.

സ്ത്രീകൾ ഉള്ള സെറ്റുകളിൽ അധിക സൗകര്യങ്ങൾ ആവശ്യമായേക്കാം എന്ന കാരണത്താലാണ് പരമാവധി സ്ത്രീകളെ സിനിമ നിർമ്മാണത്തിൽ നിന്നും ഒഴിവാക്കുന്നത്. സമാന കാരണങ്ങളിൽ പ്രീപ്രൊഡക്ഷൻ ജോലികളിൽ നിന്ന് സ്ത്രീകളായ സഹ സംവിധായകരെ മാറ്റിനിർത്തുന്നതിലൂടെ, അവസര നിഷേധങ്ങൾക്ക് വഴിവയ്ക്കുകയും തുടർന്നുള്ള അവരുടെ കരിയറിലെ വളർച്ച ശോഷിപ്പിക്കുന്നതുമായി അനുഭവസ്ഥർ പറയുന്നു. എന്നാൽ സുരക്ഷിതമായ താമസമോ, കക്കൂസ് സൗകര്യമോ ഒരുക്കുന്നതാണ് ഭാരിച്ച ചെലവായി മലയാള സിനിമ കാണുന്ന അധിക സൗകര്യങ്ങൾ എന്നതാണ് യാഥാർത്ഥ്യം.

സിനിമ സെറ്റുകളിലെ പൊതു വസ്ത്രധാരണ രീതി പാൻ്റ്സോ ജീൻസോ ആയിരിക്കും. കൂടുതൽ സൗകര്യപ്രദമായി ജോലി ചെയ്യാനാകും എന്നാണ് സ്ത്രീകളുടെ തന്നെ അഭിപ്രായവും. എന്നാൽ അത്തരത്തിൽ വസ്ത്രം ധരിക്കാൻ നിർബന്ധിതരാകുകയാണ് സ്ത്രീകൾ എന്ന നിരീക്ഷണവും വർഷങ്ങളായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുണ്ട്. പുരുഷനോളം പോന്നവളാണെന്ന് ഓരോ നിമിഷവും തെളിയിക്കേണ്ട ബാധ്യതയിൽ നിന്ന് കൂടിയാണ് ഈ വസ്ത്ര ധാരണ രീതി അവലംബിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നത് എന്നാണ് നിരീക്ഷണം.

അസിസ്റ്റൻ്റ് ഡയറക്ടർമാരായ സ്ത്രീകളേക്കാൾ അസോസിയേറ്റ് സ്ഥാനത്തേയ്ക്ക് പലപ്പോഴും എത്താനാകുക പുരുഷന്മാർക്ക് മാത്രമാണ്. സ്ത്രീകൾ ആ സ്ഥാനങ്ങളിലെത്താൻ പലപ്പോഴും പുരുഷ കൂട്ടങ്ങൾക്ക് ഹിതകരമായ പെരുമാറ്റമുള്ളവരാകണം എന്നാണ് ആറ് വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീ സഹ സംവിധായകയ്ക്ക് പറയാനുള്ളത്. കഴിവല്ല പലപ്പോഴും ഇവിടങ്ങളിൽ മാനദണ്ഡമാകുന്നത്.


ഏഷ്യയിലെ ആദ്യ വനിത ഛായാഗ്രാഹകയായി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ പേരുള്ള ബി ആർ വിജയലക്ഷമി(തമിഴ്നാട്ടുകാരിയാണ്)

പുരുഷ സംവിധായകരാണല്ലോ മലയാള സിനിമയിൽ സിംഹ ഭാഗവും. ഒരേ സംവിധായകനൊപ്പം മൂന്നോ അതിലധികമോ സിനിമകൾ ചെയ്താലേ അദ്ദേഹത്തിനൊപ്പം അസോസിയേറ്റ് ആയി പ്രവർത്തിക്കാൻ അവസരം ലഭിക്കുകയുള്ളൂ. മലയാള സിനിമയിലെ ആൺസംവിധാനങ്ങൾ കൊണ്ട് തന്നെ സ്ത്രീകൾക്ക് ഇത് പലപ്പോഴും സാധ്യമാകാതെ പോകുന്നു. എന്നാൽ ഇത്തരത്തിൽ ഒരേ സംവിധായകനൊപ്പം തുടർച്ചയായി പ്രവർത്തിക്കാത്ത പുരുഷ സഹ സംവിധായകരുടെ കാര്യം വരുമ്പോൾ പലപ്പോഴും ഈ മാനദണ്ഡങ്ങളിൽ ഇളവ് വരുന്നുണ്ട്. സ്ത്രീകൾക്ക് കഴിവ് തെളിയിക്കാൻ 'പുരുഷന്മാരേക്കാൾ മിടുക്കർ' എന്ന ഭാരിച്ച ടൈറ്റിലിൽ പ്രവർത്തിച്ച് ഫലിപ്പിക്കേണ്ട അവസ്ഥയുണ്ടെന്ന് പറയുകയാണ് സിനിമയിലെ സ്ത്രീകൾ.

വസ്ത്രം മേക്കപ്പ് പോലുള്ള മേഖലകളാണ് സ്ത്രീകൾക്ക് സാധ്യമായത് എന്ന പൊതു ബോധത്തിൽ കോസ്ട്യൂം എഡി(അസിസ്റ്റൻ്റ് ഡയറക്ടർ) എന്ന സ്ഥാനമാണ് പലപ്പോഴും മലയാള സിനിമ സ്ത്രീ സഹസംവിധായകർക്കായി മാറ്റി വച്ചിരിക്കുന്നത്. താരതമ്യേന ബുദ്ധിമുട്ടുള്ളതായി കരുതപ്പെടുന്ന ആർട്ട്, ആക്ഷൻ കണ്ടിന്യുറ്റി ഡിപ്പാർട്ട്മെൻ്റുകൾ ഒന്നും സ്ത്രീകൾക്ക് പറ്റുന്നതല്ല എന്നതാണ് സിനിമാഭാഷ്യം. അതുകൊണ്ട് തന്നെ സ്ത്രീ സഹസംവിധായകരെ തേടിയുള്ള പരസ്യങ്ങൾ കണ്ടാൽ, അത് കോസ്റ്റ്യൂം ഡിപ്പാർട്ട്മെൻ്റിലേയ്ക്കുള്ളതാണെന്ന് മനസ്സിലാക്കാം എന്ന് നിരാശയോടെ പറയുകയാണവർ. ആറ് മാസത്തോളം നീളുന്ന പ്രീ പ്രൊഡക്ഷൻ ജോലികളിൽ നിന്ന് തന്നെ ഒഴിവാക്കപ്പെടുന്ന സ്ത്രീകൾക്ക് ഈ ഡിപ്പാർട്ട്മെൻ്റുകൾ അപ്രാഭ്യമാകുന്ന സാഹചര്യവും ഉണ്ടാകുന്നു. പുരുഷ എഡികൾക്ക് ക്ലാപ്പ് അടിക്കുന്ന എഡി മുതൽ സംവിധായകൻ്റെ അസോസിയേറ്റ് വരെയാകാം. ആ കാലയളവിൽ നേടിയെടുത്ത ബന്ധങ്ങളുടെ ബലത്തിൽ അയാളെ വിശ്വസിച്ച് പണം മുടക്കാൻ ഒരു പ്രൊഡ്യൂസറെയും ലഭിച്ചേക്കും. സ്വന്തമായൊരു സിനിമ ചെയ്യാൻ സ്ത്രീകളെക്കാൻ കൂടുതൽ സാഹചര്യങ്ങൾ പുരുഷന്മാർക്കുണ്ട്.

സ്വതന്ത്ര സിനിമകളെ അപേക്ഷിച്ച് കൊമേഴ്ഷ്യൽ സിനിമകളാണ് മലയാളത്തിൽ ഭൂരിഭാഗവും. മൂലധനം കൂടുതലുള്ള ഈ സാഹചര്യങ്ങളിൽ ചൂഷണങ്ങൾക്കുള്ള സാധ്യതകളും കൂടുതലാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച്, സിനിമയുടെ സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഒറ്റയ്ക്കുള്ള പ്രതിസന്ധികളെ ഇത് കുറയ്ക്കുന്നില്ലെങ്കിലും കൂടുതൽ മികച്ച തൊഴിലിടമാകാൻ വേണ്ട സാഹചര്യമൊരുക്കാൻ സ്ത്രീകൾ കൂടുതൽ ഉൾപ്പെടുന്ന ഇടങ്ങൾ വഴിയൊരുക്കും.

കേരളത്തിന് പുറത്ത് മറ്റ് ഭാഷകളിൽ ജോലിചെയ്യുന്ന സ്ത്രീകളുടെ അനുഭവങ്ങൾ മുൻപ് പറഞ്ഞ കാര്യത്തിനുള്ള സാക്ഷ്യങ്ങളാണ്. ഏതൊരിടവും ജനാധിപത്യപരമായി പ്രവർത്തിക്കുന്നത് ലിംഗപരമായ സന്തുലിതാവസ്ഥ കൈവരിക്കുമ്പോഴാണ്. അൻപത് ശതമാനമോ അതിനടുത്തോ സ്ത്രീകൾ ജോലി ചെയ്യുന്ന ഇതര സിനിമാ വ്യവസായങ്ങളിൽ കുറേകൂടി സുഖകരമായ ജോലി സാഹചര്യങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും ലഭ്യമാകുന്നതായി കാണാം. അഞ്ജലി മേനോനെ പോലുള്ള സ്ത്രീ സംവിധായകർ ഇതു മനസ്സിലാക്കി തങ്ങളുടെ സിനിമ സെറ്റുകളിൽ ഈ ജെൻ്റർ ബാലൻസ് കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. അതൊരുക്കുന്ന സുരക്ഷിതമായ തൊഴിൽ സാഹചര്യം അത്തരം ചിത്രങ്ങളിൽ ഭാഗമായവർ സാക്ഷ്യപ്പെടുത്തുന്നതാണ്. മലയാള സിനിമയിലെ കല, ശബ്ദ വിഭാഗങ്ങൾ മുതൽ സമസ്ത മേഖലകളിലും ഇപ്പോൾ സ്ത്രീ സാനിധ്യം ഉണ്ടായി വരുന്നു എന്നതും പ്രതീക്ഷയാണ്.

പന്ത്രണ്ട് വർഷമായി മലയാള സിനിമയിൽ സജീവമായുള്ള യുവ സംവിധായിക മലയാള സിനിമയിലെ വരുന്ന വർഷങ്ങളെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. തന്റെ തുടക്ക കാലത്ത് മലയാള സിനിമ ഒരു 'ബോയ് ക്ലബ്ബ്' ആയിരുന്നെന്ന് പറയുകയാണ് അവർ. തൊണ്ണൂറ്റി ഒൻപത് ശതമാനവും പുരുഷന്മാർ ഉണ്ടായിരുന്നിടത്തേയ്ക്ക് സ്ത്രീയായി കടന്ന് വരുമ്പോൾ ഈ ആൺകൂട്ടത്തിന്റെ ഭാഗമാകാനുള്ള ശ്രമമായിരുന്നു ആദ്യം. ആൺ തമാശയ്ക്ക് നിന്നുകൊടുക്കേണ്ട അസ്വസ്ഥപ്പെടുത്തുന്ന സാഹചര്യത്തിൽ നിന്നാണ് പലരും മലയാള സിനിമയിലെ തങ്ങളുടെ കരിയർ ആരംഭിക്കുന്നത്. തങ്ങൾ അനുഭവിക്കുന്നത് പ്രശ്‌നമാണോ അതോ ഇതിങ്ങനെയായിരിക്കുമോ എന്ന് തിരിച്ചറിയുക എന്നത് തന്നെ വെല്ലുവിളിയായിരുന്നു. ഒരേ ചിന്താഗതികളും ആഗ്രഹങ്ങളും തൊഴിൽ സാഹചര്യങ്ങളുമുള്ള മറ്റൊരു സ്ത്രീയെ കണ്ടെത്തുക തന്നെ ശ്രമകരമായിരുന്നു. ഇന്ന് കാര്യങ്ങളിൽ മാറ്റമുണ്ടാകുന്നുണ്ട്.

ഒരു സിനിമ ചെയ്യുക എന്നത് എല്ലാവർക്കും ഒരു വെല്ലുവിളിയാണെന്നിരിക്കെ, സ്ത്രീകൾക്കത് ബാലികേറാ മലയാണ്. പുതിയ സംവിധാന സംരംഭവുമായി ഒരു പ്രൊഡ്യുസറെ സമീപിച്ചാൽ നിലനിൽക്കുന്ന സാമൂഹിക സാഹചര്യത്തിൽ ഒരു സ്ത്രീയെ വിശ്വസിച്ച് പണം മുടക്കാൻ ആളെ കിട്ടാത്ത അവസ്ഥ ഉണ്ടാകുന്നു. പുരുഷന്മാർക്ക് പ്രാഭ്യമായത് സ്ത്രീകൾക്കുമാകും എന്ന് തെളിയിക്കാൻ സമൂഹം അവളിൽ നിന്ന് കൂടുതൽ പ്രയത്നം ആവശ്യപ്പെടുന്നു. "എണ്ണത്തിൽ കുറവായതിന്റെ പ്രശ്നങ്ങൾ ആയിരുന്നു തുടക്കകാലങ്ങളിൽ അധികവും. എന്നാൽ അഞ്ജലി മേനോന്റെ 'ബാംഗ്ലൂർ ഡെയ്‌സിന്' ശേഷം മുഖ്യധാരാ സിനിമകൾക്ക് സ്ത്രീ സംവിധായകരോടുള്ള സമീപനങ്ങളിൽ വ്യത്യാസം വന്നിട്ടുണ്ട്." യുവസംവിധായിക ഇന്ദു വി എസ് പ്രതീക്ഷ പങ്കിടുന്നു.

എന്നാൽ മലയാളത്തിലെ സ്വതന്ത്ര സിനിമകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അവസ്ഥകൾക്ക് മുൻപത്തേതിൽ നിന്നും കാര്യമായ വ്യത്യാസങ്ങൾ ഉണ്ടായിട്ടില്ല. സുരക്ഷയും, വേതനപ്രശ്നങ്ങളും പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ മുതൽ അവിടെ തുടരുന്ന പ്രശ്നങ്ങളാണ്. മുഖ്യധാര സിനിമകളിൽ പുരോഗമിക്കുന്ന സാഹചര്യങ്ങൾ സ്വതന്ത്ര സിനിമകളുടെ അരികുകളിൽ പോലും എത്തിനോക്കിയിട്ടില്ല. പണികഴിഞ്ഞും പൈസ കിട്ടാത്ത ദുരവസ്ഥയാണ് സ്വതന്ത്ര സിനിമ പ്രവർത്തകരായ സ്ത്രീകൾക്ക് അധികവും പറയാനുള്ളത്.

അതേസമയം പ്രതിഫലം ലഭിക്കുന്നതിലെ സ്ത്രീ പുരുഷ പ്രശ്നം അഭിനേതാക്കളിലാണ് നിലനിൽക്കുന്നത്. സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിൽ വേതനം ലഭിക്കുന്നതിലെ സ്ത്രീ-പുരുഷ വ്യത്യാസം ഇല്ല എന്ന് തന്നെ വേണം മനസ്സിലാക്കാൻ.

പിന്നാമ്പുറങ്ങളിലെ സ്ത്രീകളുടെ ചരിത്രം

എല്ലാർക്കും പരിചിതമായ സത്രീകളുടെ പിന്നണിപ്രവർത്തനം ഡബ്ബിം​ഗ് ആർട്ടിസ്റ്റുകളായ സ്ത്രീകളുടേതായിരുന്നു. ടി ആർ ഓമനയും കോട്ടയം ശാന്തയും ആനന്തവല്ലിയും ഭാ​ഗ്യലക്ഷ്മിയും സ്റ്റെല്ലയും ശ്രീജയും അടങ്ങുന്ന ഒരു വലിയ നിര ഈ രംഗത്തേയ്ക്ക് വന്നു.

1973 ആയപ്പോഴേക്കും മലയാള സിനിമയിലെ മുൻനിര നടിമാരായ വിജയനിർമ്മലയും ഷീലയും സംവിധാനത്തിലേക്കുകൂടി കാൽവയ്പ്പ് നടത്തി. തുടർന്നിങ്ങോട്ട് രേവതിയും സുമാജോസനും ​ഗീതു മോഹൻദാസും വിധു വിൻസെന്റും അഞ്ജലി മേനോനും രത്തീനയും ഇന്ദു വി എസും അടങ്ങുന്ന സ്ത്രീ സംവിധായകനിര ഉണ്ടാകുന്നുണ്ടെങ്കിലും താരതമ്യേനയുള്ള എണ്ണത്തിലെ ഈ കുറവ് വലുതാണ്. ആദ്യമായി മലയാള സിനിമയിൽ തിരക്കഥയെഴുതി വലിയൊരു ഇടപെടലിന് വേദിയൊരുക്കിയ കോന്നിയൂർ മീനാക്ഷിയും ലളിതാംബികാ അന്തർജനത്തിൻ്റെ 'ശകുന്തള' എന്ന തിരക്കഥയും തുടങ്ങി ദീദി ദാമോദരനും അഷ്ന ആഷും അഞ്ജലി മേനോനുമൊക്കെയായി പോകുന്ന നിരയ്ക്കും വലിയ നീളമില്ല.

തിരക്കഥ രചിക്കാൻ ​ഗാനങ്ങളെഴുതാൻ അവ സംവിധാനം ചെയ്യാൻ, ദൃശ്യങ്ങളെ ക്യാമറയിൽ ഒപ്പിയെടുക്കാൻ അവ സംയോജിപ്പിക്കുവാൻ, ശബ്ദസന്നിവേശം നടത്താൻ എണ്ണിയെടുക്കാവുന്നത്രയും സ്ത്രീകളെങ്കിലും ഉണ്ടോ എന്ന് മലയാള സിനിമ പിറന്ന് 94 വർഷങ്ങൾക്കിപ്പുറവും സംശയമാണ്.

എന്തുകൊണ്ടാണ് മലയാള സിനിമയിലെ സ്ത്രീ സാനിധ്യം വിരളമാകുന്നത്? ഒരു തൊഴിലിടം എന്ന നിലയിൽ ഉണ്ടാകേണ്ട വളർച്ച ഈ കാലയളവിൽ സിനിമ മേഖലയിൽ ഉണ്ടായിട്ടുണ്ടോ?

ഡബ്യൂസിസിയുടെ രൂപീകരണവും മാറുന്ന മലയാള സിനിമയും

വുമൺ ഇൻ സിനിമ കളക്ടീവ് കേരളത്തിൻ്റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ ഉണ്ടാക്കുന്ന മാറ്റം കൃത്യവും സ്പഷ്ടവുമാണ്. കളക്ടീവിന്റെ രൂപീകരണത്തോടെയാണ് സിനിമയിലെ സ്ത്രീ പ്രാതിനിധ്യം, പ്രതിനിധാനം എന്നിവ സംബന്ധിച്ച വിഷയങ്ങൾ മുഖ്യധാരയിൽ ചർച്ചയാകുന്നത്. നായകന്‍മാര്‍ക്ക് യഥാർത്ഥ ജീവിതത്തിലുള്ളതിനേക്കാള്‍ വലിയ കാൻവാസ് സ്‌ക്രീനില്‍ ലഭിക്കുമ്പോൾ സ്ത്രീകളുടേത് നേരെ തിരിച്ചാണ്. സിനിമയിലും പുറത്തുമുള്ള ലിംഗ സംവേദനക്ഷമത, സ്ത്രീവിരുദ്ധത പറയാത്ത കഥാപാത്രങ്ങൾ, പൊളിറ്റിക്കൽ കറക്ട്നസ് തുടങ്ങിയവ മലയാള സിനിമ ചർച്ച ചെയ്ത് തുടങ്ങുന്നത് ഇക്കാലയളവിലാണ്. ഒരു ലിംഗത്തെ, ഒരു വ്യക്തിയെ ഈ രീതിയിൽ അവതരിപ്പിക്കുന്നത് ശരിയാണോ, അതിൽ അനീതിയുണ്ടോ എന്ന് പൊതു സമൂഹം ചർച്ച ചെയ്യുന്ന അവസ്ഥയുണ്ടായത് വുമൺ ഇൻ സിനിമ കളക്ടീവ് തുടങ്ങിവച്ച ചർച്ചയുടെ ഭാഗമായാണ്.


ഡബ്യൂസിസി അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം

2017 ഫെബ്രുവരിയിലെ നടി ആക്രമിക്കപ്പെട്ട സംഭവത്തിത്തോടെ ഉരുത്തിരിഞ്ഞ സാഹചര്യങ്ങളാണ് മലയാള സിനിമയിലെ വനിതാ കുട്ടായ്മയായ വുമൺ ഇൻ സിനിമ കളക്ടീവിൻ്റെ രൂപീകരണത്തിലേയ്ക്ക് നയിച്ചത്. അസംഘടിതരായിരിക്കുന്ന സാഹചര്യത്തിൽ ഇനിയും തുടരാനാകില്ലെന്ന തിരിച്ചറിവും ലിംഗ അനീതികൾക്ക് നേരെയുള്ള അസഹിഷ്ണുതയും സ്വന്തം അസ്തിത്വത്തിനായുള്ള പോരാട്ടവും ഒരു കൂട്ടം സ്ത്രീകളെ ഒരുമിച്ച് നിൽക്കാൻ പ്രാപ്തരാക്കി.

2017 മെയ് 18നാണ് മലയാള സിനിമയിലെ ആദ്യ വനിതാ കുട്ടായ്മയായ WCC രൂപമെടുത്തത്. തുടർന്ന് WCC അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ കമ്മറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിക്കുന്നു. രാജ്യത്ത് അത്തരമൊരു സങ്കല്പം തന്നെ ആദ്യമായായിരുന്നു. സർക്കാർ നിയന്ത്രിക്കുന്ന ഒരു സംവിധാനം സിനിമയിൽ ഉണ്ടാകണം എന്ന ആവശ്യത്തിൻ്റെ കൂടി ഭാഗമായി 2017 ജൂലൈയിലാണ് റിട്ടയേർഡ് ജസ്റ്റിസ് കെ ഹേമ അധ്യക്ഷയും, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി, മുതിർന്ന നടി ശാരദ എന്നിവർ അംഗങ്ങളുമായ മൂന്നംഗ കമ്മീഷന് സർക്കാർ രൂപം നൽകുന്നത്.

രണ്ട് വർഷത്തോളമെടുത്ത് സിനിമ മേഖലയിലെ നിരവധിപേരെ കണ്ട് തെളിവെടുത്ത ശേഷം 2019 ഡിസംബർ 31നാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെടുന്നത്. മലയാള സിനിമയിൽ സ്ത്രീകൾ വിവേചനം നേരിടുന്നു എന്ന കണ്ടെത്തൽ തന്നെയായിരുന്നു റിപ്പോർട്ടിൽ പ്രധാനം. മലയാള സിനിമയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രൈബ്യൂണൽ സ്ഥാപിക്കണമെന്നും, അതിനായി നിയമ നിർമ്മാണം നടത്തണമെന്നും ഹേമ കമ്മീഷൻ ശുപാർശ ചെയ്തു. പരാതികളിന്മേൽ ട്രയൽ നടത്തണമെന്നും, കുറ്റവാളികളെ നിശ്ചിത കാലയളവിലേയ്ക്ക് സിനിമ മേഖലയിൽ നിന്ന് മാറ്റി നിർത്തണമെന്ന നിർദേശവുമാണ് ഹേമ കമ്മീഷൻ മുന്നോട്ട് വച്ചത്. കമ്മീഷൻ നിരീക്ഷണങ്ങൾ പ്രവർത്തന ഘട്ടത്തിലെത്തിയിട്ടില്ലെങ്കിലും അത് നൽകുന്ന പ്രതീക്ഷ വലുതാണ്.


ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നു.

മലയാള സിനിമയിൽ ഇൻ്റേണൽ കംപ്ലൈൻ്റ്സ് കമ്മറ്റി വേണമെന്ന് നിരന്തരമായി ആവശ്യമുയർത്തുകയും, റിട്ട് ഹർജിയിൽ കേരള ഹൈക്കോടതിയുടെ അനൂകൂല വിധിയും ഡബ്ല്യൂസിസിയുടെ നിയമപോരാട്ടങ്ങളുടെ വിജയമാണ്. വനിതാ മേക്കപ്പ് ആർട്ടിസ്റ്റുകളോടുള്ള വർഷങ്ങളായി തുടരുന്ന അനീതിയും, ഒടുവിൽ അവർക്ക് കാർഡ് നൽകാനുള്ള ഫെഫ്കയുടെ തീരുമാനവും ഒരുകൂട്ടം സ്ത്രീകളുടെ നിശ്ചയദാർഢ്യത്തിൻ്റെയും ഡബ്ല്യൂസിസിയുടെ നിരന്തര ശ്രമങ്ങളുടെയും ഫലമാണ്.

പ്രശ്നങ്ങൾ ഉണ്ടായാലോ ഉണ്ടാക്കിയാലോ സ്ത്രീകളുടെ കൂട്ടായ്മ ഇടപെട്ടേക്കും എന്ന ചിന്ത തന്നെ സെറ്റുകളിലെ ചൂഷണ സ്വഭാവങ്ങൾക്ക് ഒരു പരിധിവരെ തടയിടുന്നതായുള്ള നിരീക്ഷണമാണ് മലയാള സിനിമയിലെ പുരുഷ ചലച്ചിത്രപ്രവർത്തകർക്കും പങ്കുവയ്ക്കാനുള്ളത്. സെറ്റുകളിൽ പ്രാധമിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ പ്രൊഡക്ഷൻ നേരിട്ട് ഇടപെടുന്ന സാഹചര്യങ്ങളും ആശാവഹമാണ്. കാസ്റ്റിങ് കൗച്ച്, വ്യാജ കാസ്റ്റിംഗ് കോളുകൾ എന്നിവയ്ക്കെതിരെ ഫെഫ്ക നിർമ്മിച്ച ക്യാമ്പെയ്ൻ പരസ്യവും, നടിമാർക്ക് നേരെയുണ്ടാകുന്ന സൈബർ ആക്രമണങ്ങളിൽ പൊതുസമൂഹം ഉൾപ്പെട്ട പ്രതിഷേധങ്ങളും, ഏറ്റവും പുതിയ ഷൂട്ടിങ് പെരുമാറ്റച്ചട്ടം പോലുള്ള മാറ്റങ്ങളും ഇത്തരത്തിൽ ഉരുത്തിരിഞ്ഞ ചർച്ചകളുടെ ബാക്കിപത്രമാണ്.

"ഓരോ ദിവസവും പുതിയ വെല്ലുവിളികൾ ഉണ്ടാകുന്നുണ്ട്. അതിനെ പ്രതിരോധിക്കാൻ മലയാള സിനിമയിലെ സ്ത്രീകളും സ്ത്രീ കൂട്ടായ്മയും ഒരുക്കവുമാകുന്നുണ്ട്. ഇനി സർക്കാർ ഇടപെടലുകളാണ് ആവശ്യം. ക്രിത്യമായി നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നും ഐസികളുടെ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കപ്പെടേണ്ടതും സർക്കാർ ഇടപെടലിലൂടെ മാത്രം സാധ്യമാകുന്ന കാര്യങ്ങൾ ആണ്," അഭിനേത്രിയും ഡബ്ല്യൂസിസി അംഗവുമായ അർച്ചന പത്മിനി പറയുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ പാലിക്കപ്പെടേണ്ടത് മലയാള സിനിമയിലെ സ്ത്രീകളുടെ നിലനിൽപ്പിൻ്റെ ആവശ്യമാണ്.

തീരുമാനങ്ങളെടുക്കുന്ന നിർണ്ണായക സ്ഥാനങ്ങളിൽ സ്ത്രീകൾ കൂടുതലുണ്ടാകുന്ന സാഹചര്യമാണ് മലയാള സിനിമ മെച്ചപ്പെട്ട ജോലി സ്ഥലമാകുന്നതിൻ്റെ ഭാവി. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ഒന്നായി പരിഹരിക്കുക സാധ്യമല്ല. എന്നാൽ എന്താണ് സിനിമയിൽ നടക്കുന്നതെന്ന് നിരന്തരമായി നിരീക്ഷിക്കപ്പെടുന്നതും ചൂഷണങ്ങൾ തുറന്ന് പറയപ്പെടും എന്ന തോന്നലും വലിയ മാറ്റങ്ങൾക്കാണ് വഴി വയ്ക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഒരു തരത്തിലും അഭിസംബോധന ചെയ്യപ്പെടാതിരുന്ന ഒരു തൊഴിലിടത്തെയും അവിടത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെയും സർക്കാരും സിനിമ സംഘടനകളും ചലച്ചിത്ര പ്രവർത്തകരുമൊക്കെ രാഷ്ട്രീയമായി നോക്കിക്കാണേണ്ടുന്ന ഒരു സാഹചര്യമൊരുക്കുകയാണ് ഡബ്ല്യൂസിസി ചെയ്തത്. ഇതൊരു തുടക്കമാണ്. പലതിന്റേയും തുടക്കം.

Story highlights: Women's issues in Malayalam cinema and formation of WCC

Next Story