Top

ചരിത്രം വഴിമാറിയൊഴുകിയ 2021; പിണറായി 2.0

കൊവി‍ഡ് രണ്ടാം തരം​ഗത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് പാഠമുൾകൊണ്ട ആരോ​ഗ്യവകുപ്പ് യുദ്ധകാല അടിസ്ഥാനത്തിലായിരുന്നു വാക്സിനേഷൻ നടപ്പിലാക്കിയത്.

31 Dec 2021 12:30 PM GMT
വീക്ക നെഴുത്ത്

ചരിത്രം വഴിമാറിയൊഴുകിയ 2021; പിണറായി 2.0
X

കേരളാ രാഷ്ട്രീയ ചരിത്രത്തിൽ സംഭവ ബഹുലമായ വർഷമാണ് 2021. ഇടതുപക്ഷത്തിനെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റന്റെ നേതൃ പാഠവം പ്രളയ, കൊവിഡ്, നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുമെല്ലാം ജനം അം​ഗീകരിച്ചെന്ന് നിസംശയം രണ്ടാമൂഴത്തിന് സാക്ഷിയാക്കി വിലയിരുത്താം. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ വമ്പൻ തിരിച്ചടിയും രാഹുൽ ​ഗാന്ധിയുടെ പ്രഭാവവുമെല്ലാം രണ്ടാമൂഴത്തിന് തടയിടുന്നതിനായി ഉയർത്തിക്കാണിക്കാൻ കോൺ​ഗ്രസിന് കഴിഞ്ഞില്ല. കോൺ​ഗ്രസിന്റെ നിർണായക കക്ഷിയെന്ന നിലയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കുഞ്ഞാലിക്കുട്ടിയെ തിരിച്ചെത്തിച്ച മുസ്ലിം ലീ​ഗിനും കഴിഞ്ഞില്ല.

ജി.സുധാകരൻ, ടി.എം. തോമസ് ഐസക്ക് തുടങ്ങിയ പ്രമുഖരെ ​ഗോഥയ്ക്ക് വെളിയിൽ നിർത്തിയാണ് പിണറായി വിജയൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്ട്രാറ്റജി വലിയ രൂപത്തിൽ സ്വീകരിക്കപ്പെട്ടു. മന്ത്രിസഭയിലുമുണ്ടായി ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ. നിപ്പ കാലഘട്ടം മുതൽ ആ​ഗോളതലത്തിൽ പ്രസിദ്ധിയാർജിച്ച ആരോ​ഗ്യവകുപ്പിന്റെ കപ്പിത്താൻ കെ.കെ ശൈലജയെ മാറ്റി. കടകംപള്ളി സുരേന്ദ്രനും പുറത്ത്. മുഖ്യമന്ത്രിയൊഴികെ എല്ലാ സ്ഥാനങ്ങളിലും പുതുമുഖങ്ങളെത്തി. ഇതെല്ലാം വലിയ മാറ്റങ്ങളുടെ സൂചനയായിരുന്നു. മന്ത്രിമാരിൽ മിക്കവരും പാർട്ടിയുടെ പ്രതീക്ഷ കാത്തു.


ജോസ് കെ മാണിക്ക് ഏറ്റ തിരിച്ചടിയ വലിയ ചർച്ചയായി. കെഎം മാണിയെന്ന പാലായുടെ കിരീടം വെക്കാത്ത രാജാവിന്റെ പിൻ​ഗാമി തോറ്റത് മറ്റൊരു അർത്ഥത്തിൽ സിപിഐഎമ്മിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. സംഘപരിവാർ അജണ്ടകൾക്ക് പിന്നാലെ പാഞ്ഞ പിസി ജോർജ്ജും തോൽവിയുടെ രുചിയറിഞ്ഞു. തൃത്താലയിൽ എംബി രാജേഷ്, മെട്രോമാനെ തോൽപ്പിച്ച ഷാഫി പറമ്പിൽ, കുമ്മനം രാജേശഖരന്റെ പരാജയം എന്നിവ വലിയ ശ്രദ്ധ നേടി. നേമം തിരിച്ചെടുക്കുമെന്ന പിണറായിയുടെ പ്രസ്താവന പാർട്ടിയുടെ ബിജെപി വിരുദ്ധ നയങ്ങൾക്ക് കൂടുതൽ സ്വീകാര്യത നൽകി. കോൺ​ഗ്രസിലെ സെമി കേഡറിലേക്കുള്ള മാറ്റം കെ. സുധാകരന്റ വലിയ വിമർശനങ്ങളുണ്ടാക്കി. നേതൃമാറ്റം രമേശ് ചെന്നിത്തലയെന്ന അനിഷേധ്യ നേതാവിന്റെ സ്ഥാന ചലനം കോൺ​ഗ്രസിൽ വലിയ വിള്ളലുകളുണ്ടാക്കി. വിഡി സതീശൻ പ്രതിപക്ഷ നേതാവിന്റെ കസേരയിൽ.

പരീക്ഷണങ്ങളുടെ മന്ത്രിസഭ നേരിട്ട വെല്ലുവിളികൾ

കെകെ ശൈലജയിൽ തുടങ്ങി പ്രമുഖരെ ഒഴിവാക്കിയ നീക്കം വിമർശനങ്ങൾക്കിടയാക്കി. പ്രതിരോധത്തിലൂന്നിയാണ് രണ്ടാം മന്ത്രിസഭ ആരംഭിച്ചത്. വ്യവസായ വകുപ്പിന് കിറ്റെക്സ് ചെയർമാൻ സാബു എം ജേക്കബ് തലവേ​ദന സൃഷ്ടിച്ചപ്പോൾ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനവുമായി ബന്ധപ്പെട്ടു സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് നേരിട്ട് പരസ്യമായി ഏറ്റുമുട്ടി. പരാതിക്കാരിയോട് മോശമായി സംസാരിച്ചതിന്റെ പേരിൽ എം.സി.ജോസഫൈന് വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നു. കൊവിഡ് രണ്ടാം തരം​ഗത്തിൽ കേസുകളുടെ എണ്ണം വർദ്ധിച്ചത് വിമർശനങ്ങൾക്കിടയാക്കി. അനുപമ ദത്ത് വിവാദവും സർക്കാരിന് തലവേദനയായി.


എതിരാളികൾ പിണറായി വിജയന്റെ മകളുടെ വിവാഹവും അദ്ദേഹത്തിന്റെ ജാതിയും നിരന്തരം ചർച്ചയാക്കി. രാഷ്ട്രീയ പ്രത്യാരോപണങ്ങൾ വ്യക്തി അധിക്ഷേപമാകരുതെന്ന മുന്നറിയിപ്പോടെ പല നേതാക്കളെയും സ്വന്തം പാർട്ടി തിരുത്തി. മന്ത്രിസഭയിൽ ഏറ്റവും വാർത്തകൾ സൃഷ്ടിക്കാൻ കഴിഞ്ഞത് ആരോ​ഗ്യമന്ത്രി വീണാ ജോർജ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവർക്കാണ്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങൾ രാഷ്ട്രീയ മറുപടികൾക്ക് വേദിയാകുന്നതിനും 2021 സാക്ഷിയായി.

കൊവി‍ഡ് രണ്ടാം തരം​ഗത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് പാഠമുൾകൊണ്ട ആരോ​ഗ്യവകുപ്പ് യുദ്ധകാല അടിസ്ഥാനത്തിലായിരുന്നു വാക്സിനേഷൻ നടപ്പിലാക്കിയത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ വലിയ രീതിയിൽ കൊവിഡ് പ്രതിരോധ ഹമ്പ് ആക്കി മാറ്റാൻ ഇത് ​ഗുണകരമായി. സംസ്ഥാനത്തിന്റെ 18 വയസ്സിനു മുകളിലുള്ള 96.78 ശതമാനം ആളുകൾ ഒരു ഡോസ് വാക്സീൻ എങ്കിലും സ്വീകരിച്ചവരാണ്. രണ്ടു ഡോസ് വാക്സീനും എടുത്തവർ സംസ്ഥാന ജനസംഖ്യയുടെ 67 ശതമാനം വരും. നൂറ് ശതമാനം വാക്സിനേഷനിലേക്ക് സംസ്ഥാനം ഉടനെത്തുമെന്ന് ആരോ​ഗ്യവകുപ്പ് വ്യക്തമാക്കുന്നു.


സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ വർധനവ്, ​ഗുണ്ടാ വിളയാട്ടം, കൊലപാതകങ്ങൾ, പിങ്ക് പൊലീസിന്റെ ഭാ​ഗത്ത് നിന്ന് ഉൾപ്പെടെയുണ്ടായ വീഴ്ച്ചകൾ ആഭ്യന്തര വകുപ്പിന് പ്രതിരോധത്തിലാക്കി. എറണാകുളം ജില്ലയിലെ കോതമംഗലം ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് വിദ്യാർഥി മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ രഖിൽ എന്ന യുവാവ് ആത്മഹത്യ ചെയ്‌ത സംഭവം, ഒക്ടോബർ ഒന്നിന് പാലാ സെന്റ് തോമസ് കോളജ് വിദ്യാർഥി നിതിനയെ സഹപാഠി കഴുത്തറത്തു കൊല ചെയ്തതും കേരളത്തെ ഞെട്ടിച്ചു. പോത്തൻകോട് ​ഗുണ്ടാ കൊലപാതകം, ആലപ്പുഴ രാഷട്രീയ കൊലപാതകങ്ങൾ തുടങ്ങി പൊലീസിനെതിരെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് പ്രതിപക്ഷം ആയുധമാക്കി.

മുസ്ലിം ലീ​ഗ് പിണറായി വിജയൻ പോര്

ഹലാൽ, വാരിയംകുന്നൻ വിവാദം സംസ്ഥാനത്ത് വലിയ ക്യാംപെയ്നാക്കി മാറ്റാൻ ബിജെപി ശ്രമിച്ചപ്പോൾ പ്രതിരോധിക്കാൻ മുസ്ലിം ലീ​ഗും സിപിഐഎം മത്സരിച്ചു. ഹരിത വിവാദത്തിൽ തുടങ്ങി കെടി ജലീൽ കുരുക്കിയ ഇഡി കേസും ലീ​ഗിന് വലിയ തലവേദനായായി മാറിയ സമയത്താണ് ഹലാലും വാരിയംകുന്നനും ചർച്ചയാവുന്നത്. സിപിഐഎം വിഷയത്തിൽ എടുത്ത ന്യൂനപക്ഷ അനുകൂല നിലപാടുകൾ ലീ​​ഗിന്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് തിരിച്ചടിയായി. എആർ നഗർ സഹകരണബാങ്ക് കള്ളപ്പണ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റേതുൾപ്പെടെ വിമർശനം ഏറ്റുവാങ്ങിയെങ്കിലും കെഎം ഷാജിയും കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടുന്ന ലീ​ഗ് നേതാക്കളെ പ്രതിരോധത്തിലാക്കാൻ കെടി ജലീലിന് കഴിഞ്ഞു.


ഹരിത വിവാദം ഉപയോ​ഗിക്കാൻ ഡിവൈഎഫ്ഐയ്ക്ക് കഴിഞ്ഞു. പെണ്ണ് പറയാറായൊ എന്ന നിലപാടാണ് ലീഗിനുളളത്. സ്ത്രീ വിരുദ്ധതയുടെ അംബാസിഡർമാരായി ലീഗ് നേതൃത്വം മാറി. സഹപ്രവർത്തകരോട് മോശമായി പെരുമാറുന്നവരാണ് ലീഗിലുളളത്. ആത്മാഭിമാനമുളള ഒരു വനിതക്കും ലീഗിൽ പ്രവർത്തിക്കാൻ സാധിക്കില്ല. ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമായാണ് ലീഗ് പ്രവർത്തിക്കുന്നത്. സ്ത്രീപുരുഷ സമത്വം ഭരണഘടന ഉറപ്പുനൽകുന്നതാണ്. എന്നാൽ ലീഗിനിത് ബാധകമല്ലെന്നും എഎ റഹീം അന്ന് നടത്തിയ വിമർശനത്തിൽ പറയുന്നു.

വഖഫ് നിയമന വിവാദത്തിൽ സമസ്തയെ കാര്യങ്ങൾ ധരിപ്പിക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചതോടെ ലീ​ഗ് പ്രതിരോധത്തിലായി. 'ലീഗിന് എന്താണോ ചെയ്യാൻ ഉള്ളത്, അതു ചെയ്തു കാണിക്ക്, ഞങ്ങൾക്ക് അതൊരു പ്രശ്‌നമല്ല' എന്നാണ് മുഖ്യമന്ത്രി പരസ്യ വെല്ലുവിളി നടത്തിയത്. 'വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നത്. വഖഫ് ബോർഡ് വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ല. ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ അട്ടിപ്പേറവകാശം ഞങ്ങൾക്കാണ് എന്ന് പറഞ്ഞുകൊണ്ട് വന്നാൽ അത് അംഗീകരിക്കാൻ ഞങ്ങൾ തയ്യാറല്ല.' എന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടിയേരിയുടെ സ്ഥാനാരോഹണം

കേരളത്തിൽ പാർട്ടിയുടെ വേരുറപ്പിക്കാൻ എസ്എഫ്ഐ കാലഘട്ടം മുതൽ ഊർജ്സ്വലമായ പ്രവർത്തിച്ച കോടിയേരിക്ക് ഇത് രണ്ടാം വരവാണ്. മറ്റൊരു കമ്യൂണിസ്റ്റ് നേതാവ് സമീപകാലഘട്ടത്തിലൊന്നും ചവിട്ടി കേറിയിട്ടില്ലാത്ത പ്രതിസന്ധികൾ തരണം ചെയ്താണ് പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരിയുടെ രണ്ടാം വരവ്. മുൻപ് മറ്റു പല കാരണങ്ങളാൽ പ്രതിസന്ധി ഇരുമുടിക്കെട്ട് കോടിയേരിക്ക് വഹിക്കേണ്ടി വന്നിരുന്നെങ്കിലും ഉറച്ച കമ്യൂണിസ്റ്റുകാരെനെ പോലെ നേരിടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ഇത്തവണ അങ്ങനെയായിരുന്നില്ല കാര്യങ്ങൾ.എസ്എഫ്ഐ കാലഘട്ടം മുതൽ കോടിയേരി പ്രതിസന്ധികളിലൂടെ തന്നെയാണ് നേതൃ സ്ഥാനങ്ങൾ വഹിച്ചിരുന്നത്. അതുകൊണ്ടു തന്നെ പ്രതിസന്ധികൾ വ്യക്തിപരമായി കാണുന്നതിന് പകരം കമ്യൂണിസ്റ്റുകാരനെ പോലെ നേരിടാൻ ആർജ്ജവവും അദ്ദേഹത്തിനുണ്ടായിരുന്നു.


ബിനീഷ് കോടിയേരി കള്ളപ്പണ കേസിൽ കുടുങ്ങുന്നത് വരെ പ്രതിസന്ധികൾ കോടിയേരി സംബന്ധിച്ചിടത്തോളം വ്യക്തിപരമായിരുന്നില്ലെന്ന് പറയാം. പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കേണ്ടി വന്നുവെന്നത് മാത്രമല്ല ഇക്കാലഘട്ടത്തിൽ കോടിയേരിയെ അലട്ടിയത്. ബിനീഷിൻറെ കേസ് പാർട്ടിയിലും പ്രതികിരണങ്ങളുണ്ടാക്കി. ബിനീഷിനെ ഒരു വ്യക്തിയെന്ന നിലയിൽ കാണുന്നതിന് പകരം കോടിയേരി ബാലകൃഷ്ണന്റെ മകനെന്ന വിശേഷണം നൽകി വായിച്ചെടുക്കാൻ എളുപ്പമാണ്. ഈ എളുപ്പമാർ​ഗം ഉപയോ​ഗിക്കാൻ രാഷ്ട്രീയ എതിരാളികൾ ഒരുപരിധി വരെ വിജയിച്ചുവെന്ന് പറയാം.

മക്കളുടെ പേരിൽ വേട്ടയാടപ്പെടുന്ന കമ്യൂണിസ്റ്റുകാരെന്ന് വിശേഷിപ്പിച്ചാലും അധികമാവില്ല. 2019ൽ അർബുദം ബാധിച്ച ശരീരത്തോട് പടവെട്ടിയ സഖാവിനെ തളർത്തി ബിനീഷ് ഏറെ നാൾ ജയിൽവാസം അനുഭവിച്ചു. ബിനീഷ് വീട്ടിലെത്തിയപ്പോൾ കോടിയേരി ബാലകൃഷ്ണനെന്ന പിതാവിന്റെ വൈകാരികതയെ അടയാളപ്പെടുത്തിയ നിമിഷങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതാണ്. ശബ്ദത്തിൽ ഇടറിച്ചയോ പതറിയോ എന്നൊക്കെ ചോദിച്ചാൽ, ഇല്ലെന്ന ഉത്തരലൂന്നാം. വൈകാരികയെന്നത് മറ്റൊരു തലത്തിലാണെന്ന് മാത്രം. ബിനീഷ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പിണറായിയുടെ തേരാളിയുടെ കോടിയേരി തിരികെയെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. സമ്മേളന കാലഘട്ടത്തിൽ അപൂർവ്വമായ സ്ഥാനാരോഹണത്തിന് കൂടിയാണ് സിപിഐഎം സാക്ഷ്യം വഹിച്ചത്.

ഒമിക്രോൺ, കെ റെയിൽ, വഖഫ്; കാത്തിരിക്കുന്ന വെല്ലുവിളികൾ


2020 ന്റെ ആദ്യ 6 മാസങ്ങളിൽ കോവിഡ് പ്രതിരോധത്തിൽ പുലർത്തിയ മികവിന് രാജ്യാന്തര തലത്തിൽ പ്രശസ്തി നേടിയ സംസ്ഥാനമാണ് കേരളം. എന്നാൽ 2020 സെപ്റ്റംബറിനു ശേഷം കേസുകളിൽ വലിയ വർധനയാണ് നാം സാക്ഷിയായി. കേസുകളുടെ എണ്ണം ശാസ്ത്രീയ നീക്കങ്ങളിലൂടെ പ്രതിരോധിക്കാൻ ആരോ​ഗ്യവകുപ്പിന് സാധിച്ചിട്ടുണ്ടെങ്കിലും ഒമിക്രോൺ വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. പുതിയ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സാധ്യമായെന്ന് വരില്ല. എന്തായാലും പരീക്ഷണത്തിന് നാളുകളാണ് ആരോ​ഗ്യവകുപ്പിന് മുന്നിലുള്ളത്. കെ റെയിൽ വഖഫ് പ്രതിഷേധങ്ങളും പ്രതിപക്ഷം ആയുധമാക്കും. ഇതും സർക്കാരിന് മുന്നിലുള്ള വെല്ലുവിളിയായിരിക്കും.

Next Story