Top

'സുഹൃത്തുക്കൾക്കൊപ്പം ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ പോലും നിർബന്ധിച്ചു, മരിച്ചപ്പോൾ ശരീരം കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിലിട്ടു'; നിമിഷ പ്രിയയുടെ കഥ

2015ൽ തലാൽ എന്നോടൊപ്പം കാഴ്ചകൾ കാണാൻ കേരളത്തിൽ എത്തിയിരുന്നു. ഒരു ക്ലിനിക്ക് തുടങ്ങാൻ ഞങ്ങൾ അദ്ദേഹത്തോട് സഹായം ചോദിച്ചതിന് ശേഷം അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ട ഒരു ഉപകാരമായിരുന്നു ഇത്.

23 Feb 2022 8:15 PM GMT
സുനിഷ

സുഹൃത്തുക്കൾക്കൊപ്പം ലൈം​ഗിക ബന്ധത്തിലേർപ്പെടാൻ പോലും നിർബന്ധിച്ചു, മരിച്ചപ്പോൾ ശരീരം കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിലിട്ടു; നിമിഷ പ്രിയയുടെ കഥ
X

യെമൻ സനയിലെ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു മരണം കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വിധി അറിയാൻ ഇനി 5 നാൾ മാത്രമാണ് ബാക്കിയുള്ളത്. ഒരു നിമിഷ നേരത്തെ ചിന്തകൊണ്ട് മാറിമറിഞ്ഞുപോയതാണ് നിമിഷ പ്രിയയുടെ ജീവിതം. എല്ലാ പ്രവാസികളെയും പോലെ കഠിനാദ്ധ്വാനം കൊണ്ട് ജീവിതം പച്ച പിടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷയും യെമനിലേക്ക് വിമാനം കയറുന്നത്. കൊടും ക്രൂരത സഹിക്കവയ്യാതെ ചെയ്ത കടുംകൈ വധശിക്ഷയിലേക്ക് കാര്യങ്ങളെത്തിച്ചു.

2017 ജൂലൈ 25നാണ് നിമിഷ പ്രിയയുടെ ജീവിതത്തെ മലക്കംമറിച്ച കൊലപാതകം നടക്കുന്നത്. നിരന്തരം കൊടുംക്രൂരത കാട്ടിയ യെമൻ പൗരനായ തലാൽ അബ്ദു മഹദിയെ നിമിഷയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം എന്തു ചെയ്യണമെന്നറിയാതെ മാനസികമായി തളർന്നു. രക്ഷപ്പെടുന്നതിനായി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു. കേസിൽ നിമിഷ പിടിക്കപ്പെട്ടു. വധശിക്ഷയാണ് കേസിൽ കോടതി നിമിഷയ്ക്ക് വിധിച്ചത്.

ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായത്തോടെയാണ് നിമിഷ അപ്പീൽ കോടതിയെ സമീപിച്ചു. തലാൽ അബ്ദു മഹദിയുടെ ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷ പ്രിയ നേരത്തെ കുറ്റസമ്മതത്തിൽ പറഞ്ഞിരുന്നത്. അതിക്രൂരമായ പീഡനങ്ങൾക്കിരയായെന്നും നിമിഷ പ്രിയ കോടതിയെ ധരിപ്പിച്ചിരുന്നു. ഇതൊക്കെയുണ്ടെങ്കിലും അപ്പീൽ കോടതി കേസ് പരി​ഗണിക്കവെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവും നാട്ടുകാരും പ്രതിഷേധവുമായി എത്തി. ഇതോടെ ഈ മാസം 28ലേക്ക് വിധി പറയുന്നത് മാറ്റിവെക്കുകയായിരുന്നു.


ഭർത്താവിന്റെ വേഷമിട്ട ശല്യക്കാരൻ

സനയിൽ ഒരു ക്ലിനിക്കിൽ നഴ്‌സായിട്ടാണ് നിമിഷ പ്രവാസ ജീവിതം ആരംഭിക്കുന്നത്. ഭർത്താവ് യെമനിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ ഇരുവരുടെയും കുറഞ്ഞ സാലറിയും ഓന്നര വയസ്സുള്ള മകളുടെ ഭാവിയുമൊക്കെ നോക്കി 2014 ഏപ്രിലിൽ നിമിഷയുടെ ഭർത്താവ് ടോമി തോമസ് മകളെയും കൂട്ടി നാട്ടിലേക്ക് തിരികെ വന്നു. 2014ലാണ് നിമിഷ കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുമായി പരിചയപ്പെടുന്നതും.നിമിഷയും ഭർത്താവും യെമനിൽ ഒരു ക്ലിനിക് തുടങ്ങാൻ ആലോചനയിടുന്നു. പക്ഷേ യമനിൽ ക്ലിനിക്കിന് ലൈസൻസ് ലഭിക്കാൻ ഒരു യെമൻ പൗരന്റെ സഹായം ആവശ്യമായതോടെ പരിചയക്കാരനും യെമാൻ പൗരനുമായ തലാലിനെ നിമിഷ നിർദേശിക്കുന്നു.


പക്ഷേ നിമിഷ ലൈസൻസിനായി തലാലിന്റെ സഹായം തേടിയിട്ടില്ലെന്നാണ് ഭർത്താവ് ടോമി പറയുന്നത്. നിമിഷ സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നതിൽ ആദ്യം ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമസ്ഥന് അസ്വസ്ഥത ഉണ്ടായിരുന്നതായും ആദ്യമൊക്കെ പ്രശ്‌നമുണ്ടാക്കിയിരുന്നതായും ടോമി പറഞ്ഞു. എന്നാൽ പിന്നീട് അദ്ദേഹം ക്ലിനിക്കിനായി പണം നിക്ഷേപിക്കാൻ സഹായിച്ചിരുന്നെന്നും നിമിഷ തലാലിനോട് സഹായം വേണ്ടെന്ന് പറയുകയും ചെയ്തിരുന്നു. അങ്ങനെ നിമിഷ 2015ൽ ക്ലിനിക്ക് ആരംഭിക്കുന്നു. എന്നാൽ യെമനിൽ ആഭ്യന്തര യുദ്ധ പ്രഖ്യാപനം ഉണ്ടായ സാഹചര്യത്തിൽ പുതിയ വിസക്ക് അനുമതി ഇല്ലാതായതോടെ നിമിഷയുടെ ഭർത്താവിനും കുട്ടിക്കും തിരിച്ചുവരാൻ കഴിഞ്ഞില്ല. ഇതോടെയാണ് തലാലിന്റെ ഉപദ്രവം ആരംഭിക്കുന്നത്.

ഭർത്താവ് ആയതല്ല ആക്കിയത്

ക്ലിനിക്ക് നന്നായി മുന്നോട്ട് പോവുകയും സാമ്പത്തികപരമായി വളരാനും തുടങ്ങി. ക്ലിനിക്കിലേക്കാവശ്യമായ പല വസ്തുക്കൾ വാങ്ങിക്കാനും മറ്റ് കാര്യങ്ങൾക്കുമൊക്കെ തലാൽ നിമിഷയെ സഹായിച്ചിരുന്നു. ക്ലിനിക്കിലേക്കുള്ള വരുമാനം കൂടിയതോടെ തലാൽ തനിക്കും പണത്തിന്റെ പകുതി വേണമെന്ന് ആവശ്യപ്പെട്ടു. ക്ലിനിക്കുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും തലാൽ ഇടപെടാൻ തുടങ്ങിയെന്നും ക്ലിനിക്കിനായി വാങ്ങിയ വാഹനം പോലും തലാൽ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്‌തെന്നും നിമിഷ പറയുന്നു.

പിന്നീട് നിമിഷ പോലും അറിയാതെ അയാൾ ക്ലിനിക്കിന്റെ ഷെയർ ഹോൾഡറായി തന്റെ പേര് കൂടി ഉൾപ്പെടുത്തി മാസ വരുമാനത്തിന്റെ പകുതി പണം കൈക്കലാക്കാൻ ശ്രമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ലിനിക്കിലെ മാനേജരെ ചോദ്യം ചെയ്തപ്പോഴാണ് നിമിഷ തന്റെ ഭാര്യ ആണെന്നാണ് തലാൽ പറഞ്ഞിരിക്കുന്നതെന്നും അതിനാലാണ് ഷെയർ നൽകിയതെന്നും അറിയുന്നത്. എന്നാൽ തലാലിനോട് ഇത് ചോദിച്ചപ്പോൾ താൻ ഓറ്റയ്ക്കാണ് ഇത് നടത്തുന്നതെന്നറിഞ്ഞ് നാട്ടുകാർ ശല്യം ചെയ്യാതിരിക്കാനാണ് അങ്ങനെ പറഞ്ഞതെന്ന് വിശ്വസിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിമിഷ സനയിലെ പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നെന്നും എന്നാൽ ഈ പരാതി ഉന്നയിച്ചതിന് യെമൻ നിയമപ്രകാരം തലാലിനൊപ്പം തന്നെ അറസ്റ്റ് ചെയ്യുകയാണ് ചെയ്തതെന്ന നിമിഷ പറയുന്നു. പിന്നീട് വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ തലാൽ അത് കോടതിയിൽ സമർപ്പിക്കുകയും ഞങ്ങളെ വിട്ടയക്കുകയും ചെയ്യുകയായിരുന്നെന്നും നിമിഷ പറഞ്ഞു.


'2015ൽ തലാൽ എന്നോടൊപ്പം കാഴ്ചകൾ കാണാൻ കേരളത്തിൽ എത്തിയിരുന്നു. ഒരു ക്ലിനിക്ക് തുടങ്ങാൻ ഞങ്ങൾ അദ്ദേഹത്തോട് സഹായം ചോദിച്ചതിന് ശേഷം അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ട ഒരു ഉപകാരമായിരുന്നു ഇത്. തൊടുപുഴയിലുള്ള എന്റെ ഭർത്താവിന്റെ വീട്ടിൽ പോലും വന്നിരുന്നു. അദ്ദേഹം എന്റെ വിവാഹ ആൽബത്തിൽ നിന്ന് ഫോട്ടോ എടുത്ത് ഇത് തന്റെ മുഖം ഉപയോഗിച്ച് മോർഫ് ചെയ്യുകയും ഞങ്ങൾ വിവാഹിതരാണെന്ന് പറഞ്ഞ് വീട്ടുകാരെ കാണിക്കുകയും ചെയ്തു' നിമിഷ പറഞ്ഞു

തന്റെ ഭർത്താവാണെന്ന് പറഞ്ഞത് ചോദ്യം ചെയ്തത് മുതലാണ് തലാലുമായുള്ള പ്രശ്‌നങ്ങൾ തുടങ്ങുന്നതും. അയാൾ അവളെ ശാരീരികമായി ആക്രമിക്കാൻ തുടങ്ങി. ആശുപത്രി ജീവനക്കാരുടെ മുന്നിൽവച്ച് പോലും മർദ്ദിക്കുകയും തുപ്പുകയും ചെയ്യാറുണ്ടായിരുന്നെന്നും നിമിഷ പറയുന്നു. നിമിഷയുടെ പാസ്‌പോർട്ടും കൈക്കലാക്കിയ തലാൽ അവളെ അവനോടൊപ്പം ജീവിക്കാൻ നിർബന്ധിക്കുകയും ശാരീരികമായി ആക്രമിക്കുകയും അവനെ അനുസരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നും സുഹൃത്തുക്കൾക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നും നിമിഷ പറയുന്നുണ്ട്.

പലപ്പോഴും ഓടിപ്പോവാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ സഹായിക്കാനോ പിന്തുണയ്ക്കാനോ ആരുമുണ്ടായിരുന്നില്ല. രാത്രിയിൽ സ്ത്രീകൾ പുറത്തിറങ്ങി നടക്കാത്ത യെമൻ പോലൊരു സ്ഥലത്ത് ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ റോഡിലൂടെ പലതവണ രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ടെന്നും പക്ഷേ ആക്രമണത്തെക്കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലൊക്കെ തനിക്ക് ഒന്നിലധികം തവണ തലാൽ ജയിലിൽ പോകേണ്ടി വന്നിട്ടുണ്ടെന്നുമാണ് നിമിഷ പറയുന്നത്.

എങ്ങനെയാണ് തലാൽ കൊല്ലപ്പെടുന്നത്

2017 ജൂലൈയിൽ മയക്കുമരുന്ന് കുത്തിവെച്ചാണ് നിമിഷ തലാലിനെ കൊല്ലുന്നത്. എന്നാൽ കൊല്ലാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തലാലിന്റെ കൈവശമുണ്ടായിരുന്ന പാസ്പോർട്ട് വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യമെന്നും നിമിഷ പറഞ്ഞിരുന്നു. തന്റെ പരാതികളുടെ അടിസ്ഥാനത്തിൽ തലാലിനെ പലപ്പോഴും ജയിലിലടച്ചിരുന്നു. തന്റെ പ്രശ്‌നങ്ങൾ അറിഞ്ഞ ജയിൽ വാർഡൻ തലാലിൽ നിന്നും രക്ഷപ്പെടാൻ പാസ്‌പോർട്ട് സ്വന്തമാക്കണമെന്നും അതിനായി അവനെ മയക്കാൻ ശ്രമിക്കണമെന്നും പറയുന്നു.

അതിനാൽ അവസരം ലഭിച്ചപ്പോൾ നിമിഷ തലാലിന്റെ മേൽ കെറ്റാമൈൻ എന്ന മയക്കമരുന്ന് കുത്തിവെക്കുകയായിരുന്നു. കുറച്ച് മിനിറ്റുകൾക്ക് ശേഷം, അവൻ തറയിൽ വീഴുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്ന് അവൻ നിശ്ചലനായി. അവന്റെ പൾസ് പരിശോധിച്ചപ്പോൾ നിശ്ചലമായിരുന്നെന്നും നിമിഷ ഓർക്കുന്നു.

ആകെ ഭയപ്പെട്ട നിമിഷ അവളുടെ സുഹൃത്തായ ഹനാനെ വിളിക്കുകയും തലാലിന്റെ മൃതദേഹം മാറ്റാനായി അവൾ നിർദേശിക്കുകയും തുടർന്ന് ഹനാൻ മൃതദേഹം വെട്ടിമാറ്റി വാട്ടർ ടാങ്കിൽ വയ്ക്കുകയുമായിരുന്നെന്നും നിമിഷ പറഞ്ഞു. എന്നാൽ പരിഭ്രാന്തിയായപ്പോൾ താൻ സെഡേറ്റീവ് ഗുളികകൾ കഴിച്ചെന്നും അത് തനിക്ക് ഓർമയില്ലെന്നും നിമിഷ പറഞ്ഞിരുന്നു. അങ്ങനെ 2017 ഓഗസ്റ്റിൽ ഹനാനെയും നിമിഷയെയും അറസ്റ്റ് ചെയ്തു. വിചാരണ കോടതി നിമിഷയെ വധശിക്ഷയ്ക്ക് വിധിക്കുകയും കേസിലെ കൂട്ടുപ്രതി കൂടിയായ ഹനാനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്യുകയായിരുന്നു.

ജയിലിൽ ആയെങ്കിലും തനിക്കു വേണ്ടി കേസ് നടത്താനോ വാദിക്കാനോ ആരുമുണ്ടായില്ല. യെമൻ പൗരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പക്ഷം മാത്രമാണ് എല്ലാവരും കണ്ടത്. വിവാഹ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കോടതിക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകുമായിരുന്നു. അതിൽ എന്റെ പേര് പോലുമില്ല. തലാൽ എന്റെ ഫോട്ടോ ഇട്ടിരിക്കുന്നത് ഒരു മുസ്ലീം പേരിലാണ്. എന്റെ പാസ്പോർട്ട് ഉപയോഗിച്ച് ജഡ്ജി ക്രോസ് ചെക്ക് ചെയ്താൽ ഇക്കാര്യം വെളിപ്പെടുമായിരുന്നു. പക്ഷേ അതൊന്നും നടന്നിട്ടില്ലെന്നും നിമിഷ പറയുന്നു. ജഡ്ജി ഇടപെട്ട് ജൂനിയർ അഭിഭാഷകനെ നിയോഗിച്ചെങ്കിലും അദ്ദേഹം വേണ്ട രീതിയിൽ കേസ് കൈകാര്യം ചെയ്തിട്ടില്ലെന്നും നിമിഷ ഓർക്കുന്നു.

എന്നാൽ ഇപ്പോൾ വധ ശിക്ഷയിൽ ഇളവു ലഭിക്കണമെന്ന നിമിഷപ്രിയയുടെ അപേക്ഷ മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ച് പരിഗണിക്കുകയാണ്. വാദം കേൾക്കൽ ജനുവരി 10നു പൂർത്തിയായിരുന്നു. പ്രായമായ അമ്മയും 7 വയസ്സുള്ള മകളും നാട്ടിലുണ്ടെന്നും അവരുടെ ഏക അത്താണിയാണെന്നും അപ്പീലിൽ വ്യക്തമാക്കിയിരുന്നു. അപ്പീലിന്മേൽ വിധി പറയുന്നതു സനയിലെ ഹൈക്കോടതി 28 ലേക്കു മാറ്റിയതോടെ നിമിഷയുടെ ജീവിതത്തിൽ ഇനി എന്തെങ്കിലും പ്രതീക്ഷയുണ്ടാവുമോ എന്നതും അറിയേണ്ടിയിരിക്കുന്നു.

STORY HIGHLIGHTS: Even forced to have sex with friends and when he died, body was dismembered and dumped in a water tank nimisha Priya's story

Next Story