Top

സ്ത്രീധനം അവകാശമാണെന്ന തോന്നലാണ് വിപത്ത്; ഇല്ലാതാക്കാൻ മുന്നിൽ നിൽക്കേണ്ടത് ആൺകുട്ടികൾ

പൊലീസിന്റെ ക്രൈം റെക്കോർഡുകൾ പ്രകാരം 2016 മുതൽ ഈ വർഷം മെയ് വരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സ്ത്രീധന പീഡന മരണങ്ങളുടെ എണ്ണം 82 ആണ്

18 July 2022 3:26 PM GMT
ജെയ്ഷ ടി.കെ

സ്ത്രീധനം അവകാശമാണെന്ന തോന്നലാണ് വിപത്ത്; ഇല്ലാതാക്കാൻ മുന്നിൽ നിൽക്കേണ്ടത് ആൺകുട്ടികൾ
X

'വിദ്യാഭ്യാസവും ജോലിയും കഴിഞ്ഞ് മതി വിവാഹം. സ്ത്രീധനം ചോദിച്ച് വരുന്നവര്‍ക്ക് മക്കളെ കൊടുക്കാതിരിക്കുക. പെണ്‍കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക. വിവാഹം രണ്ടാമത്തെ കാര്യമാണ്. അനുഭവം ഉള്ളതുകൊണ്ടാണ് പറയുന്നത്. ഈ ഗതി ഒരച്ഛനും വരുത്തരുതേ എന്ന പ്രാര്‍ത്ഥനയാണെനിക്ക്',സ്ത്രീധന പീഡനത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിസ്മയയുടെ അച്ഛന്റെ വാക്കുകളാണിത്.

നിയമങ്ങള്‍ കര്‍ശനമായ നാട്ടില്‍ എന്തുകൊണ്ടാണ് സ്ത്രീധനപീഡനങ്ങള്‍ സ്ഥിരം വാര്‍ത്തയാകുന്നത്? സ്ത്രീധനം ആവശ്യപ്പെട്ടുള്ള മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ മൂലം ജീവന്‍ നഷ്ടപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണം എന്താകും?

പന്തളം സ്വദേശി ബിന്‍സി, കോട്ടയം സ്വദേശി അര്‍ച്ചന, തൃശൂര്‍ സ്വദേശി ശ്രുതി, ചേര്‍ത്തല സ്വദേശി ഹെന ഇക്കഴിഞ്ഞ മാസം വാര്‍ത്തകളില്‍ നിറഞ്ഞ പേരുകള്‍, ജൂണില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത സ്ത്രീധന പീഡന മരണങ്ങളില്‍ ചിലത് മാത്രമാണിത്. ശക്തമായ നിയമമാണ് സ്ത്രീധനപീഡനങ്ങള്‍ക്കെതിരെ സംസ്ഥാനത്തുള്ളത്. 1961ലെ സ്ത്രീധന നിരോധന നിയമം അനുസരിച്ച് ഇന്ത്യയില്‍ സ്ത്രീധനം നിരോധിക്കപ്പെട്ടതാണ്. എന്നിട്ടും മകളുടെ അല്ലെങ്കില്‍ സഹോദരിയുടെ വിവാഹം പറ്റാവുന്നതില്‍ കൂടുതല്‍ സ്ത്രീധനം നല്‍കി നടത്തുക എന്നത് അഭിമാനപ്രശ്നമാണ് നമ്മുടെ നാട്ടില്‍. സഹോദരിയുടെ വിവാഹത്തിന് പണം കണ്ടെത്താനാകാത്തതിനാല്‍ യുവാവ് ആത്മഹത്യ ചെയ്തത് മാസങ്ങള്‍ക്ക് മുമ്പാണ്. തൃശൂര്‍ സ്വദേശി വിപിനാണ് സഹോദരിയെയും അമ്മയെയും സ്വര്‍ണക്കടയില്‍ ഇരുത്തിയ ശേഷം വീട്ടിലെത്തി ആത്മഹത്യ ചെയ്തത്. സ്ത്രീധനം വിവാഹത്തിന്റെ അവിഭാജ്യ ഘടകമാണെന്ന ധാരണയാണ് ഇപ്പോഴും സമൂഹത്തിനുള്ളത്. സ്ത്രീധനം എന്ന പേരിട്ട് വിളിക്കാതെ സമ്മാനമെന്നോ ഭാവിലേക്ക് കരുതലെന്നോ ഒക്കെയുള്ള പേരിൽ തുടരുന്ന ഈ 'കൊടുക്കൽ വാങ്ങലിന്' പിന്നിലെ ആപത്ത് ഇനിയും തിരിച്ചറിയാതെ പോകുന്നുവെന്നത് ആശങ്കപ്പെടുത്തുന്നതാണ്.

വിവാഹ വേളയിൽ ലഭിക്കുന്ന അല്ലെങ്കിൽ നൽകുന്ന 'സമ്മാനങ്ങൾ' ഏകദേശ മൂല്യം സഹിതം ലിസ്റ്റ് ചെയ്ത് സമർപ്പിക്കണമെന്ന് 1985ലെ കേന്ദ്രനിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് എത്രപേർ പാലിക്കുന്നുണ്ട് എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങിയിട്ടില്ലെന്നുള്ള സത്യവാങ്മൂലം ഭാര്യയുടെ ഒപ്പ് സഹിതം മേലധികാരിക്ക് സമർപ്പിക്കണമെന്നും നിയമമുണ്ട്, പക്ഷേ അതും പാലിക്കപ്പെടാത്ത കടലാസു നിയമമായി അവശേഷിക്കുന്നു.

വർധിക്കുന്ന 'സ്ത്രീധനക്കൊലകൾ'

കൊവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന 2020-21 വർഷങ്ങളിൽ സ്ത്രീധന പീഡന കേസുകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രജിസ്റ്റർ ചെയ്ത ഗാർഹിക പീഡന കേസുകളിലും സമാന വർധനവ് കാണാനാവും. മുൻകാലങ്ങളിൽ 'സഹിച്ചും, ഒതുങ്ങിയും' ഭർതൃവീടുകളിൽ കഴിഞ്ഞിരുന്നവർ പരാതിയുമായി മുന്നോട്ട് വരാൻ തയ്യാറാകുന്നു എന്നത് ഈ വർധനവിന് പിന്നിലെ ഒരു കാരണമാണ്. കണക്കുകളിൽ രാജ്യത്തെ മൂന്ന് ശതമാനം മാത്രം ജനസംഖ്യയുള്ള കേരളം മാട്രിമോണിയൽ കേസുകളുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് പരാതികൾ രജിസ്റ്റർ ചെയ്യപ്പെടുന്നു എന്നതിനാലാണെന്ന വസ്തുത പ്രസക്തമാണ്. ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന പരാതികളുടെ എണ്ണം കുറവും ക്രൈം റേറ്റ് കൂടുതലുമാണ്.


2021 ജൂൺ 21നായിരുന്നു ബിഎഎംഎസ് വിദ്യാർത്ഥിനിയായ വിസ്മയ ഭർതൃ​ഗൃഹത്തിൽ ആത്മഹത്യ ചെയ്തു എന്ന വാർത്ത പുറത്തുവന്നത്. ആദ്യഘട്ടത്തിൽ തന്നെ വിസ്മയയുടെ മരണത്തിന് പിന്നിൽ സ്ത്രീധന പീഡനമാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. ഭർത്താവായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺ കുമാർ ആയിരുന്നു കേസിലെ പ്രതി. വിവാഹ സമയം നൂറ് പവൻ സ്വർണവും, 1.20 ഏക്കർ സ്ഥലവും കാറും ഉൾപ്പടെ സ്തീധനമായി കിരൺ കുമാർ വിസ്മയയുടെ കുടുംബത്തിൽ നിന്ന് കൈപ്പറ്റിയിരുന്നു. എന്നാൽ ലഭിച്ച കാറിൽ തൃപ്തനല്ലാത്തതിനാലും, വാഗ്ദാനം ചെയ്ത സ്വർണം ലഭിച്ചില്ലെന്നും ആരോപിച്ച് പ്രതി വിസ്മയ എന്ന 24കാരിയെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയാക്കി.

ഭർത്താവിൽ നിന്നും ഭർതൃ വീട്ടുകാരിൽ നിന്നും വിസ്മയയ്ക്ക് ഏൽക്കേണ്ടി വന്ന മർദ്ദനത്തിന്റെയുൾപ്പടെ തെളിവുകൾ പിന്നീട് പുറത്തുവന്നു. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമായിരുന്നു കേസിൽ വിധി പറഞ്ഞത്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം, എന്നീ കുറ്റങ്ങൾ തെളിഞ്ഞു. കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

സമീപകാലത്ത് സംസ്ഥാനത്തെ ഞെട്ടിച്ച മറ്റൊരു സ്ത്രീധന കൊലപാതകമായിരുന്നു ഉത്രയുടേത്. സ്ത്രീധനമായി കിട്ടാവുന്നതെല്ലാം സ്വന്തമാക്കിയ ശേഷം ഉത്രയെ ഭർത്താവ് വിഷ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2020 മെയ് 7നാണ് ഉത്രയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് തെളിഞ്ഞു. അപൂർവങ്ങളിൽ അപൂർവമെന്ന് നിരീക്ഷിച്ച കേസിൽ പ്രതിക്ക്, 17 വർഷം കഠിനതടവും, ഇരട്ട ജീവപര്യന്തവും പിഴയുമായിരുന്നു ശിക്ഷ വിധിച്ചത്.


കോഴിക്കോട് കോടഞ്ചേരിയിൽ ഇരുപതുകാരി ഹഫ്സത്തിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഇക്കഴിഞ്ഞ മാസം 14നാണ്. സ്ത്രീധനത്തിന്റെ പേരിൽ മകൾക്ക് പീഡനമേറ്റിരുന്നുവെന്ന മാതാവിന്റെ വെളിപ്പെടുത്തലിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോട്ടയം മണ്ണാർക്കാട് സ്വദേശി അർച്ചനയെയും ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവാഹ സമയം സ്വത്തും സ്വർണവുമൊന്നും വേണ്ടെന്ന് പറഞ്ഞ ഭർത്താവ് ബിനു പിന്നീട് പണം ആവശ്യപ്പെട്ട് അർച്ചനയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. തൃശൂർ സ്വദേശിനി ശ്രുതിയുടെ മരണവും സ്ത്രീധന പീഡനത്തെ തുടർന്നാണെന്നാണ് പൊലീസ് കണ്ടെത്തിയത്. ഈ കണക്കുകള്‍ ഇനിയും നീളുന്നു. ഇക്കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ തന്നെ പത്തിൽ താഴെ സ്ത്രീപീഡന മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ചിന്തിപ്പിക്കുന്ന കണക്കുകൾ

പൊലീസിന്റെ ക്രൈം റെക്കോർഡുകൾ പ്രകാരം 2016 മുതൽ ഈ വർഷം മെയ് വരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സ്ത്രീധന പീഡന മരണങ്ങളുടെ എണ്ണം 82 ആണ്. 2021ൽ 10 പേരും, 2020ൽ 6 പേരും, 2019ൽ 9 പേരും, 2018ൽ 17 പേരും, ഈ വർഷം മെയ് വരെ 4 പേർക്കും സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടുവെന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. വിവിധ പരാതികളിൽ ഭർത്താക്കന്മാർക്കും മറ്റ് ബന്ധുക്കൾക്കും എതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ എണ്ണം 20,000ത്തോളം വരുമെന്നതാണ് മറ്റൊരു വസ്തുത.

''കഴിഞ്ഞ 13 വർഷത്തിനിടെ സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നുള്ള 212 മരണങ്ങൾ കേരള പൊലീസ് റെക്കോർഡ് ചെയ്തുവെന്ന് കഴിഞ്ഞ വർഷം ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ട് പറയുന്നുണ്ട്.''

2016 മുതൽ സംസ്ഥാനത്ത് 21,026 സ്ത്രീധന പീഡന കേസുകൾ രജിസ്റ്റർ ചെയ്തുവെന്നാണ് ജൂണിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കിയത്. ഇതിൽ 251 കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടതെന്നും പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് രേഖാമൂലം എഴുതിനൽകിയ സബ്മിഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2021 മുതൽ 7248 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വിവാഹിതരായ സർക്കാർ ജീവനക്കാരിൽ നിന്ന്, സ്ത്രീധനം ആവശ്യപ്പെടുകയോ നൽകുകയോ ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലം ശേഖരിക്കാൻ വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ നിയമസഭയിൽ അറിയിച്ചിരുന്നു.


സ്ത്രീധന നിരോധന നിയമം

1961ലാണ് രാജ്യത്ത് സ്ത്രീധന നിരോധന നിയമം നിലവിൽ വരുന്നത്. 1984ലെ ഭേഗഗതിയിൽ വിവാഹ സമയത്ത് സമ്മാനങ്ങൾ കൈമാറ്റം ചെയ്യുന്നതിനുള്ള വിലക്ക് നീക്കി. ഗാർഹിക പീഡനങ്ങൾക്കെതിരെ നിയമ പരിരക്ഷ ഉറപ്പാക്കപ്പെട്ടത് 2005ലെ 'പ്രൊട്ടക്ഷൻ ഓഫ് വിമൺ ഫ്രം ഡൊമസ്റ്റിക് വയലൻസ് ആക്ടി'ലൂടെയാണ്.

1961ലെ സ്ത്രീധന നിരോധന നിയമത്തിലെ നാലാം വകുപ്പനുസരിച്ച് ഭർത്താവോ അയാളുടെ ബന്ധുക്കളൊ നേരിട്ടൊ അല്ലാതെയൊ സ്ത്രീധനം ആവശ്യപ്പെട്ടാൽ അത് ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇത് ചൂണ്ടിക്കാട്ടി പീഡനം അനുഭവിക്കുന്ന സ്ത്രീക്ക് പോലീസിൽ പരാതി നൽകാം. ഇനി, രണ്ടാമതായി ഇത്തരം മാനസിക പീഡനങ്ങൾ 2005 ലെ പ്രൊട്ടക്ഷൻ ഓഫ് വിമൺ ഫ്രം ഡൊമസ്റ്റിക് വയലൻസ് ആക്ട് പ്രകാരവും കുറ്റക്കരമാണ്. ഈ ആക്ടിലെ പേരിൽ കാണുന്ന ഡൊമസ്റ്റിക് വയലൻസിൽ ശാരീരികമായ ആക്രമണം മാത്രമല്ല, മാനസികമായ പീഡനവും വാക്കാലുള്ള ഉപദ്രവവും വരും. ഉദാഹരണത്തിന് ഒരു സ്ത്രീ ഗർഭം ധരിച്ചില്ലെങ്കിൽ, അല്ലെങ്കിൽ ആൺകുട്ടി ഉണ്ടായില്ലെങ്കിൽ അവരെ വാക്കു കൊണ്ട് അപമാനിക്കുന്നതൊക്കെ ഈ കുറ്റത്തിന്റെ പരിധിയിൽ വരും. അതായത് ഒരു വ്യക്തിയെ അവരുടെ സാമ്പത്തികമോ ശാരീരിമോ ആയ കുറവുകളുടെ പേരിൽ അപമാനിക്കുന്നത് ​ഗാർഹിക പീഡനം തന്നെയാണ്. ഇത്തരം ഉപദ്രവങ്ങളുണ്ടായാൽ അത് ചൂണ്ടിക്കാട്ടി ഒരു സ്ത്രീക്ക് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണ്. കാര്യങ്ങൾ ബോധ്യപ്പെട്ടാൽ മജിസ്ട്രേറ്റിന് പ്രൊട്ടക്ഷൻ ഓർഡർ പാസാക്കാം. എന്നു വച്ചാൽ ഇത്തരം പീഡനങ്ങളിൽ നിന്നുള്ള പ്രൊട്ടക്ഷൻ. ഇങ്ങനെ ഒരു ഓർഡർ പാസാക്കിയതിന് ശേഷവും ഭർത്താവോ ബന്ധുക്കളോ പീഡനം തുടർന്നാൽ അത് മജിസ്ട്രേറ്റിന്റെ ഉത്തരവിന്റെ ലംഘനമാകും. അങ്ങനെ ചെയ്യുന്നത് ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാകും. അത്തരം കേസുകളുടെ വിചാരണ നടത്തുക നേരത്തെ ഓഡർ പാസാക്കിയ മജിസ്ട്രേറ്റ് തന്നെയാവും.


എന്നാൽ 2005ലെ ഈ നിയമം വേണ്ടതു പോലെ ആളുകൾ ഉപയോഗിക്കുന്നില്ലെന്ന് അഭിഭാഷകനായ മുഹമ്മദ് ഇബ്രാഹിം അബ്ദുൾ സമദ് ചൂണ്ടിക്കാണിക്കുന്നു. ഈ വകുപ്പ് പ്രകാരം മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് സംരക്ഷണ ഉത്തരവ് ലഭിക്കും, സ്ത്രീധനം ആവശ്യപ്പെടലൊക്കെ ആദ്യ കോടതി ഉത്തരവോടെ നിർത്തിക്കാവുന്നതെയുള്ളൂ എന്നർത്ഥം. എന്നിട്ടും ഈ വകുപ്പ് വേണ്ട വിധത്തിൽ ഉപയോ​ഗപ്പെടുത്തുന്നില്ല.

അടുത്തിടെ കേരളത്തിൽ നടന്ന ആത്മഹത്യകളിൽ ഭർത്താക്കന്മാർക്കെതിരെ ചുമത്തപ്പെട്ട പ്രധാന വകുപ്പ് ഐപിസി 304 ബി എന്ന സ്ത്രീധന മരണത്തിനുള്ള വകുപ്പായിരുന്നു. ഈ വകുപ്പനുസരിച്ച് വിവാഹം കഴിഞ്ഞ ഒരു സ്ത്രീ പൊള്ളലേറ്റൊ മറ്റൊ മരണപ്പെടുകയും മരണത്തിന് മുമ്പായി അവരെ സ്ത്രീധനത്തിന് വേണ്ടി ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളൊ ഉപദ്രവിക്കുകയും ചെയ്യുകയാണെങ്കിൽ അത് സ്ത്രീധനവുമായി ബന്ധപ്പെട്ട മരണമാണ്. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനകം നടക്കുന്ന സാധാരണ മരണങ്ങളെയും നിയമം ഇത്തരത്തിൽ പരിശോധിക്കും. ഇത്തരം മരണങ്ങൾക്ക് കാരണമാകുന്നവർക്ക് ഏഴ് വർഷം മുതൽ ജീവപര്യന്തം വരെയാണ് തടവ് ശിക്ഷ. ഏതെങ്കിലും തരത്തിൽ നടത്തുന്ന അക്രമം ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് കുറ്റകരമാക്കിയിരിക്കുന്ന വകുപ്പാണ് 498 എ. ഭർത്താവോ ഭർത്താവിന്റെ വീട്ടുകാരോ സ്ത്രീധനം ചോദിച്ചോ നിയമപരമല്ലാത്ത മറ്റെന്തെങ്കിലും കാര്യത്തിന്റെയോ പേരിൽ പീഡിപ്പിച്ചാൽ ഈ വകുപ്പ് അനുസരിച്ചാണ് നടപടിയെടുക്കുക.

ശിക്ഷിക്കപ്പെടാതെ പോകുന്ന കേസുകൾ

വിസ്മയ കേസ് പുറത്തുവന്നതിന് ശേഷം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന സ്ത്രീപീഡന കേസുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഇത് ശരിവെക്കുന്നതാണ് സർക്കാർ കണക്കുകളും. എങ്കിലും യഥാർത്ഥത്തിൽ നടക്കുന്ന സംഭവങ്ങളിൽ വലിയൊരു ശതമാനം പോലും ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് വിദഗ്ധർ പറയുന്നു. റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ എത്ര ശതമാനം ശിക്ഷിക്കപ്പെടുന്നുണ്ട് എന്നത് കൂടി ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. നാല് ശതമാനത്തിലും താഴെയാണെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

സ്ത്രീധന വിഷയം ഇത്രയും ഗൗരവമായി ചർച്ച ചെയ്യപ്പെടാൻ ഇടയാകുന്നത് തന്നെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നത് കൊണ്ടാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറയുന്നു. പലപ്പോഴും തെളിവുകൾ ഇല്ലാതെ പോകുന്നതാണ് ശിക്ഷ ലഭിക്കുന്ന കേസുകളുടെ എണ്ണം കുറയാൻ കാരണമെന്നും സതീദേവി ചൂണ്ടിക്കാണിക്കുന്നു. വിവാഹ ശേഷം ഭർതൃഗൃഹത്തിൽ നിന്നുണ്ടാകുന്ന പീഡനങ്ങൾ, കിടപ്പുമുറിയിൽ ഭർത്താവിൽ നിന്നേൽക്കേണ്ടി വരുന്ന വലിയ രീതിയിലുള്ള അപമാനങ്ങൾ ഇവയൊക്കെ തെളിയിക്കുക എന്നത് പെൺകുട്ടികളുടെ മാത്രം ഉത്തരവാദിത്തമായി മാറുന്നു. 'ബേർഡൻ ഓഫ് പ്രൂഫ്' പെൺകുട്ടികൾക്കാണ്. പലപ്പോഴും ഇതിനൊന്നും തെളിവുകൾ ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത. വിവാഹസമയത്ത് നൽകുന്ന ആഭരണങ്ങൾ, പണം എന്നിവ സംബന്ധിച്ചൊന്നും രേഖകളുണ്ടാകുന്നില്ല, പെൺകുട്ടിയിൽ നിന്ന് ആഭരണങ്ങളുൾപ്പടെ ഭർതൃവീട്ടുകാർ എടുത്ത് മാറ്റുമ്പോഴും ഇടപെടലുണ്ടാകുന്നില്ല. ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പരാതികളുണ്ടാകുന്നത്. അപ്പോഴാണെങ്കിൽ ഇതിന് തെളിവുകളും ഉണ്ടാകില്ല, ആഭരണങ്ങൾ ഭർതൃവീട്ടുകാർ എടുത്തു എന്നോ, കൂടുതൽ സ്ത്രീധനം ചോദിച്ചു എന്നോ, അതിന്റെ പേരിൽ പീഡനങ്ങൾ ഏൽക്കേണ്ടി വന്നു എന്നോ പെൺകുട്ടികൾക്ക് തെളിയിക്കാൻ പറ്റാതെ പോകും. പലപ്പോഴും ഇത്തരം കേസുകളിൽ കുടുംബക്കാർ മാത്രമാകും സാക്ഷികൾ, ബന്ധുക്കൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകേണ്ടെന്ന് കരുതി അവർ മിണ്ടാതിരിക്കുകയും ചെയ്യുന്നു. ഇതാണ് ഭൂരിഭാഗം കേസുകളും കോടതിയിൽ തെളിയിക്കപ്പെടാതെ പോകുന്നതിന് പ്രധാന കാരണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പറയുന്നു.

''കേരളത്തിൽ അടുത്ത കാലത്തായി ഉത്രയുടെയും വിസ്മയയുടെയും കേസിൽ ഉൾപ്പടെ കടുത്ത ശിക്ഷ തന്നെ പ്രതികൾക്ക് വാങ്ങിക്കൊടുക്കാൻ നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ ഒരു അവബോധം പൊതുസമൂഹത്തിൽ ഉണ്ടാക്കിയെടുക്കാനും സാധിച്ചു.'' സംസ്ഥാന വനിതാ കമ്മീഷൻ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ദേശീയ വനിതാ കമ്മീഷൻ മാതൃകയിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്ഥാപിതമായത് 1996 മാർച്ച് 14നാണ്. സ്ത്രീകൾക്ക് നീതി നേടി കൊടുക്കുവാനുള്ള സംവിധാനമാണ് വനിതാ കമ്മീഷൻ. പലപ്പോഴും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങളിൽ വിമർശനങ്ങൾ ഉണ്ടാകാറുണ്ട്. വനിതാ കമ്മീഷൻ അംഗങ്ങളുടെ മോശമായ പെരുമാറ്റം മൂലം പരാതി പറയാൻ പോലും പലരും മടി കാണിക്കുന്നുവെന്നും ആക്ഷേപമുണ്ട്. ഈ ആരോപണങ്ങളോട് വനിതാ കമ്മീഷൻ അധ്യക്ഷ പ്രതികരിക്കുന്നത് ഇങ്ങനെ;

'പരാതിപറയാൻ എത്തുന്നവരോട് വളരെ സൗമ്യമായ പെരുമാറ്റം ഉറപ്പുവരുത്തുന്നുണ്ട്. ഒരു തരത്തിലുമുള്ള തെറ്റായ സമീപനവും വനിതാകമ്മീഷന്റെ മുമ്പാകെ വരുന്ന പരാതികളിൽ ആരോടും സ്വീകരിക്കാറില്ല. രമ്യമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലാണ് വനിതാ കമ്മീഷൻ നടത്തിക്കൊണ്ടിരിക്കുന്നത്.

കോടതിയിലേക്ക് കേസ് എത്തിക്കുന്നതിന് മതിയായ തെളിവുകൾ ശേഖരിക്കാനും, പ്രതിക്കെതിരായുള്ള പ്രോസിക്യൂഷൻ നടപടികൾ കുറ്റമറ്റ രൂപത്തിൽ തെളിയിക്കാനും പൊലീസ് സംവിധാനം കാര്യക്ഷമമാക്കണം. പൊലീസ് സംവിധാനം കുറ്റമറ്റ രീതിയിൽ മുന്നോട്ട് വന്ന കേസുകളിലാണ് ശിക്ഷ ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടുള്ളത്. പൊലീസിന്റെ ഭാഗത്ത് എന്തെങ്കിലും അനാസ്ഥയുണ്ടായിട്ടുണ്ടെങ്കിൽ വനിതാ കമ്മീഷൻ അതിൽ ഇടപെടുന്നുണ്ട്. പൊലീസിൽ പരാതി നൽകി, മതിയായ അന്വേഷണം നടക്കാതിരിക്കുകയോ, മൊഴി രേഖപ്പെടുത്താതിരിക്കുകയോ ഒക്കെ ചെയ്യുമ്പോൾ തീർച്ചയായും വനിതാ കമ്മീഷൻ ഇടപെടുന്നുണ്ട്.'

നിയമങ്ങളെ കുറിച്ച് കൃത്യമായ അവബോധം ഇന്ന് കേരളസമൂഹത്തിനുണ്ട്. അതുകൊണ്ട് എന്ത് സംഭവങ്ങളുണ്ടായാലും പരാതിപ്പെടാനും പരിഹാരം തേടാനും സ്ത്രീകൾ മുന്നോട്ടുവരുന്നു എന്നുള്ളതാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെടുന്ന സ്ത്രീധന പീഡന കേസുകളുടെ എണ്ണം കൂടാൻ ഒരു കാരണമെന്ന് പി സതീദേവി പറയുന്നു.


'കേരളത്തിലാണ് വിവാഹങ്ങൾക്ക് ഏറ്റവും കൂടുതൽ സ്വർണാഭരണങ്ങൾ ഉപയോഗിക്കുന്ന പ്രവണതയുള്ളത്. വളരെ തെറ്റായിട്ടുള്ള ഒരു കീഴ്വഴക്കമാണിത്. എങ്ങനെയായിരിക്കണം ഹിന്ദു വധു, എങ്ങനെയായിരിക്കണം ക്രിസ്ത്യൻ വധു, എങ്ങനെയായിരിക്കണം ഇസ്ലാമിക സമുദായത്തിലുള്ള വധു എന്നതിനെ സംബന്ധിച്ച് വളരെ തെറ്റായിട്ടുള്ള ഒരു സന്ദേശം തന്നെയാണ് പൊതുസമൂഹം ഉണ്ടാക്കിയിരിക്കുന്നത്. ആടയാഭരണങ്ങൾ അണിഞ്ഞുകൊണ്ടുവേണം വധു വിവാഹ പന്തലിലേക്ക് കടക്കാൻ എന്നാണ് അവർ കരുതുന്നത്. വലിയ സാമ്പത്തിക ശേഷിയുള്ളവർ അതിനനുസരിച്ച് വധുവിനെ അണിയിച്ചൊരുക്കുമ്പോൾ, ഇടത്തരക്കാരും അതിനെ അനുകരിക്കാൻ ശ്രമിക്കുകയാണ്. കടം വാങ്ങിയും കിടപ്പാടം പണയപ്പെടുത്തിയും പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കാൻ തയ്യാറാകുന്നു.

പെൺകുട്ടികൾക്ക് പണം കൊടുക്കണം, സ്വർണം കൊടുക്കണം, കാറ് കൊടുക്കണം എന്ന ധാരണയിൽ മാറ്റം വരുത്തന്നതിന് വേണ്ടിയുള്ള ബോധവൽക്കരണമാണ് വനിതാ കമ്മീഷൻ ഉൾപ്പടെ നൽകുന്നത്. യഥാർത്ഥത്തിൽ പെൺകുട്ടികൾക്ക് സ്വാശ്രയത്വം ഉണ്ടായി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുണ്ടാക്കുകയാണ് വേണ്ടത് എന്ന ശരിയായ ധാരണയാണ് രക്ഷിതാക്കളിൽ ഉണ്ടാകേണ്ടത്.

കേരളത്തിൽ പെൺകുട്ടികൾ നല്ല വിദ്യാഭ്യാസമുള്ളവരാണ്. പക്ഷെ ഒരു നല്ല വിവാഹബന്ധം തരപ്പെടുത്തുക എന്ന ചിന്തയിലാണ് പല രക്ഷിതാക്കളും ഇന്നും പെൺകുട്ടികളെ പഠിപ്പിക്കുന്നത്. ആ വിദ്യാഭ്യാസത്തിലൂടെ അവർ സ്വയം പര്യാപ്തയാകണം എന്ന ചിന്ത പലപ്പോഴും രക്ഷിതാക്കൾക്ക് ഉണ്ടാകുന്നില്ല. അടുത്തിടെ ഉണ്ടായിട്ടുള്ള സ്ത്രീധനപീഡന കേസുകളിലും, സ്ത്രീധന പീഡന മരണങ്ങളിലും ഒക്കെ ഇരയായിട്ടുള്ളത് ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ള വിദ്യാസമ്പന്നരായ പെൺകുട്ടികളാണ്. പഠിക്കാൻ നല്ല മിടുക്കികളായ കുട്ടികളെ പോലും അതിനിടയിൽ വിവാഹം കഴിപ്പിച്ച് അയക്കുകയാണ്. വിദ്യാഭ്യാസം എന്തിനായിരുന്നു എന്ന് അവർ ചിന്തിക്കുന്നില്ല.

ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് അയച്ചു കഴിഞ്ഞാൽ പിന്നെ കടക്കെണിയിൽ അകപ്പെട്ട് നശിച്ചു പോകുന്ന എത്രയോ കുടുംബങ്ങളുണ്ട്. പെൺകുട്ടികളോടുള്ള മനോഭാവം മാറ്റിയേ തീരൂ, അവരും ആൺകുട്ടികളെ പോലെ എല്ലാ കഴിവുകളും ഉള്ള അവകാശങ്ങളുമുള്ള പൗരരാണ് എന്നുള്ള കാഴ്ച്ചപ്പാട് എന്ന് നമ്മുടെ സഹൂഹത്തിലുണ്ടാകുന്നുവോ അന്ന് മാത്രമേ ഇത്തരത്തിലുള്ള തെറ്റായ പ്രവണത ഇല്ലാതാവുകയുള്ളൂ. സ്ത്രീധനം ഉൾപ്പടെയുള്ള ദുരാചാരങ്ങൾക്ക് അറുതി വരുത്തണമെങ്കിൽ നമ്മുടെ ചിന്താഗതിയിലാണ് മാറ്റമുണ്ടാകേണ്ടത്', വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

സ്ത്രീധന പീഡനങ്ങൾക്ക് പിന്നിൽ സാമ്പത്തിക ലാഭം മാത്രമോ?

സാമ്പത്തിക ലാഭം മാത്രമല്ല, പലപ്പോഴും മാനസികാരോഗ്യ പ്രശ്നങ്ങളും സ്ത്രീധന പീഡനങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് ചികിത്സ തേടാത്തത് പ്രശ്നങ്ങളുടെ വ്യാപ്തി വർധിപ്പിക്കുകയാണെന്നും കൺസൽട്ടന്റ് സൈക്കാട്രിസ്റ്റ് ഡോ എൽസി ഉമ്മൻ പറയുന്നു.

'മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടാൻ ഇപ്പോഴും പലർക്കും മടിയാണ്. പലപ്പോഴും മരുന്ന് മാത്രമാകും ഭൂരിഭാഗം കേസുകൾക്കും പരിഹാരം. പക്ഷെ ആളുകൾക്ക് ഇപ്പോഴും മരുന്ന് എന്ന് പറയുന്നത് ഭയമാണ് അതുപോലെ നാണക്കേടുമാണ്. എല്ലാ ശാരീരികപ്രശ്നങ്ങളും പോലെ തന്നെയാണ് തലച്ചോറിന്റെ പ്രവർത്തനത്തിന്റെ വ്യത്യാസവും. മറ്റു രോഗത്തിന് മരുന്നകൾ കഴിക്കുന്നത് പോലെ തന്നെയാണ് ഇതിനും മരുന്നുകൾ കഴിക്കുന്നതെന്ന് സമൂഹം തിരിച്ചറിയണം.'

സാമൂഹിക-സാംസ്‌കാരിക സ്വാധീനങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, മതപരമായ ചില ചിന്താഗതികൾ ഇങ്ങനെ പല ഘടകങ്ങൾ സ്ത്രീധന പീഡനങ്ങൾക്ക് പിന്നിലുണ്ടെന്ന് ഡോ എൽസി ഉമ്മൻ വിശദീകരിക്കുന്നു. 'സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കണക്കാക്കുന്ന ഒരു ചെറിയ വിഭാഗമെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെ കാഴ്ച്ചപ്പാട് അനുസരിച്ച്, സ്ത്രീകൾ എന്നുപറയുന്നത്, സ്ത്രീധനം കൊണ്ടുവരാനും, വീട്ടിൽ വന്നാൽ എല്ലാ കാര്യങ്ങളും ചെയ്യുന്ന, വീട്ടിലെ എല്ലാവരുടെയും കാര്യങ്ങൾ നോക്കുന്ന തികഞ്ഞ ഒരു സൂപ്പർ വുമൺ ആണ്. ജോലി ചെയ്യുന്നവരാണെങ്കിൽ പോലും, ശമ്പളം കൊണ്ടുവന്ന് ഭർത്താവിന്റെ അല്ലെങ്കിൽ ഭർത്താവിന്റെ മാതാപിതാക്കളുടെ കയ്യിൽ കൊടുക്കുന്ന രീതി ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിന്ന് പോകുന്നുണ്ട്. ഉത്തമയായ സ്ത്രീ ഇങ്ങനെയായിരിക്കണം എന്നാണ് ധാരണ. ഇതിൽ നിന്ന് മാറിചിന്തിക്കാൻ ഒരു ശ്രമം നടക്കുന്നുണ്ടെന്നല്ലാതെ, കാര്യമായ മാറ്റം ഇതുവരെ ഉണ്ടായിട്ടില്ല. ഇത്തരം കാഴ്ച്ചപ്പാടുകൾ മാറിയാൽ മാത്രമേ നമുക്ക് സ്ത്രീധനപീഡന മരണങ്ങൾ ഇല്ലാതാക്കാനാകൂ.


മാനസികാരോഗ്യവും പ്രധാന ഘടകമാണ്. അത് പലരീതിയിൽ വരാം. ഉദാഹരണത്തിന് വ്യക്തിത്വ വൈകല്യമുള്ളവർ, ഇമോഷണലി അൺസ്റ്റെബിൽ പേഴ്സണാലിറ്റി ഡിസോഡർ, ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോഡർ, ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോഡർ. ഇവയുടെയൊക്കെ പ്രത്യേകത എന്താണെന്ന് വെച്ചാൽ അവർക്ക് എന്തെങ്കിലും ഒരു ക്രിമിനൽ ആക്ടിവിറ്റി ചെയ്യുന്നതിൽ കുറ്റബോധം തോന്നില്ല. അതിനെ കുറിച്ച് പിന്നീട് ആലോചിക്കുമ്പോഴും അതിൽ തെറ്റൊന്നും കാണില്ല.

സ്ത്രീധനം ചോദിക്കുന്നതും, അതിന്റെ പേരിൽ സ്ത്രീയെ ആക്രമിക്കുന്നതും തെറ്റാണെന്ന് അവർ തിരിച്ചറിയില്ല. അവർ ചിന്തിക്കുന്നത് ഇതൊക്കെ അവരുടെ അവകാശമെന്നാണ്. വിവാഹം കഴിക്കുമ്പോൾ അതിനൊപ്പം തന്നെ കിട്ടേണ്ടതാണ് ധനവും എന്നാണ് അവർ ചിന്തിക്കുന്നത്. തങ്ങൾക്ക് കിട്ടേണ്ടതാണ് അത് എന്ന കാഴ്ച്ചപ്പാടിലേക്ക് വരുമ്പോൾ വ്യക്തിത്വ വൈകല്യങ്ങളുള്ളവർക്ക് അക്രമം ചെയ്യാൻ പോലും മടികാണില്ല. അവർ പെട്ടെന്ന് അക്രമാസക്തരാവുകയും ചെയ്യും. ലഹരി ഉപയോഗമാണ് മറ്റൊരു കാരണം. ലഹരി ഉപയോഗം കൂടിയാകുമ്പോൾ അക്രമാസക്തരാകാനും, തെറ്റുകുറ്റങ്ങൾ ചെയ്താലും അതിൽ ബോധവാന്മാരാകാതിരിക്കുകയും, അതേ കുറിച്ച് കുറ്റബോധം ഇല്ലാതിരിക്കുകയും, തെറ്റുകൾ തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെടുകയും ചെയ്യും.

കാഴ്ച്ചപ്പാടുകൾ മാറണം, സ്ത്രീയെയും പുരുഷനെയും തുല്യരായ് കാണണമെന്ന് പറയുമ്പോൾ പലർക്കും പരിഹാസമാണ്. സ്ത്രീക്കും പുരുഷനും ഒരിക്കലും തുല്യരാകാൻ പറ്റില്ല, സ്ത്രീ സ്ത്രീയും പുരുഷൻ പുരുഷനുമാണ്. അവരുടെ തലച്ചോറ് വ്യത്യസ്തമാണ്, ഹോർമോൺ വ്യത്യസ്തമാണ്, അവയവങ്ങൾ വ്യത്യസ്തമാണ്. കായികമായി പുരുഷന് മേൽക്കോയ്മ കാണും. ആ രീതിയിലല്ല തുല്യത എന്ന് ഉദ്ദേശിക്കുന്നത്. ഒരേ രീതിയിൽ പരിഗണന നൽകുക, ഒരേ അവകാശങ്ങൾ നൽകുക, ഒരേ സ്വാതന്ത്ര്യം നൽകുക ഇതൊക്കെയാണ് തുല്യത കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങന ഒരു കാഴ്ച്ചപ്പാടുണ്ടായാൽ തന്നെ സമൂഹത്തിൽ നല്ല മാറ്റങ്ങളുണ്ടാകും.

ലഹരി ഉപയോഗം ആണെങ്കിലും, മാനസിക പ്രശ്നങ്ങളാണെങ്കിലും മറനീക്കി പുറത്തുവരുന്നത് നമ്മുടെ കാഴ്ച്ചപ്പാട് തന്നെയാണ്. പൊളിച്ചെഴുത്ത് ആദ്യം വേണ്ടത് നമ്മുടെ മനോഭാവത്തിലും, കാഴ്ച്ചപ്പാടിലുമാണ്. വിവേചനം ഉണ്ടെന്ന് ഭൂരിഭാഗം സ്ത്രീകളും തിരിച്ചറിയുന്നില്ലെന്നതാണ് വസ്തുത. ഇത് മാറണമെങ്കിൽ ആദ്യമേ ചെയ്യേണ്ടത് കുട്ടികളെ ബോധവാത്മാരാക്കുകയാണ്. വീട്ടിൽ നിന്ന് ഈ പഠനം തുടങ്ങണം.'

വേണ്ടത് മാറ്റം

സ്ത്രീധന പീഡന കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, 2021ലാണ് സംസ്ഥാന സർക്കാർ ചട്ടങ്ങൾ ഭേദഗതി ചെയ്തത്. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറെ മുഖ്യ സ്ത്രീധന നിരോധന ഓഫീസറാക്കി, ജില്ല തോറും ഓഫീസർമാരെ നിയോഗിക്കുകയും ചെയ്തു. സർക്കാർ ഉദ്യോഗസ്ഥർക്ക് സാക്ഷ്യപത്രം നിർബന്ധമാക്കി. നവംബർ 26 സ്ത്രീധന നിരോധന അവബോധ ദിനമായി ആചരിക്കണമെന്നും, സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുക്കണമെന്നും സർക്കാരിന്റെ സർക്കുലറിൽ പറയുന്നുണ്ട്. സ്ത്രീധനനിരോധന നിയമത്തിന് കീഴിൽ ലഭിക്കുന്ന പരാതികളിൽ അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശമുണ്ട്. പരാതികളും അന്വേഷണവും തുടർനടപടികളും സംബന്ധിച്ചുള്ള രേഖകൾ രജിസ്റ്ററിൽ സൂക്ഷിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നുണ്ട്.

എത്രയൊക്കെ ഭേദഗതികൾ വന്നാലും സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന സ്ത്രീധനം എന്ന മഹാവിപത്തിനെ നിയമത്തിലൂടെ മാത്രം പരിഹരിക്കാനാകില്ലെന്നതാണ് വസ്തുത. മകൾ വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിലേക്ക് പോകുമ്പോൾ നൽകുന്ന സമ്മാനം, ഒരു കരുതൽ എന്നിങ്ങനെ പല പേരുകളിലായി സ്ത്രീധനം കൊടുക്കുന്നതും, വാങ്ങുന്നതും തുടർന്നുകൊണ്ടേയിരിക്കും. എത്രയൊക്കെ ബോധവൽക്കരിക്കാൻ ശ്രമിച്ചാലും തിരിച്ചറിയപ്പെടാത്ത കുറ്റമായി. സ്ത്രീ തന്നെ ധനം എന്ന് സോഷ്യൽ മീഡിയയിൽ കയറി വാചകമടിക്കുന്നവർ, സ്വന്തം വീടുകളിലേക്ക് കൂടി തിരിഞ്ഞുനോക്കണം.

ആധുനിക കാലഘട്ടത്തിൽ സ്ത്രീകൾ ഒരുപാട് മാറിയിട്ടുണ്ട്. സ്ത്രീധനം സംബന്ധിച്ച ചോദ്യങ്ങളുണ്ടാകുമ്പോൾ വിവാഹങ്ങളിൽ നിന്ന് പിന്മാറാൻ അവർ തയ്യാറാകുന്നു. പക്ഷെ മാറ്റം പെൺകുട്ടികൾക്ക് മാത്രം ഉണ്ടാകേണ്ടതല്ല, ആൺകുട്ടികൾക്കും വേണം, വീട്ടുകാർ മാറണം. വിവാഹ കമ്പോളത്തിൽ വിലപേശി വിൽക്കാനുള്ള അല്ലെങ്കിൽ വാങ്ങാനുള്ളവരാണ് പെൺകുട്ടികൾ എന്ന ധാരണ തിരുത്തുന്നതിന് വേണ്ടിയുള്ള സാമുഹിക അവബോധം സൃഷ്ടിക്കപ്പെടണം. സ്ത്രീകളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണം.

STORY HIGHLIGHTS: DOWRY CASES IN KERALA IN-DEPTH REPORT

Next Story