Top

കാണേണ്ട ലോക ക്ലാസിക്കുകൾ: 'അറൈവൽ ഓഫ് ദ ട്രെയിൻ'

ഈ ചലച്ചിത്ര അനുഭവത്തിലൂടെയാണ് ഇന്ന് കാണുന്ന സിനിമകളുടെ തുടക്കം. ലോക സിനിമയെ പ്രേക്ഷകർക്ക് മുൻപിൽ പരിചയപ്പെടുത്തിയത് ലൂമിയർ സഹോദരങ്ങൾ എന്നറിയപ്പെടുന്ന അഗസ്‌റ്റേ ലൂമിയറും ലൂയിസ് ലൂമിയറും ചേർന്നാണ്.

25 July 2022 9:04 AM GMT
ജോയ്സി ജോണ്‍സണ്‍

കാണേണ്ട ലോക ക്ലാസിക്കുകൾ: അറൈവൽ ഓഫ് ദ ട്രെയിൻ
X

റെയ്ൽവേ പ്ലാറ്റ്‌ഫോമിൽ ട്രെയ്ൻ വന്നു നിർത്തുന്ന ദൃശ്യം കണ്ട് പേടിച്ചോടുന്ന കാഴ്ചക്കാർ! 1895 ൽ ആദ്യ സിനിമാ പ്രദർശനം നടത്തിയപ്പോൾ ട്രെയ്ൻ വരുന്ന രംഗം കണ്ട് കാഴ്ചക്കാർ നിലവിളിക്കുകയും കസേരകൾക്കടിയിൽ ഒളിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. പത്തോളം ഹ്രസ്വ ചിത്രങ്ങൾ കോർത്തിണക്കിയുള്ള ഡോക്യുമെന്ററിയിൽ 'ദി അറൈവൽ ഓഫ് എ ട്രെയ്ൻ' എന്ന ഭാഗം പ്രദർശിപ്പിച്ചപ്പോൾ ആയിരുന്നു ഈ സംഭവം അരങ്ങേറിയത്. അവിടെ നിന്നും ഇന്ന് കാണുന്ന നിലയിലേക്ക് സിനിമ എത്തിയതിനേക്കാൾ ദൂരം കൂടുതലാണ് 'ദി അറൈവർ ഓഫ് എ ട്രെയ്ൻ' വരെയുള്ള സിനിമയുടെ ദൂരം എന്ന് പറയാം.

ഈ ചലച്ചിത്ര അനുഭവത്തിലൂടെയാണ് ഇന്ന് കാണുന്ന സിനിമകളുടെ തുടക്കം. ലോക സിനിമയെ പ്രേക്ഷകർക്ക് മുൻപിൽ പരിചയപ്പെടുത്തിയത് ലൂമിയർ സഹോദരങ്ങൾ എന്നറിയപ്പെടുന്ന അഗസ്‌റ്റേ ലൂമിയറും ലൂയിസ് ലൂമിയറും ചേർന്നാണ്. ലോക സിനിമയുടെ പിതാവെന്നാണ് ഇവർ അറിയപ്പെടുന്നത്. 'ദി അറൈവൽ ഓഫ് എ ട്രെയ്‌നി'ലെ ആ പ്ലാറ്റ്‌ഫോമിൽ നിന്നും സിനിമകളിലെ ട്രെയ്‌നുകൾ ഒരുപാട് ദൂരം സഞ്ചരിച്ചു. ലോക സിനിമയിൽ നിരവധി തവണ ഇതേ രംഗം ഉപയോഗിക്കപ്പെട്ടു.


പല കാലഘട്ടങ്ങളിലായി പല പ്ലാറ്റ്‌ഫോമുകളിലായി പല ട്രെയ്‌നുകൾ വന്നു പൊയ്‌ക്കോണ്ടിരുന്നു. അതിനെ വ്യത്യസ്തമായ രീതിയിൽ ആംഗിളിൽ പലരും തിരശ്ശീലയിൽ എത്തിച്ചു. സിനിമയെന്ന കലാരൂപത്തെ ഇന്ന് കാണുന്ന നിലയിൽ ലോകം ആസ്വദിക്കാനും വിലയിരുത്താനും തുടങ്ങിയിട്ട് നൂറ്റി ഇരുപത്തി അഞ്ച് വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. ഈ കാലയളവിൽ ചെറുതും വലുതുമായ പല കണ്ടുപിടുത്തങ്ങളും മാറ്റങ്ങളും സംഭവിച്ചു. സിനിമയുടെ നൂറ്റി ഇരുപത്തി അഞ്ച് വർഷത്തെ ചരിത്രം പരിശോധിക്കാം.

ചലന ചിത്രങ്ങൾക്ക് മുമ്പ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പാവക്കൂത്ത് അഥവാ നിഴൽകൂത്ത് എന്ന കലാ രൂപമാണ് പ്രചാരത്തിലായിരുന്നത്. പിന്നീട് മോഷൻ പിക്ച്ചറിന്റെ വിപ്ലവാത്മകമായ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത് ഫെനിസ്റ്റി കോപ് എന്ന ഉപകരണമാണ്. വരച്ച ചിത്രങ്ങൾ ഈ ഉപകരണം ഉപയോഗിച്ച് ചലിപ്പിച്ചപ്പോൾ ആയിരുന്നു ആദ്യ മോഷൻ പിക്ചർ ഉണ്ടായി. രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോൾ വരച്ച ചിത്രങ്ങൾക്ക് പകരം നിശ്ചല ചിത്രങ്ങളായി.


ഇതിന് പിന്നിൽ അൽപ്പം കൗതുകമുണർത്തുന്ന ഒരു കഥയുണ്ട്. മറ്റൊരു കണ്ടുപിടുത്തത്തിൽ നിന്നും തികച്ചും യാദൃശ്ചികമായി ഉരുത്തിരിഞ്ഞതായിരുന്നു അത്. ഓടിക്കൊണ്ടിരിക്കുന്ന ഒരു കുതിരയുടെ നാലു കാലുകളും ചില ഇടവേളകളിൽ നിലം തൊടാതെ തന്നെ നിൽക്കുമെന്ന വാദം 1872ൽ കാലിഫോർണിയിലെ ഗവർണ്ണർ ഉന്നയിച്ചു. എതിർക്കപ്പെട്ട ആ വാദം സമർത്ഥിക്കാൻ ഓടിക്കൊണ്ടിരിക്കുന്ന കുതിരയുടെ പല വിധത്തിലുള്ള ഫോട്ടോ എടുത്തു നൽകാനുള്ള ചുമതല അദ്ദേഹം ഒരു ഫോട്ടോഗ്രാഫർക്ക് നൽകി. ഒന്നിലധികം ക്യാമറകൾ ഒരു നിശ്ചിത അകലത്തിൽ നിരത്തിവെച്ച് കുതിരയുടെ പല ചിത്രങ്ങൾ പകർത്തി ഗവർണറുടെ വാദം ശരിയെന്നു തെളിയിച്ചു. എന്നാൽ, ഈ പരീക്ഷണത്തിനൊപ്പം ഒരു പുതു ചരിത്രവും അവിടെ തുടങ്ങുകയായിരുന്നു. ആ ചിത്രങ്ങളെ അദ്ദേഹം തന്നെ നിർമ്മിച്ചെടുത്ത സൂപ്രാക്‌സി സ്‌കോപ്പ് എന്ന ഉപകരണം ഉപയോഗിച്ച് ചലപ്പിച്ചപ്പോൾ ലഭ്യമായത് ഓടുന്ന കുതിരയുടെ ദൃശ്യങ്ങളായിരുന്നു. മൊയിബ്രിഡ്ജ് ആയിരുന്നു ആ ഫോട്ടോഗ്രാഫർ. പിന്നീട് ഇമേജ് പ്രൊജക്ടർ കണ്ടുപിടിക്കപ്പെട്ടു. വീണ്ടും ഓരോ ഘട്ടത്തിലും നിർണായകമായ നവീകരണങ്ങളും കണ്ടുപിടുത്തങ്ങളും ഈ മേഖലയിൽ നടന്നുകൊണ്ടേയിരുന്നു.

പിന്നീട് 1880ലാണ് മോഷൻ പിക്ച്ചർ ക്യാമറ ഉപയോഗിച്ച് ആദ്യമായി ലൈവ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ ആരംഭിച്ചത്. അതിലെ പല പോരായ്മകളും പരിഹരിച്ചു അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ വീണ്ടും സമയമെടുത്തു. നീണ്ട വർഷങ്ങൾക്ക് ശേഷം ലൂയിസ് ലി പ്രിൻസ് 23 സെക്കന്റുകൾ മാത്രം വരുന്ന ആദ്യത്തെ ചലന ചിത്രം പ്രദർശിപ്പിച്ചു. ആദ്യ സിനിമ പ്രദർശനം ലൂയിസിന്റേതായരുന്നെങ്കിലും ചരിത്രത്തിൽ പേരുകൾ രേഖപ്പെടുത്തിയത് ലൂമിയർ ബ്രദേഴ്‌സിന്റേതായിരുന്നു. കാരണം തന്റെ ആദ്യ ചിത്രം പ്രദർശിപ്പിക്കാൻ അമേരിക്കയിൽ പോയ ലൂയിസിനെ പിന്നെ മറ്റാരും കണ്ടിട്ടില്ല.


പിന്നീട് അദ്ദേഹം മരണപ്പെട്ടതായാണ് വിവരം. പുതിയ കണ്ടുപിടുത്തങ്ങളുമായി പിന്നീടും പലരും എത്തിയെങ്കിലും പൂർണമായില്ല. അതുവരെയുണ്ടായ സിനിമകളുടെ അവ്യക്തതയും പോരായ്മകളും മാറ്റിയെഴുതി ലൂമിയർ സഹോദരങ്ങളുടെ രംഗപ്രവേശനം 1895ലായിരുന്നു. റെക്കോർഡിങ്ങും, പ്രിന്റിങ്ങും, പ്രൊജക്ഷനും സാധ്യമാകുന്ന മെഷീൻ ഇവർ കണ്ടുപിടിച്ചു. 1895ൽ പാരീസിലെ സൊസൈറ്റി ഫോർ ഡവലപ്‌മെന്റ് ഓഫ് നാഷ്ണൽ ഇൻഡസ്ട്രിയിൽ ഇരുന്നൂറോളം കാഴ്ചക്കാരെ സാക്ഷികളാക്കി ലൂമിയർ സഹോദരങ്ങൾ ആദ്യ സിനിമാ പ്രദർശനം നടത്തി. പത്ത് ഷോട്ട് വീഡിയോ ഉൾപ്പെടുന്ന ചലച്ചിത്രമാണ് അന്ന് പ്രദർശിപ്പിച്ചത്. സിനിമയുടെ ഇപ്പോഴത്തെ നിർവചനങ്ങളിലൂടെ നോക്കിയാൽ, അതൊരു സിനിമയേ ആയിരുന്നില്ലെന്ന് പറയാം. ചില പുറം കാഴ്ചകളുടെ ദൃശ്യങ്ങൾ പകർത്തിയെടുത്ത് അവതരിപ്പിക്കുകയായിരുന്നു 'ലൂമിയർ ബ്രദേഴ്‌സ് ഫസ്റ്റ് ഫിലിം' എന്ന ഡോക്യുമെന്ററിയിൽ.

'ഭാവിയില്ലാത്ത കണ്ടുപിടുത്തമാണ് സിനിമ' എന്നായിരുന്നു ലൂയിസ് ലൂമിയർ അന്ന് പറഞ്ഞിരുന്നത്. എന്നാൽ അവിടെ നിന്നും മണിക്കൂറുകൾ ദൈർഘ്യമുള്ള സിനിമകളുണ്ടായി. നിശബ്ദ ചിത്രങ്ങൾ ശബ്ദ സിനിമകൾ ഉണ്ടായി. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും കളർ ആയി. കൂടുതൽ ജനകീയമായി. ലോക ഭാഷകളിൽ സിനിമകൾ സംഭവിച്ചു. ടെക്‌നോളിയിൽ ഉണ്ടായ വളർച്ച ഏറ്റവും അധികം ഉപയോഗിക്കപ്പെട്ടത് സിനിമയിലാണെന്ന് പറയാം. അത് സിനിമാസ്വാദനത്തിന്റെ തലം വിപുലമാക്കി. ലൂമിയർ സഹോദരങ്ങളിൽ നിന്നും അകിര കുറൊസാവ, ആൽഫ്രഡ് ഹിച്ച്കോക്ക്, കിം കി ഡുക്ക്, സ്റ്റാലിൻ കുബ്രിക്, സത്യജിത്ത് റേ, അടൂർ ഗോപലകൃഷ്ണൻ, ഗുരു ദത്ത്, സ്റ്റീവൻ സ്പിൽ ബർദഗ്, ജോൺ എബ്രഹാം, ജി അരവിന്ദൻ, ബിമൽ റോയ് തുടങ്ങിയ നിരവധി പിന്മഗാമികൾ ഉണ്ടായി. ലോക സിനിമകളിൽ ഇവരുടെ സംഭാവനകൾ വലുതാണ്.

Story highlights: World Classics to Watch: 'Arrival of the Train'

Next Story