Top

സർഫാസി നിയമം: വായ്പയെടുത്തവർ പെരുവഴിയിലാകുന്നത് ഇങ്ങനെ

ഇരുതല മൂർച്ചയുള്ള സർഫാസി നിയമത്തെ വിശദമായി അറിയാം.

11 April 2022 4:15 PM GMT
​ഗൗരി പ്രിയ ജെ

സർഫാസി നിയമം: വായ്പയെടുത്തവർ പെരുവഴിയിലാകുന്നത് ഇങ്ങനെ
X

ഒരു ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാനാവതെ പോയ ദളിത് കുടുംബത്തിന്റെ വീട്, ഗൃഹനാഥന്‍ രോഗബാധിതനായി ആശുപത്രിയിലുള്ളപ്പോൾ സര്‍ഫാസി നിയമം വഴി മുവാറ്റുപുഴ അര്‍ബൻ ബാങ്ക് ജപ്തി ചെയ്ത സംഭവം ഉണ്ടാകുന്നത് ഏപ്രിൽ 2നാണ്. ഇതില്‍ നിയമവിരുദ്ധമായി ഒന്നും ഇല്ലന്ന് കേരള ബാങ്ക് ചെയര്‍മാനും, നടപടി സര്‍ക്കാർ നയങ്ങള്‍ക്ക് എതിരെന്ന് സഹകരണ വകുപ്പ് മന്ത്രിയും പ്രതികരിച്ചിരുന്നു. നിയമപ്രകാരം സംഭവത്തില്‍ ഇടപെടുന്നതിൽ സര്‍ക്കാരിനും കോടതിക്കും പരിമിതികളുണ്ട്.

എന്തുകൊണ്ടാണ് സര്‍ഫാസി നിയമം വഴി ജപ്തി ചെയ്ത വസ്തുവിന്മേൽ കോടതിക്ക് ഇടപെടാന്‍ സാധിക്കാത്തത്?

എങ്ങനെയാണ് നിലനില്‍പിന് വേണ്ടി വായ്പയെടുക്കുന്ന സാധാരണക്കാരുടെ ജീവിതങ്ങള്‍ക്ക് നിയമം ഭീഷണിയാകുന്നത്?

എന്താണ് സര്‍ഫാസി നിയമം?

വായ്പ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം കൊടുക്കുന്ന കേന്ദ്ര നിയമമാണ് 2002 ലെ സര്‍ഫാസി നിയമം. സെക്ക്യൂരിറ്റൈസേഷന്‍ ആന്റ് റീകണ്‍സ്ട്രക്ഷൻ ഓഫ് ഫിനാന്‍ഷ്യൽ അസ്സെറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്ക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്റ്റ്(Securitisation and Reconstruction of Financial Assets and Enforcement of Security Interest Act, 2002) എന്നതാണ് ഇതിന്റെ പൂര്‍ണ്ണ രൂപം. 2002ലാണ് ഇന്ത്യൻ പാര്‍ലിമെന്റ് ഈ നിയമം പാസ്സാക്കുന്നത്. ബാങ്ക് തിരിച്ചടവില്‍ മൂന്ന് ഗഡുക്കൾ തുടര്‍ച്ചയായി കുടിശ്ശിക വരുത്തിയാൽ, പ്രസ്തുത അക്കൗണ്ട് ഒരു നിഷ്‌ക്രിയ ആസ്തി അഥവാ കിട്ടാക്കടമായി പ്രഖ്യാപിക്കാന്‍ ബാങ്കിന് സാധിക്കുന്നു. അങ്ങനെ വന്നാല്‍ ഈടായി നല്‍കപ്പെട്ടിരിക്കുന്ന വസ്തു ബാങ്കിന് നേരിട്ട് പിടിച്ചെടുക്കാനും വില്‍ക്കാനും അധികാരം നല്‍കുന്നതാണ് ഈ നിയമം.


2002ല്‍ സര്‍ഫാസി നിയമം നിലവിൽ വരുന്നതിന് മുന്‍പ്, നിഷ്‌ക്രിയ ആസ്തി ആയ അക്കൗണ്ടിലെ ഈട് വസ്തു വീണ്ടെടുക്കാനായി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സിവിൽ കോടതിയേയോ, ഡെബ്റ്റ്‌സ് റിക്കവറി ട്രിബ്യൂണലുകളേയോ, ഡെബ്റ്റ്‌സ് റിക്കവറി അപ്പെലേറ്റ് ട്രിബ്യൂണലുകളേയോ സമീപിക്കേണ്ടിയിരുന്നു. ഇത് വര്‍ഷങ്ങളോളം തന്നെ സമയമെടുക്കുന്ന പ്രക്രിയകളായിരുന്നു. വലിയൊരു ശതമാനം അക്കൗണ്ടുകള്‍ നിഷ്‌ക്രിയ ആസ്തി ആയാൽ, ആ സാഹചര്യത്തെ അതിജീവിക്കുക ബാങ്കുകള്‍ക്ക് ശ്രമകരമാണ്. മാത്രവുമല്ല അത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയേയും ബാധിച്ചേക്കും.

കോടതി വഴി ജപ്തി നടപടികള്‍ക്ക് വരുന്ന കാലതാമസം ഒഴിവാക്കി, ബാങ്കുകള്‍ക്ക് ജപ്തി നടപടികളിലേയ്ക്ക് കടക്കാന്‍ സര്‍ഫാസി നിയമം അധികാരം നല്‍കുന്നു. നിഷ്‌ക്രിയ ആസ്തിയുടെ വേഗത്തിലും കാര്യക്ഷമവുമായ റിക്കവറി, തിറിച്ചടവ് മുടങ്ങിയാല്‍ ജാമ്യവസ്തുക്കൾ ലേലം ചെയ്യുന്നതിന് അനുമതി എന്നിവയായിരുന്നു നിയമത്തിന്റെ ഉദ്യേശ ലക്ഷ്യങ്ങൾ. തിരിച്ചു കിട്ടാത്ത കടങ്ങള്‍ക്ക് മേലുള്ള ആസ്തികളില്‍ ബാങ്കുകള്‍ക്ക് ഏതു നടപടിയും സ്വീകരിക്കാം. അതിന് കോടതിയുടെ അനുമതി ആവശ്യമില്ല. ആസ്തിയിന്മേല്‍ ആള്‍ത്താമസമുണ്ടെങ്കിൽ അത് ഒഴിപ്പിക്കാനും ബാങ്കിന് നേരിട്ട് സാധിക്കും.

കൃത്യമായ നടപടിക്രമം പാലിച്ചുമാത്രമേ ഈ നിയമപ്രകാരം കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ പാടുള്ളൂ എന്ന് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളിൽ ഉണ്ട്. താല്‍ക്കാലികമായ വീഴ്ച്ചകളുടെ അടിസ്ഥാനത്തിൽ നിഷ്‌ക്രിയ ആസ്തികളായി പ്രഖ്യാപിക്കരുത് എന്നും, നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു കഴിഞ്ഞാലും ബാങ്കുകൾ ഉടൻ ജപ്തി നടപടികളിലേയ്ക്ക് നീങ്ങരുതെന്നുമാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ഒരു ലക്ഷം രൂപയില്‍ കൂടുതൽ നിഷ്‌ക്രിയ ആസ്തിയുള്ള സെക്വേഡ് ലോണുകള്‍ക്കാണ് ഈ നിയമം ബാധകമായിട്ടുള്ളത്.

ഒരു ലക്ഷത്തിൽ താഴെയുള്ള വായ്പകള്‍, മുഴുവൻ തുകയുടെ 20 ശതമാനം മാത്രം തിരിച്ചടയ്ക്കുവാൻ ബാക്കിയുള്ള സാഹചര്യങ്ങള്‍ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല.

സര്‍ഫാസി ആക്ട് അനുസരിച്ചാണ് അസറ്റ് റീ കണ്‍സ്ട്രക്ഷൻ കമ്പനികൾ ഇന്ത്യയിൽ സ്ഥാപിതമാകുന്നത്. സര്‍ഫാസി ആക്ട് പ്രകാരമുള്ള ലേലനടപടികൾ, ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്ന ബിസിനസ് കമ്പനികളാണ് ഇവ. സഹകരണ ബാങ്കുകളും ഈ സര്‍ഫാസി നിയമത്തിന്റെ പരിധിയിൽ വരുമെന്ന സുപ്രീം കോടതി ഭരണഘടനാബെഞ്ച് വിധിയുടെ അടിസ്ഥാനത്തില്‍, ഭേദഗതി നിയമം പ്രാഭല്യത്തിൽ വരുന്നത് 2016 ആഗസ്റ്റ് 12നാണ്. കിട്ടാക്കടം പിരിച്ചെടുക്കാൻ സര്‍ഫാസി നിയമപ്രകാരം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് 2003 ൽ തന്നെ സംസ്ഥാന സഹകരണ രജിസ്റ്റാര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വീട്ടിൽ നിന്ന് കുടിയിറക്കൽ പോലുള്ള കടുത്ത നടപടികള്‍ നന്നേ കുറവായിരുന്നു. സഹകരണ ബാങ്കുകള്‍ ജനങ്ങളുടെ കൂട്ടായ്മ ആയതിനാൽ സാമൂഹ്യ ബാധ്യത ഉണ്ടെന്നതിനാലാണ് അത്തരം നടപടികള്‍ താരതമ്യേന കുറയുന്നത്.

നടപടിക്രമം

ക്രൃത്യമായ നടപടിക്രമം പാലിച്ചു മാത്രമേ ഈ നിയമപ്രകാരം പണം തിരിച്ചുപിടിക്കാന്‍ പാടുള്ളൂ. ഇതിന് ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദേശങ്ങൾ നല്‍കിയിട്ടുണ്ട്. നിഷ്‌ക്രിയ ആസ്തി ആയ വായ്പകളില്‍ ബാങ്ക് ഒരു ഡീമാന്റ് നോട്ടീസ് തയ്യാറാക്കി വായ്പക്കാരനോ ജാമ്യക്കാരനോ, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഏജന്റുമാര്‍ക്കോ രജിസ്റ്റേര്‍ഡ് പോസ്റ്റായി അയക്കണം. ഇതിന്റെ മടക്ക രസീത് കിട്ടിയാല്‍, നോട്ടീസ് കൈപ്പറ്റിയ തിയതി മുതല്‍ 60 ദിവസത്തേയ്ക്ക് വായ്പ തിരിച്ചടയ്ക്കാൻ വായ്പ്പക്കാരന് അവസരം നല്‍കും. 60 ദിവസത്തിൽ വായ്പ തിരിച്ചടച്ചില്ലെങ്കിൽ ബാങ്കിന്റെ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ മജിസ്സ്ട്രേറ്റ് മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിക്കും. അതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത അധികാര സ്ഥാപനം ആസ്തികൾ ഏറ്റെടുത്ത് ബാങ്കിന് കൈമാറുകയും ചെയ്യും. ഇത്തരത്തില്‍ ജില്ലാ മജിസ്സ്ട്രേറ്റ് എടുക്കുന്ന തീരുമാനം യാതൊരു കോടതിയ്ക്കും അധികാര സ്ഥാപനത്തിനും ചോദ്യം ചെയ്യാന്‍ സാധിക്കില്ല.


നടപടി നേരിടുന്നവര്‍ക്ക് പരാതിയുണ്ടങ്കിൽ 45 ദിവസത്തിനകം 'ഡെബ്റ്റ്‌ റിക്കവറി' ട്രിബ്യൂണലിനെ സമീപിക്കണം. അനുകൂലമായ ഉത്തരവ് ഉണ്ടാകാത്ത പക്ഷം, വായ്പ്പക്കാരന് നിശ്ചിത തുക ഒടുക്കിക്കൊണ്ട് ഡെബ്റ്റ്‌സ് റിക്കവറി അപ്പെലേറ്റ് ട്രിബ്യൂണലിനെ 30 ദിവസത്തിനകം സമീപിക്കാവുന്നതാണ്. എന്നാല്‍ കെട്ടിവയ്‌ക്കേണ്ട തുക കടബാധ്യതയുടെ 50 ശതമാനം ആയതിനാൽ സാധാരണക്കാരായ പരാതിക്കാര്‍ക്ക് അത് താങ്ങാനാകുന്നതുമാകില്ല.

പ്രധാന കോടതി വിധി

സര്‍ഫാസി നിയമത്തിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത്, ഐസിഐസിഐ ബാങ്കുമായി മാര്‍ദിയ കെമിക്കല്‍സ് നടത്തിയ കേസിൽ, ബാങ്കിനനുകൂലമായി സുപ്രീം കോടതി വിധി ഉണ്ടാകുന്നത് 2004ല്‍ ആണ്. 2002ല്‍ ഗുജറാത്തിലെ വത്വയിൽ മാര്‍ദിയ കെമിക്കല്‍സിന്റ ഒരു യൂണിറ്റ് ബാങ്ക് ജപ്തി ചെയ്തത് ചോദ്യം ചെയ്ത് നല്‍കപ്പെട്ട കേസിൽ, ലോണിന്റെ 75 ശതമാനം തിരിച്ചടയ്ക്കാതെ കിടക്കുന്നതിനാല്‍ ജപ്തി നടപടികളുമായി മുമ്പോട്ടു പോകാമെന്നും സര്‍ഫാസി നിയമത്തിൽ ഭരണഘടനാ വിരുദ്ധമായി യാതൊന്നുമില്ലെന്നും സുപ്രീം കോടതി വിധിച്ചു.

പ്രധാന വെല്ലുവിളികള്‍

1. കടമെടുത്ത തുകയുടെയോ സാമ്പത്തിക ആസ്ഥിയുടേയോ അടിസ്ഥാനത്തില്‍ കടക്കാരെ സര്‍ഫാസി നിയമം തരംതിരിക്കുന്നില്ല.

2. വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാൽ, കോടതി ഉത്തരവില്ലാതെ തന്നെ ഈട് വസ്തുവില്‍ നോട്ടീസ് പതിച്ച് ബാങ്കിന് ഏറ്റെടുക്കാനും വില്‍ക്കാനും ഈ നിയമം വഴി സാധിക്കും.

3. സര്‍ഫാസി നിയമത്തിന്റെ അടിസ്ഥാനത്തിൽ നിഷ്‌ക്രിയ ആസ്തികൾ ഏറ്റെടുക്കുന്നതിന് മുന്‍പ് സ്റ്റാമ്പ് ആക്ട് ബാധകമല്ലെന്ന ഭേദഗതി, എളുപ്പത്തില്‍ റിക്കവറി നടത്തി പണയവസ്തുക്കള്‍ കൈമാറ്റം ചെയ്ത് സര്‍ഫാസി നടപടികളുടെ വേഗം വര്‍ദ്ധിപ്പിക്കുന്നു.

4. താല്‍ക്കാലികമായ വീഴ്ച്ചകളുടെ അടിസ്ഥാനത്തിൽ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്നും പ്രഖ്യാപിച്ചു കഴിഞ്ഞാലും ബാങ്കുകൾ ഉടൻ ജപ്തി നടപടികളിലേയ്ക്ക് നീങ്ങരുതെന്നുമുള്ള റിസര്‍വ് ബാങ്ക് വ്യവസ്ഥകൾ മറികടന്ന് പലപ്പോഴും ബാങ്കുകള്‍ നടപടി സ്വീകരിക്കുന്നു.

5. സര്‍ഫാസി നിയമപ്രകാരമുള്ള നടപടികളെ സിവിൽ കോടതിയിൽ ചോദ്യം ചെയ്യാനകില്ല.

6. വന്‍കിടക്കാരെ ലക്ഷ്യം വച്ച് എന്ന വ്യാജേന ആഗോള ബാങ്കുകളുടെ സമ്മര്‍ദ്ദപ്രകാരമാണ് കാര്യമായ ചര്‍ച്ചകളൊന്നുമില്ലാതെ 2002ല്‍ പാര്‍ലിമെന്റിൽ നിയമം പാസാവുന്നതും നിലവില്‍ വരുന്നതും. വന്‍കിടക്കാരെ ലക്ഷ്യം വച്ചെങ്കിൽ, എന്തിന് ഒരു ലക്ഷം എന്ന നിബന്ധന എന്ന ന്യായമായ ചോദ്യമാണ് നമുക്ക് മുന്‍പിൽ.

സമരങ്ങള്‍

2018ല്‍ ബാങ്കിന്റെ ജപ്തി നടപടിയ്‌ക്കെതിരെ എറണാകുളം മാനാത്ത് പാടത്തെ പ്രീതാ ഷാജി നടത്തിയ സമരം വാര്‍ത്തകളിൽ ഇടംപിടിച്ചതോടെയാണ് ഈ നിയമത്തിന്റെ അപകടകരമായ വ്യവസ്ഥകള്‍ വലിയ ചര്‍ച്ചാവിഷയമായത്. ഒരു കുടുംബ സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പയ്ക്ക് 1994ൽ വീട് നില്‍ക്കുന്ന സ്ഥലം ജാമ്യമായി നല്‍കിയ പ്രീതാ ഷാജി, വായ്പയെടുത്തയാൾ കുടിശ്ശിക വരുത്തിയതിനേത്തുടര്‍ന്ന് സര്‍ഫാസി നിയമപ്രകാരം നടപടി നേരിടുകയും ബാങ്ക് സ്ഥലം ലേലം ചെയ്യുകയും ചെയ്തു. ലേലത്തില്‍ പിടിച്ചവരെ ഭൂമിയിൽ പ്രവേശിപ്പിക്കാതെ ചെറുത്തു നിന്നതിനെത്തുടര്‍ന്ന് ഹൈക്കോടതി വിധിയിലൂടെ പ്രീതാ ഷാജിയ്ക്ക് ഭൂമി തിരികെ ലഭിച്ചു എങ്കിലും, ഈ അനുകൂല വിധി ഒറ്റപ്പെട്ട സംഭവം മാത്രമാണ്.


In image: Jenny V.C

ജപ്തി ഭീഷണികള്‍ക്ക് ഇരയായവരും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്ന് രൂപീകരിച്ച സര്‍ഫാസി നിയമ വിരുദ്ധ സമിതി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സര്‍ഫാസി നിയമ അതിക്രമങ്ങള്‍ക്കെതിരെ, നിയമത്തിന് മറവില്‍ നടന്ന വായ്പാ തട്ടിപ്പുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി.

സംസ്ഥാനസര്‍ക്കാർ ഇടപെടൽ

2017 ആഗസ്റ്റ് 21 ലെ പതിനാലാം നിയമസഭയിൽ പാസായ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍, സര്‍ഫാസി ആക്ടിന്റെ 31ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കരിനോട് സഭ അഭ്യര്‍ത്തിച്ചിരുന്നു. സര്‍ഫാസി നിയമത്തിന്റെ 31ാം വകുപ്പിലെ (ഐ) ഖണ്ഡം പ്രകാരം, ഒരു കൃഷി ഭൂമി സെക്യൂരിറ്റിയായി നല്‍കുമ്പോൾ, ഉണ്ടാകുന്ന ബാദ്ധ്യതയ്ക്ക് ബാധകമാകുന്നില്ല എന്ന് വ്യവസ്ത ചെയ്തിട്ടുണ്ട്. സമാനമായി, അഞ്ച് സെന്റില്‍ കവിയാതെയുള്ള ഭൂമിയും വീടും സെക്യൂരിറ്റിയായി നല്‍കുമ്പോൾ ഉണ്ടാകുന്ന ബാദ്ധ്യതയ്ക്ക് 2002 ലെ സര്‍ഫാസി നിയമത്തിന്റെ വ്യവസ്തകള്‍ ബാധകമാകുന്നതല്ല എന്ന് വ്യവസ്ത ചെയ്യണമെന്നായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന.

2019 ൽ കേരള നിയമസഭയിൽ അതുവരെയുള്ള സാഹചര്യം പഠിച്ച് സമര്‍പ്പിക്കപ്പെട്ട അഡ് ഹൊക് കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ ശുപാര്‍ശയിലും കേന്ദ്ര സര്‍ക്കാർ നടപടികളൊന്നും സ്വീകരിച്ചില്ല.

എന്ത് ചെയ്യാനാകും?

സര്‍ഫാസി ആക്ടിനെ മറികടക്കാൻ സംസ്ഥാനത്തിന് കഴിയില്ലെങ്കിലും ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങൾ തടയാൻ സാധിക്കുന്നതാണ്. സര്‍ഫാസി നിയമം നടപ്പാക്കുനതിന്റെ പേരില്‍ നടത്തുന്ന നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങൾ തടയുന്നതിന് പ്രത്യേക നിയമനിര്‍മ്മാണം നടത്താൻ സംസ്ഥാന സര്‍ക്കാരിന് കഴിയും.

ഭരണഘടനയുടെ അനുഛേദം 39(എ) പ്രകാരം നീതി ലഭിക്കുന്നതിനുള്ള അവസരങ്ങള്‍ സാമ്പത്തികമോ മറ്റോ ആയ അവശതകൾ കൊണ്ട് ഏതെങ്കിലും പൗരന് നിഷേധിക്കപ്പെടില്ലെന്ന് സുനിശ്ചിതമാക്കാന്‍ സൗജന്യ നിയമസഹായം ഏര്‍പ്പെടുത്തണമെന്ന് അനുശാസിക്കുന്നുണ്ട്. സര്‍ഫാസി നിയമത്തിന്റെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനായി നിയമത്തിന്റെ ഇത്തരം സാധ്യതകളെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.


കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടയിൽ സാമ്പത്തിക ഭീമന്മാരുടെ മൂന്നുലക്ഷം കോടിയോളം രൂപയുടെ ബാധ്യതയാണ് പൊതുമേഖല ബാങ്കുകള്‍ കിട്ടാക്കടമായി എഴുതി തള്ളിയത്. ഗുജറാത്തിലെ എ.ബി.ജി. ഷിപ്പ്യാര്‍ഡ് കമ്പനിയുടെ വായ്പാ തട്ടിപ്പ് പുറത്തുവന്നിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. ആ കോര്‍പ്പറേറ്റ് കമ്പനി വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കബളിപ്പിച്ചത് 22,842 കോടി രൂപയാണ്. നീരവ് മോദിയും വിജയ് മല്യയുമടക്കമുള്ളവരുടെ തട്ടിപ്പുകള്‍ എല്ലാം സര്‍ഫാസി നിയമം നിലവിൽ വന്ന ശേഷമാണ്. 2009ൽ 7,136 കോടി രൂപയുടെ തട്ടിപ്പാണ് സത്യം കംപ്യൂട്ടേഴ്സ് സർവീസ് ലിമിറ്റഡിന്റെ പേരിൽ രാംലിംഗ രാജു നടത്തിയത്. വജ്ര വ്യാപാരിയായ നീരവ് മോദി 2018ൽ പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 22,585 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് രാജ്യം വിടുന്നത്. ഇതേ തട്ടിപ്പിൽ പങ്കുകാരനും നീരവിൻ്റെ ബന്ധുവുമായിരുന്ന മെഹുൽ ചോക്സിയും തട്ടിപ്പിന് ശേഷം രാജ്യം വിട്ടു. 6200 കോടി രൂപയുടെ തട്ടിപ്പാണ് കിങ്ഫിഷർ എയർലൈൻസ് ഉടമ വിജയ് മല്യയുടേത്.

പാവപ്പെട്ടവനും ഇടത്തരക്കാരനും കൂടുതല്‍ ദോഷം ചെയ്യുന്ന സര്‍ഫാസി നിയമത്തിൽ അടിസ്ഥാനപരമായ മാറ്റം ആവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. കുപ്പിയില്‍ നിന്ന് തുറന്നുവിട്ട ഭൂതം പോലെ ഈ ജനവിരുദ്ധ നിയമം ആയിരങ്ങളെ കുടിയിറക്കിക്കൊണ്ടിരിക്കുന്നു. നിര്‍മ്മിക്കപ്പെടുകയും ഭേദഗതി ചെയ്യപ്പെടുകയും ചെയ്ത പാര്‍ലമെന്റിൽ വെച്ചു തന്നെ സര്‍ഫാസി നിയമം തിരുത്തപ്പെടണം.

Story Highlights: sarfaesi act explainer how a law becomes a Damocles sword above the borrower

Next Story