Top

'ഊര്‍ജ്ജം ഊറ്റിക്കൊല്ലുന്ന മാരക ലഹരി'; എന്താണ് എംഡിഎംഎ

ലഹരി മരുന്നുകളില്‍ അതിമാരകവും വിലകൂടിയതുമാണ് എംഡിഎംഎ

2 March 2022 2:19 PM GMT
അരുണ്‍ മധുസൂദനന്‍

ഊര്‍ജ്ജം ഊറ്റിക്കൊല്ലുന്ന മാരക ലഹരി; എന്താണ് എംഡിഎംഎ
X

അടുത്ത കാലത്തായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ലഹരിമരുന്നു കേസുകളില്‍ കൂടുതലായും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് എംഡിഎംഎ എന്നത്. ലഹരി മരുന്നുകളില്‍ അതിമാരകവും വിലകൂടിയതുമാണ് എംഡിഎംഎ. കഴിഞ്ഞ ദിവസം കൊച്ചി പോണേക്കരയില്‍ വ്‌ലോഗറായ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടും എംഡിഎംഎ എന്ന പേര് ഉയര്‍ന്ന് കേട്ടിരുന്നു. കണ്ണൂര്‍ സ്വദേശിനി നേഹയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, യുവതി താമസിച്ചിരുന്ന സ്ഥലത്തു നിന്നും സംശയാസ്പദമായി കസ്റ്റഡിയില്‍ എടുത്ത മൂന്നു യുവാക്കളില്‍ നിന്നും 15ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു.

അടുത്ത കാലത്തായി വാര്‍ത്തകളില്‍ നിറയുന്ന എംഡിഎംഎ എന്താണ്?

ഹാലൂസിനോജനായ മെസ്‌കാലിന്‍, മെത്താമെഫ്റ്റമിന്‍ എന്നിവയുടെ കെമിക്കല്‍ സ്ട്രക്ച്ചറിനോട് സാമ്യമുള്ള സിന്തറ്റിക്, സൈക്കോ ആക്ടീവ് ലഹരി മരുന്നാണ് എംഡിഎംഎ. എംഡിഎംഎ ഉപയോഗിച്ചാല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ സജീവമാകും. രണ്ട് ദിവസം വരെ ഇതിന്റെ സ്വാധീനം നിലനില്‍ക്കും. മോളി എന്നും അറിയപ്പെടുന്ന എംഡിഎംഎ, എക്സ്റ്റസി എന്നറിയപ്പെടുന്ന മറ്റൊരു ലഹരിമരുന്ന് ഉപയോഗിച്ച ശേഷം മേമ്പൊടിയായാണ് പൊതുവേ ഉപയോഗിക്കാറുള്ളത്.

തലച്ചോറിലെ നാഡികള്‍ തമ്മില്‍ വിവരം കൈമാറുന്ന രാസപദാര്‍ത്ഥങ്ങളായ സെറോടോണിന്‍, ഡോപോമിന്‍, നോര്‍എപ്പിനെഫ്രിന്‍ എന്നിവയിലാണ് നേരിട്ട് എംഎഡിഎംഎ സ്വാധീനം ചെലുത്തുക. ഉയര്‍ന്ന മാനസികാവസ്ഥ, സഹാനുഭൂതി, വൈകാരിക അടുപ്പം എന്നിവ ഉണ്ടാവാന്‍ കാരണമായ രാസപദാര്‍ത്ഥമാണ് സെറോടോണിന്‍. അതിനാല്‍, എംഡിഎംഎ ഉപയോഗിക്കുന്നതോടെ മൂഡിനേയും എനര്‍ജിയേയും വിശപ്പിനേയും ലൈംഗിക ഉത്തേജനത്തേയും ഉറക്കത്തേയും ഹൃദയത്തിന്റെ മിടിപ്പിനേയും രക്ത സമ്മര്‍ദ്ദത്തേയുമെല്ലാം ഇത് ബാധിക്കുന്നു.

ടാബ്ലെറ്റ്/ ക്യാപ്‌സൂള്‍ രൂപത്തിലും ക്രിസ്റ്റല്‍ രൂപത്തിലും പൊടിയായും എംഡിഎംഎ ലഭിക്കുന്നുണ്ട്. വെള്ളത്തില്‍ കലര്‍ത്തിയും കത്തിച്ച് വലിച്ചും മൂക്കിലൂടെ വലിച്ചും എംഡിഎംഎ ഉപയോഗിക്കാറുണ്ട്. അപൂര്‍വ്വം ചില ആളുകള്‍ കുത്തിവെയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എംഡിഎംഎയുടെ ഗുണം, ഉപയോഗിക്കുന്ന വ്യക്തി, ഉപയോഗിക്കുന്ന സാഹചര്യവും അന്തരീക്ഷവും ഇതിന്റെ ഫലത്തെ സ്വീധീനിക്കുന്നു. ഉയര്‍ന്ന ആനന്ദം, ആത്മവിശ്വാസം, ഊര്‍ജ്ജം എന്നിവയാണ് ഉപയോഗിക്കുന്നവരില്‍ ഉണ്ടാകുന്ന ഫലം.

ആദ്യത്തെ ഉപയോഗത്തില്‍ വായയിലെ തൊലി അടര്‍ന്നുപോകുന്നുവെന്ന് ഉപയോഗിച്ചവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എംഡിഎംഎ ഉപയോഗിക്കിച്ച് അതിന്റെ ഫലം പോവുന്നതോടെ ഉറക്കം കുറയുകയും കൂടുതലായി ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ പല്ലുകൊഴിയുന്നതായും കണ്ടെത്തുകയും ചെയ്യുന്നു. സ്ഥിരമായി ഉപയോഗിക്കുന്നത് മൂന്ന് വര്‍ഷത്തിനുള്ളില്‍ മരണം സംഭവിച്ചേക്കാന്‍ വരെ കാരണമാവുന്നു. വല്ലപ്പോഴും ഉപയോഗിക്കുന്നത് പോലും അതിമാരകമായ അവസ്ഥയ്ക്ക് കാരണമാവുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

ഉപയോഗിച്ചു കഴിഞ്ഞാല്‍ മദ്യം പോലെയോ പുകവലി പോലെയോ മണമില്ല എന്നത് കൂടിയാണ് എംഡിഎംഎ യുവാക്കളില്‍ കൂടുതല്‍ സ്വീകാര്യത കിട്ടാന്‍ കാരണം. കേരളത്തില്‍ ഉപയോഗം കൂടിയതോടെ എംഡിഎംഎ കുക്കിംഗും വര്‍ധിച്ചതായി വിവരമുണ്ട്. മൊത്തമായി ശേഖരിക്കുന്ന എംഡിഎംഎയില്‍ നിരോധിതമായ ചില രാസപദാര്‍ഥങ്ങള്‍ കൂടി ചേര്‍ത്ത് ശക്തി വര്‍ധിപ്പിക്കുന്നതിനെയാണ് എംഡിഎംഎ കുക്കിംഗ് എന്ന് വിളിക്കുന്നത്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് ഉപയോഗം നിര്‍ത്താന്‍ കഴിയാത്ത രീതിയില്‍ അടിമകളാക്കാന്‍ ഈ കുക്കിംഗിലൂടെ സാധിക്കുന്നു.

STORY HIGHLIGHTS: What is MDMA (Ecstasy/Molly)?

Next Story