Top

'ഒരിക്കല്‍ കൈവിട്ടത് തിരിച്ച് പിടിക്കുന്ന ടാറ്റ'; എയര്‍ ഇന്ത്യയുടെ ഘര്‍വാപ്പസിയിലെ കണക്കുകൂട്ടലുകള്‍

9 Oct 2021 7:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരിക്കല്‍ കൈവിട്ടത് തിരിച്ച് പിടിക്കുന്ന ടാറ്റ; എയര്‍ ഇന്ത്യയുടെ ഘര്‍വാപ്പസിയിലെ കണക്കുകൂട്ടലുകള്‍
X

പതിനായിരക്കണക്കിന് കോടികള്‍ നഷ്ടത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ കേന്ദ്രസര്‍ക്കാര്‍ ടാറ്റ ഗ്രൂപ്പിന് കൈമാറി. രാജ്യം കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ച ചെയ്ത കൈമാറ്റമായിരുന്നു ഇത്. 18,000 കോടി രൂപയ്ക്കാണ് വില്‍പ്പന. എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും 100 ശതമാനം ഓഹരിയും ഇവയുടെ ഗ്രൗണ്ട്ഹാന്‍ഡ്‌ലിംഗ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ഉള്‍പ്പെടെയാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. 2021 ഓഗസ്റ്റ് 31 വരെ എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യത 61,562 കോടി രൂപയാണ്. അതില്‍ 15,300 കോടി കടം ടാറ്റാ സണ്‍സ് ഏറ്റെടുക്കും. 46,262 കോടി രൂപയുടെ കടം സര്‍ക്കാര്‍ രൂപീകരിച്ച എസ്പിവിയായ എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിംഗ് ലിമിറ്റഡും ഏറ്റെടുക്കും. 2022 സാമ്പത്തിക വര്‍ഷത്തിലായിരിക്കും കൈമാറ്റ നടപടി പൂര്‍ത്തിയാക്കുക. ഇതോടെ 68 വര്‍ഷങ്ങള്‍ക്കു ശേഷം ടാറ്റയുടെ കൈകളിലേക്ക് എയര്‍ ഇന്ത്യ തിരിച്ചെത്തുകയാണ്. ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സണ്‍സ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്.

എയര്‍ ഇന്ത്യ വില്‍പനയ്ക്കുള്ള കാരണം-

എല്ലാ ഇന്ത്യക്കാരുടെയും ഉള്ളില്‍ ഉയരുന്ന ചോദ്യങ്ങളിലില്‍ ഒന്നാണ് ഇത്. എന്തുകൊണ്ടാണ് ഇതിനായി ടാറ്റയെ തന്നെ തെരഞ്ഞെടുത്തത് തുടങ്ങി ചോദ്യങ്ങള്‍ നിരവധിയാണ്. അതിന് ഉത്തരം ലഭിക്കാന്‍ ടാറ്റയുടെ, എയര്‍ ഇന്ത്യയുടെ ചരിത്രം കൂടി പരിശോധിക്കേണ്ടിവരും.

1932 ലാണ് ടാറ്റ ഗ്രൂപ്പാണ് ടാറ്റ എയര്‍ലൈന്‍സ് എന്ന വിമാനകമ്പനി ആരംഭിക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ സര്‍ക്കാര്‍ എയര്‍ ഇന്ത്യയുടെ 49% ഓഹരികള്‍ ഏറ്റെടുക്കുകയായിരുന്നു. 1953ല്‍ ശേഷിക്കുന്ന ഓഹരികളും ഇന്ത്യ ഏറ്റെടുത്ത് പിന്നീട് എയര്‍ ഇന്ത്യയെ ദേശസാല്‍ക്കരിക്കുകയായിരുന്നു.

പിന്നീട്, പതിറ്റാണ്ടുകള്‍ നീണ്ട പ്രതാപ കാലത്തിന് ശേഷം പതിയെ എയര്‍ ഇന്ത്യ പ്രതിസന്ധിയിലേക്ക് നീങ്ങി. രാജ്യം കൈക്കൊണ്ട സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളും സ്വകാര്യ കമ്പനികളുടെ വ്യോമാന മേഖലയിലേക്കുള്ള കടന്നുവരവുമാണ് എയര്‍ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചത് എന്നും വിലയിരുത്തപ്പെടുന്നു.

പിന്നാലെ പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധിയിലേക്ക് എയര്‍ ഇന്ത്യ നീങ്ങി. പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടലുകള്‍ ഒരുപാട് നടന്നു. 2007 ആയപ്പോഴേക്കും പ്രതിസന്ധി രൂക്ഷമായി. പിന്നാലെ ആഭ്യന്തര വിമാനക്കമ്പനിയായ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി എയര്‍ ഇന്ത്യ ലയിപ്പിച്ചു. എന്നിട്ടും പ്രതിസന്ധി പരിഹരിക്കാനായില്ല.

2009 - 2010 കാലത്ത് മാത്രം 1.1 ലക്ഷം രൂപ കോടിയിലധികം രൂപ എയര്‍ ഇന്ത്യയുടെ നഷ്ടം നികത്താനോ നികത്താനോ അല്ലെങ്കില്‍ വായ്പ തിരിച്ചടയ്ക്കുന്നതിന് വേണ്ടിയോ സര്‍ക്കാര്‍ ചെലവിട്ടു എന്നാണ് കണക്ക്. 2021 ഓഗസ്റ്റ് ആയപ്പോഴെക്കും എയര്‍ ഇന്ത്യയുടെ കടം 61,562 കോടി രൂപയായിരുന്നു. എയര്‍ ഇന്ത്യ പ്രവര്‍ത്തനക്ഷമമായി തുടരുന്ന കാലം പ്രതിവര്‍ഷം 7300 കോടി രൂപയുടെ ബാധ്യതയാണ് സര്‍ക്കാറിനുണ്ടാവുക.


എയര്‍ ഇന്ത്യ കൈമാറ്റ ശ്രമങ്ങള്‍

2001 ല്‍ അന്നത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് എയര്‍ ഇന്ത്യയില്‍ ആദ്യമായി ഓഹരി വിറ്റഴിക്കല്‍ നടപടി വരുന്നത്. 40 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനായിരുന്നു നീക്കം. എന്നാല്‍ നീക്കം പരാജയപ്പെട്ടു. 2018, ല്‍ ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കാനുള്ള ശ്രമം തുടങ്ങിയത്. 76 ശതമാനം ഓഹരി വില്‍ക്കാനായിരുന്നു നീക്കം. എന്നാല്‍ ഓഹരി ഏറ്റെടുക്കാന്‍ ആരും രംഗത്ത് എത്തിയിരുന്നില്ല. പിന്നീട് 2020 ജനുവരിയില്‍ അവസാന ശ്രമം ആരംഭിച്ചു. എന്നാല്‍ ഇതിനിടെ എത്തിയ കൊവിഡ് പ്രതിസന്ധി രുപം കൊണ്ടതോടെ ശ്രമങ്ങള്‍ നീളുകയായിരുന്നു.

ഇത്തവണ സംഭവിച്ചത്-

രണ്ട് പ്രതിബന്ധങ്ങളായിരുന്നു പ്രധാനമായും വില്‍പനയ്ക്ക് നേരിട്ടത്. ഓഹരിയിലെ സര്‍ക്കാര്‍ പങ്കാളിത്തമായിരുന്നു ഇതില്‍ ഒന്ന്. 24% ഓഹരിയാണ് സര്‍ക്കാറിനെങ്കിലും വലിയ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ലൈനിനെ ഏറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ പാകത്തിന് ആവശ്യമായ സ്വാതന്ത്ര്യം തങ്ങള്‍ക്ക് ലഭ്യമാവുമോ എന്നായിരു്‌നു സ്വകാര്യ കമ്പനികളുടെ പ്രധാന ആശങ്ക. അതിനാല്‍ മുന്‍കാല ശ്രമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സര്‍ക്കാര്‍ അതിന്റെ ഓഹരികളുടെ 100% വില്‍പ്പനയ്ക്ക് വെച്ചു.

രണ്ടാമതായി എയര്‍ ഇന്ത്യയുടെ കടം ഉയര്‍ന്നു വന്നതാണ് മറ്റൊരു പ്രതിസന്ധി. എയര്‍ ഇന്ത്യയെ ഏറ്റെടുക്കുവന്‍ വിമാനക്കമ്പനിയോടൊപ്പം ഒരു നിശ്ചിത തുക കടം വാങ്ങുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇത്തവണ കമ്പനി ഏറ്റെടുക്കുന്നവര്‍ കൈകാര്യം ചെയ്യാന്‍ ഉതുകുന്ന തുക തീരുമാനിക്കാനും സര്‍ക്കാര്‍ അനുവദിച്ചു. ഈ രണ്ട് ഘടകങ്ങളും പുതിയ നീക്കത്തിന് സഹായകരമായി.

ഈ മാസം ഒന്നിന് നടന്ന എയര്‍ ഇന്ത്യയ്ക്ക് ആയുള്ള ടെന്‍ഡറില്‍ ഏറ്റവും ഉയര്‍ന്ന തുക സമര്‍പ്പിച്ചത് ടാറ്റയാണെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതി കൈമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്ത് ഉടന്‍ തന്നെ കൈമാറ്റം പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു.

വില്‍പ്പനയുടെ പ്രാധാന്യം-

രണ്ട് കാര്യങ്ങളാണ് സര്‍ക്കാര്‍ എയര്‍ ഇന്ത്യ വില്‍പനയെ ന്യായീകരിക്കാന്‍ ചൂണ്ടിക്കാട്ടുന്നത്. സമ്പദ്‌വ്യവസ്ഥയില്‍ സര്‍ക്കാരിന്റെ പങ്ക് കുറയ്ക്കുക എന്ന നീക്കത്തിന്റെ സുപ്രധാന ചുവടായി എയര്‍ ഇന്ത്യ കൈമാറ്റത്തെ വിലയിരുത്തപ്പെടുന്നു. എയര്‍ ഇന്ത്യയുടെ നഷ്ടം നികത്തുന്നതില്‍ നികുതിദായകര്‍ ഒഴിവാക്കപ്പെടുന്നു എന്ന വാദമായിരിക്കും ഇതിനായി ചൂണ്ടിക്കാട്ടുക.

എന്നാല്‍ 61,562 കോടി രൂപയാണ് ടാറ്റയുടെ ബാധ്യത. ഇതില്‍, 15,300 കോടി രൂപാണ് ടാറ്റ എറ്റെടുക്കുക. ും 2700 കോടി രൂപ അധികമായി സര്‍ക്കാരിന് നല്‍കുകയും ചെയ്യും. അപ്പോഴും 43,562 കോടി രൂപയുടെ ബാധ്യത ബാക്കിനില്‍ക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 14,718 കോടി വരുന്നതാണ് ഈ വിഭാഗം. ഇതുകൂടി ഒഴിവാക്കപ്പെട്ടാലും 28,844 കോടി സര്‍ക്കാറിന് ബാധ്യത ബാക്കിയാവും.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ന്നും എയര്‍ ഇന്ത്യ പ്രവര്‍ത്തിപ്പിച്ചാല്‍ ലാഭം മുഴുവന്‍ നഷ്ടം നികത്താന്‍ നീവയ്‌ക്കേണ്ടിയും വന്നിരുന്നു എന്ന വാദവും സര്‍ക്കാര്‍ ഉയര്‍ത്തുന്നു.

ടാറ്റയുടെ നീക്കത്തിന് പിന്നില്‍-

ടാറ്റ എന്ന സംബന്ധിച്ചിടത്തോളം വികാരപരമായ ഒന്നു കൂടിയാണ് ഈ ഇടപാട്. ഒരിക്കല്‍ കൈവിട്ട കമ്പനി വീണ്ടും തങ്ങള്‍ക്ക് തിരികെ കിട്ടിയിരിക്കുന്നു എന്നതാണ് ഈ വാദം. ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സണ്‍സ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്.

ടാറ്റയുടെ മുന്നിലുള്ള വഴികള്‍-

എയര്‍ ഇന്ത്യയുടെ മാനേജ്‌മെന്റ് പുന:സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റയെന്നാണ് പുതിയ റിപ്പോര്‍്ട്ടുകള്‍. പ്രൊഫഷണല്‍ മാനേജ്‌മെന്റ് നടപ്പാക്കുന്നത് ലക്ഷ്യമിട്ട് ടാറ്റയുടെ സഹോദരസ്ഥാപനമായ ടി.സി.എസ് (ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്) ആയിരിക്കും ഇതിനുള്ള സേവനം നല്‍കുക. നിലവില്‍ സിംഗപ്പൂര്‍ എയര്‍ലൈനുമായി ചേര്‍ന്ന് വിസ്താരയിലും മലേഷ്യന്‍ എയര്‍ലൈനായ എയര്‍ ഏഷ്യയുമായി ചേര്‍ന്ന് ഇന്ത്യയില്‍ എയര്‍ ഏഷ്യയിലും ടാറ്റയ്ക്കു പങ്കാളിത്തമുണ്ട്. ഈ സാഹചര്യത്തില്‍ എയര്‍ ഇന്ത്യയിലേക്ക് എയര്‍ ഏഷ്യയും വിസ്താരയും ലയിപ്പിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമനടപടികള്‍ ഉണ്ടാവുക.

വെല്ലുവിളി-

എയര്‍ ഇന്ത്യ, ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, അലയന്‍സ് എയര്‍ എന്നിവ ഉള്‍പ്പെട്ടതാണ് എയര്‍ ഇന്ത്യ. ഈ 5 കമ്പനികളുടെയും ഏകീകരണവും ഏകോപനവുമായിരിക്കും ടാറ്റ നേരിടുന്ന പ്രധാന വെല്ലുവിളി.

ജീവനക്കാരെ നില നിലനിര്‍ത്തുക എന്നതാണ് മറ്റൊന്ന്. എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുമ്പോള്‍ ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് വ്യോമയാനസെക്രട്ടറി രാജീവ് ബന്‍സലിന്റെ നിലപാട്. ആദ്യത്തെ ഒരു വര്‍ഷം പുതിയ ഉടമയ്ക്ക് ജീവനക്കാരെ പിരിച്ചുവിടാനാകില്ല. ഇതുണ്ടാവില്ലെന്ന് ടാറ്റയും വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം വര്‍ഷംമുതല്‍ ജീവനക്കാരെ പിരിച്ചുവിടുകയാണെങ്കില്‍ സ്വയം വിരമിക്കല്‍ പദ്ധതി (വി.ആര്‍.എസ്.) ആനുകൂല്യങ്ങള്‍ നല്‍കണം. വിരമിച്ച ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള മെഡിക്കല്‍ ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുമെന്നും ബന്‍സല്‍ അറിയിച്ചു.

നിലവില്‍ 12,085 ജീവനക്കാരാണ് എയര്‍ ഇന്ത്യയിലുള്ളത്. ഇതില്‍ 8084 പേര്‍ സ്ഥിരംജീവനക്കാരും 4001 പേര്‍ കരാര്‍ ജീവനക്കാരുമാണ്. ഇതിനുപുറമേ ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 1434 ജീവനക്കാരുണ്ട്. പ്രതിവര്‍ഷം 1000 പേരെന്നനിലയില്‍ അടുത്ത അഞ്ചുവര്‍ഷംകൊണ്ട് 5000 സ്ഥിരംജീവനക്കാര്‍ വിരമിക്കും.


1. കൈമാറ്റ പ്രക്രിയ 2021 ഡിസംബറോടെ പൂര്‍ത്തിയാകും. അതായത് ഡിസംബറോടെ ടാറ്റ സണ്‍സിന് എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും സ്വന്തമാക്കാം.

2. ഇതിനുശേഷം ഭാവിയില്‍ ലയനം സംബന്ധിച്ച തീരുമാനങ്ങളില്‍ ടാറ്റ സണ്‍സിന് യാതൊരു വിധ നിയന്ത്രണവുമുണ്ടാകില്ല. എന്നാല്‍ 51% ഓഹരി ലേലക്കാര്‍ സ്വന്തം ഉടമസ്ഥതയില്‍ സൂക്ഷിക്കണം. അതിനു പുറത്തുള്ള ഓഹരികളില്‍ മാത്രമായിരിക്കും വില്‍പ്പനയ്ക്ക് അനുമതി.

3. എയര്‍ ഇന്ത്യയുടെ നിലവിലെ ജീവനക്കാരെ ഒരു വര്‍ഷത്തേക്ക് നിലനിര്‍ത്തും. പിരിച്ചുവിടല്‍ ഉണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

4. എയര്‍ ഇന്ത്യയുടെ എല്ലാ ജീവനക്കാരെയും ഒരു വര്‍ഷത്തേക്ക് നിലനിര്‍ത്തണമെന്ന് ടാറ്റാ സണ്‍സിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ടാം വര്‍ഷമാണ് പുതിയ ഉടമ ആരെയെങ്കിലും പിരിച്ചുവിടുന്നതെങ്കില്‍ അവര്‍ക്ക് വിആര്‍എസ് നല്‍കേണ്ടിവരും.

5. നിലവില്‍ എയര്‍ ഇന്ത്യയ്ക്ക് 8,084 സ്ഥിരം ജീവനക്കാര്‍ ഉള്‍പ്പെടെ 12,085 ജീവനക്കാരും, എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 1,434 ജീവനക്കാരുമാണുള്ളത്. ഈ ജീവനക്കാര്‍ക്ക് എല്ലാവര്‍ക്കും ഗ്രാറ്റുവിറ്റിയും പ്രൊവിഡന്റ് ഫണ്ടും റിട്ടയര്‍മെന്റിന് ശേഷമുള്ള മെഡിക്കല്‍ ആനുകൂല്യങ്ങളും ലഭിക്കും.

6. ജീവനക്കാര്‍ക്കുള്ള ഈ ഒരു വര്‍ഷത്തെ സംരക്ഷണം ഉപാധിരഹിതമല്ല. ജീവനക്കാരുടെ പ്രകടനം, പെരുമാറ്റം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ പിരിച്ചുവിടല്‍ സാധ്യമാണ്.

7. എയര്‍ ഇന്ത്യ ബ്രാന്‍ഡിന് 'മഹാരാജാ' ലോഗോ ഉള്‍പ്പടെ എട്ട് ലോഗോകളാണുള്ളത്. പുതിയ ഉടമയ്ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഈ ലോഗോകളുടെ ഉപയോഗ അവകാശം കൈമാറാന്‍ കഴിയില്ല. അഞ്ച് വര്‍ഷത്തിന് ശേഷം ഏതെങ്കിലും ഒരു ഇന്ത്യന്‍ സ്ഥാപനത്തിന് അവര്‍ക്ക് ലോഗോകള്‍ കൈമാറാം. എയര്‍ ഇന്ത്യ ബ്രാന്‍ഡിന്റെ ലോഗോകള്‍ക്ക് ഒരിക്കലും ഒരു വിദേശ സ്ഥാപനത്തിലേക്കും കൈമാറാനാകില്ലെന്നും നിബന്ധനയുണ്ട്.

8. 100% ഓഹരിയുടെ ഉടമകളായതിനാല്‍ തന്നെ സര്‍വ്വീസുകളടക്കം എല്ലാ ബിസിനസ് തീരുമാനത്തിലും ടാറ്റാ സണ്‍സ് സ്വതന്ത്രരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് തുടര്‍ച്ച വ്യവസ്ഥ പ്രകാരം നിലവിലെ സര്‍വ്വീസ് തുടരേണ്ടിവരും.

9. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യയില്‍ തന്നെ യാത്ര ചെയ്യണമെന്ന നിയന്ത്രണവും കൈമാറ്റത്തോടെ ഇല്ലാതാകും.

Next Story

Popular Stories