Top

'അമ്പാട്ട് സുലോചന': രാജഭക്തഗുണ്ടകളെ വെല്ലുവിളിച്ച് ഇന്ത്യന്‍ പതാക ഉയര്‍ത്തിയ 17കാരി

15 Aug 2022 1:43 AM GMT
ശ്രുതി എആർ

അമ്പാട്ട് സുലോചന: രാജഭക്തഗുണ്ടകളെ വെല്ലുവിളിച്ച് ഇന്ത്യന്‍ പതാക ഉയര്‍ത്തിയ 17കാരി
X

സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ രാജ്യത്തെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണ്. മഹാത്മാ ഗാന്ധിയുടെ വാക്കുകളെ ശിരസ്സാവഹിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരപോരാട്ടത്തിനിറങ്ങിയിരുന്നത്. കേരളത്തിലെ കലാലയങ്ങളും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള പ്രതിരോധങ്ങള്‍ക്ക് യുവത്വം പകര്‍ന്നു. എറണാകുളം മഹാരാജാസ് കോളേജും നിസ്സഹകരണമുള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങളില്‍ വലിയ പങ്കുവഹിച്ചു.


മഹാരാജാസിന്റെ വിദ്യാര്‍ത്ഥി ചരിത്രത്തില്‍, 1947 ആഗസ്റ്റ് 14 അര്‍ദ്ധരാത്രി രേഖപ്പെടുത്തപ്പെട്ടത് രക്തചൊരിച്ചിലിന്റെ ഏടായാണ്. അന്ന് രാജ ഭക്തരും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി. ഇന്ത്യന്‍ പതാകയുടെ ഒപ്പം കൊച്ചി രാജാവിന്റെ പതാകയും ഉയര്‍ത്തണമെന്ന രാജശാസനമുണ്ടായിരുന്നു. അത് നടപ്പിലാക്കാന്‍ രാജാവിന്റെ ഭക്തരായ, ജനാധിപത്യ വിരുദ്ധരായ അക്രമി സംഘങ്ങളും. ഇവര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ശക്തമായ നിലപാടെടുത്തു. അമ്പാട്ട് സുലോചനയെന്ന 17കാരിയും ഈ വിദ്യാര്‍ത്ഥികളില്‍ ഓരാളായിരുന്നു. 75 വര്‍ഷങ്ങള്‍ക്കിപ്പുറം അഭിമാനത്തോടെയും ആഹ്ലാദത്തോടെയും നാം ത്രിവര്‍ണ പതാക ഉയര്‍ത്തുമ്പോള്‍ അമ്പാട്ട് സുലോചനയെയും സഹപാഠികളെയും കൂടെ ഓര്‍മ്മിക്കണം.

1947 ആഗസ്റ്റ് 14, ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്റേയും വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റേയും നേതാക്കള്‍ ജാഥയായി മഹാരാജാസിലേക്ക്. കൊച്ചി വിദ്യാര്‍ത്ഥി ഫെഡറേഷന്റെയും, വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെയും നേതാക്കളായ അമ്പാടി വിശ്വം, വൈലോപ്പിള്ളി രാമന്‍ കുട്ടി മേനോന്‍, തമ്മനത്ത് അരവിന്ദാക്ഷമേനോന്‍, എന്‍ എ കരീം, ചന്ദ്രഹാസന്‍, കെ കെ സത്യവ്രതന്‍ ടി സി എന്‍ മേനോന്‍ തുടങ്ങിയവരുടെ ജാഥയ്ക്ക് നേതൃത്വം നൽകി. അത്രയും നാള്‍ മഹാരാജാസിന്റെ ആകാശത്തുണ്ടായിരുന്ന രാജ പതാക അഴിച്ചുമാറ്റി സ്വതന്ത്ര ഇന്ത്യയുടെ കൊടി ഉയര്‍ത്താനുള്ള ആവേശത്തിലായിരുന്നു എല്ലാവരും.


കൊടിമരത്തില്‍ കൊച്ചി രാജാവിന്റെ പതാക ഉണ്ടായിരുന്നു. തമ്മനത്ത് അരവിന്ദാക്ഷ മേനോന്‍ രാജപതാക താഴ്ത്താന്‍ തുടങ്ങി. രാജ പതാക താഴ്ത്തുന്നത് കണ്ട് രാജ ഭക്തര്‍ ഓടിയെത്തി. പതാക താഴ്ത്തുന്നത് തടഞ്ഞു. ഈ കൊടിമരത്തില്‍ ദേശീയ പതാകയും, രാജാവിന്റെ പതാകയും ഒന്നിച്ചു പറക്കണമെന്ന രാജശാസനം ലംഘിക്കരുതെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ദേശീയ പതാക ഉയര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ മറ്റൊരു കൊടിമരം ശരിയാക്കി. പക്ഷെ ആരോ രാജ പതാക ചരട് മുറിച്ചു വലിച്ചു താഴ്ത്തി. ക്ഷുഭിതരായ രാജാവിന്റെ ഗുണ്ടകള്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചു. ഇരുമ്പ് വടി കൊണ്ട് അടിയേറ്റ് തമ്മനത്ത് അരവിന്ദാക്ഷ മേനോന്‍ തല പൊട്ടി താഴെ വീണു. പത്തോളം നേതാക്കള്‍ക്ക് സാരമായ പരുക്ക് പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാംപസിലെ സ്വാതന്ത്ര്യദിന ആരവങ്ങള്‍ പെട്ടന്ന് കെട്ടടങ്ങി. പരുക്ക് പറ്റിയവരെ ആശുപത്രിയിലെത്തിച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ കൊച്ചിമന്ത്രിസഭാംഗം പനമ്പിള്ളി ഗോവിന്ദ മേനോന്റെ പുല്ലേപ്പടിയിലെ വീട്ടിലേയ്ക്ക് ജാഥ നടത്തി. എന്നാല്‍ പനമ്പിള്ളി ഗോവിന്ദ മേനോന്‍ വിദ്യാര്‍ത്ഥികളെ കാണാന്‍ തയ്യാറായില്ല.


ആഗസ്റ്റ് 15ന് രാവിലെ അമ്പാട്ട് സുലോചനയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥികള്‍ കൊടിമരച്ചുവട്ടിലെത്തി. ആ പതിനേഴുകാരി വിളിച്ചുകൊടുത്ത മുദ്രാവാക്യം ഇടിമുഴക്കമായി. കൊടിമരത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ന്നു. മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ 12 കിലോമീറ്റര്‍ അകലെ തൃപ്പൂണിത്തുറയിലെ രാജകൊട്ടാരത്തിലേയ്ക്ക് മാര്‍ച്ച് നടത്തി. രാജാവ് അവരുടെ നിവേദനത്തിന് വില കൊടുത്തില്ല. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ നേതാക്കളെ പുറത്താക്കി കൊണ്ട് പ്രിന്‍സിപ്പാള്‍ നാരായണ അയ്യർ ഉത്തരവിറക്കി. ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിന്റെ പേരിൽ 17 പേർ മഹാരാജാസില്‍ നിന്നും പുറത്തായി. പിന്നീട് സമരങ്ങളുടെ ഒരു പരമ്പര ആണ് കൊച്ചി രാജ്യം കണ്ടത്.

സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികം മഹാരാജാസ് 1997ല്‍ ആഘോഷിച്ചപ്പോള്‍ ആദ്യ സ്വാതന്ത്ര്യ ദിനത്തിന്റെ ഓര്‍മ്മകള്‍ പുതുക്കാന്‍ അന്നുള്ള മറ്റ് നേതാക്കള്‍ക്ക് ഒപ്പം സുലോചനയും മഹാരാജാസില്‍ എത്തി.


സുലോചനയുടെ രണ്ട് മക്കള്‍ മലയാളികൾക്ക് സുപരിചിതര്‍ ആണ്. ചലച്ചിത്ര താരം വിധുബാലയും, ഛായാഗ്രാഹകന്‍ മധു അമ്പാട്ടും. പ്രശസ്ത മജീഷ്യന്‍ ഭാഗ്യനാഥ് ആണ് സുലോചനയുടെ ഭര്‍ത്താവ്.


STORY HIGHLIGHTS: Story of Ambat Sulochana, the strong woman of Maharajas college Ernanakulam

Next Story